യുഎഇ ജുമുഅ ഖുത്ബ പരിഭാഷ
മൻസൂർ ഹുദവി കളനാട്
തീയ്യതി: 07/02/2020
വിഷയം: ദാനം മഹാ ധനം
ഉസ്മാനു ബ്‌നു അഫ്ഫാനി (റ)ന്റെ കച്ചവടച്ചരക്കുകൾ നാട്ടിലെത്തിയപ്പോൾ കച്ചവടക്കാരെല്ലാം അദ്ദേഹത്തിന്റെയടുത്തേക്ക് ചെന്നു. അവരോട് ഉസ്മാൻ (റ) ചോദിച്ചു: നിങ്ങൾക്കെന്താണ് വേണ്ടത് ? അവർ പറഞ്ഞു: താങ്കളുടെ പക്കൽ ഭക്ഷ്യ സാധനങ്ങളുണ്ടെന്ന വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ വന്നതാണ്. താങ്കളത് ഞങ്ങൾക്ക് വിൽക്കണം. ചില്ലറ വ്യാപാരത്തിലൂടെ ഞങ്ങൾ ജനങ്ങളിലേക്കെത്തിക്കാം. അപ്പോൾ ഉസ്മാൻ (റ) പറഞ്ഞു: സാദരം വന്നാലും വാങ്ങിയാലും. ഭക്ഷ്യ വസ്തുക്കളൊക്കെ ഉസ്മാനി (റ)ന്റെ വീട്ടിനുള്ളിൽ വെച്ചതു കണ്ട ആ കച്ചവടക്കാർ പറഞ്ഞു: ഞങ്ങൾ താങ്കൾക്ക് ഓരോ പത്തു ദിർഹമിനും അഞ്ചു ദിർഹം വീതം ലാഭം നൽകാം. ഉസ്മാൻ (റ) പറഞ്ഞു: അതിനെക്കാൾ കൂടുതൽ ലാഭം തരുന്നയാളുണ്ട്. അപ്പോൾ അവർ പറഞ്ഞു: പട്ടണത്തിൽ ഞങ്ങളല്ലാതെ വേറെ കച്ചവടക്കാരില്ല. പിന്നെയാരാണ് കൂടുതൽ ലാഭം തരാൻ?!.. ഉസ്മാൻ (റ) പറഞ്ഞു: അല്ലാഹു എനിക്ക് ഒരോ ദിർഹമിനും പത്തിരട്ടി ലാഭം നൽകും. നിങ്ങൾക്കങ്ങനെ നൽകാനാവുമോ? അവർ: ഇല്ല. ഉസ്മാൻ (റ) തുടർന്നു: അല്ലാഹുവിനെ മുൻനിർത്തി ഞാൻ പ്രഖ്യാപിക്കുന്നു, ഈ ഭക്ഷ്യ വസ്തുക്കളൊന്നടങ്കം അല്ലാഹുവിന്റെ മാർഗത്തിൽ ദാനമാക്കിയിരിക്കുകയാണ്. അങ്ങനെ അദ്ദേഹം എല്ലാം ദാനമായി നൽകി.
നല്ല കാര്യങ്ങൾക്കായുള്ള ധനവിനിയോഗം മഹത്തായ ആരാധനയാണ്. ഖുർആനിൽ വിശ്വാസികളുടെ സത്യവിശ്വാസം പരാമർശിക്കുന്നതിന്റെ കൂടെ ധന വിനിയോഗത്തിനായും കൽപ്പിക്കുന്നതായി കാണാം: നിങ്ങൾ അല്ലാഹുവിലും അവന്റെ ദൂതനിലും വിശ്വസിക്കുകയും അവൻ നിങ്ങളെ പ്രതിനിധികളാക്കിയ ധനം ചെലവഴിക്കുകയും ചെയ്യുക. അങ്ങനെ നിങ്ങളിൽ നിന്ന് സത്യവിശ്വാസം കൈക്കൊള്ളുകയും ധനം ചെലവഴിക്കുകയും ചെയ്തവരാരോ അവർക്ക് മഹത്തായ കൂലിയുണ്ടാകും (സൂറത്തുൽ ഹദീദ് 07). ദൈവ മാർഗത്തിൽ ചെലവഴിക്കുന്നവർക്ക് അല്ലാഹു അതിനേക്കാൾ ഇരട്ടികളായ നല്ല പകരങ്ങളും വമ്പിച്ച പ്രതിഫലങ്ങളുമാണ് വാഗ്ദാനം ചെയ്തിരിക്കുന്നത്. “എന്തൊരു വസ്തു നിങ്ങൾ വ്യയം ചെയ്യുന്നുണ്ടെങ്കിലും അവനതിനു പകരം നൽകും. ഉപജീവനം നൽകുന്നവരിൽ അത്യുദാത്തനേ്രത അവൻ” (സൂറത്തു സബഅ് 39).
പ്രവാചകർ മുഹമ്മദ് നബി (സ്വ) അത്യുദാരരായിരുന്നു. നബി (സ്വ) എല്ലാം ചെലവഴിക്കുമായിരുന്നു. ദാരിദ്ര്യത്തെ പേടിച്ച് ഒന്നു നൽകാതിരുന്നിട്ടില്ല. നബി (സ്വ)യോട് ചോദിച്ചതെന്തും നൽകിയിട്ടേയുള്ളൂവെന്ന് അനസ് (റ) സാക്ഷ്യപ്പെടുത്തുന്നുണ്ട് (ഹദീസ് മുസ്ലിം 2307, 2312). ദാനധർമ്മങ്ങൾ ഉളരിപ്പിക്കണമെന്നാണ് നബി (സ്വ) പഠിപ്പിച്ചത്. ആരോഗ്യവാനും കൂടുതൽ സമ്പാദിക്കണമെന്ന മോഹവാനും, നൽകിയാൽ ദരിദ്രനാവുമെന്ന് ഭയക്കുന്നവനുമായിരിക്കെ ധനം വിനിയോഗം ചെയ്യുന്നതാണ് ശ്രേഷ്ഠ ദാനമെന്നും നബി (സ്വ) പാഠമോതിയിട്ടുണ്ട് (ഹദീസ് ബുഖാരി, മുസ്ലിം). സമ്പദ് സ്ഥിതിയനുസരിച്ചാണ് ഓരോയാളും ധനം ചെലവഴിക്കേണ്ടത്. “ധനികൻ തന്റെ സാമ്പത്തിക നിലയനുസരിച്ചും ദരിദ്രൻ തനിക്കല്ലാഹു നൽകിയതനുസരിച്ചും ചെലവിനു കൊടുക്കണം. തനിക്ക് അല്ലാഹു തൽകിയതല്ലാതെ ചെലവു ചെയ്യാൻ ഒരാളെയും അവൻ നിർബന്ധിക്കുകയില്ല” (സൂറത്തു ത്ത്വലാഖ് 07).
ധനവിനിയോഗം പ്രഥമമായി നടത്തേണ്ടത് മാതാപിതാക്കൾക്ക് വേണ്ടിയാണ്. പിന്നെ താൻ ചെലവിന് കൊടുക്കൽ നിർബന്ധമായ ഭാര്യ സന്താനങ്ങളടങ്ങുന്ന ബന്ധുക്കൾക്കും. “എന്താണ് തങ്ങൾ ചെലവഴിക്കേണ്ടത് എന്ന് അവർ താങ്കളോട് ചോദിക്കുന്നു. മറുപടി നൽകുക എന്തു ധനം ചെലവഴിക്കുന്നുവെങ്കിലും മാതാപിതാക്കൾ, അടുത്ത കുടുംബക്കാർ, ദരിദ്രർ, യാത്രക്കാർ എന്നിവർക്കായിരിക്കണം. എന്തു നന്മ നിങ്ങളനുവർത്തിക്കുന്നുവെങ്കിലും അല്ലാഹു അത് സംബന്ധിച്ചു സൂക്ഷ്മജ്ഞാനിയായിരിക്കും” (സൂറത്തു ബഖറ 215). നൽകുന്ന കരങ്ങളാണ് വാങ്ങുന്ന കരങ്ങളേക്കാൾ ഉത്തമം. നൽകുമ്പോൾ ചെലവ് നൽകൽ നിർബന്ധമായവർക്കാണ് നൽകി തുടങ്ങേണ്ടത് (ഹദീസ് ബുഖാരി, മുസ്ലിം). ഭർത്താവ് ഭാര്യക്കും മക്കൾക്കും ധനം വിനിയോഗിക്കുന്നതും ദാന ധർമ്മങ്ങളാണ്. അതിനും വണ്ണമായ പ്രതിഫലങ്ങളുണ്ട്. ആശ്രിതരായ കുടുംബക്കാർക്ക് ചെലവഴിക്കുന്ന നാണയങ്ങളാണ് ചെലവഴിക്കുന്നതിൽ വെച്ചേറ്റവും മഹനീയം (ഹദീസ് മുസ്ലിം 994). കുടുംബത്തിനായി ഭാര്യ ചെലവഴിക്കുന്നതും ഏറെ പ്രതിഫലാർഹം തന്നെ. ഒരിക്കൽ അബ്ദുല്ലാ ബ്‌നു മസ്ഊദി (റ)ന്റെ ഭാര്യ സൈനബ് (റ) ബിലാലി (റ)നോട് പറഞ്ഞു: ഞാൻ എന്റെ ഭർത്താവിനും സഹോദരന്റെ അനാഥകളായ മക്കൾക്കും നൽകുന്നത് ദാന ധർമ്മമാകുമോ എന്ന് നബി (സ്വ)യോട് ചോദിക്കണം. അപ്രകാരം ചോദിച്ചപ്പോൾ നബി (സ്വ) പറഞ്ഞു: അതേ, അത് കേവലം ദാന ധർമ്മമല്ല. അതിന് രണ്ടു പ്രതിഫലമാണുള്ളത്. ഒന്നു ദാനധർമ്മത്തിന്റേത്. മറ്റേത് കുടുംബബന്ധം ചേർക്കുന്നതിന്റെയും (ഹദീസ് ബുഖാരി, മുസ്ലിം). ആശ്രിത കുടുംബത്തിനായുള്ള ധനസമ്പാദനം, വിനിയോഗം എന്നിവയോട് സമമാവുന്ന ഒന്നുമില്ലെന്നാണ് ഇബ്‌നു മുബാറക് (റ) പറഞ്ഞത്. മക്കളുടെ ചികിത്സ, വിദ്യാഭ്യാസം, പരിപാലന കാര്യങ്ങൾ എന്നിവക്ക് ധനം വിനിയോഗിക്കുന്നത് ദാന ധർമ്മമാണ്.
ആവശ്യക്കാർ, അനാഥകൾ, വിധവകൾ, ദരിദ്രർ എന്നിവർക്കാണ് പ്രധാനമായും ദാനം ചെയ്യേണ്ടത്. ഒരു ഈത്തപ്പനയുടെ കാര്യത്തിൽ ഒരു അനാഥനോട് തർക്കത്തിലേർപ്പെട്ട അബൂ ലുബാബ (റ)യോട് നബി (സ്വ) പറഞ്ഞു: നീയത് അനാഥന് നൽകണം. എന്നാൽ അതു പോലൊന്ന് നിനക്ക് സ്വർഗത്തിൽ ലഭിക്കും. ഇതു കേട്ട അബുൽ ദഹ്ദാഹ് (റ) അബൂ ലുബാബ (റ)യോട് പറഞ്ഞു: താങ്കൾ എന്റെ തോട്ടത്തിന് പകരമായി എനിക്കാ ഈത്തപ്പന വിൽക്കുമോ?. അദ്ദേഹം സമ്മതമരുളി. അബുൽ ദഹ്ദാഹ് (റ) ഉടനെ നബി (സ്വ) യുടെ അടുക്കൽ ചെന്ന് ചോദിച്ചു: തിരുദൂതർ അനാഥന് വേണ്ടി ചോദിച്ച ഈത്തപ്പന ഞാൻ ദാനമായി നൽകിയാൽ എനിക്ക് സ്വർഗത്തിലൊരു ഈത്തപ്പന ലഭിക്കുമോ? നബി (സ്വ) പറഞ്ഞു: അതെ. അങ്ങനെ അനാഥന് ആ ഈത്തപ്പന നൽകുകയുണ്ടായി. അപ്പോൾ നബി (സ്വ) പറഞ്ഞു: അബൂ ദഹ്ദാഹിന് സ്വർഗത്തിൽ ധാരാളം ഈത്തപ്പഴങ്ങൾ നിറഞ്ഞ ഈത്തപ്പനകളുണ്ടായിരിക്കും. ഇക്കാര്യം അബൂ ദഹ്ദാഹ് (റ) വീട്ടിൽ പോയി ഭാര്യയോട് പറഞ്ഞപ്പോൾ പറഞ്ഞു: ഈ കച്ചവടം ഏറെ ലാഭകരം തന്നെ (ശർഹു നവവി: മുസ്ലിം 7/33, സുനനുൽ കുബ്‌റാ: ബൈഹഖി 11682, മുസ്ലിം 965, അഹ്മദ് 12482). അല്ലാഹുവിന്റെ മാർഗത്തിൽ വിനിയോഗിക്കുന്ന ധനമൊന്നും വൃഥായാവില്ല. ഒന്നും വെറുതെ ചെലവായി പോവുന്നതല്ല. എല്ലാത്തിനും പ്രതിഫലം ലഭിക്കുന്നതായിരിക്കും. “നിങ്ങൾ എന്തെങ്കിലും വ്യയം ചെയ്യുന്നുവെങ്കിൽ അതു സ്വന്തത്തിനു വേണ്ടി തന്നെയാണ്. ദൈവപ്രീതിയുദ്ദേശിച്ചല്ലാതെ ഒന്നും തന്നെ ചെലവഴിച്ചു കൂടാ. നല്ലത് എന്തു ചെലവു ചെയ്യുന്നുവെങ്കിലും അതിന്റെ പ്രതിഫലം പൂർണമായി നൽകപ്പെടും. ഒരുവിധ അക്രമവും അനുവർത്തിക്കപ്പെടില്ല (സൂറത്തു ബഖറ 272).
അല്ലാഹുവിൽ നിന്ന് ഓശാരമായി സമ്പദ് വർധനവ് ലഭിച്ചവൻ അതിൽ നിന്ന് ബന്ധപ്പെട്ടവർക്ക് ദാനം നൽകൽ നിർബന്ധമാണ്. അതാണ് ദാതാവായ അല്ലാഹുവിനോടുള്ള നന്ദി പ്രകാശനം. ഉള്ളതിൽ പുണ്യമുണ്ടാവാൻ അത് ഗുണകരമാവുകയും ചെയ്യും. യുഎഇയുടെ രാഷ്ട്രപിതാവ് ശൈഖ് സായിദ് ദാന ധർമ്മത്തിന്റെ കാര്യത്തിൽ ഒരു ആഗോള മാതൃകയായിരുന്നു. ഏതു മുക്കിലും മൂലയിലും അവശർക്ക് അദ്ദേഹത്തിന്റെ സഹായ ഹസ്തങ്ങളെത്തുമായിരുന്നു. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ മരുന്ന് ലഭിക്കാതെ രോഗികൾ, അന്നപാനീയങ്ങൾ നുണയാനില്ലാത്ത നിരാലംബരായ കുഞ്ഞുങ്ങളും സ്ത്രീകളുമടങ്ങുന്ന കുടുംബങ്ങൾ, തണുപ്പത്ത് ധരിക്കാൻ ഒരു തുണിക്കഷ്ണം പോലും പ്രാപ്യമല്ലാത്ത ദരിദ്ര ജനങ്ങൾ അങ്ങനെ പല ആവശ്യക്കാർ നമ്മുടെ ചുറ്റുമുണ്ട്. നമ്മുടെ ആവതനുസരിച്ച് നാം അവർക്കായി വിനിയോഗിക്കണം. ആതുര സഹായ സേവന പ്രവർത്തനങ്ങളിൽ റെഡ് ക്രസന്റ് പോലെത്ത ഔദ്യോഗിക സ്വാന്തന കൂട്ടായ്മകളുമായി സഹകരിക്കണം. അല്ലാഹു നമ്മെ എല്ലാം സൗകര്യങ്ങളുമേകി അനുഗ്രഹിച്ചരിക്കുകയാണ്. നാം വിനിയോഗിക്കുന്നതിന് അവൻ നല്ല പകരം തന്നെ നൽകിയിരിക്കും. 'എന്തു നിങ്ങൾ വ്യയം ചെയ്താലും അല്ലാഹു അതിനെക്കുറിച്ചു സൂക്ഷ്മജ്ഞാനമുള്ളവനത്രേ' (സൂറത്തു ആലു ഇംറാൻ 92).

