ലജ്ജ സ്വഭാവങ്ങളുടെ മജ്ജ

യുഎഇ ജുമുഅ ഖുത്ബ പരിഭാഷ 
മൻസൂർ ഹുദവി കളനാട്

തീയ്യതി: 28/02/2020
വിഷയം: ലജ്ജയും തെറ്റ് പരസ്യപ്പെടുത്താതിരിക്കലും

പാപികളായ മനുഷ്യരെ കൂടുതൽ തെറ്റുകാരാവുന്നതിൽ നിന്ന് തടയുന്ന സ്വഭാവ രൂപമാണ് ലജ്ജ. മറ്റു ജന്തുക്കളിൽ നിന്ന്്് മനുഷ്യരെ വ്യത്യസ്തരാക്കുന്നതുമാണത്. തെറ്റുകളെ എടുത്തുപ്പറഞ്ഞ് പരസ്യപ്പെടുത്താതെ മറച്ചുവെക്കുന്നത് ലജ്ജാവസ്ഥയുടെ ഭാഗമാണ്. ഈ രണ്ടു സ്വഭാവങ്ങൾ പരസ്പര ബന്ധിതവുമാണ്. ലജ്ജയെയും തെറ്റു മറച്ചുവെക്കലിനെയും ഇഷ്ടപ്പെടുന്ന അല്ലാഹുവിന് ആ രണ്ടുത്തമ വിശേഷങ്ങളുമുണ്ട് (ഹദീസ് അബൂദാവൂദ് 4012, അഹ്മദ് 17970). അടിമകളുടെ തെറ്റുകളെ പരസ്യപ്പെടുത്താൻ ലജ്ജിക്കുന്ന അല്ലാഹു ഇഹലോകത്തും പരലോകത്തും അവയെ മറച്ചുവെക്കുന്നു. അവനോട് പ്രാർത്ഥിച്ച അടിമയെ നിരാശനാക്കി വിടാൻ അവനാവില്ല. അവനതിൽ ലജ്ജിക്കുന്നു. നബി (സ്വ) പറയുന്നു: ഓരോർത്തരുടെയും തെറ്റുകുറ്റങ്ങൾ അല്ലാഹുവിന്റെ അടുക്കൽ വെച്ച് വെളിവാക്കപ്പെടും. അല്ലാഹു ചോദിക്കും: താങ്കൾ ഇങ്ങനെയൊക്കെ ചെയ്തില്ലേ? അവൻ പറയും: അതേ. അല്ലാഹു വീണ്ടും ചോദിക്കും: ഇങ്ങനെയൊക്കെ ചെയ്തില്ലേ? അവൻ പറയും: അതേ. എല്ലാം സമ്മതിക്കുന്ന അവനോട് പറയും: നിന്റെ ദോഷങ്ങളെ ഞാൻ ഐഹിക ലോകത്ത് മറച്ചുവെച്ചു. ഇന്നിവിടെ പാരത്രിക ലോകത്തുവെച്ച് ഞാനവയെ നിനക്ക് പൊറുത്തുതരുന്നുമുണ്ട് (ഹദീസ് ബുഖാരി, മുസ്ലിം). 

ലജ്ജയും മറച്ചുവെക്കലും മനുഷ്യന് അവന്റെ ഉൽപത്തി മുതൽക്കുള്ള സ്വഭാവവിശേഷങ്ങളാണ്. ആദിമ മനുഷ്യൻ ആദം നബി (അ)യും ഭാര്യ ഹവ്വായും സ്വർഗത്തിലെ വിലക്കപ്പെട്ട പഴം തിന്ന് ഗുഹ്യസ്ഥാനങ്ങൾ വെളിവായപ്പോൾ മറച്ചുവെച്ചിരുന്നു. 'ആ വൃക്ഷത്തിൽ നിന്ന് രുചിച്ചപ്പോൾ അവരുടെ ഗുഹ്യങ്ങൾ പ്രത്യക്ഷപ്പെട്ടു. സ്വർഗത്തിലെ ഇലകൾ പറിച്ചുവെച്ച് അവർ ശരീരം മറയ്ക്കാൻ തുടങ്ങി' (സൂറത്തുൽ അഅ്‌റാഫ് 22). ദൃഷ്ടികളിൽ നിന്ന് മറച്ചുവെക്കലാണ് മനുഷ്യന്റെ ആദ്യ ചെയ്തി. ഈ രണ്ടു മാനുഷിക സ്വഭാവമൂല്യങ്ങൾ കൊണ്ട് പ്രവാചകന്മാരെല്ലാം വിശേഷിതരായിരുന്നു. മൂസാ നബി (അ) ലജ്ജയും മര്യാദയുമുള്ള പൗരുഷത്തിനുടമയായിരുന്നു (ഹദീസ് ബുഖാരി 3404). നബി (സ്വ) അതിയായി ലജ്ജിക്കുന്നവരായിരുന്നു (ഹദീസ് ബുഖാരി 4739). മാത്രമല്ല, നബി (സ്വ) പറഞ്ഞിരുന്നു: എല്ലാ മതത്തിനും ഒരു പ്രത്യേക സ്വഭാവഗുണമുണ്ടായിരിക്കും, ഇസ്ലാമിന്റെ സ്വഭാവം ലജ്ജയാണ് (മുവത്വ 950). ന്യൂനതകളെ മറച്ചുവെക്കാൻ അല്ലാഹുവിനോട് നിരന്തരം പ്രാർത്ഥിക്കുകയും ചെയ്യുമായിരുന്നു നബി (സ്വ). പ്രവാചകാനുയായികളും ഈ സ്വഭാവങ്ങളിൽ കൂടുതൽ ശ്രദ്ധ പതിപ്പിച്ചിരുന്നു.  ഉസ്മാനു ബ്‌നു അഫ്ഫാൻ (റ) ലജ്ജയുടെ കാര്യത്തിൽ പേരു കേട്ട സ്വഹാബിയാണ്. മഹാനവർകളോട് മലക്കുകൾ പോലും ലജ്ജിക്കുമായിരുന്നുവത്രേ (ഹദീസ് മുസ്ലിം 2401). പ്രവാചക പത്‌നിമാരടക്കം സ്വഹാബി വനിതകളും ലജ്ജാവതികളായിരുന്നു. ഫാത്വിമ (റ), ആയിശ (റ) എന്നിവരാണ് ലജ്ജയിൽ ഖ്യാതി നേടിയ മഹിളാരത്‌നങ്ങൾ.

വൃത്തിയും വെടിപ്പുമുള്ള വസ്ത്രങ്ങൾ ധരിച്ച് ശരീരഭാഗങ്ങൾ മറക്കുന്ന സ്ത്രീ പുരുഷന്മാർ അല്ലാഹു കൽപ്പിച്ച വിധം ലജ്ജ കാട്ടുന്നവരാണ്. അല്ലാഹു പറയുന്നു: ഹേ മനുഷ്യരേ, നിങ്ങൾക്ക് നഗ്നത മറക്കാനും അലങ്കാരത്തിനുമുള്ള വസ്ത്രം നാം തന്നിരിക്കുന്നു. എന്നാൽ ഭക്തിയുടെ പുടവയാണ് ഏറ്റം ഉദാത്തം. അവർ പാഠമുൾക്കൊള്ളാനായി അല്ലാഹു അവതരിപ്പിക്കുന്ന ദൃഷ്ടാന്തങ്ങളിൽപ്പെട്ടതാണത് (സൂറത്തുൽ അഅ്‌റാഫ് 26). ശരീരം മറക്കാൻ വസ്ത്രമാണെങ്കിൽ, മൂല്യങ്ങൾ സംരക്ഷിക്കുന്ന ഭക്തിയുടെ വസ്ത്രമാണ് ലജ്ജ. തെറ്റു പറ്റിയാൽ അതു വിളിച്ചുപറഞ്ഞ് പരസ്യപ്പെടുത്താതിരിക്കലാണ് മാനുഷിക ഗുണം. തെറ്റ് ചെയ്താലോ പിഴവ് പറ്റിയാലോ സ്വന്തം പ്രസിദ്ധപ്പെടുത്തരുത്. അല്ലാഹു അതിനെ മറച്ചുവെക്കും പ്രകാരം അവനും അതിനെ മറച്ചുവെക്കണം. ശേഷം പിഴവുകൾ ശരിയാക്കി തെറ്റുകൾ തിരുത്തണം. നന്നാവണം. തെറ്റുകളിലേക്ക് നയിക്കുന്ന കാരിണകളെ കരുതിയിരിക്കുകയും വേണം. അങ്ങനെ പശ്ചാത്തപിക്കുന്നവന് അല്ലാഹു പ്രായശ്ചിത്തം നൽകുകയും തെറ്റുകൾ മറച്ചുവെക്കുകയും ചെയ്യും. നബി (സ്വ) പറയുന്നു: എന്റെ സമുദായത്തിലെ ഏവർക്കും പൊറുത്തുനൽകുന്നതാണ്. പാപങ്ങൾ പരസ്യപ്പെടുത്തുന്നവർക്കൊഴികെ. ഒരാൾ രാത്രി ചെയ്ത തെറ്റ് അല്ലാഹു മറച്ചുവെക്കും. എന്നാലവൻ രാവിലെ മാലോകർക്കു മുമ്പിൽ വിളിച്ചുപറയും: ഞാനിന്നലെ രാത്രി ഇങ്ങനെയൊക്കെ ചെയ്തു. അല്ലാഹു പിറ്റേ രാത്രിയും അതൊക്കെ മറച്ചുവെക്കും. എന്നാലും അവൻ അത് പരസ്യപ്പെടുത്തും. അതാണ് തെറ്റു പരസ്യപ്പെടുത്തൽ ( ഹദീസ് ബുഖാരി, മുസ്ലിം).

തെറ്റു ചെയ്താൽ തുടർന്ന് ഒരു നന്മയും ചെയ്യണം. എന്നാൽ അല്ലാഹു ആ തെറ്റിനെ മായ്ച്ചുകളയും. ഒരിക്കൽ ഒരാൾ നബി (സ്വ)യുടെ അടുക്കൽ വന്ന് പറഞ്ഞു: തിരു ദൂതരേ, ഞാനൊരു തെറ്റ് ചെയ്തിട്ടുണ്ട്. അപ്പോൾ ഉമർ (റ) പറഞ്ഞു: അല്ലാഹു ആ തെറ്റിനെ മറച്ചുവെച്ചു. താങ്കളും അങ്ങനെ ചെയ്തിരുന്നെങ്കിൽ. അപ്പോൾ അയാൾ എഴുന്നേറ്റു പോയി. നബി (സ്വ) അയാളെ വിളിച്ച് സൂറത്തു ഹൂദിലെ 114ാം സൂക്തം കേൾപ്പിച്ചു. “പകലിന്റെ രണ്ടറ്റങ്ങളിലും രാത്രിയിലെ ചില സന്ദർഭങ്ങളിലും താങ്കൾ യഥായോഗ്യം നമസ്‌ക്കാരം നിലനിർത്തുക. സൽക്കർമ്മങ്ങൾ ദുഷ്‌ക്കർമ്മങ്ങളെ ഇല്ലായ്മ ചെയ്യും തീർച്ച. ചിന്തിക്കുന്നവർക്കിത് ഒരുദ്‌ബോധനമാണ്” എന്നാണ് സൂക്തം. ഇതു കേട്ട ഒരാൾ ചോദിച്ചു: നബിയേ, ഇപ്പറഞ്ഞത് ഇയാൾക്ക് പ്രത്യേകമാണോ? നബി (സ്വ) പറഞ്ഞു: അല്ല, ഏവർക്കുമുള്ളതാണ് (ഹദീസ് മുസ്ലിം 2763).

തെറ്റു ചെയ്ത ഒരാളുടെ തെറ്റ് മറച്ചുവെച്ചാൽ അയാളിലത് നല്ല മാറ്റത്തിന് വഴിവെക്കും. സഹോദരന്റെ തെറ്റുകുറ്റമോ ന്യുനതയോ മറച്ചുവെക്കുന്ന പക്ഷം അവന് തിരുത്തലിന് അവസരമുണ്ടാവും. അതുവഴി അല്ലാഹുവിലേക്ക് മടങ്ങാനാവും. വിശ്വാസിയുടെ തെറ്റുകൾ മറച്ചവന്റെ തെറ്റുകൾ അല്ലാഹു ഇഹലോകത്തും പരലോകത്തും മറച്ചുവെക്കുന്നതായിരിക്കും. ലജ്ജ ജീവിതത്തിന്റെ എല്ലാ തുറകളിലും അനുവർത്തിക്കേണ്ട വ്യക്തിത്വ വികസനത്തിന്റെ ഘടകമാണ്. കുടുംബത്തിലും സമൂഹത്തിലുമെല്ലാം. ലജ്ജ കാര്യങ്ങളെ ഭംഗിയാക്കുമെന്നാണ് നബി (സ്വ) പഠിപ്പിക്കുന്നത്.

back to top