യുഎഇ ജുമുഅ ഖുത്ബ പരിഭാഷ
മൻസൂർ ഹുദവി കളനാട്
തീയ്യതി: 14/02/2020
വിഷയം: നബി (സ്വ)യോടുള്ള ബഹുമാനം
ഹുദൈബിയ സന്ധിയിൽ ഖുറൈശി പക്ഷം പ്രതിനിധിയായി പ്രവാചകർ മുഹമ്മദ് നബി (സ്വ)യുടെ അടുക്കലേക്ക് അയച്ചത് ഉർവതു ബ്‌നു മസ്ഊദിനെയായിരുന്നു. അവിടെ ചെന്ന ഉർവത് പ്രവാചകരെ (സ്വ)യും അനുയായികളെയും സസൂക്ഷ്മം വീക്ഷിച്ച് അന്ധാളിച്ചുപോയി. ഖുറൈശികളുടെ അടുത്തേക്ക് മടങ്ങി പോയ അദ്ദേഹം വിശദീകരിക്കുകയാണ്: “ദൈവമാണേ സത്യം. ഞാൻ പല രാജാക്കന്മാരുടെ കൊട്ടാരങ്ങളിലേക്കും പ്രതിനിധിയായി ചെന്നിട്ടുണ്ട്. കിസ്‌റയുടെ രാജധാനിയിലേക്ക് പോയിട്ടുണ്ട്. ഖൈസറിന്റെ സിംഹാസനത്തിനടുത്തേക്ക് ചെന്നിട്ടുണ്ട്. നജ്ജാശിയുടെ ഭരണകേന്ദ്രത്തിലേക്കും പോയിട്ടുണ്ട്. സത്യമായും, അവിടെയൊന്നും കാണാത്ത സമർപ്പിതമായ ആദരവാണ് മുഹമ്മദിന് അദ്ദേഹത്തിന്റെ അനുയായികൾ നൽകുന്നത്. അവരോട് നേതാവായ മുഹമ്മദ് ഒരു കാര്യം കൽപ്പിച്ചാൽ ഉടനടി അവരത് ചെയ്തിരിക്കും. അദ്ദേഹം അംഗസ്‌നാനം നടത്തിയാൽ ബാക്കി വെള്ളത്തിനായി അവർ ആവേശം കാട്ടി മത്സരിക്കുമായിരുന്നു. മുഹമ്മദ് സംസാരിച്ചാൽ അവരെല്ലാം ശബ്ദം കുറക്കും. അദ്ദേഹത്തിലേക്ക് കൂർപ്പിച്ചുള്ള നോട്ടം പോലും അവർ നോക്കുകയില്ല. ഇതെല്ലാം ആദരണീയരായ നായകനോട് അനുയായി വൃന്ദം കാട്ടുന്ന ബഹുമാന മര്യാദകളാണ്” (ഹദീസ് ബുഖാരി 2731).
സ്വഹാബികൾ പ്രവാചകരെ (സ്വ) സർവ്വവും മറന്ന് സ്‌നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യുമായിരുന്നു. കാരണം അവർക്കറിയാം ലോകസൃഷ്ടികളിൽ ഏതിനേക്കാളും ആദരണീയവും സ്‌നേഹസ്വരൂപവുമായിട്ടുള്ളത് പ്രവാചകരാണ് (സ്വ). മാതാപിതാക്കൾ, മക്കൾ എന്നല്ല സകലരേക്കാളും പ്രവാചകരെ (സ്വ) സ്‌നേഹിക്കാത്ത പക്ഷം സത്യവിശ്വാസം പൂർത്തിയാകില്ലത്രേ (ഹദീസ് ബുഖാരി, മുസ്ലിം). എല്ലാ പ്രവാചകന്മാരുടെയും അനുയായികൾ അവരെ നന്നായി ബഹുമാനിച്ചിരുന്നു. ഈസാ നബി (അ)യോട് ഏറെ ആദരവ് കാട്ടിയ അനുയായികളാണ് 'ഹവാരിയ്യൂൻ' എന്നറിയപ്പെടുന്നവർ. അവരെപ്പറ്റി ഖുർആൻ പറയുന്നു: 'അപ്പോസ്തലന്മാർ (ഹവാരിയ്യൂൻ) പറഞ്ഞു: ഞങ്ങൾ അല്ലാഹുവിന്റെ സഹായികളാണ്. അവനിൽ ഞങ്ങൾ വിശ്വസിച്ചിരിക്കുന്നു. പൂർണമായും അവനെ അനുസരിക്കുന്നവരാണ് ഞങ്ങളെന്ന് അങ്ങ് സാക്ഷ്യം വഹിക്കുക' (സൂറത്തു ആലു ഇംറാൻ 52). ഈസാ നബി (അ) അവർക്ക് പ്രവാചകാഗമനത്തെപ്പറ്റി സന്തോഷവിവരം അറിയിക്കുകയും ചെയ്തു: 'മർയമിന്റെ മകൻ ഈസാ നബി പറഞ്ഞ സന്ദർഭം സ്മരണീയമാണ്. ഇസ്രയേല്യരേ, എനിക്കു മുമ്പുള്ള തൗറാത്തിനെ ശരിവെച്ചും എന്റെ വഴിയേ വരുന്ന അഹ്മദ് എന്ന് പേരുള്ള ദൂതനെക്കുറിച്ച് ശുഭവാർത്ത നൽകിയും കൊണ്ട് നിങ്ങളിലേക്ക് നിയുക്തനായ ദൂതനാണ് ഞാൻ' (സൂറത്തുസ്സ്വഫ്ഫ് 6). അങ്ങനെ ലോകാനുഗ്രഹമായി പ്രവാചകർ (സ്വ) നിയുക്തരായി. സൃഷ്ടികളിൽ അതി ശ്രേഷ്ഠരാണ് തിരുദൂതർ (സ്വ). പ്രമുഖ ഖുർആൻ പണ്ഡിതൻ ഇബ്‌നു അബ്ബാസ് (റ) പറയുന്നു: മുഹമ്മദ് നബി (സ്വ)യെക്കാൾ ആദരണീയമായിട്ടൊന്നും അല്ലാഹു പ്രപഞ്ചത്തിൽ പടച്ചിട്ടില്ല. പ്രവാചകരുടെ (സ്വ) ജീവിതമാണേ എന്ന് അല്ലാഹു സത്യം ചെയ്തു പറഞ്ഞിട്ടുണ്ട്. മറ്റൊരാളുടെയും ജീവിതം കൊണ്ട് ശപഥം ചെയ്യുന്നതായി ഞാൻ കേട്ടിട്ടില്ല. 'നബിയേ, അങ്ങയുടെ ജീവിതം തന്നെ ശപഥം അവർ തങ്ങളുടെ ലഹരിയിൽ വിഹരിച്ചുകൊണ്ടിരിക്കുക തന്നെയാണ്' എന്ന് സൂറത്തുൽ ഹിജ്ർ 72ാം സൂക്തത്തിലാണത്. പ്രവാചകർ (സ്വ) സംസാരിക്കുന്നതെല്ലാം ദൈവ സന്ദേശങ്ങൾ മാത്രമാണ്. സ്വന്തം ഇഷ്ടപ്രകാരം ഒന്നുമേ ഉരുവിടാറില്ല എന്നിങ്ങനെ സൂറത്തുന്നജ്മിൽ അല്ലാഹു നബി (സ്വ)യെ പുകഴ്ത്തിപ്പറയുന്നുമുണ്ട്.
ദിനേന അഞ്ചുനേരങ്ങളിലായുള്ള നമസ്‌ക്കാരബാങ്കുകളിൽ അല്ലാഹുവിന്റെ നാമത്തോടൊപ്പം പ്രവാചകരുടെ (സ്വ) നാമം ചേർത്തിപ്പറഞ്ഞതും മഹ്മൂദായ അല്ലാഹുവിന്റെ നാമത്തിൽ നിന്ന് നബി (സ്വ)ക്ക് മുഹമ്മദെന്ന ശ്രേഷ്ഠനാമം ഉരിത്തിരിച്ച് നൽകിയതും ബഹുമാനാർത്ഥമെന്നാണ് പ്രമുഖ പ്രവാചകാനുരാഗ കവി ഹസ്സാനു ബ്‌നു സ്വാബിത് (റ) പാടിയത്. പ്രവാചകരെ (സ്വ) ശ്രേഷ്ഠ സ്വഭാവ മഹിമകൾക്കുടമയെന്നാണ് അല്ലാഹു വാഴ്ത്തിയത് (സൂറത്തുൽ ഖലം 4). അതുകൊണ്ടു തന്നെ പ്രവാചകരുടെ ഓരോ വാക്കും പ്രവർത്തിയും അനക്കവും മൗനവുമെല്ലാം അനുചരർ അനുധാവനം ചെയ്യുമായിരുന്നു. മാനവികതയുടെ മൂല്യകളുയർത്തി കുടുംബത്തിലും വീട്ടിലും നാട്ടിലും സമൂഹത്തിലും ഉദാത്ത മാതൃകകളായിരുന്നു പ്രവാചകർ (സ്വ) വരച്ചുകാട്ടിയത്. ദാനം ചെയ്യും. അവശരെ സഹായിക്കും. ബന്ധങ്ങൾ ചേർത്ത് സുഭദ്രമാക്കും. പ്രവാചകരെ (സ്വ) പോലെ അതി ശ്രേഷ്ഠരെ മുമ്പും ശേഷവും കണ്ടിട്ടില്ലയെന്നാണ് അലിയ്യു ബ്‌നു അബൂത്വാലിബ് (റ) പറഞ്ഞത്.
പ്രവാചകരെ സ്‌നേഹിക്കുന്നതിലും ആദരിക്കുന്നതിലും അതുല്യ ഉദാഹരണങ്ങൾ തീർത്തവരാണ് സ്വഹാബികൾ. ഇമാം മുസ്ലിം (റ) റിപ്പോർട്ട് ചെയ്ത ഹദീസിൽ അംറ് ബ്‌നു ആസ്വ് (റ) ഉദ്ധരിക്കുന്നുണ്ട്: തിരുദൂതർ പ്രവാചകർ (സ്വ) തന്നെയാണ് എനിക്ക് ഏറ്റവും ഇഷ്ട്‌പ്പെട്ടവരും ആദരണീയവരും. ആദരവാൽ ആ മുഖം നോക്കി കണ്ണ് മിഴിക്കാനാവുമായിരുന്നില്ല. ആരെങ്കിലും പ്രവാചകരെ (സ്വ) വിശേഷിപ്പിക്കാൻ ആവശ്യപ്പെട്ടാൽ എനിക്കതിന് ആവുമായിരുന്നില്ല (ഹദീസ് മുസ്ലിം 191). പ്രവാചകാനുരാഗത്തിലും ബഹുമാനത്തിലും ശരീരവും മനസ്സും രൂഢമൂലമാക്കിയ സ്വഹാബികൾ അവരുടെ മക്കൾക്കും ആ സ്‌നേഹാദരവിന്റെ പാഠങ്ങൾ പകർന്നു നൽകിയിരുന്നു. ഒരിക്കൽ നബി (സ്വ)യോടൊപ്പം നമസ്‌ക്കരിച്ച ഇബ്‌നു അബ്ബാസി (റ)നെ ഒപ്പം ചേർത്തി നിർത്തുകയുണ്ടായി. ഇബ്‌നു അബ്ബാസ് (റ) പിൻവാങ്ങി. നമസ്‌ക്കാരം കഴിഞ്ഞപ്പോൾ നബി (സ്വ) അദ്ദേഹത്തോട് അതേപ്പറ്റി ചോദിക്കുകയുണ്ടായി. അപ്പോൾ അദ്ദേഹം പറഞ്ഞു: തിരുദൂതരേ, അങ്ങ് അല്ലാഹുവിന്റെ പ്രവാചകരാണ്. അങ്ങയോടൊപ്പം ചേർന്ന് നിൽക്കാൻ ആരെങ്കിലും ധൈര്യപ്പെടുമോ? ഈ മറുപടി കേട്ട നബി (സ്വ) അദ്ദേഹത്തിന്റെ ബുദ്ധിയും അറിവും വർദ്ധിക്കാൻ അല്ലാഹുവിനോട് പ്രാർത്ഥിക്കുകയുണ്ടായി (ഹദീസ് അഹ്മദ് 3060). നമ്മുടെ ജീവിതത്തിൽ നാം ഏവരേക്കാളും മുൻഗണന നൽകേണ്ടത് മുഹമ്മദ് നബി (സ്വ)ക്കാണ്. ആ ജീവിതമാണ് നാം പകർത്തേണ്ടത്. ആ ചരിതങ്ങളാണ് നാം വായിക്കേണ്ടതും പഠിക്കേണ്ടതും. അല്ലാഹു പറഞ്ഞത് : നബീ, അല്ലാഹുവിലും ദൂതരിലും നിങ്ങൾ വിശ്വസിക്കുവാനും അവനെ സഹായിക്കുവാനും ബഹുമാനിക്കുവാനും പ്രഭാത പ്രദോഷങ്ങളിൽ അവന്റെ മഹത്വം വാഴ്ത്താനുമായി അങ്ങയെ സത്യസാക്ഷിയും ശുഭവാർത്താവാഹകനും മുന്നറിയിപ്പുകാരനുമായി നിശ്ചയം നാം നിയോഗിച്ചിരിക്കുന്നു (സൂറത്തുൽ ഫത്ഹ് 8, 9).
പ്രവാചക പാത പിൻപറ്റി ആ മഹത് ചര്യയിലൂടെ ചലിച്ച് പ്രവാചക സ്‌നേഹം പുലർത്തിയവർക്ക് അല്ലാഹു നല്ല പ്രതിഫലം വാഗ്ദാനം ചെയ്തിട്ടുണ്ട്: 'അപ്പോൾ ആര് ആ നബിയെ വിശ്വസിക്കുകയും ആദരിക്കുകയും സഹായിക്കുകയും തന്നോടൊപ്പം അവതീർണമായ ഖുർആനിക പ്രകാശം പിന്തുടരുകയും ചെയ്യുന്നുവോ അവർ തന്നെയത്രെ വിജയികൾ' (സൂറത്തുൽ അഅ്‌റാഫ് 157). പ്രവാചകരെ (സ്വ) ബഹുമാനിക്കുന്നവർ പ്രവാചക മൊഴികളെയും പ്രവർത്തനങ്ങളെയും എന്നല്ല ആ പാരമ്പര്യത്തെ തന്നെ ബഹുമാനിക്കുന്നവരാണ്. 'റസൂലിനോടുള്ള അഭിസംബോധന നിങ്ങൾ പരസ്പരം വിളിക്കുന്നതു പോലെയാക്കരുത്'(സൂറത്തുന്നൂർ 63). പ്രവാചകരോടുള്ള ആദരവ് മറ്റുള്ളവരോടുള്ളത് പോലെയല്ലയെന്നതാണ് സൂക്തത്തിന്റെ താൽപര്യം. സ്വഹാബികളും താബിഉകളും അവർക്ക് ശേഷമുള്ള പണ്ഡിതരും അത്തരത്തിൽ ബഹുമാന ചര്യകൾ അനുവർത്തിച്ചവരാണ്. പ്രവാചകരുടെ (സ്വ) മസ്ജിദിൽ വെച്ച് ശബ്ദമുയർത്തിയ രണ്ടുപേരെ ഉമർ ബ്‌നു ഖത്വാബ് (റ) വിലങ്ങുകയാണുണ്ടായത്. 'സത്യവിശ്വാസികളേ, നിങ്ങളുടെ ശബ്ദം പ്രവാചകന്റേതിനു മീതെ ഉയർത്തുകയോ അവിടത്തോട് സംസാരിക്കുമ്പോൾ നിങ്ങൾ പരസ്പരമെന്ന പോലെ ഉച്ചത്തിൽ പറയുകയോ അരുത്. അറിയാതെ നിങ്ങളുടെ പ്രവർത്തനങ്ങൾ ഫലശൂന്യമാകാതിരിക്കാൻ. നബി സന്നിധിയിൽ പതുക്കെ സംസാരിക്കുന്നവരുടെ ഹൃദയങ്ങൾ സൂക്ഷ്മ ജീവിതത്തിനായി അല്ലാഹു പരീക്ഷിച്ചെടുത്തതാണ്. അവർക്ക് പാപമോചനവും മഹത്തായ പ്രതിഫലവുമുണ്ട്' എന്ന സൂറത്തുൽ ഹുജറാത്തിലെ 2, 3 സൂക്തങ്ങൾ പ്രവാചകരോടുള്ള മര്യാദകൾ അനുശാസിക്കുന്നതാണെന്നാണ് ഇമാം മാലിക് (റ) അഭിപ്രായപ്പെട്ടത്.

