ഖുർആനിലെ 'എങ്ങനെ' ചോദ്യവാചി പ്രയോഗങ്ങൾ

യുഎഇ ജുമുഅ ഖുത്ബ പരിഭാഷ
മൻസൂർ ഹുദവി കളനാട്

തീയ്യതി: 13/12/2019
വിഷയം: ഖുർആനിലെ 'കൈഫ'


അല്ലാഹു പരിശുദ്ധ ഖുർആനിൽ ചിന്തിക്കുന്നവർക്കുള്ള ചോദ്യങ്ങളും അന്വേഷകർക്കുള്ള ഉത്തരങ്ങളും അവതരിപ്പിക്കുന്നുണ്ട്. യഥാർത്ഥത്തിൽ ഖുർആനിലെ ചോദ്യവാചികളായ അക്ഷരങ്ങളും വാചകങ്ങളും ചോദ്യങ്ങളല്ല, ഉത്തരങ്ങളാണ്. ബുദ്ധികളെ ചിന്തോദീപക തലങ്ങളിലേക്ക് ഉണർത്തുന്ന സാക്ഷാൽ ഉത്തരങ്ങൾ. അതുകൊണ്ടു തന്നെയാണ് അല്ലാഹു 'അവർ ഖുർആനിനെപ്പറ്റി ചിന്തിക്കുന്നില്ലേ' എന്ന് ചോദിക്കുന്നത് (സൂറത്തു ന്നിസാഅ് 82). ദൈവിക വചനങ്ങളായ ഖുർആനിന്റെ അനുപമങ്ങളായ ഭാഷാ ശൈലി വിന്യാസങ്ങളിൽ ആഴ്ത്തിറങ്ങി ചിന്തിക്കാനുള്ള നിർദ്ദേശമാണ് പ്രസ്തുത സൂക്തം. അത്തരത്തിലുള്ള ധാരാളം അക്ഷരങ്ങളും വാക്കുകളും വാക്യങ്ങളും ഈ വേദഗ്രന്ഥത്തിലുണ്ട്. അതിൽ പ്രധാനമായ ചോദ്യവാചിയാണ് എങ്ങനെ എന്നർത്ഥമാക്കുന്ന 'കൈഫ'. ഖുർആനിൽ എമ്പതി മൂന്നു സ്ഥലങ്ങളിലായി 'കൈഫ' എന്ന് പ്രയോഗിക്കപ്പെട്ടിട്ടുണ്ട്. ഓരോ പ്രയോഗങ്ങളും വിത്യസ്ത സൂചികകളാണ്. ചിലയിടങ്ങളിൽ അല്ലാഹുവിന്റെ സൃഷ്ടി സംവിധാനങ്ങളിലുള്ള അജയ്യത വിളിച്ചോതുന്നതാണെങ്കിൽ, മറ്റു ചിലയിടങ്ങളിൽ പൂർവ്വിക ജനതകളുടെ ചരിതങ്ങളിൽ നിന്ന് പാഠമുൾക്കൊള്ളാനും അന്ത്യനാളിലെ മനുഷ്യാവസ്ഥ മനസ്സിൽ സങ്കൽപ്പിച്ചെടുക്കാനുമുള്ള ആശയങ്ങളാണ് പ്രകാശിപ്പിക്കുന്നത്.

ഖുർആനിലെ 'കൈഫ' എന്ന ചോദ്യവാചി പ്രയോഗം മനുഷ്യചിത്തത്തിലെ വിശ്വാസഘടകങ്ങളെ ഉത്തേജിപ്പിക്കുന്നതാണ്. ഉദാഹരണത്തിന്; പ്രപഞ്ചം, അതിലെ സൃഷ്ടിജാലങ്ങൾ, സൃഷ്ടിപ്പിന്റെ ആരംഭം, നിലനിൽപ്പ്, മൃതി, പുനർ എഴുന്നേൽപ്പ് തുടങ്ങിയ പ്രാപഞ്ചിക പ്രതിഭാസങ്ങളെപ്പറ്റിയെല്ലാം എങ്ങനെ ക്രമീകരിച്ചുവെന്ന് ചോദിക്കുന്നുണ്ട്. അല്ലാഹു പറയുന്നു: നബിയേ പ്രഖ്യാപിക്കുക, ഭുമിയിൽ സഞ്ചരിച്ച് അവൻ സൃഷ്ടികർമ്മത്തിന് എങ്ങനെ തുടക്കം കുറിച്ചു എന്ന് ചിന്തിച്ചുനോക്കൂ. ഇനി മറ്റൊരു സൃഷ്ടി കർമ്മം കൂടി അവൻ നിർവ്വഹിക്കുന്നതാണ്. അവൻ സർവ്വ കാര്യത്തിനും കഴിവുറ്റവൻ തന്നെ തീർച്ച (സൂറത്തുൽ അൻകബൂത്ത് 20). മരിച്ചവരെ എങ്ങനെയാണ് ജീവിപ്പിക്കുന്നതെന്ന് ഇബ്രാഹിം നബി (അ) അല്ലാഹുവിനോട് ചോദിക്കുന്നുണ്ട് (സൂറത്തുൽ ബഖറ 260). വിശ്വാസം ദൃഢീകരിക്കാനാണ് 'എങ്ങനെ' ചോദ്യ വാക്കിലൂടെ പുനർജീവിക്കുന്നതിന്റെ രൂപം കാണിച്ചുതരാൻ പറഞ്ഞത്. അപ്പോൾ അല്ലാഹു ചോദിച്ചു: താങ്കൾ വിശ്വസിച്ചിട്ടില്ലേ? ഇബ്രാഹിം നബി (അ) പറഞ്ഞു: ഉവ്വ്, പക്ഷെ എന്റെ ഹൃദയം സമാധാനപൂർണമാകാനാണ്. നാലു പക്ഷികളെ അറുത്ത് അവയുടെ ഓരോ ഭാഗവും ഓരോ മലയിൽ വെച്ച് തിരിച്ചുവിളിച്ചാൽ അവ ധൃതിപ്പെട്ട് താങ്കളുടെയടുത്തേക്കു വരുന്നതാണെന്ന് അല്ലാഹു അറിയിച്ചു.  അതേ സൂക്തത്തിന്റെ അവസാനത്തിൽ അല്ലാഹു യുക്തിമാനും പ്രതാപശാലിയുമാണെന്ന് മനസ്സിലാക്കണമെന്നും കൽപനയുണ്ട്. അതായത് സൃഷ്ടിജാലങ്ങളെ ജീവിപ്പിക്കുന്നതിലും മരിപ്പിക്കുന്നതിലും പുനർജീവിപ്പിക്കുന്നതിലുമെല്ലാം അവൻ അജയ്യനാണെന്നർത്ഥം. മറ്റൊരു സൂക്തത്തിൽ കാണാം: അല്ലാഹുവിന്റെ അനുഗ്രഹ ഫലങ്ങൾ നോക്കൂ, നിർജീവാവസ്ഥക്കു ശേഷം ഭൂമി എങ്ങനെയാണവൻ ഉജ്ജീവിപ്പിക്കുന്നത്. നിശ്ചയം അവൻ മരണപ്പെട്ടവരെ പുനർജനിപ്പിക്കുക തന്നെ ചെയ്യും. സർവ്വ കാര്യങ്ങൾക്കും കഴിവുറ്റവനത്രെ അവൻ (സൂറത്തു റൂം 50).

വിശ്വാസദൃഢത സാധ്യമാക്കുന്നതോടൊപ്പം മനുഷ്യ ബുദ്ധികളെ ശാസ്ത്ര ഗവേഷണങ്ങളിലേക്കും പഠനങ്ങളിലേക്കും ആനിയിക്കുന്നതാണ് ഖുർആനിലെ 'എങ്ങനെ' പ്രയോഗങ്ങൾ. പ്രപഞ്ച സൃഷ്ടാവായ അല്ലാഹുവിന്റ സൃഷ്ടി വൈഭവങ്ങൾ എങ്ങനെയെന്ന് നോക്കി ചിന്തിക്കാനുള്ള ആഹ്വാനങ്ങളും ഖുർആനിലുണ്ട്. 'എങ്ങനെയാണ് ഒട്ടകങ്ങൾ സൃഷ്ടിക്കപ്പെട്ടതെന്ന് അവർ ചിന്തിച്ചു നോക്കുന്നില്ലേ' (സൂറത്തു ഗാശിയ 17). അല്ലാഹുവിന്റെ അത്ഭുത സൃഷ്ടിയാണ് ഒട്ടകം. ഭാരമേറിയ ചരക്കുകൾ ശരീരത്തിലേറ്റി എഴുന്നേൽറ്റു നിൽക്കാനുള്ള ത്രാണിയിലാണ് അതിന്റെ കാലുകൾ പടച്ചിരിക്കുന്നത്. മാത്രമല്ല ശരീരത്തിനുള്ളിൽ കാലങ്ങളോളം ഭക്ഷണ പാനീയങ്ങൾ സംഭരിച്ചു വെക്കാനുള്ള കഴിവും നൽകിയിട്ടുണ്ട്.  നാം ഭൂമിയുടെ ഏതു ഭാഗത്തായാലും പകലിലും രാത്രിയിലുമായി നമ്മുക്ക് മുകളിലായി കാണുന്ന ആകാശ സൃഷ്ടിപ്പിലും ചിന്തിക്കാൻ അല്ലാഹു കൽപ്പിക്കുന്നുണ്ട്: 'എങ്ങനെയാണ് ആകാശം ഉയർത്തപ്പെട്ടതെന്ന് അവർ ചിന്തിച്ചു നോക്കുന്നില്ലേ' (സൂറത്തു ഗാശിയ 18). തൂണോ താങ്ങോ ഇല്ലാതെ ആകാശങ്ങളെ മുകളിലായി സംവിധാനിച്ചത് ഏറെ ചിന്തിപ്പിക്കുന്നത് തന്നെയാണ്. മാത്രമല്ല വിടവോ ഒടിവോ ഇല്ലാത്ത വിധം നക്ഷത്രങ്ങൾ കൊണ്ട് അലംകൃതമാക്കിയതും അതിശയിപ്പിക്കുന്നതാണ്. പർവ്വതങ്ങളുടെ പ്രതിഷ്ഠയിലും ചിന്തിക്കാൻ കൽപ്പിപക്കുന്നുണ്ട്: 'എങ്ങനെയാണ് പർവ്വതങ്ങൾ പൊക്കപ്പെട്ടതെന്ന് അവർ ചിന്തിച്ചു നോക്കുന്നില്ലേ' (സൂറത്തു ഗാശിയ 19). ചായാതെ ചെരിയാതെ മാനം മുട്ടെ ഉയർന്നു നിൽക്കുന്ന പർവ്വതനിരകളും സൃഷ്ടാവിന്റെ സൃഷ്ടി വൈദഗ്ദ്യങ്ങളെക്കുറിച്ച് ചിന്തിപ്പിക്കുന്നതാണ്. നാം കാൽ പാദങ്ങൾ പതിപ്പിക്കുന്ന ഭൂമിയെ അല്ലാഹു സജ്ജീകരിച്ചിരിക്കുന്നതും ചിന്തക്ക് ഏറെ വക നൽകുന്നതാണ്: 'എങ്ങനെയാണ് ഭൂമി പ്രവിശാലമാക്കപ്പെട്ടതെന്ന് അവർ ചിന്തിച്ചു നോക്കുന്നില്ലേ' (സൂറത്തു ഗാശിയ 20). നടക്കാനും ഇരിക്കാനും കിടക്കാനും ഉതകും വിധം വിധം വാസ്യയോഗ്യമായ ഭൂമിയെ തട്ടുതട്ടുകളായി രൂപപ്പെടുത്തിയും എത്ര ആശ്ചര്യകരം. എല്ലാം ജീവന്റെ നിലനിൽപ്പിന് വേണ്ടി സൗകര്യപ്പെടുത്തിയിരിക്കുകയാണ് അല്ലാഹു.

'കൈഫ' ചോദ്യവാചിയിലൂടെ അല്ലാഹുവിന്റെ യുക്തികളിൽ ചിന്തിക്കാനും നിർദേശമുണ്ട്. 'അവരിൽ ചിലരെ മറ്റു ചിലരേക്കാൾ എങ്ങനെയാണു നാം ശ്രേഷ്ഠരാക്കിയിരിക്കുന്നതെന്ന് താങ്കൾ നോക്കുക' (സൂറത്തു ഇസ്‌റാഅ് 21). ജോലി, ധനം തുടങ്ങിയ കാര്യങ്ങളിൽ അല്ലാഹു ചിലർക്ക് മറ്റു ചിലരേക്കാൾ മികച്ചത് നൽകിയത് യുക്തിഭദ്രമായി ചിന്തിക്കാനാണ് ഈ സൂക്തം ആവശ്യപ്പെടുന്നത്. ഈ ഏറ്റക്കുറച്ചിലുകളുടെ യുക്തി അല്ലാഹു തന്നെ വ്യക്തമാക്കുന്നുണ്ട്: ഐഹിക ലോകത്ത് അവർക്കിടയിലെ ജീവിതമാർഗങ്ങൾ ഓഹരി ചെയ്തതും ചിലർ മറ്റു ചിലരെ ആശ്രിതരാക്കും വിധം ഒരു പക്ഷത്തെക്കാൾ പല പദവികളുയർത്തിയതും നാമാണ് (സൂറത്തു സ്സുഖ്‌റുഫ് 32). അതായത് ഭൗതിക ലോകത്തിന്റെ സന്തുലിതാവസ്ഥക്കാണത്. ഉപജീവന കാര്യങ്ങൾ നിലനിർത്താൻ സമ്പദ് വ്യവസ്ഥയിലും തൊഴിൽ രംഗത്തും പരസ്പരാശ്രയത്വം അനിവാര്യമാണല്ലൊ. സൂറത്തു ഇസ്‌റാഇലെ 21ാം സൂക്തത്തിൽ തന്നെ അല്ലാഹു തന്നെ പറയുന്നുണ്ട്: “എന്നാൽ പാരത്രിക ജീവിതം തന്നെയാണ് അത്യുന്നത പദവിയുള്ളതും ഏറെ ശ്രേഷ്ഠവും”. ഭൗതിക ലോകത്തെ സ്ഥാനങ്ങളെക്കാൾ പരലോകത്തെ സ്ഥാനങ്ങളാണ് അല്ലാഹുവിങ്കൽ പരിഗണനീയം. പാരത്രിക നേട്ടത്തിനായുള്ള തേട്ടമാണ് മനുഷ്യന് ഭൂഷണം. എല്ലാം ദൈവിക മാർഗത്തിൽ ചിന്തിക്കാൻ വേണ്ടിയാണ്. ചിന്ത യുക്തിജ്ഞാനം നൽകും. യുക്തിജ്ഞാനം ദൈവഭയം പകർന്ന് പാരത്രിക നേട്ടത്തിനായി പ്രേരിപ്പിക്കുകയും ചെയ്യും.

അല്ലാഹു നാം മനുഷ്യർക്ക് ജീവിതത്തിൽ എല്ലാ സൃഷ്ടികളെയും അധീനപ്പെടുത്തിത്തന്നത് പരീക്ഷിക്കാനാണ്. അല്ലാഹു പറയുന്നുണ്ട്: പിന്നീട് അവരുടെ പിറകെ നിങ്ങളെ നാം ഭൂമിയിൽ അനന്തരവരാക്കി നിങ്ങളുടെ ചെയ്തികൾ എങ്ങനെയായിരിക്കുമെന്നു നിരീക്ഷിക്കാൻ (സൂറത്തു യൂനുസ് 14). ഉമർ (റ) പറയുന്നു: നമ്മുടെ നാഥൻ വാസ്തവീകരിച്ചിരിക്കുന്നു. അവൻ നമ്മളെ ഭൂമിയിൽ പ്രതിനിധികളാക്കിയത് നമ്മുടെ പ്രവർത്തനങ്ങൾ എങ്ങനെയൊക്കെയെന്ന് നിരീക്ഷിക്കാനും പരീക്ഷിക്കാനുമാണ്. അതിനാൽ നിങ്ങളേവരും അല്ലാഹുവിന് രാത്രിയും പകലും രഹസ്യമായും പരസ്യമായും നല്ല പ്രവർത്തനങ്ങൾ മാത്രം ചെയ്തു കാണിക്കുക (തഫ്‌സീറു ഇബ്‌നു കഥീർ 4/252). അല്ലാഹു നമ്മുടെ പ്രവർത്തനങ്ങളെല്ലാം കാണുന്നുണ്ട്. മാത്രമല്ല മനുഷ്യരും നമ്മുടെ വാക്കുകൾക്കും ചെയ്തികൾക്കും സാക്ഷികളാണ്. അല്ലാഹു നബി (സ്വ)യോട് പറഞ്ഞിട്ടുണ്ട്: നബിയേ പ്രഖ്യാപിക്കുക, നിങ്ങളുടെ കർമ്മങ്ങൾ അനുഷ്ഠിച്ചുക്കൊള്ളുക. അല്ലാഹുവും റസൂലും സത്യവിശ്വാസികളും നിങ്ങളുടെ പ്രവൃത്തികൾ കാണുന്നതാണ് (സൂറത്തു ത്തൗബ 105). നന്മയായാലും തിന്മയായാലും ഓരോ അണുമണി തൂക്കത്തിനും അല്ലാഹു പകരം നൽകുന്നതുമായിരിക്കും.

back to top