തീയ്യതി: 04/12/2020
അല്ലാഹുവിന്റെ വിശിഷ്ട പേരുകളായ അസ്മാഉൽ ഹുസ്‌നയിൽപ്പെട്ടതാണ് 'ശകൂർ' എന്ന നാമം. നന്ദി ചെയ്യുന്നവനെന്ന് അർത്ഥമാക്കുന്നു. സ്രഷ്ടാവായ അവൻ സൃഷ്ടികൾക്ക് എണ്ണമറ്റ അനുഗ്രഹങ്ങളാണല്ലൊ ഏകിയിരിക്കുന്നത്. ആരാധനാനുഷ്ഠാനങ്ങളിൽ ഇളവ് അനുവദിച്ച ആരാധ്യനായ അവൻ വർദ്ധിതമായ പ്രതിഫലങ്ങളാണ് അനുസരണയുള്ള അടിമകൾക്ക് നന്ദിയായി പ്രകാശിപ്പിക്കുന്നത്. സൃഷ്ടികൾക്കും ഉണ്ടാവേണ്ട വിശേഷാൽ ഗുണമാണ് നന്ദിപ്രകടനം. അതൊരു സത്ക്കർമ്മമാണ്. അത് പടപ്പുകളിൽ നിന്ന് പടേേച്ചാനാവുമ്പോൾ ആരാധന കൂടിയാണ്. വാചാ കർമണയോ ഹൃദയപൂർവ്വമോ ആയിരിക്കും നന്ദിപ്രകാശനം.
പ്രവാചകന്മാരും മറ്റു പൂർവ്വ ജ്ഞാനികളും മഹത്തുക്കളും അല്ലാഹുവിനോട് ഏറെ നന്ദി കാട്ടിയിരുന്നുവെന്നതിന് ചരിത്രം സാക്ഷി. നൂഹ് നബി (അ)യുടെ കൃതജ്ഞതാ ബോധത്തെ വിശുദ്ധ ഖുർആൻ വിവരിക്കുന്നുണ്ട്: നൂഹ് നബിയൊന്നിച്ച് നാം ജലയാനത്തിൽ വഹിച്ചവരുടെ സന്തതികളേ, നിശ്ചയം അദ്ദേഹം അതീവ കൃതജ്ഞനായിരുന്നു (സൂറത്തുൽ ഇസ്‌റാഅ് 3). ഏവരും അങ്ങനെ നന്ദിയുള്ളവരാവണമെന്ന ഉത്‌ബോധനവും ഈ സൂക്തം നൽകുന്നുണ്ട്. മൂസാ നബി (അ)യോട് നന്ദി സംസ്‌ക്കാരമാക്കുന്നവരുടെ കൂട്ടത്തിൽപ്പെടാനാണ് അല്ലാഹു കൽപ്പിച്ചത്: അല്ലാഹു പറഞ്ഞു: ഓ, മൂസാ എന്റെ സന്ദേശങ്ങളും സംസാരവും കൊണ്ട് ജനങ്ങളിൽ ശ്രേഷ്ഠനായി താങ്കളെ ഞാൻ തെരഞ്ഞെടുത്തിരിക്കുന്നു. അതു കൊണ്ട് ഞാൻ താങ്കൾക്കു തന്നത് മുറുകെപ്പിടിക്കുകയും കൃതജ്ഞരിലുൾപ്പെടുകയും ചെയ്യുക (സൂറത്തുൽ അഅ്‌റാഫ് 144). നമ്മുടെ പ്രവാചകർ മുഹമ്മദ് നബി (സ്വ)യോട് അല്ലാഹുവിനെ ആരാധിച്ച് നന്ദിയുള്ളവരാകാനുള്ള സന്ദേശം നൽകുന്ന കാര്യവും ഖുർആൻ വ്യക്തമാക്കുന്നുണ്ട് (സൂറത്തു സുമർ 66).
വന്ദനോപചാര സംസ്‌ക്കാരം സമൂഹത്തിൽ വ്യാപകമാവണം. എന്നാൽ മാത്രമേ പരസ്പര സ്‌നേഹവും ബഹുമാനവും, അതുവഴി ദൈവാനുഗ്രഹങ്ങളും പ്രാപ്തമാവുകയുള്ളൂ. 'അല്ലാഹു നിങ്ങൾക്കു ചെയ്ത അനുഗ്രഹം ഓർത്തു നോക്കുക, കൃതജ്ഞത പ്രകാശിപ്പിക്കുന്നുവെങ്കിൽ നിശ്ചയം നിങ്ങൾക്കു ഞാൻ അനുഗ്രഹ വർധന നൽകുന്നതാണ്, പ്രത്യുത കൃതഘ്‌നത കാട്ടുന്നുവെങ്കിൽ എന്റെ ശിക്ഷ കഠിനം തന്നെ തീർച്ച' എന്നാണ് അല്ലാഹു അറിയിച്ചിരിക്കുന്നത് (സൂറത്തു ഇബ്രാഹിം 07).
പ്രഥമമായി, നാം ആത്മീയമായും ഭൗതികമായും ബൗദ്ധികമായും മാനസികമായും പലനിലക്കും പ്രാപ്തരാക്കിയ അനുഗ്രഹ ദാതാവായ അല്ലാഹുവിനോട് കടപ്പെട്ടിരിക്കുന്നു. സദാ വാക്കിലും പ്രവർത്തിയിലും ചിന്തയിലും നന്ദിയുള്ളവരായിരിക്കണം. മാതാപിതാക്കളോട് ഏറെ നന്ദിയും കടപ്പാടുമുള്ളവരായിരിക്കണം. എനിക്കും മാതാപിതാക്കൾക്കും നന്ദി കാട്ടണമെന്നാണല്ലൊ അല്ലാഹു തന്നെ പ്രസ്താവിച്ചിരിക്കുന്നത് (സൂറത്തു ലുഖ്മാൻ 14). സമൂഹത്തിലെ ഓരോർത്തരോടും നന്ദി പ്രകടിപ്പിക്കണം. നാടിനോടും നാട്ടാരോടും നന്ദി വേണം. നല്ലവരായ ഭരണാധികാരികളോടും നിസ്തുല സേവനസന്നദ്ധമായ ഭരണസംവിധാനങ്ങളോടും നന്നേ കൃതജ്ഞ കാട്ടി കൃതാർത്ഥരായിരിക്കണം.

