ഇന്ന് (18/12/2020) യുഎഇയിലെ പള്ളികളിൽ ശൈഖ് ഖലീഫയുടെ ആഹ്വാനപ്രകാരം മഴ തേടിക്കൊണ്ടുള്ള പ്രാർത്ഥനയും നമസ്‌ക്കാരവും (സ്വലാത്തുൽ ഇസ്തിസ്ഖാഅ്) നടത്താൻ യുഎഇ ഔഖാഫ് മതകാര്യ വകുപ്പ് നിർദേശിച്ചിരിക്കുകയാണ്.
ജുമുഅ നമസ്‌ക്കാരത്തിന്റെ ബാങ്കിന് പത്ത് മിനുട്ട് മുമ്പായി സ്വലാത്തുൽ ഇസ്തിസ്ഖാഅ് തുടങ്ങും. ഈ നമസ്‌ക്കാരത്തിന് ബാങ്കോ ഇഖാമത്തോ ഇല്ല. മുഅദ്ദിൻ 'അസ്സലാത്തു ജാമിഅ' എന്ന് വിളിച്ചുപറയുന്നതോടെ നമസ്‌ക്കാരമാരംഭിക്കും. ജമാഅത്തായുള്ള രണ്ടു റക്അത്ത് നമസ്‌ക്കാരത്തിൽ ഇമാം ഉറക്കെ ഖുർആൻ പാരായണം ചെയ്യും. നമസ്‌ക്കാരം അഞ്ചു മിനുട്ടിൽ കൂടാതിരിക്കാനാണ് നിർദേശം. നമസ്‌ക്കാര ശേഷം ഇമാം പീഠത്തിൽ കയറാതെ അതേ ഇരുപ്പിൽ നിന്ന് നിന്നുകൊണ്ട് മിഹ്‌റാബിൽ വെച്ച് ഇസ്തിസ്ഖാഅ് നമസ്‌ക്കാരത്തിന്റെ രണ്ടു ഖുത്ബകൾ നടത്തും. രണ്ടാം ഖുത്ബയിൽ ഇമാം ഖിബ്‌ലക്ക് മുന്നിട്ടുനിന്നുകൊണ്ട് പ്രാർത്ഥന നടത്തും. ശേഷം ജുമുഅയുടെ ഒന്നാം ബാങ്കിനെ പ്രതീക്ഷിച്ചിരിക്കണം.
സ്വലാത്തുൽ ഇസ്തിസ്ഖാഇനുള്ള രണ്ടു ഖുത്ബകളുടെ സാരാംശം ചുവടെ വായിക്കാം:
സർവ്വ ചരാചരങ്ങൾക്കും മഴ നൽകി അനുഗ്രഹിക്കുന്നവനാണ് അല്ലാഹു. വിശുദ്ധ ഖുർആൻ പ്രസ്താവിക്കുന്നുണ്ട് 'ആളുകൾക്ക് ആശ വറ്റിയതിൽ പിന്നെ മഴ പെയ്യിക്കുന്നതും തന്റെ അനുഗ്രഹം വ്യാപിപ്പിക്കുന്നതും അവൻ തന്നെ. ശ്ലാഘനീയമായ സംരക്ഷനാണവൻ' (സൂറത്തു ശ്ശൂറാ 28). ജലം മഹത്തായ ദൈവാനുഗ്രഹമാണ്. ജീവൽതുടിപ്പിന്റെ പ്രധാന ഘടകമാണത്. 'സർവ്വ ജീവവസ്തുക്കളെയും ജലത്തിൽ നിന്ന് നാം സൃഷ്ടിച്ചു എന്നിട്ടും അവർ സത്യവിശ്വാസം കൈക്കൊള്ളുന്നില്ലേ' (സൂറത്തുൽ അമ്പിയാഅ് 30). ജീവിതത്തിൽ വെള്ളത്തിന് ഏറെ പ്രാധാന്യമുള്ളത് കൊണ്ടാണ് പ്രവാചകന്മാർ അതു തേടിയതും ആകാശത്തിൽ നിന്ന് അതിറങ്ങിവരാനുള്ള നിദാനങ്ങൾ ജനതകൾക്ക് പഠിപ്പിച്ചുകൊടുത്തതും. നൂഹ് നബി (അ)യെ ഉദ്ധരിച്ച് വിശുദ്ധ ഖുർആൻ വിവരിക്കുന്നു: 'ഞാൻ അവരെ ഇങ്ങനെ ഉദ്‌ബോധിപ്പിക്കുകയുണ്ടായി നിങ്ങളിടെ നാഥനോട് മാപ്പിന്നപേക്ഷിക്കൂ, നിശ്ചയം ധാരാളമായി പാപങ്ങൾ പൊറുക്കുന്നവനാണവൻ. എങ്കിൽ നിങ്ങൾക്കവൻ പേമാരി വർഷിക്കുകയും സമ്പത്തും സന്താനങ്ങളും കൊണ്ട് അനുഗ്രഹിക്കുകയും ആരാമങ്ങളും അരുവികളും സംവിധാനിച്ചു തരികയും ചെയ്യുന്നതാണ് (സൂറത്തു നൂഹ് 10, 11, 12).
ഹൂദ് നബി(അ)യെ ഉദ്ധരിച്ചും ഖുർആൻ വ്യക്തമാക്കുന്നുണ്ട്: 'എന്റെ സമുദായമേ, നിങ്ങൾ രക്ഷിതാവിനോട് പാപമോചനമർത്ഥിക്കുകയും അവങ്കലിലേക്ക് ഖേദിച്ചുമടങ്ങുകയും ചെയ്യുക. എന്നാൽ നിങ്ങൾക്കവൻ കോരിച്ചൊരിയുന്ന മഴ വർഷിച്ചുതരികയും മേൽക്കുമേൽ ശക്തി നൽകുകയും ചെയ്യും' (സൂറത്തു ഹൂദ് 52). മഴ വർഷിക്കാനുള്ള കാരിണികൾ പലതുണ്ട്: പശ്ചാത്താപം അധികരിപ്പിക്കൽ, കുറ്റങ്ങളിൽ നിന്ന് ഖേദിച്ചുമടങ്ങൽ, രാവും പകലും ദൈവാനുസരണയോടെ സൽവൃത്തികൾ ചെയ്യുക.
സൂറത്തുൽ ജിന്നിൽ 16ാം സൂക്തത്തിൽ കാണാം: 'എനിക്ക് ഇങ്ങനെയും ബോധനം കിട്ടി ഈ ഇസ്ലാമിക പന്ഥാവിൽ അടിയുറച്ചു നിലകൊണ്ടാൽ അവരെ പരീക്ഷിക്കാനായി നാം അവർക്ക് ധാരാളം പാനജലം നൽകുന്നതാണ്'. ഇത്തരത്തിൽ മഴ തേടിക്കൊണ്ടുള്ള പ്രാർത്ഥന പ്രവാചക ചര്യയാണ്. നബി (സ്വ) ഇസ്തിസ്ഖാഅ് നമസ്‌ക്കാരം നിർവ്വഹിച്ചതായി ഹദീസുകളിൽ കാണാം.

