നല്ലത് മാത്രം മൊഴിയുക, നാവ് സൂക്ഷിക്കുക

യുഎഇ ജുമുഅ ഖുത്ബ പരിഭാഷ

മൻസൂർ ഹുദവി കളനാട്

തീയ്യതി: 25/12/2020

വിഷയം: നല്ലത് മാത്രം സംസാരിക്കുക


മനുഷ്യസൃഷ്ടിപ്പ് ഏറെ അത്ഭുതകരമാണ്. പടച്ചവന്റെ സൃഷ്ടിജാലങ്ങളിൽ വെച്ച് ആദരണീയരാണല്ലൊ മനുഷ്യർ. സൃഷ്ടിച്ച് മാനിച്ചുവെന്ന് മാത്രമല്ല ആശയവിനിമയത്തിനായി സംസാരശേഷി നൽകിയും അനുഗ്രഹിച്ചിരിക്കുകയാണ്. ഈ വാമൊഴി കഴിവ് സുകൃതവഴികളിൽ ഉപയോഗിക്കാനാണ് അല്ലാഹു കൽപ്പിക്കുന്നത്. വിശുദ്ധ ഖുർആൻ സൂറത്തുൽ അഹ്‌സാബ് 70ാം സൂക്തത്തിലൂടെ പറയുന്നു: 'സത്യവിശ്വാസികളേ, നിങ്ങൾ അല്ലാഹുവിനെ സൂക്ഷിക്കുകയും സത്യസന്ധമായി സംസാരിക്കുകയും ചെയ്യുക'. പ്രസ്തുത ഖുർആനിക സൂക്തത്തിൽ സത്യസന്ധ സംസാരം എന്ന് സൂചിപ്പിക്കുന്ന 'ഖൗലൻ സദീദൻ' എന്നത് മനുഷ്യന് ഇഹപരലോകങ്ങളിൽ ഉപകാരപ്പെടുന്ന സന്മാർഗ പൂർണവും നീതിയുക്തവുമായ സംസാരമാണെന്ന് ഖുർആൻ വ്യാഖ്യാനങ്ങളിൽ കാണാം. 


ഏറ്റവും നല്ല സംസാരം ദൈവത്തെ സ്മരിക്കുന്ന ദിക്‌റുകളാണ്. ഏതവസ്ഥയിലും ഏതുസമയത്തും സത്യവിശ്വാസി ദിക്‌റുകൾ ഉരുവിടണം. 'സത്യവിശ്വാസികളേ, നിങ്ങൾ അല്ലാഹുവിനെ ധാരാളമായി അനുസ്മരിക്കുകയും പ്രഭാതപ്രദോഷങ്ങളിൽ അവന്റെ മഹത്വം വാഴ്ത്തുകയും ചെയ്യുക' (സൂറത്തുൽ അഹ്‌സാബ് 41, 42). വിശ്വാസി ഓരോ വാക്കിലും സത്യസന്ധത ഉറപ്പുവരുത്തണം. അല്ലാഹു പറയുന്നു: സത്യവിശ്വാസികളേ, നിങ്ങൾ അല്ലാഹുവിനെ സൂക്ഷിക്കുകയും സത്യസന്ധമാരൊന്നിച്ചാവുകയും ചെയ്യുക (സൂറത്തു ത്തൗബ 119). സത്യസാക്ഷികളായ സിദ്ധീഖുകളിൽപ്പെടാൻ വാക്കിലെ കളങ്കമില്ലായ്മ ജീവിതത്തിൽ ഒഴിച്ചുകൂടാനാവാത്തതാണ്. സത്യസന്ധത ജീവിതപഥത്തിൽ ശീലമാക്കിയവരെ അല്ലാഹു സിദ്ധീഖുകളായി രേഖപ്പെടുത്തുമെന്ന് ഹദീസുണ്ട് (ബുഖാരി, മുസ്ലിം).


നബി (സ്വ) പറയുന്നു: 'നിങ്ങൾ ആറു കാര്യങ്ങളിൽ സൂക്ഷിക്കുമെന്ന് ഉറപ്പു നൽകിയാൽ സ്വർഗം ലഭിക്കുമെന്ന് ഞാൻ ഉറപ്പു നൽകുന്നു'. ആ കാര്യങ്ങൾ എണ്ണിപ്പറഞ്ഞപ്പോൾ ആദ്യം പറഞ്ഞത് സംസാരത്തിൽ സത്യസന്ധത പുലർത്തണമെന്നാണ്. മറ്റു അഞ്ചു കാര്യങ്ങൾ: വാക്കു പാലിക്കുക, വിശ്വസ്ഥത കാണിക്കുക, ഗുഹ്യസ്ഥാനങ്ങൾ സൂക്ഷിക്കുക, അരുതാത്തവയിൽ നിന്ന് കണ്ണു ചിമ്മുക, നിഷിദ്ധങ്ങളെ കൈതട്ടി മാറ്റുക (ഹദീസ് അഹ്്മദ് 23428, ഇബ്‌നു ഹിബ്ബാൻ 271). ആളുകൾക്ക് ആശ്വാസകരമായത് സംസാരിക്കാനും ഖുർആൻ പഠിപ്പിക്കുന്നുണ്ട്. സൂറത്തുൽ ബഖറ 83ാം സൂക്തത്തിൽ ജനങ്ങളോട് നല്ലത് സംസാരിക്കണമെന്നുള്ളത് മതജാതി വേഷഭാഷ ഭേദമന്യെ സമൂഹത്തിലെ ഏവരോടും ബന്ധങ്ങൾക്ക് വിഘാതമേൽക്കാത്ത വിധം മയത്തിലും സൗമ്യഭാവത്തിലും പെരുമാറാൻ നാവ് ഉപയോഗിക്കണമെന്നാണ്. വാക്കുകളിലൂടെ ഏവർക്ക് സന്തോഷമേകണമെന്നും ധ്വനിയുണ്ട്. അത്തരം നല്ല സംസാരങ്ങൾ സ്വർഗത്തിലെത്തിക്കുമത്രെ. ഒരു കാരക്ക കഷ്ണം കൊണ്ടെങ്കിലും നരകത്തിൽ നിന്ന് സുരക്ഷിതമാവൂ, അതു കിട്ടിയില്ലെങ്കിൽ നല്ലൊരു വാക്ക് കൊണ്ടെങ്കിലും എന്നല്ലെ നബി (സ്വ) നമ്മെ ഉണർത്തിയിരിക്കുന്നത്. 


സംസാരിക്കുകയാണെങ്കിൽ നല്ലത് മാത്രം മൊഴിയുക, എന്നാൽ അതൊരു സുകൃത നേട്ടമാണ്. അല്ലെങ്കിൽ മിണ്ടാതിരിക്കുക, എന്നാൽ അവന് നാവിന്റെ ഭവിഷ്യത്തുകളിൽ നിന്ന് രക്ഷ നേടാം. അപ്രകാരം നാവിനെ നേരാംവിധം ഉപയോഗിക്കുന്നവർക്ക് ദൈവാനുഗ്രഹം ഉണ്ടാവട്ടെയെന്നാണ് നബി (സ്വ) പ്രാർത്ഥിച്ചത് (ഹദീസ് ബൈഹഖി 4/241).


back to top