ജീവൻ അമൂല്യമാണ്, ലഹരി നുണഞ്ഞ് നശിപ്പിക്കരുത്

യുഎഇ ജുമുഅ ഖുത്ബ പരിഭാഷ
മൻസൂർ ഹുദവി കളനാട്
തീയ്യതി: 27/12/2019
വിഷയം: മനുഷ്യജീവനും ലഹരിയും

മനുഷ്യജീവൻ വിലമതിക്കാനാവാത്ത സ്വത്താണ്. മനുഷ്യന്റെ സൃഷ്ടികർമ്മം ആത്മാവ് ഊതി പൂർത്തീകരിച്ച അല്ലാഹു ആ ജീവനെ ബഹുമാനിക്കുകയും ചെയ്തിട്ടുണ്ട്. അങ്ങനെയാണല്ലൊ മലക്കുകളെ കൊണ്ട് ആദിമ മനുഷ്യൻ ആദം നബി (അ)ക്ക് സാഷ്ടാംഗം (സുജൂദ്) ചെയ്യിപ്പിച്ചത്. പരിശുദ്ധ ഖുർആനിൽ ഇരുനൂറ്റി തൊണ്ണൂറിലധികം സ്ഥലങ്ങളിൽ മനുഷ്യജീവനെ പ്രതിപാദിച്ചിട്ടുണ്ട്. സത്യം ചെയ്തും പറഞ്ഞിട്ടുണ്ട്. ആത്മാവ് എന്നർത്ഥമാക്കുന്ന 'നഫ്‌സ്' എന്ന പദമാണ് ജീവനെ സൂചിപ്പിക്കുന്നത്. ഖുർആൻ പ്രയോഗിച്ചതും അതു തന്നെ. സൂറത്തു ശ്ശംസ് 7, 8 സൂക്തങ്ങളിലായി അല്ലാഹു മനുഷ്യജീവനെ ശപഥം ചെയ്ത് പറഞ്ഞതായി കാണാം: “ആത്മാവിനെ കൊണ്ടും അതിനെ ന്യൂനതാ മുക്തമാക്കി നന്മ തിന്മകൾ ഗ്രഹിപ്പിച്ചു കൊടുത്ത മഹാശക്തിയെക്കൊണ്ടും സത്യം”. സംശുദ്ധ പ്രകൃതത്തിൽ മനുഷ്യജീവനെ പടച്ച സ്രഷ്ടാവ് ജീവിതം കഴിച്ചുകൂട്ടേണ്ട ഋജുപാത സ്പഷ്ടമാക്കുകയും ഇരുലോക ജീവതം നശിപ്പിക്കുന്ന മാർഗഭ്രംശത്തിന്റെ ചതിക്കുഴികൾ വ്യക്തമാക്കുകയും ചെയ്തിട്ടുണ്ടെന്നാണ് മേൽ സൂക്തസാരം.

അല്ലാഹു സൂക്ഷിപ്പുമുതലായി ഓരോർത്തർക്കും ഏൽപ്പിച്ചു നൽകിയ ജീവന് ഹാനി വരുത്തുന്ന കാര്യങ്ങൾ ചെയ്യുന്നത് കടുത്ത നിഷിദ്ധമാണ്. അല്ലാഹു പറയുന്നു: അല്ലാഹു ആദരിച്ച ജീവൻ ന്യായപ്രകാരമല്ലാതെ കൊല്ലരുത്, ചിന്തിച്ചു ഗ്രഹിക്കാനായി അവൻ നിങ്ങൾക്കു നൽകുന്ന ഉപദേശമാണിത് (സൂറത്തുൽ അൻആം 151). കാരുണ്യവാനായ അല്ലാഹു ഇസ്ലാമിക മത നിയമസംഹിത വ്യവസ്ഥപ്പെടുത്തിയിരിക്കുന്നത് മനുഷ്യജീവൻ പരിഗണിച്ചു കൊണ്ടുതന്നെയാണ്. സ്വജീവനെയോ അപരന്റെ ജീവനെയോ ഉപദ്രവിക്കുകയോ ഹിംസിക്കുകയോ അരുത്. 'അന്യോനം കൊല നടത്താനും പാടില്ല, അല്ലാഹു നിങ്ങളോട് ഏറെ കരുണാമയനത്രെ' (സൂറത്തുന്നിസാഅ് 29).

മനപൂർവ്വം സ്വജീവന് അപകടം വരുത്തുന്ന പ്രവർത്തനമാണ് ലഹരി ഉപയോഗം. ബുദ്ധിയും ശരീരവും സ്വത്തും തകർത്ത് സകല ബന്ധങ്ങളും ശിഥിലമാക്കുന്ന നാശിനിയാണ് ലഹരി. സ്വന്തം ഇഷ്ടപ്രകാരമോ കൂട്ടുകാരുടെ പ്രേരണയാലോ ലഹരി നുണയുന്നവൻ ആ ആസക്തിയിൽ അമർന്നിരിക്കും. അവനൊപ്പം നഷ്ടങ്ങളും പരാജയങ്ങളും മാത്രമായിരിക്കും. ലോകത്ത് ഇരുന്നൂറ്റി എഴുപത്തിയൊന്ന് മില്യൺ ആൾക്കാർ ലഹരി ഉപയോഗിക്കുന്നുവെന്നാണ് ഔദ്യോഗിക കണക്ക്. ലഹരി ഉപയോഗിച്ച് മരിക്കുന്നവരുടെ എണ്ണം അതിലും ഭീകരം. യുദ്ധങ്ങളിൽ ജീവഹാനി നേരിടുന്നവരേക്കാളധികം ലഹരി പദാർത്ഥങ്ങൾ ഭോഗിച്ച് മരിക്കുന്നവരാണ്. ഈ വർഷം മാത്രം ആറു ലക്ഷം പേർ ലഹരി മൂലം മരിച്ചുവെന്ന് കണക്കുകൾ സൂചിപ്പിക്കുന്നു. കഴിഞ്ഞ അഞ്ചു വർഷങ്ങളായി ഇതേ സ്ഥിതി തുടരുന്നു. ജീവനെ കാർന്നു തിന്നുന്ന ലഹരി മരുന്നുകളെ പ്രതിരോധിക്കാൻ മറുമരുന്നുകളില്ല. കാരണം അതു വിഷമാണ് മാരക വിഷം!. ഹാനികരമായത് ഉപയോഗിക്കുക വഴി ജീവനെ അക്രമകരമായി കൊല്ലുന്നവനെ നരകശിക്ഷ നൽകുമെന്നാണ് അല്ലാഹു താക്കീത് ചെയ്യുന്നത് (സൂറത്തു ന്നിസാഅ് 30). വിഷം മോന്തി ആത്മഹുതി ചെയ്യുന്നവൻ അതേ പ്രകാരം തന്നെ നരകത്തിലും ശാശ്വതമായി വിഷം കുടിച്ചുകൊണ്ടിരിക്കാനാണ് വിധിയെന്ന് നബി (സ്വ)യും മുന്നറിയിപ്പ് നൽകുന്നുണ്ട് (ഹദീസ് അഹ്മദ് 7448, തുർമുദി 2034).

മനുഷ്യജീവിതം വിജയകരമാവുന്നത് ശാന്തിയും സമാധാനവും കൈവരിക്കുമ്പോഴാണ്. എന്നാൽ സ്വസ്ത ജീവിതം തകർക്കുന്നതാണ് ലഹരി ഉപയോഗമെന്ന ആപത്ത്. മനസ്സിനും ശരീരത്തിനും കുടുംബത്തിനും സമൂഹത്തിനുമെല്ലാം നാശനഷ്ടം വരുത്തുന്ന ലഹരി ബന്ധങ്ങളെ കലുഷിതമാക്കുകയും ചെയ്യും. തീവ്രവാദ സംഘടനകൾ സമാധാന ഇടങ്ങൾ സംഘർഷ ഭരിതമാക്കാൻ ഉപയോഗിക്കുന്നത് മയക്കുമരുന്നകളാണ്. ലോക രാജ്യങ്ങളിലും സമൂഹങ്ങളിലും സമാധാനാന്തരീക്ഷം തകർക്കും വിധം ആഗോള വെല്ലുവിളിയായി മാറിയിരിക്കുകയാണ് ഈ ലഹരി. മയക്കു മരുന്നുകളെന്ന ബാധയെ ഉന്മൂലനം ചെയ്ത് സ്വസ്ഥപൂർണമാക്കാൻ ആഗോള സമൂഹത്തോടൊപ്പം സന്നദ്ധമായിരിക്കുകയാണ് യുഎഇയും. ലഹരി ഉപയോഗത്തെപ്പറ്റി ആർക്കെങ്കിലും വല്ല വിവരവും ലഭിച്ചാൽ ഉടനെ ബന്ധപ്പെട്ടവരെ അറിയിക്കണം. കാരണം ഈ മഹാ വിപത്തിൽ നിന്ന് തലമുറകളെ രക്ഷിക്കാൻ മുന്നിട്ടിറങ്ങേണ്ടത് നാമോർത്തരുടെയും ബാധ്യതയാണ്. രക്ഷിതാക്കളും അധ്യാപകരും ഈ വിഷയത്തിൽ കൂടുതൽ ജാഗരൂകരായിരിക്കണം. വീട്ടിലും വിദ്യാലയങ്ങളിലും അവരോടൊപ്പം ചെലവഴിച്ച് അവരെ അറിയണം, അവരുടെ ആകുലതകൾ അറിയണം. കൂടെ കൂട്ടണം, പരിഹാരം നിർദേശിക്കണം.

ലഹരി ആസക്തിയിൽ അകപ്പെട്ടവന് സാധാരണ ജീവിതത്തിലേക്ക് മടങ്ങാനുള്ള അവസരങ്ങൾ അനവധിയാണ്. പശ്ചാത്താപത്തിന്റെയും പുനരധിവാസത്തിന്റെയും വാതിലുകൾ തുറക്കപ്പെട്ടിരിക്കുകയാണ്. പശ്ചാത്താപം കൂടുതലായും സ്വീകരിക്കുന്നവനാണല്ലൊ അല്ലാഹു. “ആരെങ്കിലും ഒരപരാധമോ ആത്മദ്രോഹമോ ചെയ്തിട്ട് അല്ലാഹുവിനോട് പശ്ചാത്തപിക്കുന്ന പക്ഷം വളരെയേറെ പൊറുക്കുന്നവനും കരുണാമയനുമായ അല്ലാഹുവിനെ അവൻ കണ്ടെത്തുന്നതാണ്” (സൂറത്തു ന്നിസാഅ് 110). മനസ്സംസ്‌ക്കരണത്തിലൂടെ വിജയം വരിക്കുമെന്നതാണ് സത്യം.

back to top