സത്യവിശ്വാസികളുടെ പട്ടികയിൽപെടുന്നവർ

യുഎഇ ജുമുഅ ഖുത്ബ പരിഭാഷ
മൻസൂർ ഹുദവി കളനാട്

തീയ്യതി: 03/01/2020
വിഷയം: സത്യവിശ്വാസിക്ക് നബി (സ്വ) പറഞ്ഞ ഉപമകൾ

അല്ലാഹു നബി (സ്വ)യോട് സത്യവിശ്വാസികൾക്ക് അതിശയകരമായ പ്രതിഫലമുണ്ടെന്ന് സന്തോഷ വാർത്ത അറിയിക്കാൻ കൽപ്പിക്കുന്നുണ്ട്: 'സത്യവിശ്വാസികൾക്ക് അല്ലാഹുവിൽ നിന്ന് മഹത്തായ ഔദാര്യമുണ്ട് എന്ന് ശുഭ വാർത്ത നൽകുക' (സൂറത്തുൽ അഹ്‌സാബ് 47). ആ മഹത്തായ പ്രതിഫലം സ്വർഗ പ്രവേശം തന്നെയാണ്. കാരണം അല്ലാഹു തന്നെ പറഞ്ഞിട്ടുണ്ട്: 'സത്യവിശ്വാസം കൈക്കൊള്ളുകയും സൽക്കർമ്മങ്ങളനുഷ്ഠിക്കുകയും ചെയ്തവർ സ്വർഗീയാരാമങ്ങളിലായിരിക്കും. തങ്ങൾ ഇഛിക്കുന്നതെന്തും നാഥങ്കൽ അവർക്കുണ്ടായിരിക്കും. മഹാ ഔദാര്യമത്രെ അത്. വിശ്വസിക്കുകയും സൽക്കർമ്മങ്ങളനുവർത്തിക്കുകയും ചെയ്ത തന്റെ അടിമകൾക്ക് അല്ലാഹു ശുഭവാർത്ത നൽകുന്നതത്രേ ഈ സ്വർഗം' (സൂറത്തു ശ്ശൂറാ 22).

ആരാണ് സ്വർഗത്തിൽ പ്രവേശിക്കുന്ന യഥാർത്ഥ സത്യവിശ്വാസികൾ ??? ചുരുക്കത്തിൽ; ഏക ദൈവമായ അല്ലാഹു, ദൈവദാസരായ മാലാഖമാർ, ദൈവിക വേദഗ്രന്ഥങ്ങൾ, ദൈവദൂതർ, അന്ത്യനാൾ, ദൈവ വിധിനിർണയം എന്നിവയിൽ വിശ്വസിക്കുന്നവരാണ് സത്യവിശ്വാസികൾ. 'രക്ഷിതാവിങ്കൽ നിന്നു തനിക്കവതീർണമായതിൽ റസൂൽ തിരുമേനി വിശ്വസിച്ചിരിക്കുന്നു, സത്യവിശ്വാസികളും. അല്ലാഹുവിലും അവന്റെ മലക്കുകളിലും വേദങ്ങളിലും ദുതരിലും അവർ ആർക്കിടയിലും ഒരു വിവേചനവും കൽപ്പിക്കില്ലെന്ന നിലപാടിൽ അവരൊക്കെയും വിശ്വാസമർപ്പിക്കുകയുണ്ടായി' (സൂറത്തുൽ ബഖറ 285). വിശ്വാസ കാര്യങ്ങൾക്കു പുറമേ കർമ്മ കാര്യങ്ങളും വിശ്വാസിക്ക് പുലർത്തേണ്ടിയിരിക്കുന്നു. നിർബന്ധമായും ചെയ്യേണ്ട കാര്യങ്ങളും കർശനമായും വെടിയേണ്ട കാര്യങ്ങളും നബി (സ്വ) മുഖേന അല്ലാഹു അറിയിച്ചുതന്നിട്ടുണ്ട്. ജീവിതത്തിൽ പുണരേണ്ട സ്വഭാവങ്ങളും വിശേഷങ്ങളും നബി (സ്വ) പറഞ്ഞുതന്നിട്ടുണ്ട്. ഐഛികമായി ചെയ്യേണ്ട (സുന്നത്ത്) കാര്യങ്ങളും സ്പഷ്ടമാണ്. അവയെക്കൊണ്ടാണ് വിശ്വാസ അചലഞ്ചത ബലപ്പെടുകയും സ്വർഗത്തിൽ ഉന്നത സ്ഥാനങ്ങൾ സ്ഥിരപ്പെടുകയും ചെയ്യുന്നത്.

പ്രവാചകർ മുഹമ്മദ് നബി (സ്വ) സത്യവിശ്വാസികളുടെ കുറേ ഉപമകൾ വിവരിച്ചു തന്നിട്ടുണ്ട്. നബി (സ്വ) ഉപമിക്കുന്നു: ഖുർആൻ പാരായണം ചെയ്യുന്ന വിശ്വാസി 'ഉത്‌റുജ്ജ' പഴം പോലെയാണ്. ആ പഴം രുചികരവും നല്ല മണമുള്ളതുമാണ്. ഖുർആൻ പാരായണം ചെയ്യാത്ത വിശ്വാസി കാരക്ക പോലെയാണ്. മധുരതരമെങ്കിലും സുഗന്ധമുണ്ടായിരിക്കില്ല (ഹദീസ് ബുഖാരി, മുസ്ലിം). അതായത് പതിവായി ഖുർആൻ ഓതുന്നവന്റെ അകവും പുറവും ഒരു പോലെ ശുദ്ധമായിരിക്കും. നല്ല മനസ്ഥിതിയുള്ള ആ ധന്യവാന്റെ സ്വഭാവങ്ങളും സംശുദ്ധമായിരിക്കും. നാരകപ്പഴത്തിനോട് സാമ്യമുള്ള ഉത്‌റുജ്ജപ്പഴം രുചി, നിറ ഭംഗി, സുഗന്ധം തുടങ്ങിയ വിശേഷങ്ങളാൽ അടുത്തുള്ളവനും വിദൂരത്തുള്ളവനും, അത് തിന്നുന്നവനും തിന്നാത്തവനും അതിനെ ആസ്വദിക്കാനാവും. ഖുർആൻ പാരായണം പതിവാക്കാത്ത സത്യവിശ്വാസി കാരക്കയെ പോലെയെന്നാൽ അത് രുചിച്ചവനേ അതിന്റെ രുചി അനുഭവിക്കാനാവുള്ളൂ എന്നതാണ്.

നബി (സ്വ) സത്യവിശ്വാസിയെ തേനീച്ചയോട് സദൃശ്യപ്പെടുത്തിട്ടുണ്ട്. 'അല്ലാഹുവാണേ സത്യം, സത്യവിശ്വാസി തേനീച്ചയെ പോലെയാണ്. കാരണം തേനീച്ച ഭക്ഷിക്കുന്നതും മധുവാണ്. പുറത്തുവിടുന്നതും മധുവാണ്. അത് ഒരു മരക്കഷ്ണത്തിൽ ഇരുന്നാൽ പൊട്ടലോ നാശനഷ്ടമോ വരുത്തുന്നില്ല' (ഹദീസ് അഹ്മദ് 6872). വിശ്വാസിയുടെ എല്ലാം ഉദാത്തമായിരിക്കണമെന്നർത്ഥം. അനുവദനീയമായത് മാത്രം ഭുജിക്കുന്നവനാണ് അവൻ. വാക്കിലും പ്രവർത്തിയിലും മയം കാണിക്കുന്നവൻ. വിശ്വാസി നന്നായി അധ്വാനിക്കണം. മുശിയരുത്. മടുപ്പിക്കരുത്. ആരെയും ഉപദ്രവിക്കയുമരുത്. എവിടെ ചെന്നാലും ആർക്കും ഉപകാരമേ വരുത്താവൂ. അങ്ങനെയുള്ളവന് ആപത്ത് വന്നാൽ പതറില്ല. മനക്കരുത്ത് അവനെ നയിക്കും. പ്രതിസന്ധികളെ നേരിടുന്ന കാര്യത്തിൽ നബി (സ്വ) സത്യവിശ്വാസിയെ ചെടിയോടാണ് ഉപമിച്ചത്: വിശ്വാസി ചെടിയെ പോലെയാണ്. കാറ്റ് ചെടിയെ അങ്ങോട്ടുമിങ്ങോട്ടും തട്ടിക്കളിക്കുന്നതു പോലെ വിശ്വാസിയെ വിപത്തുകൾ പിന്തുടർന്നുകൊണ്ടേയിരിക്കും (ഹദീസ് ബുഖാരി, മുസ്ലിം). സ്വശരീരത്തിലോ കുടുംബത്തിലോ സ്വത്തിലോ വല്ല ആപത്തോ നേരിട്ടാൽ മനോബലം വീണ്ടെടുത്ത് സഹിച്ചും ക്ഷമിച്ചും നിൽക്കുന്നവനാണ് യഥാർത്ഥ സത്യവിശ്വാസി. പ്രതിസന്ധികൾ അവനെ തളർത്തുകയല്ല, വളർത്തുകയാണ്. ആ സഹനം അവന്റെ ജീവിത പാപങ്ങൾക്ക് പ്രായശ്ചിത്തവുമായിരിക്കും. സ്വന്തത്തെ കൈവിടാതെ എല്ലാം നാഥനിൽ ഭരമേൽപ്പിക്കുകയും ചെയ്യും. 'സത്യവിശ്വാസികൾ അല്ലാഹുവിങ്കൾ ഭരമേൽപ്പിച്ചുകൊള്ളട്ടെ' എന്നാണല്ലൊ ദൈവ കൽപന (സൂറത്തുൽ മാഇദ 11).

സത്യവിശ്വാസിക്ക് തെറ്റു പറ്റാം. എന്നാൽ നാഥനിലേക്ക് ഖേദിച്ചു മടങ്ങി ദൈവാനുസരണ തുടരുകയും ചെയ്യുന്നവനാണ് അവൻ. അക്കാര്യത്തിൽ സത്യവിശ്വാസിയെ കതിർക്കുലയോടാണ് നബി (സ്വ) ഉപമിച്ചത്. നബി (സ്വ) പറയുന്നു: സത്യവിശ്വാസി കതിർക്കുല പോലെയാണ്. ചില സമയങ്ങളിൽ കാറ്റടിച്ച് ചായുന്ന കതിർക്കുല പിന്നീട് നേരെയാവുകയും ചെയ്യും (മുസ്‌നദു അഹ്മദ് 83/23 , മുസ്‌നദു അബൂ യഅ്‌ലൽ മൂസ്വലി 3286, ബൈഹഖി ശഅ്ബുൽ ഈമാൻ 7096). പാപം ചെയ്താൽ പശ്ചാത്താപം ചെയ്യുന്നവനാണ് വിശ്വാസി. തൗബ ചെയ്യാൻ അല്ലാഹു കൽപ്പിച്ചതുമാണ്: 'സത്യവിശ്വാസികളേ, നിങ്ങൾ സർവരും വിജയപ്രാപ്തരാകാനായി അല്ലാഹുവിങ്കലിലേക്ക് ഖേദിച്ചു മടങ്ങുക (സൂറത്തുന്നൂർ 31).

നബി (സ്വ) ഉപമിക്കുന്നു: സത്യവിശ്വാസി ഇല കൊഴിയാത്ത പച്ചമരം പോലെയാണ്..... ഈത്തപ്പനമരമാണ് (ഹദീസ് ബുഖാരി, മുസ്ലിം). അതായത് പല നന്മകളിലും വിശ്വാസി ഈത്തപ്പനയോട് സാദൃശ്യമുള്ളവനാണ്. നല്ല തണൽ, നല്ല ഭംഗിയും രുചിയുമുള്ള പഴം, നല്ല മരത്തടി അങ്ങനെ പലതിലും ഈത്തപ്പന ബഹുവിശേഷണമുടയതാണ്. സത്യവിശ്വാസിയും അപ്രകാരം തന്നെ. ഏതു നിലക്കും ഉപകാരിയായിരിക്കും. കൂട്ടുകൂടിയാൽ ഉപകാരം ചെയ്യും. കൂടെ ഇരുന്നാൽ സൗകര്യം ചെയ്ത് തരും. കൂടിയാലോചന നടത്തിയാൽ നല്ല അഭിപ്രായം പറയും. ഈമാൻ (സത്യവിശ്വാസം) എന്ന മരം നന്മകൾ മാത്രം കായ്ക്കുന്ന മരമാണ്. സൽപ്രവർത്തനങ്ങളും സൽസ്വഭാവങ്ങളുമാണ് അതിലെ പഴങ്ങൾ. ഇടപഴകിയവരോടൊക്കെ സ്വഭാവ വിശേഷണം കൊണ്ട് സ്‌നേഹം പിടിച്ചുപറ്റിയവനായിരിക്കും യഥാർത്ഥ സത്യവിശ്വാസി.

ജനങ്ങൾ പലതരത്തിലായിരിക്കും. ഖനിയോടാണ് നബി (സ്വ) ജനങ്ങളെ പൊതുവായി ഉപമിച്ചത്: 'ആൾക്കാർ സ്വർണ വെള്ളി ഖനികളെ പോലെയാണ്'(ഹദീസ് ബുഖാരി, മുസ്ലിം). ഖനിയിലെ സ്വർണ വെള്ളികളുടെ ലഭ്യതയിലും നിലവാരത്തിലും ഏറ്റക്കുറച്ചിലുകൾ ഉണ്ടായേക്കാം. പരിശുദ്ധിയിലും മാറ്റിലും വ്യത്യാസമുണ്ടായേക്കാം. എന്നാൽ സത്യവിശ്വാസി പത്തരമാറ്റ് പരിശുദ്ധിയുള്ള സ്വർണം പോലെയാണ്. പകർച്ചയോ പതർച്ചയോ അതിന് സംഭവിക്കുകയില്ല. നബി (സ്വ) പറയുന്നു: സത്യവിശ്വാസി സ്വർണക്കഷ്ണം പോലെയാണ്. അതിൽ ഒരാൾ ഊതിയാൽ അതിന് യാതൊരു കുറച്ചിലോ മാറ്റമോ പറ്റുകയില്ല (ഹദീസ് അഹ്മദ് 6872). ഖുർആൻ നന്നായി പാരായണം ചെയ്യുകയും ശ്രവിക്കുകയും ചെയ്യുന്ന സത്യവിശ്വാസിയുടെ ഈമാൻ അചഞ്ചലമായിരിക്കും. അവനിൽ ദൈവ ഭയഭക്തി പ്രകടവുമായിരിക്കും. നന്നായി സത്കൃത്യങ്ങൾ ചെയ്യുന്നവനുമായിരിക്കും. അല്ലാഹു പറയുന്നു: 'അല്ലാഹുവിനെക്കുറിച്ച് അനുസ്മരിക്കപ്പെട്ടാൽ ഹൃദയങ്ങൾ പേടിച്ചുവിറകൊള്ളുകയും അവന്റെ സൂക്തങ്ങൾ പാരായണം ചെയ്യപ്പെട്ടാൽ  വിശ്വാസം വർദ്ധിക്കുകയും തങ്ങളുടെ നാഥനിൽ സമസ്തവും അർപ്പിക്കുകയും ചെയ്യുന്നവർ മാത്രമാണ് സത്യവിശ്വാസികൾ. നമസ്‌ക്കാരം നിലനിർത്തുകയും നാം നൽകിയതിൽ നിന്ന്  ചെലവഴിക്കുകയും ചെയ്യുന്നവർ അവർ തന്നെയാണ് സാക്ഷാൽ വിശ്വാസികൾ' (സൂറത്തുൽ അൻഫാൽ 2, 3, 4). ഇഹ പര വിജയത്തിനായി മടിയോ മുശിപ്പോ ഇല്ലാതെ സഹനപൂർവ്വം കിണയുന്നവനാണ് സത്യവിശ്വാസി. സ്വന്തത്തെ വിജയപ്പിക്കുന്നതോടൊപ്പം മറ്റുള്ളവരെയും വിജയിക്കാൻ പ്രാപ്തരാക്കും അവൻ. ആരെയും വാക്കാലോ നോക്കാലോ പ്രവർത്തിയാലോ നോവിക്കുകയില്ല. അസഭ്യമായി മൊഴിയുകയോ മോശമായി പെരുമാറുകയോ ചെയ്യില്ല. സത്യവിശ്വാസി ആക്ഷേപിക്കുവനോ കുത്തുവാക്കുകൾ പറയുന്നവനോ ശപിക്കുന്നവനോ മ്ലേഛത കാട്ടുന്നവനോ അല്ലെന്നാണ് നബി (സ്വ) അരുളിയിരിക്കുന്നത് (ഹദീസ് ബുഖാരി അദബുൽ മുഫ്‌റദ് 116/1, തുർമുദി 1977).

back to top