യുഎഇ ജുമുഅ ഖുത്ബ പരിഭാഷ
മൻസൂർ ഹുദവി കളനാട്
തീയ്യതി: 06/12/2019
വിഷയം: സഹവാസവും കൂട്ടുകെട്ടും
ജീവിതവഴിയിൽ പലരുമായും കൂട്ടുകൂടുകയും സഹവസിക്കുകയും ചെയ്യേണ്ടവരാണ് നാം മനുഷ്യർ. ഉദാത്തമായ കൂട്ടൂകെട്ടും സഹവാസവും നിസ്‌ക്കർഷിക്കുന്ന ഇസ്ലാം മതം സത്യസാക്ഷികളോടൊപ്പം ചേരാനാണ് വിശുദ്ധ ഖുർആനിലൂടെ ആജ്ഞാപിക്കുന്നത്. മാത്രമല്ല സഹവാസികളോടെല്ലാം നല്ല രീതിയിൽ വർത്തിക്കാനും സൂറത്തു ന്നിസാഅ് 36ാം സൂക്തത്തിലൂടെ അല്ലാഹു കൽപ്പിക്കുന്നുണ്ട്. സഹവാസിയെ സൂചിപ്പിക്കാൻ 'സ്വാഹിബ്' എന്ന പദമാണ് ഖുർആൻ ഉപയോഗിച്ചിരിക്കുന്നത്. സഹവാസം, സഹചരത്വം, കൂട്ടുകെട്ട് എന്നിങ്ങനെ അർത്ഥമാക്കുന്ന 'സ്വുഹ്ബത്ത്' എന്നതിൽ നിന്ന് നിഷ്പന്നമായതാണത്. ഏറ്റവും അനുഗ്രഹീത സഹവാസം ലഭിച്ചവരാണല്ലൊ പ്രവാചകാനുചരന്മാർ. സ്വഹാബികൾ എന്നാണ് അവരറിയപ്പെടുന്നത്.
സ്വദേശത്തോ വിദേശത്തോ, നാട്ടിലോ വീട്ടിലോ, യാത്രയിലോ സദസ്സിലോ, അന്നപാനീയങ്ങളിലോ കൂട്ടുകൂടുന്നതിന് അറബി ഭാഷയിൽ പ്രയോഗിക്കുന്ന സ്വുഹ്ബത്ത് എന്നതിന്റെ വാക്യരൂപഭേദങ്ങൾ ഖുർആനിൽ തൊണ്ണൂറിലധികം സ്ഥലങ്ങളിൽ പറയപ്പെടുന്നുണ്ട്. നല്ല നിലക്ക് വർത്തിക്കുകയെന്ന അർത്ഥത്തിൽ ഉപയോഗിച്ചതായും കാണാം. ഏറ്റവും മുന്തിയ സഹവാസം അർഹിക്കുന്നവരാണ് മാതാപിതാക്കൾ. സൂറത്തു ലുഖ്മാൻ 15ാം സൂക്തത്തിൽ മാതാപിതാക്കളോട് നന്നായി വർത്തിക്കാനുള്ള നിർദേശമുള്ളത് 'സ്വാഹിബ്ഹുമാ' എന്ന പ്രയോഗത്തിലൂടെയാണ്. ഏറ്റവും നന്നായി സഹവസിക്കേണ്ടത് ആരോടെന്ന് ചോദിച്ചപ്പോൾ ആദ്യ മൂന്നു പ്രാവശ്യവും 'നിന്റെ മാതാവിനോട്' എന്നാണ് നബി (സ്വ) മറുപടി നൽകിയത്. നാലാമതായി 'നിന്റെ പിതാവിനോട്' എന്നും മൊഴിയുകയുണ്ടായി.
ഭാര്യക്ക് 'സ്വാഹിബത്ത്' എന്ന പ്രയോഗം ഖുർആൻ നടത്തുന്നുണ്ട് (സൂറത്തു അബസ 36). ജീവിതത്തിന്റെ എല്ലാ സന്ധികളിലും കൂട്ടുകൂടേണ്ടവളാണല്ലൊ അവൾ. സ്‌നേഹാർദ്രമായും കരുണാമയമായും പരസ്പരം സമാധാന ജീവിതമാസ്വദിക്കേണ്ടവരാണ് ദമ്പതിമാർ. അന്യോനം നന്മകൾ ചെയ്തും വീഴ്ചകളിൽ പരസ്പരം വിടുതികൾ ചെയ്തും പ്രശ്‌നങ്ങൾക്ക് കൂടിയാലോചനകളിലൂടെ പരിഹാരങ്ങൾ കണ്ടെത്തിയും മരിക്കുവോളം സഹചരിക്കേണ്ടവർ. ഭാര്യഭർത്താക്കന്മാർ പരസ്പരം ഔദാര്യം കാണിക്കാൻ മറക്കരുതെന്ന് ഖുർആൻ ഓർമ്മിപ്പിക്കുന്നുണ്ട് (സൂറത്തു ബഖറ 237).
സൗഹൃദ സഹചാരികളാണ് സുഹൃത്തുക്കൾ. പരസ്പരം ബഹുമാനിക്കുകയും കാര്യങ്ങളിൽ യുക്തി സഹമായി സംവദിക്കുകയും ചെയ്യുമ്പോഴാണ് സൗഹൃദ്ബന്ധങ്ങൾ ഉദാത്തമായി പൂത്തുലയുന്നത്. പരിശുദ്ധ ഖുർആൻ സൂറത്തു കഹ്ഫിലൂടെ രണ്ടു കൂട്ടുകാരുടെ കഥ പറഞ്ഞുതരുന്നുണ്ട്. അവർ തമ്മിൽ അഭിപ്രായ വിത്യാസമുണ്ടായിരുന്നു. സന്മനസ്സുള്ള കൂട്ടുകാരൻ മറ്റെയാളെ കൂടിയാലോചനയിലൂടെ നേരെ വഴിനടത്തുകയായിരുന്നു. 'നിന്നെക്കാളേറെ സമ്പത്തും സംഘബലവുമുള്ള ആൾ ഞാനാകുന്നു'വെന്ന് അഹങ്കാര സ്വരത്തിൽ ദൈവനിഷേധം നടത്തിയ ആ സുഹൃത്തിനെ സൗഹൃദ്ബന്ധത്തിലൂടെ തെറ്റുകൾ തിരുത്തി ദൈവാസ്തിക്യവും ദൈവേകത്വവും പരലോകവുമെല്ലാം ബോധ്യപ്പെടുത്തുകയും ചെയ്തു. നന്മയെ പുണരുകയും തിന്മയെ തിരസ്‌ക്കരിക്കുകയും ചെയ്യുന്നവരാകണം നമ്മുടെ സഹകാരികൾ. സന്മാർഗത്തിലേക്ക് മാടിവിളിക്കുന്ന സ്‌നേഹിതന്മാരെപ്പറ്റി സൂറത്തുൽ അൻആം 71ാം സൂക്തത്തിൽ പരാമർശമുണ്ട്. അത്തരം ചങ്ങാതിമാരാണ് യഥാർത്ഥ വിജയികൾ. അങ്ങനെയുള്ളവരായിരുന്നു മുഹാജിറുകളും അൻസ്വാറുകളുമായ സ്വഹാബികൾ. സ്വർഗം തന്നെയാണ് അവർക്കുള്ള സമ്മാനം.
സ്വഹാബികളിൽ നിന്ന് പ്രവാചക സഹവാസം കൊണ്ട് ഏറെ മഹനീയത നേടിയവരാണ് അബൂബക്കർ സിദ്ധീഖ് (റ). ഹിജ്‌റാ പുറപ്പാടിൽ നബി (സ്വ)യുടെ കൂടെ ഗമിച്ച് ഗുഹയിൽ സഹവസിച്ച രംഗം ഖുർആൻ വിവരിക്കുന്നുണ്ട്: “സത്യനിഷേധികൾ നബിയെ പുറത്താക്കുകയും നബി രണ്ടുപേരിലൊരാളാവുകയും ചെയ്ത സന്ദർഭം. അവർ രണ്ടു പേരും ആ ഗുഹയിലായപ്പോൾ അല്ലാഹു തിരുമേനിയെ സഹായിച്ചിട്ടുണ്ട്. 'ദുഖിക്കണ്ട, അല്ലാഹു നമ്മോടൊന്നിച്ചുണ്ട്' എന്ന് അവിടന്ന് കൂട്ടുകാരനോട് പറഞ്ഞ സമയം. തന്റെ സമാധാനം തത്സമയം അല്ലാഹു നബിക്ക് ഇറക്കിക്കൊടുക്കുകയും നിങ്ങൾക്കു ഗോചരീഭവിക്കാത്ത സൈന്യങ്ങൾ കൊണ്ട് പിൻബലമേകുകയും സത്യനിഷേധികളുടെ വാക്ക് ഏറ്റം അധസ്ഥിതമാക്കുകയുമുണ്ടായി” (സൂറത്തു ത്തൗബ 40). പ്രവാചക പത്‌നിയും അബൂബക്കർ സിദ്ധീഖി (റ)ന്റെ പ്രിയ പുത്രിയുമായ ആയിശ (റ) പറയുന്നു: ഹിജ്‌റക്ക് പുറപ്പെടുന്നുവെന്ന് നബി (സ്വ) അബൂബക്കറി (റ)നെ അറിയിച്ചപ്പോൾ താനും കൂടെ വരട്ടെയെന്ന് ചോദിക്കുകയായിരുന്നു. അങ്ങനെ നബി (സ്വ) അബൂബക്കറി (റ)നെയും കൂടെകൂട്ടി (ഹദീസ് ബുഖാരി 2138). നബി (സ്വ) പറയുന്നു: സഹവാസത്തിലും ധനവിനിയോഗത്തിലും എനിക്ക് ഏറെ പുണ്യവാളനായയാൾ അബൂബക്കറാണ്. അല്ലാഹുവല്ലാത്ത വേറെയൊരാളെ ഞാൻ കൂട്ടുകാരനാക്കുമായിരുന്നുവെങ്കിൽ അത് അബൂബക്കറിനെയായിരുന്നു (ഹദീസ് ബുഖാരി, മുസ്ലിം).
കൂടെയുള്ളവനിൽ നിന്ന് ഉപകാരജ്ഞാനങ്ങൾ ഗ്രസിക്കുന്നവനാണ് സമർത്ഥനായ കൂട്ടുകാരൻ. അക്കാര്യമാണ് മൂസാ നബി (അ)യുടെ ചരിത്രത്തിലൂടെ ഖുർആൻ വിവരിക്കുന്നത്. സൽവൃത്തനായ ഒരാളെ അനുഗമിച്ച മൂസാ നബി (അ) ആ യാത്രയിൽ ക്ഷമ വരിക്കാൻ പ്രാപ്തനായതിനോടൊപ്പം കുറേ യുക്തിജ്ഞാനങ്ങളും മര്യാദകളും പഠിക്കുകയായിരുന്നു. 'താങ്കൾക്ക് കിട്ടിയ സന്മാർഗജ്ഞാനം എനിക്കൽപം പഠിപ്പിച്ചുതരുന്നതിനായി ഞാൻ കൂടെ വരട്ടയോ' എന്നാണ് മൂസാ നബി (അ) മഹാനോട് ചോദിച്ചത് (സൂറത്തുൽ കഹ്ഫ് 66). അറിവുള്ളവരോടൊപ്പം കൂടി അറിവുകൾ കരസ്ഥമാക്കാനുള്ള പ്രേരണ നൽകുന്നതാണ് പ്രസ്തുത സംഭവം. അറിവിനായുള്ള സൗഹൃദവും സഹവാസവും സഹചരത്വവുമെല്ലാം പവിത്രമാണ്. കൂടെയുള്ളവന് നന്നായി ഉപകാരവും നന്മയും ചെയ്യുന്നവനാണ് ഏറ്റവും നല്ല കൂട്ടുകാരനെന്നാണ് നബി (സ്വ) പഠിപ്പിച്ചുതന്നത്. നന്മകളും ഉപകാരങ്ങളും പലതാണ്. പുഞ്ചിരിക്കൽ, സമ്മാനം നൽകൽ, വീഴ്ചകളിൽ ക്ഷമിക്കൽ, വാഗ്ദത്ത പാലനം, സൽസ്വഭാവ ഗുണങ്ങൾ ഇങ്ങനെയെല്ലാം പല നന്മകളുണ്ട്. സൽസ്വഭാവം, പാണ്ഡിത്യം, ദീനീബോധം, അഭിപ്രായ രൂപീകരണം എന്നീ ശ്രേഷ്ഠവിശേഷങ്ങളുള്ളവരെ കൂട്ടുകാരാക്കുന്നവരാണ് ബുദ്ധിമാന്മാർ. കാരണം അവരാണ് നന്മ ചെയ്യുന്നവരും നന്മയിലേക്ക് നയിക്കുന്നവരും. അവരാണ് സ്വർത്തിലേക്ക് ആനയിക്കുന്ന സഹവാസികൾ.
നബി (സ്വ) നല്ല കൂട്ടുകാരനെ സുഗന്ധ കച്ചവടക്കാരനോടും ചീത്ത കൂട്ടുകാരനെ ഇരുമ്പു പണിപ്പുരയിലെ തീ ഊതുന്ന ഉലയോടുമാണ് ഉപമിച്ചത്. കാരണം സുഗന്ധ കച്ചവടക്കാരനിൽ നിന്ന് സുഗന്ധം വാങ്ങാനാവും, അല്ലെങ്കിൽ ആ സുഗന്ധം ആസ്വദിക്കാനെങ്കിലും പറ്റും. എന്നാൽ തട്ടാന്റെ പണിസ്ഥലത്തെ തീ ശരീരത്തെയോ വസ്ത്രത്തെയോ പൊള്ളലേൽപ്പിക്കും. മാത്രമല്ല അതിൽ നിന്ന് മണക്കാനാവുക ദുർഗന്ധമായിരിക്കും (ഹദീസ് ബുഖാരി, മുസ്ലിം). നല്ല കൂട്ടുകാരനിൽ ഉണ്ടായിരിക്കേണ്ട ഗുണഗണങ്ങളാണ് നബി (സ്വ) വ്യക്തമാക്കിയിരിക്കുന്നത്. ചീത്ത കൂട്ടുകാരനിൽ നിന്ന് അകന്നുനിൽക്കാനുള്ള മുന്നറിയിപ്പ് നൽകുന്നുണ്ട്. ഒരാൾ അയാളുടെ കൂട്ടുകാരന്റെ ആദർശപ്രകാരമായിരിക്കും. അതിനാൽ ഒരാളെ കൂട്ടുകാരനാക്കുന്നതിന് മുമ്പ് ചിന്തിക്കേണ്ടിയിരിക്കുന്നു (ഹദീസ് അബൂദാവൂദ് 4833, തുർമുദി 2378). നമ്മൾ സ്വയം നല്ലവരോട് കൂട്ടുകയും മക്കളെ നല്ലവരോട് ചേർത്തി വളർത്തുകയും വേണം. നല്ല കൂട്ടുകാർ അന്ത്യനാളിൽ ശുപാർശകരായും എത്തുമത്രെ.

