യുഎഇ ജുമുഅ ഖുത്ബ പരിഭാഷ
മൻസൂർ ഹുദവി കളനാട്
തീയ്യതി: 20/12/2019
വിഷയം: വീടുകൾ ആശ്വാസ ഭവനങ്ങൾ
ഭൗതിക ലോകത്ത് അല്ലാഹു മനുഷ്യർക്കൊരുക്കിയ ആശ്വാസ മന്ദിരങ്ങളാണ് വീടുകൾ. 'അല്ലാഹു നിങ്ങൾക്ക് താമസിക്കാനായി വീടുകൾ സംവിധാനിച്ചു'വെന്ന് പരിശുദ്ധ ഖുർആൻ സൂറത്തു ന്നഹ്‌ല് 80ാം സൂക്തത്തിൽ വിവരണമുണ്ട്. കുടുംബ സമേതം താമസിക്കുന്ന ഈ അനുഗ്രഹ ഭവനങ്ങൾ ആശ്വാസത്തിന്റെയും മനസ്സമാധാനത്തിന്റെയും കാരുണ്യ സൗധങ്ങളെന്നാണ് പ്രസ്തുത ആയത്തിന്റെ ഉൾസാരം. കാരണം സ്‌നേഹവും ശാന്തിയും അനുകമ്പയുമെല്ലാം കുടികൊള്ളുമ്പോഴാണ് വീടകങ്ങളിൽ കുടുംബ ബന്ധങ്ങൾ ഊഷ്മളമാവുന്നത്. അല്ലാഹു പറയുന്നു: ഇണകളുമായി സംഗമിച്ച് സമാധാന ജീവിതമാസ്വദിക്കാനായി സ്വന്തത്തിൽ നിന്നു തന്നെ നിങ്ങൾക്ക് ഇണകളെ സൃഷ്ടിച്ചു തന്നതും പരസ്പര സ്‌നേഹവും കാരുണ്യവും നിക്ഷേപിച്ചതും അവന്റെ ദൃഷ്ടാന്തങ്ങളിൽപെട്ടതു തന്നെയത്രെ (സൂറത്തു റൂം 21).
വീടും പരിസരവും ശാന്തവും സ്വസ്ഥപൂർണവുമാവാൻ ഇസ്ലാമിക പ്രമാണങ്ങൾ ചില കാര്യങ്ങൾ നിർദേശിക്കുന്നുണ്ട്. അവയിൽ പ്രഥമം ദൈവ സ്മരണയാണ്. ഒരു സത്യവിശ്വാസി തന്റെ വീട്ടിൽ പ്രവേശിക്കുമ്പോൾ അല്ലാഹുവിനെ സ്മരിക്കണം. എന്നാൽ ഊണിലും ഉറക്കത്തിലും ഉണർച്ചയിലുമുള്ള പൈശാചിക ദുർബോധനങ്ങളിൽ നിന്ന് ആ വീട്ടുകാർക്ക് മോചനം നേടാനാവും. നബി (സ്വ) പറയുന്നു: വീട്ടിൽ പ്രവേശിക്കുമ്പോഴും ഭക്ഷണം കഴിക്കുമ്പോഴും അല്ലാഹുവിനെ സ്മരിക്കണം. അപ്പോൾ വലിയ പിശാച് കൂട്ടാളികളോട് പറയും: ഇന്നിവിടെ നമ്മുക്ക് ഊണുമില്ല, കിടപ്പുമില്ല (ഹദീസ് മുസ്ലിം 2018). ദൈവ സ്മരണ നടത്തിയവനെ പൈശാചിക ഇടപെടലുകൾ ബാധിക്കാതെ അല്ലാഹു സംരക്ഷിച്ചിരിക്കും. ദൈവ സ്മരണ, ഖുർആൻ പാരായണം, ഖുർആൻ ശ്രവണം എന്നിവ നിത്യമായുള്ള വീടുകളിൽ അല്ലാഹു സ്വസ്ഥ ജീവിതമായിരിക്കും പ്രദാനം ചെയ്യുക. അല്ലാഹുവിനെ ഓർക്കുന്ന വീട് ജീവസുറ്റതും, ഓർക്കാത്ത വീട് ശവവുമാണെന്നാണ് നബി (സ്വ) പറഞ്ഞിരിക്കുന്നത് (ഹദീസ് മുസ്ലിം 779).
വീട്ടിൽ വെച്ച് സൂറത്തുൽ ബഖറ പാരായണം ചെയ്താൽ വീട്ടുകാർക്ക് പ്രത്യേക സംരക്ഷണം ലഭ്യമായിരിക്കും. സൂറത്തുൽ ബഖറ ഓതുന്ന വീട്ടിൽ പിശാച് പ്രവേശിക്കില്ലത്രെ (ഹദീസ് ബൈഹഖി 2/453). ആരാധനകളുടെ ഒരു ഭാഗം വീടുകളിൽ വെച്ച് നിർവ്വഹിക്കലാണ് ഉത്തമം. നബി (സ്വ) ചില നമസ്‌ക്കാരങ്ങൾ വീട്ടിൽ വെച്ച് നിർവ്വഹിക്കുകയും അങ്ങനെ ചെയ്യാൻ അനുചരന്മാരോട് നിർശേദിക്കുകയും ചെയ്തിരുന്നു. സുന്നത്ത് നമസ്‌ക്കാരങ്ങൾ വീട്ടിൽ വെച്ച് നിർവ്വഹിക്കലാണ് ഏറ്റവും പുണ്യകരമെന്ന് പറയുകയും ചെയ്തിട്ടുണ്ട്. ആരാധനകൾ വീട്ടിൽ ചെയ്യുക വഴി ദൈവ വണക്കത്തിന്റെ പുണ്യങ്ങൾ മസ്ജിദിനെ പോലെ വീട്ടിലും സാധ്യമാവുകയാണ് ചെയ്യുന്നത്. ആ വീട്ടിൽ മാലാഖമാർ ഇറങ്ങുകയും വീട്ടുകാർക്ക് അനുഗ്രഹ വർഷമുണ്ടാവുകയും ചെയ്യും. നബി (സ്വ) പറയുന്നു: നിങ്ങൾ പള്ളിയിൽ വെച്ച് നിർബന്ധ നമസ്‌ക്കാരങ്ങൾ നിർവ്വഹിച്ചു കഴിഞ്ഞാൽ ചില നമസ്‌ക്കാരങ്ങൾ വീട്ടിൽ വെച്ച് നമസ്‌ക്കരിക്കാൻ അവസരമുണ്ടാക്കണം. ആ നമസ്‌ക്കാരം കാരണമായി അല്ലാഹു വീട്ടിൽ അനുഗ്രഹം ചൊരിയുന്നതായിരിക്കും (ഹദീസ് മുസ്ലിം 778). അനുഗ്രഹമെന്നാൽ കുടുംബത്തിന്റെ സന്തുഷ്ടി, ആരാധനാ പ്രതിഫലം അങ്ങനെ പലതാണ്. പള്ളിയിലെ ഫർള് നമസ്‌ക്കാരങ്ങളെ പോലെ വീട്ടിലെ സുന്നത്തു നമസ്‌ക്കാരങ്ങൾക്കും ഇരട്ടി പ്രതിഫലമാണ് ലഭിക്കുക. വീട്ടിലെ സുന്നത്ത് നമസ്‌ക്കാരങ്ങൾ നാട്ടാർക്കിടയിലെ സുന്നത്തു നമസ്‌ക്കാരങ്ങളെക്കാൾ ശ്രേഷ്ഠമാണ്. ഫർള് നമസ്‌ക്കാരം ഒറ്റക്ക് നിർവ്വഹിക്കുന്നതിനേക്കാൾ ജമാഅത്തായി നിർവ്വഹിക്കലാണല്ലൊ ശ്രേഷ്ഠം. അതു പോലയാണിതും (മുസ്വന്നഫു അബ്ദുൽ റസാഖ് 3/70 , മുസ്വന്നഫു അബൂ ശൈബ 2/256).
വീട്ടിൽ കുടുംബത്തോടൊത്തുള്ള ആരാധനാ നിർവ്വഹണങ്ങൾ പുണ്യത്തിലും പ്രതിഫല ലബ്ധിയിലും കേമമാണ്. ഉറക്കിൽ നിന്നുണർന്ന് നമസ്‌ക്കാരത്തിനായി ഇണയെ ഉണർത്തുന്ന ദമ്പതിമാർക്ക് ദൈവക്കരുണ വർഷിക്കട്ടെയെന്ന പ്രാർത്ഥനകളാണ് നബി (സ്വ) ആശംസിച്ചത് (ഹദീസ് അബൂ ദാവൂദ് 1308, 1450, നസാഈ 1610, ഇബ്‌നു മാജ 1336). അല്ലാഹുവിനെ സ്മരിക്കുന്ന, അവന് റുകൂഅ് ചെയ്യുന്ന, സാഷ്ടാംഗം നമിക്കുന്ന, അവന്റെ വേദഗ്രന്ഥം ഉരുവിടുന്ന വീടുകൾ സുകൃത സുന്ദര സുരഭിലം തന്നെയാണ്.
വീട്ടിലുള്ളവരോട് സലാം പറയാൻ ശീലിക്കണം. അല്ലാഹു പറയുന്നു: വീടുകളിലേക്ക് കടക്കുമ്പോൾ അല്ലാഹുവിൽ നിന്ന് അനുഗ്രഹീതവും ഉദാത്തവുമായ ഉപഹാരമെന്ന നിലക്ക് നിങ്ങൾ പരസ്പരം സലാം പറയണം (സൂറത്തുന്നൂർ 61). വിട്ടുകാരോടുള്ള സലാം പറച്ചിൽ അല്ലാഹു പറഞ്ഞ ഉപഹാരമാണ്. അത് വീട്ടിൽ നല്ലത് മാത്രമേ വരുത്തുള്ളൂ. ഒരാൾ ആളുള്ള വീട്ടിൽ ചെന്നാൽ “അസ്സലാമു അലൈക്കും വറഹ്മത്തുല്ലാഹി വബറകാത്തുഹു” എന്ന് സലാം പറയണം. വീട്ടിൽ ആരുമില്ലെങ്കിൽ “അസ്സലാമു അലൈനാ വഅലാ ഇബാദില്ലാഹി സ്സ്വാലിഹീൻ” എന്നും പറയണം (തഫ്‌സീറുൽ ഖുർത്വുബി 12/319 , തഫ്‌സീറുൽ ത്വബ്‌രി 17/379). അങ്ങനെയുള്ള പുരയിടങ്ങളിൽ രക്ഷ സുനിശ്ചിതമായിരിക്കും. വീട്ടുകാരുടെ നന്മക്കും ക്ഷേമത്തിനും പ്രാർത്ഥിക്കുന്നത് പ്രവാചകന്മാരുടെ ജീവിതശൈലിയായിരുന്നു. നൂഹ് നബി (അ) പ്രാർത്ഥിച്ചത് ഖുർആൻ വിവരിക്കുന്നുണ്ട്: 'നാഥാ എനിക്കും മാതാപിതാക്കൾക്കും സത്യവിശ്വാസം വരിച്ച് എന്റെ ഭവനത്തിൽ പ്രവേശിച്ചവർക്കും സകല സത്യവിശ്വാസികൾക്കും നീ പാപങ്ങൾ പൊറുത്തു തരണമേ' (സൂറത്തു നൂഹ് 28).
വീടുകളിൽ ഇസ്ലാമികാന്തരീക്ഷം നിലനിർത്തിയാൽ അതിന്റെ അനുരണനങ്ങൾ മക്കളിലും കാണാനാവും. അവരുടെ നടപ്പിലും സ്വഭാവത്തിലും നന്മകൾ നിറഞ്ഞ് ജീവിതം സൗരഭ്യപൂർണമാവും. കുടുംബാംഗങ്ങൾക്കിടയിൽ സ്‌നേഹവും സൗഹാർദവും നിതാന്തമായിരിക്കുകയും ചെയ്യും. ഓരോർത്തരും തീൻമേശയിലും വിജ്ഞാന സദസ്സിലും ഒത്തൊരുമിച്ചിരുന്ന് പങ്കാളികളാവേണ്ടിയിരിക്കുന്നു. കുടുംബ ബന്ധവും അക്കൽപക്ക സൗഹാർദ്ദവും വീടിനെയും പരിസരങ്ങളെയും കൂടുതൽ നന്മയാർന്നതാക്കുന്നതാണ്. മക്കളെ അതിന് പ്രാപ്തരാക്കുകയും വേണം. സഹജീവനവും സന്താന പരിപാലനവും ദയാ വായ്പുമെല്ലാം വീടകങ്ങളിൽ നിന്ന് മൊട്ടിട്ട് വിടരേണ്ട സുകൃതങ്ങളാണ്. മൂസാ നബി (അ)യെ സംരക്ഷിച്ചു വളർത്തിയ വീടിനെക്കുറിച്ച് സഹോദരി പരാമർശിക്കുന്നത് ഖുർആൻ ഉദ്ധരിക്കുന്നുണ്ട്: കൊട്ടാരത്തിലുള്ളവരോട് സഹോദരി ബോധിപ്പിച്ചു: 'നിങ്ങൾക്കു വേണ്ടി ഈ ശിശുവിനെ സംരക്ഷിക്കുന്ന ഒരു വീട്ടുകാരെക്കുറിച്ച് ഞാൻ വിവരം തരട്ടയോ? ഇവനു നന്മയാഗ്രഹിക്കുന്നവരാണ് അവർ' (സുറത്തു ഖസ്വസ്വ് 12). ആ വീട്ടിൽ വളർന്ന് പ്രവാചകത്വം വരിച്ചവരാണ് മൂസാ നബി (അ). വീട്ടു പരിപാലനവും കുടുംബ പരിപാലനവും കുടുംബനാഥന്റെ ഉത്തരവാദിത്വമാണ്. നബി (സ്വ) പറയുന്നു: നിശ്ചയം അല്ലാഹു ഓരോർത്തരോടും അവർക്ക് ഏൽപ്പിക്കപ്പെട്ട കാര്യത്തെപ്പറ്റി ചോദ്യം ചെയ്യുന്നതായിരിക്കും; നേരാംവണ്ണം പരിപാലിച്ചുവോ ഇല്ലയോ എന്ന്, കുടുംബക്കാരുടെ കാര്യത്തിലും ചോദ്യം ചെയ്യുന്നതായിരിക്കും (ഹദീസ് ഇബ്‌നു ഹിബ്ബാൻ 10/344). സമൂഹത്തിന്റെ അടിസ്ഥാന ശിലയാണ് കുടുംബം. സമൂഹനിർമിതിയുടെ ആദ്യ സ്ഥാപനവും കുടുംബം തന്നെ.
മക്കൾക്ക് ഭൗതിക ലോകത്തും പാരത്രിക ലോകത്തും ഗുണകരമല്ലാത്തത് വരാതെ നോക്കൽ മാതാപിതാക്കളുടെ ബാധ്യതയാണ്. അല്ലാഹു കൽപ്പിക്കുന്നു: 'സത്യവിശ്വാസികളേ, സ്വന്തം ശരീരങ്ങളെയും കുടുംബത്തെയും മനുഷ്യരും ശിലകളും വിറകായ നരകത്തിൽ നിന്ന് നിങ്ങൾ കാത്തു സംരക്ഷിക്കുക' (സൂറത്തുത്തഹ്‌രീം 06). കുടുംബക്കാരിൽ നിന്നുള്ള ധിക്കാരങ്ങൾ നഖശിഖാന്തം എതിർക്കണമെന്നാണ് ഖതാദ (റ) പറയുന്നത്. കുടുംബത്തെ തകർക്കുന്ന, സമൂഹത്തെ നശിപ്പിക്കുന്ന ആഗോള പ്രതിസന്ധിയായിരിക്കുകയാണ് ലഹരി ഉപയോഗം. ലോക രാജ്യങ്ങളെല്ലാം ഈ വിപത്ത് നേരിട്ടുകൊണ്ടിരിക്കുകയാണ്. സമ്പത്തും ആരോഗ്യവും നിലയും നിലനിൽപ്പുമെല്ലാം അവതാളത്തിലാക്കുന്ന ഈ ആസക്തികളിൽ നിന്ന് നമ്മുടെ മക്കളെ വിദൂരത്താക്കേണ്ടിയിരിക്കുന്നു. സമയവും പ്രയത്‌നങ്ങളും വൃഥാവാക്കുന്ന മറ്റൊരു ദുർഗതിയായി മാറിയിരിക്കുകയാണ് ഇല്‌ട്രോണിക് ഉപകരണങ്ങളുടെ അമിതോപയോഗം. മക്കളെ വീട്ടിൽ നിന്നും വീട്ടുകാരിൽ നിന്നും അകറ്റുന്ന, യാഥാർത്ഥ്യബോധത്തിൽ നിന്ന് തെറ്റിക്കുന്ന ഈ പ്രവണതകളെ സൂക്ഷിക്കണമെന്നാണ് ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നൽകുന്നത്.

