മക്കളെ നന്നായി വളർത്താം

യുഎഇ ജുമുഅ ഖുത്ബ പരിഭാഷ 

മൻസൂർ ഹുദവി കളനാട്

തീയ്യതി: 15/01/2021

വിഷയം: സന്താന പരിപാലനം

സന്താനങ്ങൾ സൗഭാഗ്യങ്ങളാണ്. ആൺ പെൺ മക്കളായാലും പേരമക്കളായാലും എല്ലാവരും നാഥനേകിയ കൺമണികളാണ്. സൂറത്തു ന്നഹ്‌ല് 72ാം സൂക്തത്തിൽ 'അല്ലാഹു നിങ്ങൾക്ക് സ്വന്തത്തിൽ നിന്നു തന്നെയുള്ള ഇണകളെ ഉണ്ടാക്കിത്തരികയും അവർവഴി മക്കളെയും പേരമക്കളെയും സൃഷ്ടിക്കുകയും ചെയ്തു'വെന്ന് പ്രസ്താവിക്കുന്നുണ്ട്. ഈ സന്താനാനുഗ്രഹങ്ങൾക്ക് അല്ലാഹുവിനോട് നന്ദി കാട്ടേണ്ടത് അവരെ നേർവഴിയിൽ വളർത്തിക്കൊണ്ടാണ്. ഒരു പുരുഷൻ അവന്റെ കുടുംബക്കാരുടെ ഉത്തരവാദിത്വമുള്ളയാളാണ്. അല്ലാഹു ഓരോർത്തരോടും അവർക്ക് ഏൽപ്പിക്കപ്പെട്ട കാര്യത്തിൽ വിചാരണ ചെയ്യുന്നതായിരിക്കും. കുടുംബനാഥനോട് കുടുംബക്കാരുടെ അല്ലാഹു ചോദ്യം ചെയ്യുന്നതായിരിക്കുമെന്ന് നബി (സ്വ) അരുൾ ചെയ്തിട്ടുണ്ട് (ഹദീസ് സ്വഹീഹു ബ്‌നു ഹിബ്ബാൻ 4493). ഒരിക്കൽ ഉമർ ബ്‌നു ഖത്വാബ് (റ) ഒരാളോട് പറയുകയുണ്ടായി: താങ്കളുടെ മക്കളുടെ കാര്യത്തിൽ താങ്കൾ തന്നെയാണ് ഉത്തരവാദി. അവർക്ക് താങ്കൾ എന്തെല്ലാം പഠിപ്പിച്ചു? എന്തെല്ലാം മര്യാദകൾ പകർന്നുനൽകി? എല്ലാം താങ്കളുടെ ചുമതലകളണ്. 


മാതാവും പിതാവും മക്കളോടൊപ്പം കുറേ സമയം ചെലവഴിക്കണം. കൂടെ ഇരുന്ന് അവർ പറയുന്നത് കേൾക്കണം. കാര്യങ്ങൾ ശരിയായ രീതിയിൽ മനസ്സിലാക്കിക്കൊടുക്കണം. തെറ്റുകൾ തിരുത്തിക്കൊടുക്കണം. നബി (സ്വ) കുട്ടികളോടൊപ്പം ഇരുന്നുകൊണ്ടാണ് സ്വൽസ്വഭാവങ്ങളും നല്ല പെരുമാറ്റങ്ങളും പഠിപ്പിച്ചിരുന്നത്. ഇബ്‌നു അബ്ബാസി (റ)നെ 'കുഞ്ഞുമോനെ' എന്നു വിളിച്ചുകൊണ്ടാണ് നബി (സ്വ) ദൈവഭക്തി പഠിപ്പിച്ചതെന്ന് ഹദീസിൽ കാണാം (അഹ്മദ് 2763, തുർമുദി 2516).


സന്താന പരിപാലനത്തിന്റെയും ശിക്ഷണത്തിന്റെയും നബി പാഠങ്ങൾ നാം ജീവിതത്തിൽ പകർത്തണം. പ്രത്യേകിച്ച് ഈ സൈബർ കാലത്ത് മക്കളെ നാം ഏറെ ശ്രദ്ധിക്കണം. ഇലക്ട്രോണിക് ഉപകരണങ്ങളിലൂടെ അവർ കാണുന്നതും കേൾക്കുന്നതുമെല്ലാം നല്ലതാണെന്ന് ഉറപ്പുവരുത്തണം. എല്ലാ സൗകര്യ സംവിധാനങ്ങളുടെയും നല്ല വശങ്ങൾ മാത്രം ഉപയോഗിക്കാൻ പഠിപ്പിക്കണം. ഇന്റർനെറ്റ് ഉപയോഗത്തിലൂടെ നല്ലത് മാത്രം തിരയാനും പഠിക്കാനും ആസ്വദിക്കാനും അവസരമുണ്ടാക്കണം. സൈബർ ഇടങ്ങളിൽ വഴികേടിലാവാതെ കാക്കണം. കേൾവി, കാഴ്ച, ഹൃദയം എന്നിവയെപ്പറ്റിയെല്ലാം വിചാരണ നടത്തുമെന്നാണല്ലൊ വിശുദ്ധ ഖുർആനിൽ അല്ലാഹു മുന്നറിയിപ്പ് നൽകുന്നത് (സൂറത്തു ഇസ്‌റാഅ് 36). 


മക്കൾക്ക് മതകാര്യങ്ങളും മാനവിക മൂല്യങ്ങളും അഭ്യസിപ്പിക്കൽ  ഓരോ രക്ഷിതാവിന്റെയും കടമയാണ്. നല്ല ശീലങ്ങൾ പരിശീലിപ്പിക്കണം. നല്ല മാതൃകകൾ കാണിച്ചുകൊടുക്കണം. ഉത്തമ സാമൂഹിക പാഠങ്ങൾ നൽകണം. മനസ്സിൽ രാഷ്ട്രസ്‌നേഹം വളർത്തിയെടുക്കണം. ഇന്റർനെറ്റിലും ഇലക്ട്രോണിക് ഉപകരണങ്ങളിലും മുഴുകി സമയം കൊല്ലാൻ ഇടവരുത്തരുത്. അമിതമായുള്ള സാമൂഹ്യ മാധ്യമ ഉപയോഗവും വിഡിയോ ഗെയിം ആസക്തിയും യഥാർത്ഥ ജീവിതത്തെ കവരാൻ വിടരുത്. സമയങ്ങൾ വായനയിലും മറ്റു നൈപുണിക കാര്യങ്ങളിലും ഉപയോഗപ്പെടുത്താൻ മക്കളെ പ്രാപ്തരാക്കണം. എന്നാൽ സ്വപ്‌നങ്ങൾ യാഥാർത്ഥ്യമാവും. നാളെയുടെ ഭാസുര വാഗ്ദാനങ്ങളായ അവർക്ക് അനന്തമായി ഇനിയുമിനിയുമേറെ സ്വപ്‌നങ്ങൾ സാക്ഷാൽക്കരിക്കാനാവും തീർച്ച.


back to top