സത്യവിശ്വാസം സഫലമാക്കുന്ന നന്മകൾ

യുഎഇ ജുമുഅ ഖുത്ബ പരിഭാഷ 
മൻസൂർ ഹുദവി കളനാട്
തീയ്യതി: 29/11/2019
വിഷയം: വിശ്വാസത്തോടൊപ്പം കർമ്മവും വേണം

ഒരിക്കൽ അബൂദറിൽ ഗഫാറി (റ) നബി (സ്വ)യോട് ചോദിച്ചു: തിരുദൂതരേ, സ്വർഗത്തിലേക്ക് കടത്തുന്ന, നരകത്തിൽ നിന്ന് രക്ഷിക്കുന്ന പ്രവർത്തനം എന്താണ്? നബി (സ്വ) മറുപടി പറഞ്ഞു: അല്ലാഹുവിലുള്ള വിശ്വാസം. അപ്പോൾ അദ്ദേഹം വീണ്ടും ചോദിച്ചു: നബിയേ, വിശ്വാസത്തോടൊപ്പം കർമ്മവും വേണ്ടയോ? നബി (സ്വ) പറഞ്ഞു: നിനക്ക് അല്ലാഹു നൽകിയതിൽ നിന്ന് ദാനം ചെയ്യണം. അദ്ദേഹം ചോദിച്ചു: ഒന്നുമില്ലാത്ത പരമ ദരിദ്രനാണെങ്കിലോ? നബി (സ്വ) പറഞ്ഞു: നല്ല വാക്കുകൾ മൊഴിയണം. അദ്ദേഹം ചോദിച്ചു: മൊഴിയാൻ നാവ് വഴങ്ങാത്തവനാണെങ്കിലോ? നബി (സ്വ) പറഞ്ഞു: എന്നാൽ അബലരെ സഹായിക്കണം. അപ്പോൾ അദ്ദേഹം ചോദിച്ചു: കഴിവില്ലാത്ത അശക്തനാണെങ്കിലോ? നബി (സ്വ) പറഞ്ഞു: തൊഴിൽ രഹിതരെയും തൊഴിൽ ചെയ്യാൻ ആവതില്ലാത്തവരെയും സഹായിക്കണം. അപ്പോൾ ചോദിച്ചു: അവനും അതുപോലെയാണെങ്കിലോ? അപ്പോൾ അബൂദറി (റ)ലേക്ക് തിരിഞ്ഞുകൊണ്ട് നബി (സ്വ) പറഞ്ഞു: നീ നിന്റെ സഹോദരന് വല്ല നന്മയും ചെയ്യാനാഗ്രഹിക്കുന്നില്ലേ, എന്നാൽ അവനിക്ക് ഉണ്ടായാക്കേവുന്ന ബുദ്ധിമുട്ടുകളെ ദൂരീകരിക്കണം. അപ്പോൾ പറഞ്ഞു: തിരുദൂതരേ, ഇതെല്ലാം വളരെ എളുപ്പമാണ്. നബി (സ്വ) തുടർന്നു: അല്ലാഹുവാണേ സത്യം, ദൈവതൃപ്തി കാംക്ഷിച്ചുകൊണ്ട് ഒരാൾ ഇപ്പറഞ്ഞ സൽപ്രവർത്തനങ്ങളിലൊന്ന് ചെയ്താൽ അതുകാരണം അവൻ അന്ത്യനാളിൽ അനായാസം സ്വർഗത്തിൽ പ്രവേശിക്കുന്നതാണ് (സ്വഹീഹു ഇബ്‌നു ഹിബ്ബാൻ 373).

പ്രസ്തുത ഹദീസിലൂടെയുള്ള അബൂദറിൽ ഗഫാറി (റ)യുടെ ചോദ്യങ്ങളും പ്രവാചകരുടെ (സ്വ) ഉത്തരങ്ങളും സ്വർഗപ്രവേശന ഹേതുകമായ പ്രവർത്തനങ്ങൾ സ്വഹാബത്തിന് പഠിപ്പിക്കുന്നതായിരുന്നു. കാരണം അവർ നബി (സ്വ)യോട് സ്വർഗത്തിൽ പ്രവേശിക്കാൻ എന്തൊക്കെ ചെയ്യണമെന്ന് കൂടുതലായും ചോദിച്ചതായി നിരവധി റിപ്പോർട്ടുകളുണ്ട്. അബൂദറി(റ)ന് നബി (സ്വ) പറഞ്ഞകൊടുത്ത കാര്യങ്ങളിൽ സ്വർഗ പ്രവേശനത്തിന് പ്രഥമമായി വേണ്ടത് സത്യവിശ്വാസമാണ്. അല്ലാഹുവിലും പ്രവാചകരിലു (സ്വ)മുള്ള അചഞ്ചല വിശ്വാസമാണല്ലൊ സകല നന്മകളുടെയും വിജയങ്ങളുടെയും നിദാനം. സൂറത്തുൽ മുഅ്മിനൂൻ തുടങ്ങുന്നത് തന്നെ 'നിശ്ചയം സത്യവിശ്വാസികൾ വിജയിച്ചിരിക്കുന്നു' എന്ന് പ്രഖ്യാപിച്ചുകൊണ്ടാണ്. സത്യവിശ്വാസത്തെ സാധൂകരിക്കുന്ന സൽപ്രവർത്തനങ്ങളെന്ന് അബൂദറി (റ)ന് മനസ്സിലായത് കൊണ്ടാണ് വിശ്വാസത്തോടൊപ്പം പ്രവർത്തനവും വേണ്ടയോ എന്ന്്് നബി (സ്വ)യോട് ചോദിച്ചത്. തീർച്ചയായും വിശ്വാസം പൂർണമാവുന്നത് കർമ്മങ്ങളും കൂടിയാവുമ്പോഴാണ്. അതുകൊണ്ടാണ് പരിശുദ്ധ ഖുർആനിൽ ഈമാൻ (സത്യവിശ്വാസം) പറയപ്പെടുന്ന അധികം സൂക്തങ്ങളിലും സൽപ്രവർത്തനവും പരാമർശിക്കപ്പെടുന്നത്. സൽവൃത്തരായ സത്യവിശ്വാസികൾക്ക് പ്രായശ്ചിത്തത്തോടൊപ്പം അധിക പ്രതിഫലവുമുണ്ട്്. അതാണ് സ്വർഗം. സത്യവിശ്വാസം കൈകൊള്ളുകയും സൽക്കർമ്മങ്ങളനുഷ്ഠിക്കുകയും ചെയ്തവരോട് പാപമോചനവും മഹത്തായ പ്രതിഫലവുമുണ്ടെന്ന്് അല്ലാഹു വാഗ്ദാനം ചെയ്തിരിക്കുന്നു (സൂറത്തുൽ മാഇദ 09). 'സത്യവിശ്വാസം കൈകൊള്ളുകയും സൽക്കർമ്മളനുവർത്തിക്കുകയും ചെയ്തവർ സ്വർഗാവകാശികളാണ്. അവർ എന്നെന്നും അതിൽ നിവസിക്കുകയും ചെയ്യും' (സൂറത്തുൽ ബഖറ 82).

യഥാർത്ഥത്തിൽ നന്മകളുടെ നന്മയായ സത്യവിശ്വാസമാണല്ലൊ സർവ്വ സുകൃതങ്ങളുടെയും പ്രഭവം. സത്യവിശ്വാസത്തിലധിഷ്ഠിതമായത് കൊണ്ടാണ് വിശ്വാസി നന്മകളനുവർത്തിച്ചത് വഴി ദൈവകൃപ നേടുന്നതും വിജയാശ്രീലാളിതനായി സ്വർഗസ്ഥനാവുന്നതും. ദാനധർമ്മം സത്യവിശ്വാസത്തിന്റെ ഭാഗമാണ്. അതുകൊണ്ടാണ് വിശ്വാസം സാക്ഷാൽക്കരിക്കപ്പെടുന്ന പ്രവർത്തികളിൽ ദാനത്തെയും ഉൾപ്പെടുത്തിപ്പറഞ്ഞിരിക്കുന്നത്. ദരിദ്രർ, ആവശ്യക്കാർ, പിന്നോക്കക്കാർ, വിധവകൾ, അനാഥകൾ എന്നിവർക്കെല്ലാം ദാനങ്ങളുമായുള്ള സഹായഹസ്തങ്ങൾ നീളണം. എന്നാൽ അല്ലാഹു ആ സത്യവിശ്വാസിക്ക്് പ്രതിഫലമായി ദോഷങ്ങൾ പൊറുത്തുനൽകുകയും ഇരട്ടികളിരട്ടികളായി കൂലികൾ രേഖപ്പെടുത്തുകയും ചെയ്യും. അല്ലാഹു പറയുന്നു: നിങ്ങൾ അല്ലാഹുവിലും ദൂതനിലും വിശ്വസിക്കുകയും അവൻ നിങ്ങളെ പ്രതിനിധികളാക്കിയ ധനം ചെലവഴിക്കുകയും ചെയ്യുക. അങ്ങനെ നിങ്ങളിൽ നിന്ന് സത്യവിശ്വാസം കൈകൊള്ളുകയും ധനം ചെലവഴിക്കുകയും ചെയ്തവരാരോ അവർക്ക് മഹത്തായ കൂലിയുണ്ടാകും (സൂറത്തുൽ ഹദീദ് 7). ധനമെല്ലാം അല്ലാഹു നമ്മുക്ക്് ഏൽപ്പിച്ചു തന്ന സൂക്ഷിപ്പു സ്വത്തുക്കളാണ്. അശരണരും അവശരുമായ അവകാശികൾക്ക്് നാമവ ദാനമായി എത്തിച്ചുക്കൊടുക്കുമ്പോഴാണ് ആ സൂക്ഷിപ്പു വസ്തുക്കൾ തിരിച്ചേൽപ്പിച്ചതാവുന്നത്. നാം ദാനമായി ചെലവഴിച്ചതെന്തിനും അതിനേക്കാൾ മികവും തികവുമുള്ളത് അല്ലാഹു പകരം നൽകുന്നതായിരിക്കും. അല്ലാഹു പറയുന്നു: നിങ്ങൾ അല്ലാഹുവിന് ഉദാത്തമായത് കടം നൽകുന്നുവെങ്കിൽ അതവൻ ഇരട്ടിയാക്കുകയും പാപങ്ങൾ പൊറുത്തുതരികയും ചെയ്യും. അവൻ പുണ്യകർമ്മങ്ങൾ സ്വീകരിക്കുന്നവനും സഹിഷ്ണുവുമാകുന്നു (സൂറത്തുത്തഗാബുൻ 17).

ദാനം നൽകാൻ സാമ്പത്തിക നില ഭദ്രമല്ലാത്തവൻ ആവശ്യക്കാരെ നല്ല വാക്കുകൊണ്ടെങ്കിലും എതിരേൽക്കണം. നന്മ മൊഴികൾ സ്‌നേഹവും സൗഹൃദവും വളർത്തുന്നതാണ്. ആ വാക്കിന് ദാനധർമ്മത്തിന്റെ മഹിമയുണ്ടെന്നാണ് നബി പാഠം. എത്രയെത്ര നല്ല സംസാരങ്ങളാണ് പാവപ്പെട്ടവർക്ക് തുണ കിട്ടാനും അർഹർക്ക്് അവകാശം തിരികെപ്പിടിക്കാനും കാരണമായി വർത്തിച്ചത്. അത്തരം നന്മ മൊഴിയുന്നവർക്ക് സ്വർഗത്തിന്റെ ഉന്നതശ്രേണികളിലാണ് സ്ഥാനം. അവർക്ക് അന്ത്യനാൾ വരെ അല്ലാഹുവിന്റെ തൃപ്തിയുള്ളതായി രേഖപ്പെടുത്തുകയും ചെയ്യും (ഹദീസ് ബുഖാരി 6478, തുർമുദി 2319). സാമ്പത്തികമായും വാചികമായും കഴിവില്ലെങ്കിലും ആവുന്ന വിധേന നിർനധരെയും നിരാലംബരെയും സഹായിക്കാൻ മുതിരണം. പ്രയാസങ്ങളകറ്റി മനസ്സിന് സമാധാനം നൽകണം. നബി (സ്വ)യോട് അല്ലാഹുവിന് ഏറെ ഇഷ്ടപ്പെട്ട സൽപ്രവർത്തനം ഏതെന്ന് ചോദിച്ചപ്പോൾ 'സത്യവിശ്വാസിയുടെ ബുദ്ധിമുട്ട് നീക്കുന്ന, അവന്റെ മനസ്സിൽ സന്തോഷമുളവാക്കുന്ന പ്രവർത്തനങ്ങൾ' എന്നാണ് മറുപടി നൽകിയത്. തന്റെ സഹായത്താൽ മറ്റൊരുത്തന് ഒരു നന്മ ചെയ്യാൻ സാധിച്ചാൽ അതിന്റെ അതേ പ്രതിഫലം അവനും ലഭ്യമായിരിക്കും. ആരൊരാൾ ഉത്തമായൊരു ശുപാർശ ചെയ്യുന്നുവോ അവന്ന്് അതിൽ നിന്ന് ഒരു വിഹിതമുണ്ടാകുമെന്നാണ് അല്ലാഹു പറഞ്ഞിരിക്കുന്നത് (സൂറത്തുന്നിസാഅ് 85).

ഒരു നന്മയും ചെയ്യാൻ സാധിച്ചില്ലെങ്കിൽ ആർക്കും ഒരു തിന്മയും ചെയ്യാതെ ജാഗ്രത കാട്ടണം. താൻ മൂലം ഒരാൾക്കും ഒരു ബുദ്ധിമുട്ടും വരുത്തരുത്. നന്മ ചെയ്യലും തിന്മ തടയലുമാണ് സത്യവിശ്വാസത്തിന്റെ കാതൽ. അതാണ് സ്വർഗത്തിലേക്കെത്തിക്കുന്നത്. ചുരുക്കത്തിൽ ദാനധർമ്മം, സഹായ പ്രവർത്തനങ്ങൾ, നല്ല വാക്ക്, പ്രയാസ ദൂരീകരണം എന്നിവയൊക്കെയാണ് അബൂദറി (റ)ന് നബി (സ്വ) പഠിപ്പിച്ചുകൊടുത്ത സത്യവിശ്വാസം സഫലമാക്കുന്ന നന്മകൾ.
back to top