യുഎഇ ജുമുഅ ഖുത്ബ പരിഭാഷ
മൻസൂർ ഹുദവി കളനാട്
തീയ്യതി: 21/02/2020
വിഷയം: കുടിവെള്ളം
ആകാശഭൂമികളെ അതിവിദഗ്ദമായി ക്രമപ്പെടുത്തിയ അല്ലാഹു ജന്തുജാലങ്ങളെയും സസ്യവൃക്ഷലധാദികളെയും ജീവിപ്പിക്കുന്നതും സുസജ്ജമായ ഘടനകളിലാണ്. അവക്ക് ഉപജീവനത്തിനായുള്ള അന്നവും പാനീയവും നൽകുന്നതും പ്രതാപശാലിയായ അവൻ തന്നെ. ജലം ഒരു അത്ഭുതാവഹ ഘടകം തന്നെയാണ്. സൂറത്തുൽ വാഖിഅയിലെ 68, 69, 70 സൂക്തങ്ങളിലൂടെ അല്ലാഹു ചോദിക്കുന്നുണ്ട്: “ഇനി, പാനജലത്തെ ക്കുറിച്ച് ആലോചിച്ചു നോക്കിയിട്ടുണ്ടോ നിങ്ങൾ? മേഘത്തിൽ അത് വർഷിച്ചത് നിങ്ങളോ നാമോ? നാം ഉദ്ദേശിച്ചിരുന്നെങ്കിൽ അത് നാം ദുസ്സ്വാദുള്ള ഉപ്പുവെള്ളമാക്കുമായിരുന്നു. എന്നിരിക്കെ നിങ്ങൾ നന്ദി കാണിക്കാത്തതെന്താണ്”. ശുദ്ധമായ ജലം മഹാ അനുഗ്രഹമാണ്. ഉപ്പുരസവും മറ്റു മാലിന്യങ്ങളും നീക്കി പാനയോഗ്യമായ വെള്ളമൊരുക്കിയിരിക്കുന്നത് ദൈവാനുഗ്രഹമാണെന്നാണ് പ്രസ്തുത ഖുർആനിക സൂക്തങ്ങൾ ഉണർത്തുന്നത്.
സകല ജീവജാലങ്ങളുടെയും നിലനിൽപ്പ് വെള്ളം കൊണ്ടാണ്. ജീവന്റെ അടിസ്ഥാന ഘടകവും വെള്ളം തന്നെ. 'എല്ലാ ജീവജാലങ്ങളെയും വെള്ളത്തിൽ നിന്നാണ് അല്ലാഹു സൃഷ്ടിച്ചിട്ടുള്ളത്' (സൂറത്തുന്നൂർ 45). 'സർവ്വ ജീവവസ്തുക്കളെയും ജലത്തിൽ നിന്ന് നാം സൃഷ്ടിച്ചു' (സൂറത്തുൽ അൻബിയാഅ് 30). വെള്ളത്തിന്റെ മൂല്യമറിയാൻ സൽപനേരമെങ്കിലും അത് കിട്ടാതിരിക്കണം. ഇബ്രാഹിം നബി (അ) ഭാര്യ ഹാജറാ (അ)യെയും മകൻ ഇസ്മാഈലി (അ)നെയും മക്കാ മരുഭൂവിലാക്കിപ്പോയ നിമിഷം ചരിത്രത്തിൽ അനുസ്മരണീയമാണല്ലൊ. കൈയിലുണ്ടായിരുന്ന കുടിവെള്ളം തീർന്നപ്പോൾ ഹാജറാ (അ) ഞരക്കം പായുകയായിരുന്നു. ഇരുവരും ദാഹിച്ചു അവശരായി. കുഞ്ഞു ഇസ്മാഈൽ വാവിട്ടു കരയാൻ തുടങ്ങി. അടുത്തുള്ള സ്വഫാ പർവ്വതത്തിലും മർവാ പർവ്വതത്തിലും ഏഴു പ്രാവശ്യം കയറിയിറങ്ങയെങ്കിലും ഫലമുണ്ടായില്ല. ഒടുവിൽ അല്ലാഹു അവർക്ക് സംസം നീരുറവ നൽകി അനുഗ്രഹിച്ചു (ഹദീസ് ബുഖാരി 3364). ഇന്നും മുസ്ലിം ലോകം സംസം തെളിനീർ കുടിച്ച് പുണ്യം നേടിക്കൊണ്ടിരിക്കുകയാണ്. മാരാരോഗം പിടിപ്പെട്ട അയ്യൂബ് നബി (അ)ക്ക് രോഗശമിനിയായി വർത്തിച്ചതും വെള്ളമാണ്. രോഗസ്ഥനായ അയ്യൂബ് നബി (അ) തനിക്ക് പിശാചിന്റെ പാരവശ്യവും ദണ്ഡനവും ഏറ്റിരിക്കുന്നുവെന്ന് അല്ലാഹുവിനോട് പരിഭവിച്ച സന്ദർഭം ഖുർആൻ വിവരിക്കുന്നുണ്ട്: 'താങ്കളുടെ പാദം കൊണ്ട് മണ്ണിൽ തട്ടുക. ഇതാ ശീതളമായ സ്‌നാനജലവും പാനജലവും എന്നു നാം പറഞ്ഞു' (സൂറത്തു സ്വാദ് 42). അങ്ങനെ അയ്യൂബ് നബി (അ) കാലിട്ടടിച്ചപ്പോൾ ഉറവ പൊട്ടി വെള്ളമൊഴുകി. ആദ്യം അതിൽ കുളിച്ചു. അപ്പോൾ തന്നെ ശരീരത്തിൽ ബാഹ്യമായുള്ള രോഗങ്ങളെല്ലാം മാറി. പിന്നെ ആ വെള്ളത്തിൽ നിന്ന് കുടിച്ചു. അപ്പോൾ ആന്തരികമായുള്ള ബാധകളും മാറി (തഫ്‌സീറു ഖുർത്വുബി 15/211, തഫ്‌സീറു ത്ത്വബ് രി 20/108).
വെള്ളം മനുഷ്യജീവിതത്തിൽ അത്യന്താപേക്ഷിതമായ ജീവൽ ഘടകമാണ്. അത് ലഭ്യമാക്കാൻ എന്തിനും മുതിരുന്നവരാണ് നാം. മൂസാ നബി (അ) ഈജിപ്തിൽ നിന്ന് യാത്രതിരിച്ച് മദ്‌യൻ എന്ന സ്ഥലത്തെത്തിയപ്പോൾ ഒരു കിണറിനടുത്ത് കുറേ ആളുകൾ വെള്ളമെടുക്കാനായി ധൃതി കാട്ടുന്നതും രണ്ടു സ്ത്രീകൾ മാറിനിൽക്കുന്നതുമായ കാഴ്ച കാണാനിടയായി. ഓരോർത്തരും ആദ്യം വെള്ളമെടുക്കാനായി മത്സരിക്കുകയാണ്. സംഭവം ഖുർആനിൽ കാണാം: 'മദ്‌യനിലെ ജലസ്രോതസ്സിനു സമീപമെത്തിയപ്പോൾ കാലിക്കൂട്ടങ്ങളെ ജലപാനം ചെയ്യിക്കുകയായിരുന്ന ഒരു സംഘം ആളുകളെ അദ്ദേഹം അവിടെ കണ്ടു. അവരിൽ നിന്നകലെയായി തങ്ങളുടെ ആട്ടിൻപറ്റത്തെ തടുത്തുനിർത്തി കൊണ്ടിരുന്ന രണ്ടു സ്ത്രീകളും തന്റെ ദൃഷ്ടിയിൽപ്പെട്ടു. എന്താണ് നിങ്ങളുടെ പ്രശ്‌നമെന്നദ്ദേഹം അന്വേഷിച്ചതിന് അവരിരുവരും പ്രതികരിച്ചു: ഇടയന്മാർ തങ്ങളുടെ കാലികൾക്ക് പാനം ചെയ്യിച്ച് മടങ്ങിപ്പോകുന്നതു വരെ ഞങ്ങൾ വെള്ളം കുടിപ്പിക്കില്ല. ഞങ്ങളുടെ പിതാവാകട്ടെ വയോവൃദ്ധനുമാണ്. അങ്ങനെ അവരുടെ കാലികൾക്കദ്ദേഹം വെള്ളം കുടിപ്പിച്ച ശേഷം തണലിലേക്ക് ഇരുന്ന് നാഥാ നീ സമർപ്പിക്കുന്ന ഏതൊരു നന്മക്കും ഞാൻ ആവശ്യക്കാരനാണ് എന്നു പ്രാർത്ഥിച്ചു ( സൂറത്തുൽ ഖസ്വസ് 23, 24). കന്നുകാലികൾക്കുള്ള ജലപാനത്തിന് സ്ത്രീകളെ സഹായിച്ച മൂസാ നബി (അ)യുടെ മനോധൈര്യവും സത്യസന്ധതയും ബോധ്യപ്പെട്ട അവരുടെ പിതാവ് ശുഐബ് നബി (അ) വീട്ടിലേക്ക് വിളിച്ചുവരുത്തി ഒരുവളെ വിവാഹം ചെയ്തുകൊടുത്തുവെന്നതാണ് ചരിത്രം.
ദാനധർമ്മങ്ങൾക്ക് പരിപാനത്വം കൽപ്പിക്കുന്ന ഇസ്ലാം മതം ജലദാനത്തിന് ഏറെ പ്രാധാന്യം നൽകുന്നുണ്ട്. ഒരിക്കൽ നബി (സ്വ)യോട് അതിശ്രേഷ്ഠ ദാനമേതെന്ന് ചോദിച്ച സഅ്ദു ബ്‌നു ഉബാദ (റ)യോട് ജലദാനമെന്നാണ് മറുപടി നൽകിയത് (ഹദീസ് അബൂ ദാവൂദ് 1679, നസാഈ 3665, ഇബ്‌നു മാജ 3684). വിശന്നു ദാഹിച്ച് ചാകാറായ നായക്ക് ദാഹജലം നൽകി രക്ഷിച്ചയാൾക്ക് അല്ലാഹു പാപമോക്ഷമേകി സ്വർഗത്തിൽ പ്രവേശിപ്പിച്ചുമെന്ന് സ്വഹീഹായ ഹദീസിൽ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.
അല്ലാഹുവിന്റെ ജലസംവിധാനം അതിവൈഭവമാർന്ന പ്രപഞ്ച പ്രതിഭാസമാണ്. മേഘങ്ങളിൽ നിന്ന് ഭൂമിയിലേക്ക് വെള്ളമിറക്കി സർവ ചരാചരങ്ങൾക്കും എത്തിച്ചുകൊടുക്കുന്ന അല്ലാഹു തന്നെ പറയുന്നു: 'അന്തരീക്ഷത്തിൽ നിന്നു നിങ്ങൾക്ക് മഴ വർഷിക്കുന്നത് അവനാണ്. അതിൽ നിന്നാണ് നിങ്ങൾ പാനം ചെയ്യുന്നത്. കാലികളെ മേയ്ക്കാനുള്ള ചെടികളുണ്ടാകുന്നതും അതിൽ നിന്നു തന്നെ. ധാന്യവിളകളും ഒലീവും ഈത്തപ്പനയും മുന്തിരിയും എല്ലാതരം പഴങ്ങളും അതുവഴി നിങ്ങൾക്ക് അവൻ ഉൽപ്പാദിപ്പിക്കുന്നു. ചിന്തിക്കുന്ന ജനതക്ക് നിശ്ചയം ഇതിൽ വലിയ ദൃഷ്ടാന്തമുണ്ട്' (സൂറത്തുന്നഹ്‌ല് 10, 11). ദൈവത്തിന്റെ ജലവിഭാവനം ചിന്തനീയമാണ്. 'തന്റെ അനുഗ്രഹമാകുന്ന മഴക്കു മുമ്പ് ശുഭവൃത്താന്തമായി കാറ്റുകളയക്കുന്നത് അവനാകുന്നു. അങ്ങനെ അവ ഭാരിച്ച മേഘങ്ങൾ വഹിച്ചാൽ ഏതെങ്കിലും നിർജീവ ദേശത്തേക്ക് നാമത് കൊണ്ടുപോവും. എന്നിട്ടവിടെ മഴ വർഷിക്കുകയും തദ്വാരാ എല്ലാ ഫലങ്ങളും ഉൽപ്പാദിപ്പിക്കുകയും ചെയ്യുന്നു (സൂറത്തുൽ അഅ്‌റാഫ് 57).
സൂര്യൻ, വായു, കടലുകൾ, മേഘക്കൂട്ടങ്ങൾ എന്നിങ്ങനെയുള്ള പ്രപഞ്ചസംവിധാനങ്ങളെയെല്ലാം വെള്ളം വർഷിക്കാനായി അല്ലാഹു കീഴ്‌പ്പെടുത്തി വെച്ചിരിക്കുകയാണ്. 'നിങ്ങൾക്കു മീതെ ബലിഷ്ഠമായ സപ്തവാനങ്ങൾ സൃഷ്ടിക്കുകയും കത്തിജ്വലിക്കുന്ന ഒരു ദ്വീപമുണ്ടാക്കുകയും മഴക്കാറുകളിൽ നിന്ന് കുത്തിയൊഴുകുന്ന ജലം തദ്വാരാ ധാന്യവും സസ്യവും ഇടതൂർന്ന ഉദ്യാനങ്ങളുമുൽപ്പാദിപ്പിക്കാനായി വർഷിക്കുകയും ചെയ്തില്ലേ' (സൂറത്തു ന്നബഅ് 12, 13, 14, 15, 16). മഴവർഷത്താലാണ് വെള്ളം താഴ്‌വരകളിലൊഴുകി ഭൂഗർഭങ്ങൾ നിറഞ്ഞ് അരുവികളും പുഴകളും രൂപപ്പെടുന്നതും അതുവഴി കടലുകളിലേക്ക് വെള്ളമെത്തുന്നതും. 'നിങ്ങൾ ചിന്തിച്ചുനോക്കുന്നില്ലേ, അല്ലാഹു അന്തരീക്ഷത്തിൽ നിന്ന് മഴ വർഷിക്കുകയും ഭൂമിയിലെ സ്രോതസ്സുകളിലേക്ക് കടത്തിവിടുകയും ചെയ്യുന്നു' (സൂറത്തുസ്സുമർ 21). അങ്ങനെ വെള്ളം ഭൂമിയിലെ എല്ലാ ജീവികൾക്കും പ്രാപ്യമാകുന്നു. ജലലബ്ദിയിൽ മനുഷ്യർ സന്തോഷിക്കുകയും ചെയ്യുന്നു. കാരണം വെള്ളം ആർക്കും ഒഴിച്ചുകൂടാനാവാത്തതാണ്. ആകാശത്തു നിന്ന് മഴത്തുള്ളികൾ ബഹിർഗമിക്കുമ്പോൾ മനുഷ്യർ ആഹ്ലാദഭരിതരാവുമെന്നും മഴവർഷത്തിന് മുമ്പവർ നിരാശരായിരുന്നുവെന്നും ഖുർആൻ സൂറത്തു റൂം 48, 49 സൂക്തങ്ങളിൽ പ്രതിപാദിക്കുന്നുണ്ട്. ഈ ജലാനുഗ്രഹത്തെ സംരക്ഷിക്കേണ്ടത് നമ്മുടെ ബാധ്യതയാണ്. ഏതൊരു അനുഗ്രത്തെ പ്പറ്റിയും നാം വിചാരണ ചെയ്യപ്പെടുന്നതാണല്ലൊ. വെള്ളത്തെക്കുറിച്ചും ചോദ്യം ചെയ്യലുണ്ടാവും. അന്ത്യനാളിൽ മനുഷ്യരോട് 'നിങ്ങൾക്കു നാം ആരോഗ്യമുള്ള ശരീരവും കുടിക്കാൻ പറ്റിയ വെള്ളവും തന്നില്ലേ' എന്നു ചോദിച്ചുകൊണ്ടാണ് അനുഗ്രഹങ്ങളെപ്പറ്റിയുള്ള വിചാരണ ആരംഭിക്കുകയെന്ന് നബി (സ്വ) പറഞ്ഞിരിക്കുന്നു (ഹദീസ് തുർമുദി 3385). ജലം നൽകി അനുഗ്രഹിച്ച പടച്ചവനോട് നാം നന്ദി ചെയ്യാൻ കടപ്പെട്ടിട്ടുണ്ട്. തിന്ന ശേഷവും കുടിച്ച ശേഷവും നാഥനെ സ്തുതിക്കുന്ന അടിമയുടെ കാര്യത്തിൽ അല്ലാഹു തൃപ്തനാണ് (ഹദീസ് മുസ്ലിം 2734). ഭുജിച്ച ശേഷം അന്നപാനീയങ്ങൾ നൽകിയ അല്ലാഹുവിന് സർവ്വ സ്‌തോത്രങ്ങളും അർപ്പിച്ചുകൊണ്ടുള്ള പ്രത്യേക പ്രാർത്ഥന നബി (സ്വ) നടത്തിയിരുന്നു (ഹദീസ് മുസ്ലിം 2715). ജലാനുഗ്രഹത്തിന്റെ കാര്യത്തിൽ നാം നന്ദി ചെയ്യേണ്ടത് ജല ഉപയോഗത്തിൽ മിതത്വം പാലിച്ചും ജലസമ്പത്ത് സംരക്ഷിച്ചുമാണ്. അല്ലാഹു പറയുന്നുണ്ട്: അന്ന പാനാദികൾ കഴിക്കുക. എന്നാൽ ദുർവ്യയം അരുത്. ദുർവ്യയക്കാരെ അവൻ ഇഷ്ടപ്പെടുകയില്ല (സൂറത്തുൽ അഅ്‌റാഫ് 31). അമിതവ്യയവും അഹങ്കാരവുമാവാത്ത രീതിയിൽ ഭക്ഷണം കഴിക്കുകയും വെള്ളം കുടിക്കുകയും ചെയ്യണമെന്നാണ് പ്രസ്തുത സൂക്തം വ്യാഖ്യാനിച്ചുകൊണ്ട് ഇബ്‌നു അബ്ബാസ് (റ) പറഞ്ഞത് (തഫ്‌സീറു ഖുർത്വുബി 7/191).
വെള്ളം ഉപയോഗിക്കുന്നതിൽ മിതത്വം പാലിക്കേണ്ടതിന്റെ പ്രായോഗിക ശൈലികൾ നബി (സ്വ) പഠിപ്പിച്ചിട്ടുണ്ട്. നബി (സ്വ) രണ്ടു ലിറ്ററിന് സമമായ ഒരു സ്വാഅ് വെള്ളത്തിൽ കുളിക്കുകയും അര ലിറ്ററിന് സമമായ ഒരു മുദ്ദ് വെള്ളത്തിൽ വുദൂ നടത്തുകയും ചെയ്യുമായിരുന്നുവെന്ന് സ്വഹാബികൾ സാക്ഷ്യപ്പെടുത്തുന്നുണ്ട് (ഹദീസ് അബൂ ദാവൂദ് 93). അംഗസ്‌നാനത്തിൽ പോലും മിതമായി വെള്ളമുപയോഗിക്കണമെന്നാണ് പാഠം. വുദൂ ചെയ്യുന്ന സഅ്ദി (റ)നെ കണ്ട നബി (സ്വ) പറയുകയുണ്ടായി: അമിതവ്യയം ചെയ്യുകയാണോ? സഅ്ദ് (റ) ചോദിച്ചു: വുദൂഇലും അമിതവ്യയമുണ്ടാവുമോ? നബി (സ്വ) പറഞ്ഞു: അതേ, ഒഴുകുന്ന നദിയിൽ നിന്ന് വുദൂ ചെയ്യുകയാണെങ്കിൽ പോലും വെള്ളം അമിതമായി വ്യയം ചെയ്യരുത് (ഹദീസ് ഇബ്‌നുമാജ 425). ഓരോ തുളളിയും നാം പാഴാക്കാതെ സംഭരിക്കണം. ദാഹിവർക്ക് വെള്ളമേകി ദാഹമകറ്റണം. പറവകൾക്കും മറ്റു ജീവികൾക്കും വെള്ളം കുടിക്കാനുള്ള സംവിധാനമൊരുക്കണം. സസ്യലദാധികൾക്കും അനുയോജ്യ രീതിയിൽ വെള്ളമെത്തിക്കണം. ജലദാനത്തിന് മഹാ പ്രതിഫലമാണ് പരിശുദ്ധ മതം വാഗ്ദാനം ചെയ്യുന്നത്.
യുഎഇയിലെ ഒരാളുടെ ഒരു ദിവസത്തെ ശരാശരി ജല ഉപയോഗം 550 ലിറ്ററാണ്. ലോക ജലോപഭോഗ ശരാശരിയേക്കാൾ വളരെ കൂടുതലാണിത്. മഹത്തായ ഭരണകൂടം ജലസേചനത്തിനായി വിപുലമായ സംവിധാനങ്ങളാണ് ഒരുക്കിയിരിക്കുന്നത്. കടലിൽ നിന്ന് ശുദ്ധീകരിച്ചെടുത്തും ഭൂഗർഭ അറകളിൽ നിന്ന് പുറത്തെടുത്തും, തടയണകളും അണക്കെട്ടുകളും കെട്ടി സംഭരിച്ചും ഓരോർത്തരിലേക്കും കുറ്റമറ്റ രീതിയിൽ ശുദ്ധവെള്ളം എത്തിക്കുന്ന പ്രയത്‌നങ്ങളിൽ ഈ നാട് വിജയം വരിച്ചിട്ടുണ്ട്. എന്നാൽ ഈ സമ്പത്തുകളെയും സ്രോതസ്സുകളെയും സംരക്ഷിക്കേണ്ടത് ഈ നാട്ടിൽ അധിവസിക്കുന്ന ഓരോർത്തരുടെയും ബാധ്യതയാണ്. കാർഷിക വ്യവസായിക ഗാർഹിക വൈയക്തിക ആവശ്യങ്ങൾക്കായുള്ള ഉപയോഗങ്ങളിൽ മിതത്വവും സൂക്ഷ്മതയും പാലിക്കേണ്ട സമയം അതിക്രമിച്ചിരിക്കുകയാണ്. ജലം പാഴാക്കുന്നതിലൂടെ സ്വന്തത്തിന് നഷ്ടം വരുത്തുന്നത് മാത്രമല്ല, സമൂഹത്തിന്റെ മൊത്തം സമ്പത്താണ് നശിപ്പിക്കുന്നത്. ജലം സംരക്ഷിക്കാൻ നാം നമ്മുടെ മക്കളെയും പ്രതിജ്ഞാബദ്ധരാക്കണം. അവർക്ക് ജീവൽവ്യവസ്ഥക്ക് അനിവാര്യമായ ജലത്തെപ്പറ്റി പാഠങ്ങൾ നൽകണം. ജലമെന്ന അനുഗ്രഹത്തിന് അല്ലാഹുവിനോട് നന്ദിയുള്ളവരാക്കുകയും വേണം.

