കൊറോണ വൈറസ് രോഗം 2019 (കൊവിഡ് 19): പ്രതിരോധമാണ് ചികിത്സയേക്കാൾ അഭികാമ്യം

യുഎഇ ജുമുഅ ഖുത്ബ പരിഭാഷ
മൻസൂർ ഹുദവി കളനാട്
തീയ്യതി: 06/03/2020

(*കൊറോണ രോഗവിഷാണുവിന്റെ പശ്ചാത്തലത്തിൽ ജുമുഅ നമസ്‌ക്കാരത്തിനെത്തുന്നവരുടെ സുരക്ഷ പരിഗണിച്ചുകൊണ്ട് ഖുത്ബ ഹ്രസ്വമായാണ് തയ്യാറാക്കപ്പെട്ടിട്ടുള്ളത്. അവശ്യഘട്ടങ്ങളിൽ പ്രവാചകർ (സ്വ) ഖുത്ബ ചുരുക്കുമായിരുന്നുവത്രെ)

ദൈവാനുഗ്രഹങ്ങളാണ് ശരീരവും ആരോഗ്യവും ഊർജ്ജവുമെല്ലാം. ശാരീരാരോഗ്യം സംരക്ഷിക്കാൻ ഓരോർത്തരും ബാധ്യസ്ഥരാണ്. ശരീരത്തെ പരിരക്ഷിക്കേണ്ടത് രോഗങ്ങളിൽ നിന്ന് പ്രതിരോധിച്ചുകൊണ്ടാണ്. ചികിത്സിക്കാൻ ഇട വരുത്തരുത്. രോഗം പ്രതിരോധിക്കാൻ ഒരു ദിർഹമിന്റെ പോലും ചിലവില്ല. എന്നാൽ പിടിപ്പെട്ട രോഗം ചികിത്സിക്കാൻ ലക്ഷങ്ങൾ ചെലവാകാം. അതു തന്നെ ശമിച്ചുകൊള്ളണമെന്നുമില്ല. പ്രതിരോധ പക്രിയകളോടൊപ്പം പ്രാർത്ഥനയുമാവാം. നബി (സ്വ) ശരീര സ്വാസ്ഥ്യം നിലനിർത്താൻ അല്ലാഹുവോട് പ്രാർത്ഥിക്കുമായിരുന്നു (ഹദീസ് ബുഖാരി, അദബുൽ മുഫ്‌റദ് 701). പ്രാർത്ഥന വിധിയെ മാറ്റിമറിക്കും. കാരണം അല്ലാഹുവിലേക്കുയർത്തിയ കരങ്ങളെ നിരാശരാക്കി മടക്കാൻ അവനാവില്ല.

ശുചിത്വപാലനമാണ് പ്രഥമവും പ്രധാനവുമായ രോഗ പ്രതിരോധമാർഗം. അതുകൊണ്ടു തന്നെയാണ് ഇസ്ലാം വുദൂഅ് എന്ന അംഗസ്‌നാനം നിയമമാക്കിയിട്ടുള്ളത്. വിശ്വാസികൾക്ക് വൃത്തിയും വെടിപ്പും നിലനിൽക്കുന്നതിന്റെ പ്രധാന കാരിണിയും വുദൂഅ് ആണ്. ഇസ്ലാമിലെ പ്രധാന ആരാധനാകർമ്മമായ നമസ്‌ക്കാരത്തിനായി നിർബന്ധമായും അംഗശുദ്ധി നടത്താൻ അല്ലാഹു കൽപ്പിക്കുന്നത് ഖുർആനിൽ കാണാം: 'സത്യവിശ്വാസികളേ, നമസ്‌ക്കരിക്കാനുേേദ്ദശിച്ചാൽ നിങ്ങൾ മുഖങ്ങളും മുട്ടുവരെ കൈകളും കഴുകണം. തല തടവുകയും ഞെരിയാണി വരെ ഇരു കാലുകളും കഴുകയും ചെയ്യുക' (സൂറത്തുൽ മാഇദ 06). മാലിന്യങ്ങൾ ഏൽക്കാൻ കൂടുതൽ സാധ്യതയുള്ള അവയവങ്ങൾ കഴുകലാണ് വുദൂഇൽ അനിവാര്യമാക്കിയിട്ടുള്ളത്. അതു തന്നെ ഓരോന്നും മൂന്നു പ്രാവശ്യം ചെയ്യുമ്പോഴാണ് ഈ അംഗസ്‌നാനം പൂർണമാവുന്നത്. വുദൂഇലൂടെ ഹൃദയവും ശരീരവും നിർമ്മലമാക്കിയാണ് നമസ്‌ക്കരിക്കുന്നവൻ അല്ലാഹുവിലേക്ക് തിരിയുന്നത്. വീട്ടിൽ നിന്ന് വുദൂഅ് ചെയ്ത് പള്ളിയിലേക്ക് പോവലാണ് നബി ചര്യ (ഹദീസ് ത്വബ്‌റാനി 2139). അങ്ങനെ ചെയ്യലാണ് പൊതുസ്ഥലങ്ങളിലെ ശുചിത്വ പ്രവർത്തനങ്ങളേക്കാളും ആരോഗ്യ സംരക്ഷണത്തിന് ഉത്തമം.

പകർച്ചാവ്യാധി ബാധിച്ചയാൾ മറ്റുള്ളവരുമായി ഇടപഴകരുതെന്നാണ് നബി (സ്വ) തരുന്ന ആരോഗ്യ നിർദേശം (ഹദീസ് ബുഖാരി, മുസ്ലിം). പൊതുജനാരോഗ്യം പരിഗണിച്ചുകൊണ്ടാണിത്. പൊതുസ്ഥങ്ങളിൽപ്പെട്ടതാണ് പള്ളികൾ. പനി, ജലദോഷം, ചുമ, തുമ്മൽ തുടങ്ങിയ രോഗലക്ഷണങ്ങളുള്ളവർ ജുമുഅക്കും മറ്റു ജമാഅത്ത് നമസ്‌ക്കാരങ്ങൾക്കുമായി പള്ളിയിലേക്ക് പോവരുത്. അവർ വീട്ടിൽ വെച്ചു തന്നെ നമസ്‌ക്കരിക്കണം. അതാണ് പ്രതിരോധം. തുമ്മുന്നവൻ വസ്ത്രം കൊണ്ടോ കൈ കൊണ്ടോ മുഖം പൊത്തിപ്പിടിക്കണം. അങ്ങനെയാണ് നബി (സ്വ) ചെയ്തിരുന്നത് ( ഹദീസ് തുർമുദി 2745). ഈ മാർഗങ്ങൾ രോഗപകർച്ചയെ പ്രതിരോധിക്കുന്നതാണ്.

അധികൃതരിൽ നിന്നുള്ള ആരോഗ്യ അറിയിപ്പുകൽ തദാ അനുസരിക്കണം. അല്ലാത്ത പക്ഷം ജീവന് തന്നെ അപകടം സംഭവിച്ചേക്കാം. ജനിതക വ്യത്യാസങ്ങളോടെയുള്ള പുതിയ തരം കൊറോണ വൈറസ് രോഗം 2019 (കൊവിഡ് 19) ഒട്ടുമിക്ക ലോക രാജ്യങ്ങളിലും റിപ്പോർട്ട് ചെയ്യപ്പെട്ട സ്ഥിതിക്ക് യുഎഇ ഭരണകൂടം വിഷാണുവിന്റെ വ്യാപനം തടയാൻ നിതാന്തമായ ജാഗ്രതാ പ്രവർത്തനങ്ങളാണ് ചെയ്തുകൊണ്ടിരിക്കുന്നത്. ആരോഗ്യ മന്ത്രാലയം മുൻകരുതൽ നിർദേശങ്ങളും നൽകുന്നുണ്ട്. അവ: ആൾക്കൂട്ട സമ്പർക്കം ഒഴിവാക്കുക, രോഗബാധിതരോട് ഇടപഴകാതിരിക്കുക, വെള്ളവും സോപ്പും ഉപയോഗിച്ച് കൈകൾ കഴുകുക, തുമ്മുകയോ ചുമക്കുകയോ ചെയ്യുമ്പോൾ വായയും മൂക്കും ടവ്വൽ കൊണ്ട് പൊത്തണം, കൈകൊണ്ടും മൂക്കുകൊണ്ടുമുള്ള അഭിവാദ്യം, ആലിംഗനം, ചുംബനം എന്നിവ ഒഴിവാക്കണം. ഈ പ്രതിരോധ നടപടികൾ ഓരോർത്തരുടെയും മതപരവും നിയമപരവുമായ ബാധ്യതയാണ്.

back to top