നാഥനെ വാഴ്ത്താൻ 'സുബ്ഹാനല്ലാഹ്'

യുഎഇ ജുമുഅ ഖുത്ബ പരിഭാഷ
മൻസൂർ ഹുദവി കളനാട്

തീയ്യതി: 17/01/2020
വിഷയം: തസ്ബീഹ്

ആകാശ ഭൂമിലോകങ്ങളും അതിലുള്ള സകല ചരാചരങ്ങളും അല്ലാഹുവിന്റെ പരിശുദ്ധി വാഴ്ത്തി സ്മരിക്കുന്നതാണ്. നാഥനെ പരിശുദ്ധനാക്കി ശ്രുതികളർപ്പിക്കുന്ന ദിക്‌റാണ് 'സുബ്ഹാനല്ലാഹ്'. അതാണ് തസ്ബീഹ്. തസ്ബീഹ് ഏറ്റവും എളുപ്പമായ ആരാധനയാണ്. എന്നാൽ ശ്രേഷ്ഠതയുടെ കാര്യത്തിൽ കേമവുമാണ്. അതുകൊണ്ടാണ് 'സുബ്ഹാനല്ലാഹ് വബിഹംദിഹി, സുബ്ഹാനല്ലാഹ് അൽ അദീം' എന്നീ രണ്ടു ദിക്‌റുകൾ നാവിന് എളുപ്പവും, നന്മയുടെ തുലാസിൽ ഘനം കൂടിയതും അല്ലാഹുവിന് ഏറെ ഇഷ്ടപ്പെട്ടതുമാണെന്ന് നബി (സ്വ) പറഞ്ഞത്. മാത്രമല്ല, അല്ലാഹുവിന് അടിമകളുടെ ഉച്ചരിണികളിൽ ഏറെ പ്രിയപ്പെട്ടതും സുബ്ഹാനല്ലാഹ് തുടങ്ങുന്ന ദിക്‌റാണെന്നും ഹദീസുണ്ട് (നസാഈ 10619).

സകല വസ്തുക്കളും അല്ലാഹുവിന് തസ്ബീഹ് ചൊല്ലുന്നുണ്ട്. 'ഏഴ് ആകാശങ്ങളും ഭൂമിയും അവയിലുള്ളവരും അവന്റെ മഹത്വം പ്രകീർത്തിക്കുന്നുണ്ട് (തസ്ബീഹ്), അവനെ സ്തുതിച്ചുകൊണ്ട് വിശുദ്ധി വാഴ്ത്താത്തതായി യാതൊരു വസ്തുവുമില്ല തന്നെ. എന്നാൽ അവയുടെ പ്രകീർത്തനം നിങ്ങൾക്ക് മനസ്സിലാവില്ല' (സൂറത്തുൽ ഇസ്‌റാഅ് 44). മലക്കുകൾ അല്ലാഹുവിന് തസ്ബീഹ് ചൊല്ലുന്നത് ഖുർആൻ വിവരിക്കുന്നുണ്ട്: 'നിന്റെ പരിശുദ്ധി ഞങ്ങൾ വാഴ്ത്തുന്നു, നീ പഠിപ്പിച്ചു തന്നതല്ലാതെ യാതൊരറിവും ഞങ്ങൾക്കില്ല. നീ സർവ്വജ്ഞനും യുക്തിമാനും തന്നെ' (സൂറത്തുൽ ബഖറ 32). നബിമാരും തസ്ബീഹ് ഉരുവിട്ടത് ഖുർആൻ ഉദ്ധരിക്കുന്നുണ്ട്. മൂസാ നബി (അ) അല്ലാഹുവിനെ വാഴ്ത്തി: നീ എത്ര പരിശുദ്ധൻ! നിന്നിലേക്ക് ഞാൻ പശ്ചാത്തപിച്ചു മടങ്ങിയിരിക്കുന്നു. വിശ്വാസികളിൽ പ്രഥമനാണു ഞാൻ (സൂറത്തുൽ അഅ്‌റാഫ് 143). ഈസാ നബി (അ) പറഞ്ഞു: നീ എത്ര പരിശുദ്ധൻ എനിക്ക് അർഹതയില്ലാത്തത് ഞാൻ പറയാൻ പറ്റില്ലല്ലൊ (സൂറത്തുൽ മാഇദ 116). നമ്മുടെ മുഹമ്മദ് നബി (സ്വ) ധാരാളമായി തസ്ബീഹ് ദിക്‌റുകൾ ഉരുവിടുമായിരുന്നു. 'സുബ്ഹാനക വബിഹംദിക, അസ്തഗ്ഫിറുക വഅതൂബു ഇലൈക്' എന്ന തസ്ബീഹാണ് അതിൽ പ്രധാനം  (ഹദീസ് മുസ്ലിം 484). സൂറത്തുന്നസ്വ്‌റിൽ നാഥനെ സ്തുതിക്കുന്നതോടൊപ്പം അവന്റെ മഹത്വം പ്രകീർത്തിക്കുകയും പാപമോചിനമർത്ഥിക്കുകയും ചെയ്യണമെന്ന് നബി (സ്വ)യോട് ദൈവ കൽപനയുണ്ടായിട്ടുണ്ടല്ലൊ.

സത്യവിശ്വാസി ജീവിതത്തിന്റെ ഏതുഘട്ടത്തിലും തസ്ബീഹ് ഉരുവിടണം. അല്ലാഹു തന്നെ പറയുന്നുണ്ട്: 'സത്യവിശ്വാസികളേ, നിങ്ങൾ അല്ലാഹുവിനെ ധാരാളമായി അനുസ്മരിക്കുകയും പ്രഭാത പ്രദോഷങ്ങളിൽ അവന്റെ മഹത്വം വാഴ്ത്തുകയും ചെയ്യുക' (സൂറത്തുൽ അഹ്‌സാബ് 41, 42). അല്ലാഹുവിന്റെ സൃഷ്ടികളിൽ വല്ലതും അത്ഭുതകരമായി കണ്ടാലും തസ്ബീഹ് ചൊല്ലി അല്ലാഹുവിനെ സ്തുതിക്കുന്നവനാണ് സത്യവിശ്വാസി. 'നിന്നും ഇരുന്നും കിടന്നുമൊക്കെ അല്ലാഹുവിനെ സ്മരിക്കുന്നവരാണവർ. ആകാശങ്ങളുടെയും ഭൂമിയുടെയും സൃഷ്ടിപ്പിനെപ്പറ്റിയവർ ചിന്തിച്ചുകൊണ്ടിരിക്കും “നാഥാ ഇതൊന്നും നീ വെറുതെ പടച്ചവനല്ല, ഞങ്ങളിതാ നിന്റെ വിശുദ്ധി പ്രകീർത്തിക്കുന്നു” (സൂറത്തു ആലു ഇംറാൻ 191). ഖുർആൻ ശ്രവിച്ചാലും നാഥന്റെ വിശുദ്ധി പാഴ്ത്തുന്നവനാണ് വിശ്വാസി. 'വേദജ്ഞാനം നൽകപ്പെട്ടവരാരോ അവർക്കത് പാരായണം ചെയ്യപ്പെട്ടാൽ സാഷ്ടാംഗം ചെയ്തുകൊണ്ട് അവർ മുഖംകുത്തി വീഴുന്നതും “ഞങ്ങളുടെ രക്ഷിതാവ് എത്ര പരിശുദ്ധൻ, അവന്റെ വാഗ്ദാനം പാലിക്കപ്പെടുന്നതു തന്നെ” എന്നു പറയുന്നതുമാണ് (സൂറത്തുൽ ഇസ്‌റാഅ് 107, 108). വുദൂ (അംഗശുദ്ധി) ചെയ്ത ശേഷം 'സുബ്ഹാനകല്ലാഹുമ്മ' തുടങ്ങുന്ന പ്രത്യേക തസ്ബീഹ് ചൊല്ലിയാൽ അക്കാര്യം ഒരു രേഖയിൽ രേഖപ്പെടുത്തി അതിൽമേൽ കസ്തൂരിയാൽ സീൽ ചെയ്യപ്പെടുമത്രെ. അന്ത്യനാളിൽ മാത്രമാണ് അത് പൊട്ടിക്കപ്പെടുക. ആ നാളിൽ തന്നെ അതിന് വമ്പിച്ച പ്രതിഫലവും നൽകപ്പെടുന്നതായിരിക്കും (ഹദീസ് നസാഈ 9829).

നമസ്‌ക്കാരത്തിലെ റുകൂഇലും സുജൂദിലും തസ്ബീഹ് പ്രത്യേകം പുണ്യകരമാണ്. നബി (സ്വ) അപ്രകാരം ചെയ്തതായി പ്രിയ പത്‌നി ആയിശ (റ) സാക്ഷ്യപ്പെടുത്തിയിട്ടുമുണ്ട്. നമസ്‌ക്കാരശേഷം 33 പ്രാവശ്യം വീതം തസ്ബീഹും തക്ബീറും തംഹ്മീദും സുന്നത്താണ്. അത് പുണ്യത്തിന്റെ വിഷയത്തിൽ ഏവരെയും കടത്തിവെട്ടുന്നതുമാണ് (ഹദീസ് ബുഖാരി, മുസ്ലിം). സത്യവിശ്വാസിക്ക് വിപത്ത് പറ്റിയാൽ അല്ലാഹുവിന് തസ്ബീഹ് ചൊല്ലണം. യൂനുസ് നബി (അ) മത്സ്യവയറ്റിനകത്ത് പെട്ടപ്പോൾ തസ്ബീഹ് ചൊല്ലിയാണ് പ്രാർത്ഥിച്ചത്. 'അങ്ങനെ തിമിംഗല വയറ്റിലെ അന്ധകാരങ്ങളിൽ നിന്നദ്ദേഹം പ്രാർത്ഥിച്ചു: “നാഥാ, നീയല്ലാതെ ഒരു ദൈവവുമില്ല. എത്രയെത്ര പരിശുദ്ധനാണു നീ. നിശ്ചയം ഞാൻ അതിക്രമികളിൽ അകപ്പെട്ടുകഴിഞ്ഞിരിക്കുന്നു” (സൂറത്തുൽ അമ്പിയാഅ് 87). അങ്ങനെ അല്ലാഹു ആ പ്രാർത്ഥനക്ക് ഉത്തരം നൽകി: 'തത്സമയം അദ്ദേഹത്തിനു നാം ഉത്തരം നൽകുകയും ദുഖ പാരമ്യത്തിൽ നിന്ന് രക്ഷപ്പെടുത്തുകയുമുണ്ടായി. സത്യവിശ്വാസികളെ അങ്ങനെയായിരിക്കും നാം സുരക്ഷിതരാക്കുക' (സൂറത്തുൽ അമ്പിയാഅ് 88). ആപത്തുണ്ടാവുന്ന സമയത്ത്് യൂനുസ് നബി (അ)യുടെ പ്രാർത്ഥന നടത്തിയാൽ അല്ലാഹു ഉത്തരം നൽകുമെന്നാണ് നബി (സ്വ) സ്വഹാബികൾക്ക് പഠിപ്പിച്ചത് (ഹദീസ് തുർമുദി 3505). സദസ്സുകൾക്ക് സമാപ്തി കുറിക്കുമ്പോഴും തസ്ബീഹുള്ള ദിക്‌റുകൾ ചൊല്ലണമെന്നാണ് നബി (സ്വ) യുടെ നിർദേശം (ഹദീസ് നസാഈൽ കുബ്‌റാ 10158).

back to top