യുഎഇ ജുമുഅ ഖുത്ബ പരിഭാഷ
മൻസൂർ ഹുദവി കളനാട്
തീയ്യതി: 31/01/2020
വിഷയം: ഖുർആനിൽ പറയപ്പെട്ട ഇംറാൻ കുടുംബം
ലോക കുടുംബങ്ങൾക്കെല്ലാം മാതൃകയാണ് ഖുർആനിൽ പറയപ്പെട്ട ഇംറാൻ കുടുംബം. ദൈവാനുസരണ, ആരാധനാനുഷ്ഠാനം, കുടുംബാസൂത്രണം, ശിശു പരിപാലനം എന്നിവയിലെല്ലാം മികച്ച ദർശനങ്ങളാണ് ഈ കുടുംബം ലോകർക്കു മുമ്പിൽ ചരിത്രരേഖകളായി അവശേഷിപ്പിച്ചിരിക്കുന്നത്. ആലു ഇംറാൻ (ഇംറാൻ കുടുംബം) എന്ന പേരിൽ ഖുർആനിൽ ഒരു അധ്യായം തന്നെയുണ്ട്. പ്രസ്തുത സൂറത്തിൽ ഇംറാൻ കുടുംബത്തെ പ്രത്യേകമായി പരിഗണിച്ചിരിക്കുന്നുവെന്ന പരാമർശം അല്ലാഹു നടത്തുന്നുണ്ട്: “ആദം നബി, നൂഹ് നബി, ഇബ്രാഹിം കുടുംബം, ഇംറാൻ കുടുംബം എന്നിവരെ ലോകോത്തരരായി അല്ലാഹു തെരഞ്ഞെടുക്കുക തന്നെ ചെയ്തിരിക്കുന്നു. ഇവരിൽ ചിലർ മറ്റു ചിലരുടെ സന്തതികളാണ്” (സൂറത്തു ആലു ഇംറാൻ 33, 34). ഈ കുടുംബത്തിന്റെ വിശ്വാസ ദൃഢത ഏവർക്കും പാഠമാക്കാനുള്ളതാണെന്ന സന്ദേശമാണ് ഖുർആൻ നൽകുന്നത്. ഇംറാൻ കുടുംബത്തിലെ പ്രധാനരും പ്രഗൽഭരുമായ അംഗങ്ങൾ കുടുംബനാഥൻ ഇംറാൻ, ഭാര്യ, അവരുടെ മകൾ മർയം (അ), അവരുടെ മകൻ ഈസാ നബി (അ), സകരിയ നബി (അ), ഭാര്യ, അവരുടെ മകൻ യഹ്‌യ നബി (അ) എന്നിവരാണ്.
ഇംറാൻ അക്കാലത്തെ പ്രസിദ്ധ പണ്ഡിതനും സൽവൃത്തനുമായിരുന്നു. ഭാര്യയും സ്വഭാവ മഹിമ കൊണ്ട് വേറിട്ട സ്ത്രീ രത്‌നമായിരുന്നു. ഭർതൃകാര്യങ്ങളിൽ ജാഗരൂകമായി ശ്രദ്ധിച്ചിരുന്ന മഹതി സൽസന്തതിക്കായി പ്രാർത്ഥിച്ചിരുന്നു. അങ്ങനെ അല്ലാഹു ആ വിളിക്ക് ഉത്തരം നൽകി. ഗർഭിണിയായിരിക്കുമ്പോഴാണ് ഭർത്താവ് ഇംറാൻ ഇഹലോകവാസം വെടിയുന്നത്. എല്ലാമെല്ലാമായ കുടുംബനാഥന്റെ വേർപാടിൽ മനംനൊന്തെങ്കിലും ക്ഷമ കൈവിട്ടില്ല. വയറ്റിലുള്ള കുഞ്ഞിനെ നാഥനുള്ള നന്ദിസൂചകമായി പള്ളി പരിപാലനത്തിന് സമർപ്പിക്കാൻ ഉറച്ച് തീരുമാനിക്കുകയായിരുന്നു. ആ നേർച്ച സ്വീകരിക്കണമെന്നും പ്രാർത്ഥിച്ചു. മഹതി പറഞ്ഞു: രക്ഷിതാവേ, എന്റെ ഗർഭവസ്ഥ ശിശുവിനെ നിനക്കുഴിഞ്ഞുവെക്കാൻ ഞാനിതാ നേർച്ചയാക്കുന്നു, എന്നിൽ നിന്നിതു സ്വീകരിക്കണമേ (സൂക്തം 35). അല്ലാഹു മഹതിക്ക് ചോദിച്ചതിനേക്കാൾ മികച്ചതാണ് നൽകിയത്. ഒരു കുഞ്ഞ് പിറന്നു. പെൺകുഞ്ഞായിരുന്നു. ഏറ്റവും നല്ല പേരു തന്നെ കുഞ്ഞിനു നൽകി. മർയം. സുകൃതസ്വരൂപിണിയായ ദൈവാരാധക എന്നാണർത്ഥം. അങ്ങനെ പ്രസവം കഴിഞ്ഞപ്പോൾ അവർ ബോധിപ്പിച്ചു: എന്റെ റബ്ബേ, ഞാൻ പ്രസവിച്ചത് പെൺകുട്ടിയാണ്. അതെന്താണെന്നു അവനു നന്നായറിയാം. ആൺ പെണിനെപോലെയല്ല. ആ ശിശുവിന് ഞാൻ മർയം എന്നു നാമകരണം ചെയ്തിരിക്കുന്നു (സൂക്തം 36). പൈശാചിക ഇടപെടലുകളിൽ നിന്ന് കുട്ടിയെ കാക്കണമെന്നും ആ മാതൃഹൃദയം പ്രാർത്ഥനാപൂർവ്വമായി. അവളെയും സന്തതികളെയും അഭിശപ്തനായ പിശാചിൽ നിന്ന് അഭയം തേടുന്നുവെന്നാണ് പ്രാർത്ഥിച്ചത്. അല്ലാഹു ആ കുട്ടിയെ ഏറ്റെടുത്തു. ആ കാലഘട്ടത്തിലെ ശ്രേഷ്ഠ സ്ത്രീതാരമായിരുന്നു ഇംറാനിന്റെ മകൾ മർയമെന്ന് നബി (സ്വ)യും പറഞ്ഞിട്ടുണ്ട് (ഹദീസ് ബുഖാരി, മുസ്ലിം).
മർയം ദൈവഗൃഹത്തിൽ വളരാൻ മാതൃസഹോദരിയുടെ ഭർത്താവായ സകരിയ നബി (അ)യെയാണ് ഏൽപ്പിച്ചത്. 'അങ്ങനെ നാഥൻ അവളെ നന്നായി സ്വീകരിക്കുകയും ഉദാത്ത രീതിയിൽ വളർത്തുകയും പരിപാലനത്തിനു സകരിയയെ ഏൽപ്പിക്കുകയും ചെയ്തു'. സകരിയ (അ) ആ കുട്ടിക്ക് ആരാധനാനുഷ്ഠാനങ്ങളും ഉൽകൃഷ്ട സ്വഭാവഗുണങ്ങളെല്ലാം പഠിപ്പിച്ചു. കുട്ടി മർയം എല്ലാം പഠിച്ചു ജീവിതത്തിൽ പകർത്തി ദൈവങ്കലിൽ ഉന്നതസ്ഥാനം പ്രാപിക്കുകയുണ്ടായി. അങ്ങനെ മാലാഖമാർ ചെന്നു പറഞ്ഞു: ഓ മർയം, അല്ലാഹു നിങ്ങളെ ഉദാത്തമായി തെരഞ്ഞെടുക്കുകയും പരിശുദ്ധയാക്കുകയും ഇന്നു ലോകത്തുള്ള സ്ത്രീകളിൽ വെച്ച് ഉൽകൃഷ്ടയാക്കുകയും ചെയ്തിരിക്കുന്നു (സൂക്തം 42). സകരിയ നബി (അ)ക്ക് മർയ (അ)മിന്റെ സത്യവിശ്വാസ ബലവും ആരാധനാനിഷ്ഠയും നേരിട്ട് അനുഭവിച്ചറിയാനായിട്ടുണ്ട്. മഹതിയെ അല്ലാഹു ബഹുമാനിച്ചതും ദർശിച്ചിട്ടുണ്ട്. 'സകരിയ നബി അവരുടെ സമീപം മേടമാളികയിൽ കടന്നുചെല്ലുമ്പോഴൊക്കെ എന്തെങ്കിലും ഭക്ഷണമവിടെ അദ്ദേഹം കാണുമായിരുന്നു. ഓ മർയം നിനക്കിതു എവിടെനിന്നു കിട്ടി എന്നദ്ദേഹം ചോദിച്ചപ്പോൾ അല്ലാഹുവിങ്കൽ നിന്ന് എന്നവർ പ്രത്യുത്തരം നൽകി. താനുദ്ദേശിക്കുന്നവർക്ക അല്ലാഹു കണക്കില്ലാതെ കൊടുക്കും' (സൂക്തം 37). സൽവൃത്ത സന്താനത്തെ ഏകണമെന്ന് പ്രാർത്ഥിച്ച സകരിയ നബി (അ)ക്കും അല്ലാഹു കനിഞ്ഞേകി. അതാണ് യഹ്‌യ നബി (അ). മർയ (അ)മിന് അല്ലാഹു പ്രത്യേകം പ്രദാനം ചെയ്ത സന്തതിയാണ് ഈസാ നബി (അ). അതൊരു അസാധാരണത്വമായിരുന്നു. ആ കുട്ടിയെ പല ദൃഷ്ടാന്തങ്ങൾ അവതരിപ്പിക്കുന്ന പ്രവാചകനുമാക്കി. വേദഗ്രന്ഥവും ലഭിച്ചു. ഈസാ നബി (അ) തന്നെ പ്രസ്താവിച്ചത് ഖുർആൻ ഉദ്ധരിക്കുന്നുണ്ട്: 'ഞാൻ അല്ലാഹുവിന്റെ അടിമയാണ്. അവൻ എനിക്ക് വേദം തരികയും പ്രവാചകത്വമേകുകയും എവിടെയാണെങ്കിലും എന്നെ അനുഗ്രഹീതനാക്കുകയും ചെയ്തിരിക്കുന്നു. ജീവിച്ചിരിക്കുന്നിടത്തോളം കാലം നമസ്‌കാരവും സകാത്തും അനുഷ്ഠിക്കാൻ എന്നോടവൻ കൽപ്പിച്ചിട്ടുമുണ്ട്. അവനെന്നെ സ്വന്തം മാതാവിനോട് ഉദാത്ത സമീപനക്കാരനുമാക്കി. ക്രൂരനോ ഭാഗ്യശൂന്യനോ ആക്കിട്ടില്ല. ജനന മരണ നാളുകളിലും പുനരുത്ഥാനദിനവും എനിക്ക് ശാന്തിയുണ്ടായിരിക്കുന്നതാണ് (സൂറത്തു മർയം 30, 31, 32, 33).

