യുഎഇ ജുമുഅ ഖുത്ബ പരിഭാഷ
മൻസൂർ ഹുദവി കളനാട്
തീയ്യതി: 01/01/2021
വിഷയം: വസ്ത്രദാനം
ഒരിക്കൽ നബി (സ്വ)യും അനുചരരും ഒരു സദസ്സിൽ ഇരിക്കുകയായിരുന്നു. അപ്പോഴാണ് ഒരു കൂട്ടം ദരിദ്ര ജനവിഭാഗം സമീപിക്കുന്നത്. അവർ ആവശ്യമായ വസ്ത്രങ്ങളില്ലാതെ ബുദ്ധിമുട്ടുകയായിരുന്നു. ആവശ്യം മനസ്സിലാക്കിയ നബി (സ്വ)യുടെ മനസ്സ് അലിഞ്ഞു. അവരുടെ ദയനീയവസ്ഥയിൽ ഖേദിച്ച നബി (സ്വ) അനുചരരോട് അവർക്ക് വസ്ത്രങ്ങളും അവശ്യ സാധനങ്ങളും ദാനം നൽകാനാവശ്യപ്പെട്ടു. അങ്ങനെ ഓരോർത്തരും തങ്ങളാലാവുന്ന വസ്ത്രങ്ങളും ഭക്ഷണസാധനങ്ങളും നൽകുകയായിരുന്നു. ദാനങ്ങളുടെ വലിയ കൂന തന്നെ നബി (സ്വ)യുടെ മുമ്പിൽ രൂപപ്പെട്ടു. ഇതു കണ്ട നബി (സ്വ) പ്രസന്നവദരരായി (ഹദീസ് 101). അനുയായികൾ അവശർക്കും നിരാശ്രയർക്കും താങ്ങായി നല്ല കാര്യങ്ങൾ ചെയ്യാൻ ഉത്സാഹം കാട്ടുന്നുവെന്നറിഞ്ഞ നബി (സ്വ) ഏറെ സന്തോഷിക്കുകയായിരുന്നു. നബി (സ്വ) പഠിപ്പിച്ച് സ്വഹാബികൾ അനുവർത്തിച്ച ഈ ദാന മാതൃക നാമോരോർത്തരും ജീവിത ശൈലിയാക്കേണ്ടിയിരിക്കുന്നു. നമ്മെ കണ്ട് നമ്മുടെ തലമുറകളും പഠിക്കേണ്ടതുണ്ട് ദാനധർമ്മങ്ങൾ. പരിശുദ്ധ ഇസ്ലാമിൽ ഒരാൾ നല്ലൊരു മാതൃക നടപ്പിലാക്കിയാൽ അവനിക്ക് അതിന്റെ പ്രതിഫലവും, അതു പകർത്തിയ മറ്റുള്ളവരുടെ പ്രതിഫലവും ലഭിക്കുമെന്നാണ് ഹദീസ് (ഹദീസ് മുസ്ലിം 1017).
വസ്ത്രവും ധനവും ദാനം ചെയ്യുകയെന്ന സൽകൃത്യം അന്ത്യനാൾ വരെ നിലനിൽക്കുന്നതായിരിക്കും. ഉള്ളവർ ഇല്ലാത്തവർക്ക് ധനവും മറ്റു വസ്ത്രങ്ങളടക്കമുള്ള അവശ്യ സാധനങ്ങളും നൽകിയാൽ ഈ ലോകം സന്തുലിതമാവും. എന്നാൽ മാത്രമേ പാരസ്പര്യബോധവും സഹകരണ മനോഭാവവും സഹജീവി സഹകരണവും നടക്കുകയുള്ളൂ. നബി (സ്വ) പറയുന്നു: ഒരാൾ മറ്റൊരുത്തന്റെ ഇഹലോക പ്രതിസന്ധികൾക്ക് താങ്ങായാൽ അല്ലാഹു അവന്റെ പരലോക പ്രതിസന്ധികൾ പരിഹരിക്കും, അവന്റെ ന്യൂനതകൾ മറച്ചുവെച്ചാൽ അല്ലാഹു ഇഹത്തിലും പരത്തിലും അവന്റെ ന്യൂനതകൾ മറച്ചുവെക്കുന്നതായിരിക്കും, ഒരാൾ മറ്റൊരാളെ സഹായിക്കുന്ന കാലത്തോളം അല്ലാഹു അവനെയും സഹായിച്ചുക്കൊണ്ടിരിക്കും (ഹദീസ് ബുഖാരി, മുസ്ലിം). പ്രസ്തുത ഹദീസിൽ പറയപ്പെട്ട ന്യൂനതകൾ മറക്കുന്ന കാര്യങ്ങളിൽ ശരീരം മറക്കുന്ന, ചൂടിൽ നിന്നും തണുപ്പിൽ നിന്നും കാക്കുന്ന വസ്ത്രങ്ങൾ ദാനം നൽകലും പെടുന്നതാണ്. ശൈത്യകാലത്ത് തണുപ്പകറ്റാൻ വസ്ത്രങ്ങൾ കിട്ടാത്ത ഒട്ടനേകം ജനങ്ങളുണ്ട്. അവർക്ക് വസ്ത്രങ്ങളെത്തിക്കുന്ന സദുദ്യമത്തിൽ നാം പങ്കാളികളാവണം. ഭൂമിയിലുള്ളവർക്ക് കരുണ ചെയ്യുന്നവർക്ക് ആകാശത്തിലുള്ള ജഗനിയന്താവ് കരുണ ചെയ്യുമത്രെ.
യുഎഇ റെഡ് ക്രസന്റ് വിവിധ രാജ്യങ്ങളിലായി ശീതം കവചം ചെയ്യാൻ വസ്ത്രങ്ങളില്ലാതെ വിഷമിക്കുന്നവർക്ക് ആശ്വാസമായി ഒരു ദാന പദ്ധതി ആവിഷ്‌ക്കരിച്ചിരിക്കുകയാണ്. നമ്മുക്കും കൈകോർക്കാം ഈ വസ്ത്രദാനത്തിൽ. വിശുദ്ധ ഖുർആനിൽ സൂറത്തു ദഹ്‌റ് 13ാം സൂക്തം വ്യക്തമാക്കും പ്രകാരം വെയിലോ തീക്ഷ്ണ തണുപ്പോ ഇല്ലാതെ സുന്ദര രമ്യ ഹർമ്യങ്ങളുള്ള സ്വർഗലോകത്ത് വിലസാൻ അവസരമൊരുക്കുന്നതാണ് ഇത്തരം ദാന ധർമ്മങ്ങൾ.

