യുഎഇ ജുമുഅ ഖുത്ബ പരിഭാഷ
മൻസൂർ ഹുദവി കളനാട്
തീയ്യതി: 08/01/2021
വിഷയം: സ്വശരീരത്തോടും ബാധ്യതകളുണ്ട്
മനുഷ്യൻ അനുഗ്രഹീത ജീവിയാണ്. ദൈവം മനുഷ്യനെ ഭൗതികമായും ആത്മീയമായും, ബൗദ്ധികമായും മാനസികമായും വളരെയേറെ അനുഗ്രഹിച്ചിട്ടുണ്ട്. സുകൃത സ്വരൂപനായിട്ടാണ് സൃഷ്ടിച്ചിരിക്കുന്നത്. ആന്തരികമായും ബാഹ്യമായും നല്ല കോലത്തിൽ പടച്ച സ്രഷ്ടാവ് ഗോചരവും അഗോചരവുമായ അനവധി അനുഗ്രഹങ്ങളേകി ശ്രേഷ്ടസൃഷ്ടിയാക്കി ബഹുമാനിച്ചിട്ടുമുണ്ട്. അക്കാര്യമാണ് വിശുദ്ധ ഖുർആൻ സൂറത്തുത്തീൻ 4ാം സൂക്തത്തിൽ സൂചിപ്പിക്കുന്നത് 'മനുഷ്യനെ നാം ഏറ്റവും ഉദാത്തമായ ആകൃതിയിൽ സൃഷ്ടിച്ചിരിക്കുന്നു'. ആകാര ഭംഗിയോടൊപ്പം ആരോഗ്യ ദൃഢഗാത്രമാക്കുകയും ചെയ്തിട്ടുണ്ട്. ശരീരവും ആരോഗ്യവും വളരെ വലിയ ദൈവാനുഗ്രഹങ്ങളാണ്.
ശരീരത്തെ ആരോഗ്യകരമായും സാന്മാർഗികമായും പരിരക്ഷിക്കേണ്ടത് ഓരോർത്തരുടെയും ബാധ്യതയാണ്. സ്വശരീരത്തെ രോഗാതുരമാവാതെയും അപകടത്തിൽപ്പെടുത്താതെയും കാത്തുസൂക്ഷിക്കണം. ദോഷത്തരങ്ങൾ ചെയ്യാതെയും കാക്കണം. സൂറത്തു ത്തകാസുർ 8ാം സൂക്തത്തിൽ 'അന്ത്യനാളിൽ അനുഗ്രഹങ്ങളെ സംബന്ധിച്ച് നിശ്ചയം നിങ്ങൾ ചോദ്യം ചെയ്യപ്പെടുന്നതാണെ'ന്ന് അല്ലാഹു മുന്നറിയിപ്പ് നൽകുന്നുണ്ട്. പ്രസ്തുത ആയത്തിൽ പറയപ്പെട്ട അനുഗ്രഹങ്ങൾ കണ്ണ്, കാത് തുടങ്ങിയ ശരീരാവയവങ്ങളുടെ ആരോഗ്യമെന്നാണ് പ്രമുഖ ഖുർആൻ പണ്ഡിതൻ അബ്ദുല്ലാ ബ്‌നു അബ്ബാസ് (റ) വ്യാഖ്യാനിച്ചത്. നബി (സ്വ) പറയുന്നു: അന്ത്യനാളിൽ ഓരോർത്തരും ഓരോ അനുഗ്രഹങ്ങളെപ്പറ്റിയും വിചാരണ ചെയ്യപ്പെടും. അന്നേരം ആദ്യമായി ചോദ്യം ചെയ്യുക 'നിന്റെ ശരീരത്തിന് നാം ആരോഗ്യം നൽകിയില്ലേ?' എന്നായിരിക്കും (ഹദീസ് തുർമുദി 3358). ആരോഗ്യ സംരക്ഷണം ഓരോ വ്യക്തിയുടെയും ബാധ്യതയാണ്. 'നിനക്ക് നിന്റെ ശരീരത്തോട് കടപ്പാടുണ്ട്' (ഹദീസ് ബുഖാരി 5199).
രോഗങ്ങളിൽ നിന്ന് പ്രതിരോധിക്കലും അപകടങ്ങളിൽ നിന്ന് സൂക്ഷിക്കലും ആരോഗ്യം നിലനിർത്താനുള്ള കാര്യങ്ങൾ ചെയ്യലുമെല്ലാം ശരീരത്തോടുള്ള കടമകളാണ്. നിശ്ചയം ആരോഗ്യമൊരു വരദാനമാണ്. വിശ്വാസ ദൃഢതയാണ് ഏറ്റവും വലിയ അനുഗ്രഹം. അതു കഴിഞ്ഞാൽ ആരോഗ്യമാണ് വിലപ്പെട്ട ദൈവദാനം (ഹദീസ് തുർമുദി 3557). ശരീരാരോഗ്യം ഉണ്ടെങ്കിൽ മാത്രമേ ജീവിതം സുഖകരവും ആനന്ദകരവുമാവുകയുള്ളൂ. ആരോഗ്യമുണ്ടെങ്കിലേ ആരാധനകളും അനുഷ്ഠാനങ്ങളും പൂർണമാവുകയുള്ളൂ. കുറേ ശരീരങ്ങളുടെ ആരോഗങ്ങളാണ് ഈ ലോകത്ത് ഒട്ടനവധി സംസ്‌കാരങ്ങളും സംരംഭങ്ങളും സാധ്യമാക്കിയിട്ടുള്ളത്.
കൊവിഡ് 19 എന്ന മഹാമാരി മഹാമാരി കാലത്താണ് നാം ജീവിച്ചുകൊണ്ടിരിക്കുന്നത്. അല്ലാഹുവിൽ നിന്നുള്ള ബൃഹത്തായ അനുഗ്രഹത്താൽ ആ മഹാവ്യാധിയിൽ നിന്ന് സുരക്ഷിതരാവാനുള്ള പ്രതിരോധ മാർഗങ്ങൾ കണ്ടെത്തിയിരിക്കുകയാണ്. മഹത്തായ യുഎഇ രാജ്യം രോഗപ്രതിരോധ ശക്തി വർദ്ധിപ്പിക്കുന്ന കുത്തിവയ്പ്പ് നൽകുന്നുണ്ട്. ഓരോ വ്യക്തിയും സ്വന്തത്തിന്റെയും സ്വകുടുംബത്തിന്റെയും സമൂഹത്തിന്റെയും സുരക്ഷക്കായി വാക്‌സിൻ മരുന്ന് കുത്തിവയ്ക്കാൻ ശുഷ്‌കാന്തി കാട്ടേണ്ടിയിരിക്കുന്നു. ഉപകാര കാര്യങ്ങളിൽ അതീവ തൽപരത കാട്ടണമെന്നാണല്ലൊ നബി (സ്വ) പഠിപ്പിച്ചിരിക്കുന്നത് (ഹദീസ് മുസ്ലിം 2664).

