യുഎഇ ജുമുഅ ഖുത്ബ പരിഭാഷ
മൻസൂർ ഹുദവി കളനാട്
തീയ്യതി: 11/12/2020
വിഷയം: സന്നദ്ധസേവനം
മറ്റുള്ളവർക്ക് വേണ്ടി സേവനസന്നദ്ധമായിരിക്കാനും സൽകൃത്യങ്ങളിൽ സഹകരിക്കാനും ദൈവകൽപനയുള്ളതാണ്. പ്രവാചകന്മാരുടെ ജീവിതം സന്നദ്ധസേവന സമർപ്പിതമായിരുന്നെന്നാണ് വിശുദ്ധ ഖുർആനിലൂടെ അല്ലാഹു കഥനം ചെയ്യുന്നത്. 'നിശ്ചയം, അവരുടെ കഥാകഥനങ്ങളിൽ ബുദ്ധിമാന്മാർക്ക് വലിയ ഗുണപാഠമുണ്ട്' (സൂറത്തു യൂസുഫ് 111). മൂസാ നബി (അ) മദ്‌യൻ ഗ്രാമത്തിലെത്തിയപ്പോൾ രണ്ടു സഹോദരികളെ ജലസേചനത്തിനായി സഹായിക്കുന്ന കാര്യം ഖുർആൻ വിവരിക്കുന്നുണ്ട്: മദ്‌യനിലെ ജലസ്രോതസ്സിനു സമീപമെത്തിയപ്പോൾ കാലിക്കൂട്ടങ്ങളെ ജലപാനം ചെയ്യുകയായിരുന്ന ഒരു സംഘം ആളുകളെ അദ്ദേഹം അവിടെ കണ്ടു. അവരിൽ നിന്നകലെയായി തങ്ങളുടെ ആട്ടിൻ പറ്റത്തെ തടുത്തുനിറുത്തിക്കൊണ്ടിരുന്ന രണ്ടു സ്ത്രീകളും തന്റെ ദൃഷ്ടിയിൽപ്പെട്ടു. എന്താണ് നിങ്ങളുടെ പ്രശ്‌നമെന്നദ്ദേഹമന്വേഷിച്ചതിന് അവരിരുവരും പ്രതികരിച്ചു: “ഇടയന്മാർ തങ്ങളുടെ കാലികൾക്ക് പാനം ചെയ്യിച്ച് മടങ്ങിപോകുന്നതു വരെ ഞങ്ങൾ കുടിപ്പിക്കുകയില്ല. ഞങ്ങളിടെ പിതാവാകട്ടെ വയോവൃദ്ധനുമാണ്”. അങ്ങനെ അവരുടെ കാലികൾക്കദ്ദേഹം വെള്ളം കുടിപ്പിച്ച ശേഷം തണലിലേക്ക് പോയി ഇരുന്ന് നാഥാ, നീ സമർപ്പിക്കുന്ന ഏതൊരു നന്മക്കും ഞാൻ ആവശ്യക്കാരനാണ് എന്നു പ്രാർത്ഥിച്ചു (സൂറത്തുൽ ഖസ്വസ് 23, 24).
സഹജീവി സ്‌നേഹത്തിന്റെയും സേവനസന്നദ്ധതയുടെയും സഹകരണത്തിന്റെയും മൂല്യമോതുന്നതാണ് ഈ ചരിത്ര സംഭവം. അബലർക്ക് പിന്തുണയേകാനും നിരാശ്രയർക്ക് ആശ്രയമാകാനുമുള്ള പാഠമണ് മൂസാ നബി (അ) ദർശിപ്പിച്ചിരിക്കുന്നത്. ജനങ്ങൾക്ക് ഉപകാരം ചെയ്യുന്നവരാണ് അവരിലെ ഉത്തമരെന്ന് പ്രവാചകാധ്യാപനവും പാഠം നൽകുന്നു (ഹദീസ് ത്വബ്‌റാനി അൗസ്വത് 6/58). മറ്റുള്ളവരുടെ ആവശ്യങ്ങളറിഞ്ഞ് സഹായമെത്തിക്കുന്നവരും അവരുടെ പ്രശ്‌നങ്ങൾ പരിഹരിക്കാൻ മുന്നിട്ടിറങ്ങുന്നവരുമാണ് ശ്രേഷ്ഠജനമെന്ന് സാരം. ദുരിതകാലത്തെ സന്നദ്ധസേവകരും (വളണ്ടിയർമാർ) ആ ഗണത്തിൽപ്പെടും.
നബി (സ്വ) പറയുന്നു: ജനങ്ങൾക്ക് ഉപകാരങ്ങൾ ചെയ്യുന്നവരാണ് അല്ലാഹുവിന് ഏറെ ഇഷ്ടപ്പെട്ടവർ. മറ്റുള്ളവർക്ക് സന്തോഷകരമായ നല്ലകാര്യങ്ങൾ ചെയ്യലും അവരുടെ പ്രയാസങ്ങളിൽ താങ്ങാവലും കടം വീട്ടാനും പട്ടിണി മാറ്റാനും സഹായിക്കലുമാണ് അല്ലാഹുവിന് ഏറ്റവും ഇഷ്ടപ്പെട്ട കാര്യങ്ങൾ. സഹോദരന്റെ ആവശ്യങ്ങൾക്കായി കൂടെയിറങ്ങുന്നതാണ് ഒരു മാസക്കാലം മദീനത്തെ പള്ളിയിൽ ആരാധനാനിമഗ്നനായി ഇഅ്തികാഫ് ഇരിക്കുന്നതിനേക്കാൾ എനിക്കേറെ ഇഷ്ടകരം (ഹദീസ് ത്വബ്‌റാനി, മുഅ്ജമുൽ കബീർ 12 453).

