യുഎഇ ജുമുഅ ഖുത്ബ പരിഭാഷ
മൻസൂർ ഹുദവി കളനാട്
തീയ്യതി: 18/12/2020
വിഷയം: അല്ലാഹുവിനെപ്പറ്റി നല്ലത് വിചാരിക്കുക
ഇമാം ബുഖാരി (റ)യും ഇമാം മുസ്ലി (റ)മും റിപ്പോർട്ട് ചെയ്യുന്ന ഖുദ്‌സിയ്യായ ഹദീസിൽ അല്ലാഹു പറയുന്നു: 'ഞാൻ എന്റെ അടിമ എന്നെപ്പറ്റി വിചാരിക്കും പ്രകാരമായിരിക്കും'. ദൈവതമ്പുരാനായ അല്ലാഹുനെപ്പറ്റി നല്ലത് മാത്രം വിചാരിക്കാനാണ് പ്രസ്തുത ഹദീസിലൂടെ പ്രവാചകർ മുഹമ്മദ് നബി (സ്വ) പഠിപ്പിക്കുന്നത്. മദീനയിലേക്കുള്ള പലായനത്തിനിടക്ക് ഭയചകിതമായ അന്തരീക്ഷരത്തിൽ ശൗർ ഗുഹയിൽ അഭയം പ്രാപിച്ചപ്പോൾ നബി (സ്വ) പ്രിയ അനുചരൻ അബൂബക്കറി(റ)നോട് ചോദിച്ചത് 'യാ അബൂബക്കർ, നമ്മൾ രണ്ടുപേർക്ക് കൂട്ടായി മൂന്നാമതൊരാളായി അല്ലാഹു ഉള്ളതിനെ താങ്കളെങ്ങനെ വിചാരിക്കുന്നു'വെന്നാണ് (ഹദീസ് ബുഖാരി, മുസ്ലിം).
ആൾവാസമോ പാനജലമോ ഇല്ലാത്ത മക്കാ മരുഭൂവിൽ ഭാര്യ ഹാജറ (അ)യെയും പിഞ്ചോമന ഇസ്മാഈലിനെ (അ)യും തനിച്ചാക്കി ഇബ്രാഹിം നബി (അ) പോവുന്ന വിരഹ വിഹ്വലത ചരിത്രമാണല്ലൊ. ആ സന്ദർഭത്തിൽ ഇബ്രാഹിം നബി (അ)യെ ഭാര്യ പിന്തുടർന്ന് കൂടെകൂടെ ചോദിക്കുകയായിരുന്നു: അങ്ങ് ഞങ്ങളെ ഈ ഊഷര ഭൂമിയിൽ വിട്ടേച്ചുപോവുകയാണോ? അദ്ദേഹം തിരിഞ്ഞുനോക്കുമ്പോൾ മഹതി ചോദിക്കും: താങ്കളോട് ഇങ്ങനെ ചെയ്യാൻ അല്ലാഹു കൽപ്പിച്ചതാണോ? ഇബ്രാഹിം നബി (അ) പറയും: അതേ. അപ്പോൾ മഹതി പറയും: എന്നാലത് വെറുതെയാവില്ല. അതാണ് വാക്ക്. ദൈവത്തെ കൂടെ കരുതുന്ന വാക്ക്. അതാണ് അചലഞ്ചമായ വിശ്വാസം. പടച്ച റബ്ബ് തങ്ങൾക്ക് ഏതു ഘട്ടത്തിലും നല്ലത് മാത്രമേ വരുത്തുള്ളൂവെന്ന അസാമാന്യ വിശ്വാസം. ജീവതത്തിലുടനീളം മരണം വരെ അല്ലാഹുവനെപ്പറ്റി നല്ലത് മാത്രം കരുതാനാണ് നബി (സ്വ) കൽപ്പിച്ചിരിക്കുന്നത് (ഹദീസ് മുസ്ലിം 2877, അഹ്മദ് 14480). വിശുദ്ധ ഖുർആൻ സൂറത്തു ത്തൗബ 118ാം സൂക്തത്തിലൂടെ അല്ലാഹു ചില ആൾക്കാരെ പ്രതിപാദിക്കുന്നുണ്ട്: 'അല്ലാഹുവിങ്കൽ നിന്നു അവങ്കലേക്കു മാത്രമേ അഭയസ്ഥാനമുള്ളൂ എന്നവർക്കു ബോധ്യപ്പെട്ടു, പിന്നീട് അല്ലാഹു അവർക്ക് പശ്ചാത്താപത്തിനവസരമുണ്ടാക്കി അവർ ഖേദിച്ചു മടങ്ങാൻ'.
ഏതു ആപൽഘട്ടത്തിലും അല്ലാഹുവിൽ ഭരമേൽപ്പിച്ച് അവനിൽ നിന്ന് നല്ലത് മാത്രമേ ഭവിക്കുള്ളൂവെന്നും ആശ്വാസഘട്ടം വന്നണയുമെന്നും കരുതാനാണ് മഹാന്മാർ ഉപദേശിക്കുന്നത്. അതത്രെ ഏറെ പരിഹാര്യവും. അപ്രകാരമെല്ലാം അല്ലാഹുവിൽ നിന്ന് നല്ലത് മാത്രം കരുതി നല്ലത് മാത്രം പ്രവർത്തിക്കുന്നവനാണ് യഥാർത്ഥ വിശ്വാസി. അതാണ് ഒരു അറബി കവിതയിൽ പ്രസ്താവ്യമായപോലെ നാഥനെക്കുറിച്ചുള്ള സുന്ദര വിചാരപ്പെടൽ.

