ഖലീഫാ ഉമറി (റ)ന്റെ ആരോഗ്യ ജാഗ്രത

യുഎഇ ജുമുഅ ഖുത്ബ പരിഭാഷ (13.03.2020)
മൻസൂർ ഹുദവി കളനാട്


ഹിജ്‌റ 18ാം വർഷം. ഉമർ ബ്‌നു ഖത്വാബി (റ)ന്റെ ഖിലാഫത്തു കാലം. ഖലീഫാ ഉമറും (റ) അനുയായികളും സിറിയയിലേക്ക് (അന്നത്തെ ശാം ദേശം) യാത്രതിരിക്കുകയുണ്ടായി. വഴിക്കുവെച്ച് അബൂ ഉബൈദത്തു ബ്‌നുൽ ജറാഹി (റ)നെയും സംഘത്തെയും കണ്ടുമുട്ടി. സിറിയയിൽ നിയമിക്കപ്പെട്ടയാളായിരുന്നു അദ്ദേഹം. സിറിയയിൽ മഹാവ്യാധി പടരുകയാണെന്ന കാര്യം അറിയിച്ചപ്പോൾ ഉമർ (റ) കൂടെ വന്ന മുഹാജിറുകളും അനുസ്വാരികളുമായ സ്വഹാബികളോട് കൂടിയാലോചന നടത്തി. അങ്ങനെ സിറിയയിലേക്ക് കടക്കാതെ മടങ്ങാൻ തീരുമാനിക്കുകയായിരുന്നു. അപ്പോൾ അബൂ ഉബൈദ (റ) ഉമറി (റ)നോട് ചോദിച്ചു: നിങ്ങൾ അല്ലാഹുവിന്റെ വിധിയിൽ നിന്ന് പിന്തിരിഞ്ഞോടുകയാണോ? ഉമർ (റ) പറഞ്ഞു: അതേ, ഞങ്ങൾ അല്ലാഹുവിന്റെ വിധിയിൽ നിന്ന് അല്ലാഹുവിന്റെ തന്നെ മറ്റൊരു വിധിയിലേക്ക് കടക്കുകയാണ്. 'ഒരു സ്ഥലത്ത് പകർച്ചവ്യാധിയുണ്ടെന്നറിഞ്ഞാൽ അവിടത്തേക്ക് കടക്കരുത്, നിങ്ങളുള്ള സ്ഥലത്ത് വ്യാധിയുള്ളതെങ്കിൽ അവിടെനിന്ന് പുറത്തു പോവകയുമരുത്' എന്ന് നബി (സ്വ) പറയുന്നത് കേട്ടതായി അബ്ദുൽ റഹ്മാൻ ബ്‌നു ഔഫ് (റ) സാക്ഷ്യപ്പെടുത്തുകയുമുണ്ടായി (ഹദീസ് ബുഖാരി, മുസ്ലിം). ഇതാണ് ജാഗ്രത. ഇന്ന് കോവിഡ് 19 കാലത്ത് ഭരണകൂടങ്ങൾ നടപ്പാക്കിക്കൊണ്ടിരിക്കുന്ന ക്വോറൻറ്റീൻ നയം (പകർച്ചവ്യാധി തടയാനായി രോഗബാധിതർക്ക് ഏർപ്പെടുത്തുന്ന ഗമനാഗമന വിലക്ക്) രണ്ടാം ഖലീഫാ ഉമർ (റ) ഖിലാഫത്ത് കാലഘട്ടത്തിൽ തന്നെ പ്രാബല്യത്തിൽ വരുത്തിയതാണ്. പകർച്ചാ രോഗങ്ങളെപ്പറ്റിയുള്ള നബി (സ്വ)യുള്ള ആരോഗ്യ നിർദേശങ്ങളാണ് അതിന് പ്രചോദനമായത്. പ്രതിസന്ധികളെ നേരിടാൻ വേണ്ടത് ജാഗ്രതയും കരുതലുമാണ്. ജാഗ്രതയും പ്രതിരോധവുമില്ലാതെ എല്ലാം അല്ലാഹുവിൽ ഭരമേൽപ്പിച്ച് വിധികൾ പുൽകാനുള്ള മനസ്സന്നദ്ധത യുക്തമല്ല. വിവേകത്തോടെ കരുതൽ നടപടികൾ ചെയ്യണം. കൂടെ പ്രാർത്ഥനയും വേണം. ഒട്ടകത്തെ കയറൂരി വിട്ട് അല്ലാഹുവിങ്കൽ ഭരമേൽപ്പിക്കണോ? കെട്ടിയിട്ട ശേഷം അല്ലാഹുവിൽ ഭരമേൽപ്പിക്കണോ എന്ന് ചോദിച്ചയാളോട് ഒട്ടകത്തെ കെട്ടിയിട്ട ശേഷം അല്ലാഹുവിൽ തവക്കുൽ ചെയ്യണമെന്നാണ് നബി (സ്വ) മറുപടി പറഞ്ഞത് (ഹദീസ് തുർമുദി 2517).

കൊറോണ വൈറസ് 19 വെല്ലുവിളി നേരിടാൻ മുൻകരുതലുകളോടെ ജാഗരൂകമായ പ്രതിരോധോപായങ്ങളാണ് യുഎഇ ഭരണകൂടം ക്രമീകരിച്ചിരിക്കുന്നത്. രാജ്യത്തെത്തുന്നവർക്ക് വിമാനത്താവളങ്ങളിൽ മികവുറ്റ ആരോഗ്യ പരിശോധനാ സജ്ജീകരണങ്ങളും ഒരുക്കിയിട്ടുണ്ട്. കൂടുതൽ പരിശോധനകൾ ആവശ്യമുള്ള യാത്രക്കാർക്ക് കവചിത രീതിയിലുള്ള സൗകര്യങ്ങളുമുണ്ട്. രോഗം സ്ഥിരീകരിച്ചവരെ പ്രത്യേക ആരോഗ്യ കേന്ദ്രങ്ങളെത്തിച്ച് മികച്ച പരിചരണവും ചികിത്സയും നൽകുന്നതാണ്. ഈ പ്രതിരോധ നടപടികളുമായി ഏവരും സഹകരിക്കണം. ആരോഗ്യ മന്ത്രാലയത്തിൽ നിന്നുള്ള നിർദേശങ്ങളും അറിയിപ്പുകളും ചെവികൊണ്ട് ആരോഗ്യ ജാഗ്രതാ പക്രിയകളിൽ ഓരോർത്തരും പങ്കുചേരണം. കുടുംബത്തിലും സമൂഹത്തിലും ഇടപെടുമ്പോൾ ആരോഗ്യ ജാഗരണം പാലിക്കുകയും വേണം.

back to top