യുഎഇ ജുമുഅ ഖുത്ബ പരിഭാഷ
മൻസൂർ ഹുദവി കളനാട്
തീയ്യതി: 10.01.2020
വിഷയം: കർമ്മവും ഫലവും
എല്ലാവരും മരിക്കും. ഏവർക്കും അനന്തരമായുണ്ടാവുക സ്വയത്‌നങ്ങളും ഫലങ്ങളും മാത്രമായിരിക്കും. അല്ലാഹു സൂറത്തു ന്നജ്മ് 39, 40, 41 സൂക്തങ്ങളിലായി പറയുന്നുണ്ട്: 'താൻ അനുവർത്തിച്ചതേ മനുഷ്യനുണ്ടാകൂ. അവന്റെ കർമ്മരേഖ പിന്നീടവന് സമർപ്പിക്കപ്പെടുകയും ശേഷം പൂർണ പ്രതിഫലം നൽകപ്പെടുകയും ചെയ്യും'. പ്രസ്തുത സൂക്തങ്ങളിലൂടെ ഖുർആൻ രണ്ടു പ്രാമാണികാശയങ്ങളാണ് മുന്നോട്ടുവെക്കുന്നത്. ഒന്ന് അമൽ. മറ്റേത് സഅ്‌യ്. മുൻകാല വേദഗ്രന്ഥങ്ങളിലും ഇവയെ പരാമർശിച്ചിട്ടുണ്ട്. ആരാധനകളടക്കമുള്ള സൽകൃത്യങ്ങളാണ് അമൽ. എന്നാൽ ആ സൽകൃത്യങ്ങൾക്ക് പ്രാപ്തി സാധ്യമാക്കുന്ന സമ്പാദനങ്ങളും യജ്ഞങ്ങളുമാണ് സഅ്‌യ്. ജീവന് ഉപജീവനവും അതിജീവനവും നേടിത്തരുന്ന 'സഅ്‌യ്' യത്‌നങ്ങൾ ജീവിതത്തിൽ ആവശ്യങ്ങളല്ല, അത്യാവശ്യങ്ങളാണ്. ഇസ്ലാം മതസംഹിത അതിനെ നിലനിർത്താൻ നിർബന്ധപൂർവ്വം നിർദേശിക്കുന്നുണ്ട്. പ്രബോധന നിയോഗിതരായ പ്രവാചകന്മാർ അപ്രകാരം യജ്ഞ സജ്ജരും ബദ്ധരുമായിരുന്നു.
അമലുകൾ വിത്യസ്തങ്ങളെന്ന പോലെ സഅ്‌യും പലതാണ്. 'നിങ്ങളുടെ കർമ്മങ്ങൾ വിത്യസ്ത രീതിയിലുള്ളതത്രേ' (സൂറത്തുല്ലൈൽ 4). ആരാധനകൾക്ക് ഉപോൽബലകങ്ങളായി വർത്തിക്കുന്ന കർമ്മങ്ങൾ ഏറെ പ്രതിഫലാർഹവുമാണ്. അത്തരം കർമ്മങ്ങളെ സൂചിപ്പിക്കാൻ ഖുർആൻ 'സഅ്‌യ്' എന്ന പ്രയോഗത്തിന്റെ വകഭേദങ്ങൾ പലേടത്തും ഉപയോഗിച്ചതായി കാണാം. “സത്യവിശ്വാസികളേ, വെള്ളിയാഴ്ച നമസ്‌ക്കാരത്തിന് ബാങ്കൊലി മുഴങ്ങിയാൽ ദൈവസ്മരണയിലേക്ക് ധൃതിപ്പെട്ട് കർമ്മനിരതനാവുകയും (സഅ്‌യ്) കച്ചവടാദികളൊഴിവാക്കുകയും ചെയ്യുക. വിവരമുള്ളവരാണെങ്കിൽ അതാണ് നിങ്ങൾക്കുത്തമം” (സൂറത്തു ജുമുഅ 9). മറ്റുള്ളവരെ സഹായിക്കാനായുള്ള യത്‌നങ്ങളും സഅ്‌യിൽപ്പെട്ട പ്രതിഫല ലബ്ദിയുള്ളവയാണ്. സൂറത്തു യാസീനിൽ പട്ടണത്തിന്റെ അങ്ങേയറ്റത്തിൽ നിന്നൊരാൾ കർമ്മനിരതനായി വന്ന് ജനങ്ങളെ സത്യത്തിലേക്ക് മാർഗദർശനം നടത്തുന്ന കാര്യം വിവരിക്കുന്നുണ്ട്. അവിടെ പ്രയോഗിച്ചതും സഅ്‌യ് എന്നാണ്. ഉപജീവനത്തിനായുള്ള സമ്പാദനതേട്ടങ്ങളും സഅ്‌യിൽപ്പെട്ട പ്രയത്‌നങ്ങളാണ്. ഇബ്രാഹിം നബി (അ)യുടെ ഭാര്യ ഹാജറ ബീവി (അ) കുഞ്ഞുമോൻ ഇസ്മാഈലിന് അന്നപാനീയങ്ങൾക്കായി നെട്ടോട്ടമോടിയത് സഅ്‌യാണ്. ആ സഅ്‌യ് ഹജ്ജ് കർമ്മത്തിൽ അനുഷ്ഠിക്കേണ്ട ആരാധന കർമ്മമാക്കിയിരിക്കുകയാണ് അല്ലാഹു. സ്വഫാ മർവ പർവ്വതനിരകൾക്കിടയിലുള്ള നടത്തം ആ ചരിത്രരംഗത്തിന്റെ സ്മരണയാണെന്ന് നബി (സ്വ) പറഞ്ഞിട്ടുണ്ട്.
ഉപജീവനത്തിനായുള്ള യഞ്ജങ്ങളിൽ വ്യാപൃതരാവാൻ അല്ലാഹു പ്രചോദിപ്പിക്കുന്നുണ്ട്: 'ഭൂമി നിങ്ങൾക്ക് അധീനപ്പെടുത്തിത്തന്നത് അല്ലാഹുവാണ്. അതുകൊണ്ട് അതിന്റെ ഉപരിതലങ്ങളിൽ നിങ്ങൾ സഞ്ചരിക്കുകയും അവന്റെ ഉപജീവനങ്ങളിൽ നിന്ന് ആഹരിക്കുകയും ചെയ്തുകൊള്ളുക' (സൂറത്തുൽ മുൽക് 15). ഉപജീവനതേട്ടം സ്വന്തത്തിനെന്ന പോലെ സ്വകുടുംബത്തിനും വേണ്ടിയുള്ളതാണ്. ഉമർ (റ) പറയുന്നു: ഒരിക്കൽ ഒരാൾ ആൾക്കാർക്കു മുന്നിലൂടെ നടന്നു പോവുകയുണ്ടായി. അയാളുടെ ശരീരപുഷ്ടി കണ്ട് അത്ഭുതം പൂണ്ട ആൾക്കാർ പറഞ്ഞു: ഇതെല്ലാം അല്ലാഹുവിന്റെ മാർഗത്തിൽ ഉപയോഗപ്പെടുത്തിയിരുന്നെങ്കിൽ. അപ്പോൾ നബി (സ്വ) പറഞ്ഞു: വൃദ്ധരായ മാതാപിതാക്കളെ പരിചരിക്കാൻ അധ്വാനിക്കുന്നതും അല്ലാഹുവിന്റെ മാർഗത്തിലുള്ളതാണ്. ചെറിയ കുട്ടികളെ പരിപാലിക്കാനുള്ള അധ്വാനങ്ങളും ദൈവമാർഗത്തിലുള്ള പ്രയത്‌നങ്ങളാണ്. മാത്രമല്ല, സ്വന്തത്തിന് വേണ്ടി ജോലി ചെയ്യുന്നതു പോലും ദൈവമാർഗത്തിലുള്ളതാണ് (ബൈഹഖി 7/479).
ദരിദ്രർ, വിധവകൾ, അനാഥകൾ, നിരാലംബർ എന്നിങ്ങനെയുള്ള അവശരെ സഹായിക്കുന്നതും പരിചരണം നടത്തുന്നതും ഭക്ഷിപ്പിക്കുന്നതുമെല്ലാം ദൈവപ്രീതി ഉറപ്പുവരുത്തുന്ന സേവനങ്ങളാണ്. അത്തരക്കാരുടെ നിലപാട് ഖുർആൻ ഉദ്ധരിക്കുന്നുണ്ട്: അല്ലാഹുവിന്റെ പ്രീതി മാത്രം ലക്ഷ്യം വെച്ചാണ് ഞങ്ങൾ നിങ്ങൾക്ക് ഭക്ഷണം തരുന്നത്. ഒരു പ്രതിഫലവും കൃതജ്ഞതയും നിങ്ങളിൽ നിന്ന് ഞങ്ങളുദ്ദേശിക്കുന്നില്ല (സൂറത്തുൽ ഇൻസാൻ 8, 9). അവർക്ക് സ്വർഗമാണ് ദൈവ വാഗ്ദത്തം. നിർധന അശരണ ജനവിഭാഗങ്ങളെ സഹായിക്കാനായി സ്വാന്തന സഹകരണ പ്രവർത്തനങ്ങളിലേർപ്പെടുന്നവർക്ക് പകൽ മുഴുവൻ നോമ്പനുഷ്ഠിച്ചതിന്റെയും രാത്രി മുഴുവൻ നമസ്‌ക്കരിച്ചതിന്റെയും പ്രതിഫലമുള്ളതെന്നാണ് നബി (സ്വ) അറിയിച്ചത്. എല്ലാ കർമ്മങ്ങൾക്കും ഫലങ്ങൾ അനുഭവിക്കുക തന്നെ ചെയ്യും. അണുമണി തൂക്കം നന്മയായാലും തിന്മയായാലും അതിന്റെ കർമ്മരേഖ അവതരിപ്പിക്കപ്പെട്ട് ഫലം നൽകുന്നതാണെന്ന് സൂറത്തു സ്സൽസലയും വിവരിക്കുന്നുണ്ട്. ഓരോ കർമ്മരംഗങ്ങളും അല്ലാഹുവിന് മുമ്പിൽ അവതരിപ്പിക്കപ്പെടുന്നത് പോലെ ഇഹത്തിലും പരത്തിലുമായി ജനങ്ങളും കാണുന്നതായിരിക്കും.
കർമ്മങ്ങൾക്കുള്ള പൂർണ പ്രതിഫലം അന്ത്യനാളിലാണ് നൽകപ്പെടുന്നത്. അല്ലാഹു മൂസാ നബി (അ)യോട് പറയുന്നുണ്ട്: അന്ത്യനാൾ വരിക തന്നെ ചെയ്യും. ഓരോ വ്യക്തിക്കും തന്റെ കർമ്മത്തിനനുസരിച്ച് പ്രതിഫലം നൽകപ്പെടാനായി ഞാനത് മറച്ചുവെച്ചുക്കൊണ്ടിരിക്കുകയാണ് (സൂറത്തു ത്വാഹാ 15). ആ നാളിൽ ഒരാളുടെ യത്‌നവും ഫലമില്ലാതെ വൃഥാ വിടപ്പെടുകയില്ലെന്നത് തീർച്ച. 'സത്യവിശ്വാസിയായിക്കൊണ്ട് ആരെങ്കിലും വല്ല പുണ്യകർമ്മങ്ങൾ അനുവർത്തിച്ചാൽ തന്റെ പ്രയത്‌ന ഫലം അവനു നിഷേധിക്കപ്പെടില്ല. നാമത് രേഖപ്പെടുത്തിവെക്കുക തന്നെ ചെയ്യുന്നതാണ്' (സൂറത്തുൽ അമ്പിയാഅ് 94). ദുനിയാവിൽ മനുഷ്യൻ ചെയ്‌തൊക്കെ മറന്നിരിക്കും. പരലോകത്തു വെച്ച് ഏടുകൾ കാണുമ്പോഴാണ് ഓരോന്നും ഓർമ വരിക. 'ആ ഗുരുതര വിപത്ത് സംജാതമാകുമ്പോൾ തന്റെ പ്രവർത്തനങ്ങളെ സംബന്ധിച്ച് മനുഷ്യർ ഓർക്കുന്നതായിരിക്കും' (സൂറത്തു ന്നാസിആത്ത് 35). അങ്ങനെ ഓരോർത്തരും കർമ്മഫലങ്ങൾ അനുഭവിക്കും.
യഥാർത്ഥത്തിൽ പരലോകത്തെ വിജയത്തിനായി പ്രയത്‌നിക്കുന്നവനാണ് പൂർണ ഫലലബ്ദിക്കു അർഹനായിരിക്കുക. 'പരലോക വിജയമാണ് ഒരാളുടെ ഉദ്ദേശ്യമെങ്കിൽ സത്യവിശ്വാസിയായി കൊണ്ടുതന്നെ അതിനുവേണ്ട ശ്രമങ്ങൾ അവനർപ്പിക്കുകയും ചെയ്തവരുടെ പ്രയ്തനങ്ങൾ സ്വീകരിക്കപ്പെടുന്നതാണ്'(സൂറത്തുൽ ഇസ്‌റാഅ് 19). സത്യവിശ്വാസികൾക്ക് അന്ത്യനാളിൽ സർവ്വ സജ്ജീകരണങ്ങളടങ്ങിയ സ്വർഗമായിരിക്കും കർമ്മഫലം. അവരതിൽ ശാശ്വതരായിരിക്കും. നന്മകളുടെ മുൻഗണനാക്രമത്തിൽ ഓരോർത്തരും സ്വർഗസ്ഥരാവും.

