മാതാപിതാക്കൾക്ക് ജീവിതകാലത്തും മരണാനന്തരവും ഗുണം ചെയ്യണം

യുഎഇ ജുമുഅ ഖുത്ബ പരിഭാഷ

മൻസൂർ ഹുദവി കളനാട്

തീയ്യതി: 22/01/2021

വിഷയം: മാതാപിതാക്കൾക്ക് ഗുണം ചെയ്യൽ

മനുഷ്യൻ ജീവിതകാലത്ത് ഏറ്റവും കൂടുതൽ കടപ്പെട്ടിരിക്കുന്ന ജനം മാതാപിതാക്കളാണ്. അവരോട് ഉദാത്ത സമീപനം പുലർത്തണമെന്ന് വിശുദ്ധ ഖുർആനിലൂടെ അനുശാസിക്കുന്ന ഇസ്ലാം മതം അവരോടുള്ള നന്മയാണ് അതിശ്രേഷ്ഠമെന്ന് പഠിപ്പിക്കുന്നു. നബി (സ്വ) പറയുന്നു: ഉറക്കത്തിൽ ഞാനൊരു സ്വപ്‌നം കണ്ടു. ഞാൻ സ്വർഗത്തിലാണ്. ഒരാൾ അതിസുന്ദരമായി ഖുർആൻ പാരായണം ചെയ്യുന്നു. അപ്പോൾ ഞാൻ ചോദിച്ചു: ആരാണ് അയാൾ? അവിടെയുള്ളവർ പറഞ്ഞു: അത് ഹാരിസതു ബ്‌നുൽ നുഅ്മാൻ ആണ്. 'അങ്ങനെയായിരിക്കും നന്മയുള്ളവർ' എന്ന് നബി (സ്വ) രണ്ടു പ്രാവശ്യം പറഞ്ഞു. ഹാരിസത് (റ) മാതാവിന് ഏറെ ഗുണം ചെയ്യുന്ന മഹാനായിരുന്നു (ഹദീസ് അഹ്മദ് 25337). മാതാവിന്റെ കൂടെ ഇരിക്കും. ഭക്ഷണം വായിലിട്ടു കൊടുക്കും. മാതാവ് പറയുന്നത് സശ്രദ്ധം കേൾക്കും. ഇടക്ക് സംസാരിക്കില്ല. ജീവിത കാലത്ത് ഇങ്ങനെയൊക്കെയുള്ള നന്മകൾ ചെയ്ത് മാതാവിനോട് നന്നായി വർത്തിച്ചത് കൊണ്ടാണ് അദ്ദേഹം സ്വർഗത്തിൽ ആ പദവി കരഗതമാക്കിയത്. 


മാതാപിതാക്കളോടൊപ്പം ഇരുന്ന് സംസാരിക്കലും അവരുടെ കാര്യങ്ങൾ കേൾക്കലും അവരെ പരിഗണിക്കലും ആ വാക്കുകൾ ഗൗനിക്കലുമെല്ലാം അവരോട് ചെയ്യുന്ന നന്മകളാണ്. ഒരിക്കൽ ഒരാൾ ഹസൻ ബസ്വരി (റ)യോട് പറയുകയുണ്ടായി: എന്റെ ഉമ്മ രാത്രി ഭക്ഷണം എന്നോടൊപ്പം കഴിക്കാൻ കാത്തിരിക്കും. ഹസൻ ബസ്വരി (റ) പറഞ്ഞു: നീ ഉമ്മയോടൊപ്പം ഭക്ഷണം കഴിക്കണം. ഉമ്മക്ക് കൺകുളിർമയേകിക്കൊണ്ട് അവരോടൊപ്പം ഭക്ഷണം കഴിക്കാനുള്ള ഇരുത്തമാണ് സുന്നത്തായി ചെയ്യുന്ന ഹജ്ജ് കർമ്മത്തേക്കാൾ എനിക്കിഷ്ടം. 


നല്ല മക്കൾ മാതാപിതാക്കളെ നല്ലവണ്ണം പരിഗണിക്കും. അവരുടെ കാര്യങ്ങൾ ശ്രദ്ധിക്കും. പരിചരിക്കും. ശുശ്രൂഷിക്കും. ഐഹിക ലോകത്ത് മാതാപിതാക്കളുമായി നന്നായി വർത്തിക്കാനാണ് ഖുർആൻ പഠിപ്പിക്കുന്നത് (സൂറത്തു ലുഖ്മാൻ 15). പ്രവാസ ലോകത്താണെങ്കിലും മാതാപിതാക്കളോട് ബന്ധം പുലർത്താനും നന്നായി വർത്തിക്കാനും ഈ ഇലക്ട്രോണിക് യുഗത്തിൽ കുറേ സംവിധാനങ്ങളുണ്ട്. കണ്ടും കേട്ടും അവരോടും സംവദിക്കാനാവും. അതവർക്ക് സന്തോഷവും ആത്മബലുവുമേകും. അവരോട് സംസാരിക്കുമ്പോൾ ശബ്ദമുയർത്തരുത്. ഓരോ വാക്കിലും നോക്കിലും ബഹുമാനം സ്ഫുരിക്കണം. ശബ്ദം താഴ്ത്തി വിനയാന്വിതമായി വാക്കു പറയണം. ആദരപൂർണമായ വാക്കുകൾ പറയുകയും കാരുണ്യപൂർവ്വം വിനയത്തിന്റെ ചിറകുകൾ അവരിരുവർക്കും താഴ്ത്തി കൊടുക്കുകയും ഇങ്ങനെ പ്രാർത്ഥിക്കുകയും വേണം: 'രക്ഷിതാവേ, ഇവരിരുവരും എന്നെ ചെറുപ്പത്തിൽ പോറ്റി വളർത്തിയതു പോലെ ഇവർക്ക് നീ കാരുണ്യം ചൊരിയണമേ' (സൂറത്തുൽ ഇസ്‌റാഅ് 23, 24).


മാതാപിതാക്കളുടെ മരണ ശേഷവും അവർക്ക്് ഗുണം ചെയ്യാനാവും. അതാണ് അവർക്ക് വേണ്ടിയുള്ള പ്രാർത്ഥനയും പൊറുക്കലിനെ തേടലും. അവരുടെ പരലോക സുഖത്തിനായി പ്രാർത്ഥിക്കണം. പാപമോചനം തേടണം. മേൽ സൂചിപ്പിച്ച പ്രകാരം സൂറത്തുൽ ഇസ്‌റാഅ് 24ാം സൂക്തത്തിലുള്ള മാതാപിക്കൾക്ക് വേണ്ടിയുള്ള പ്രാരത്ഥനാ കൽപന അക്കാര്യമാണ് സ്പഷ്ടമാക്കുന്നത്. ആ പ്രാർത്ഥനകൾ അവരുടെ പരലോക സ്ഥാനം ഉയരാൻ ഹേതുവാക്കും. നബി (സ്വ) പറയുന്നു: സ്വർഗ ലോകത്ത് വെച്ച്് ഒരാളുടെ പദവി ഉയരുന്നു. അപ്പോൾ അയാൾ ചോദിച്ചു: എങ്ങനെയാണ് ഈ സ്ഥാന ലബ്ധി?  അപ്പോൾ പറയും: താങ്കളുടെ മക്കൾ താങ്കൾക്ക് വേണ്ടി പാപമോചനം തേടി പ്രാർത്ഥിച്ചത് കാരണത്താലാണ് (ഹദീസ് ഇബ്‌നു മാജ 3660, അഹ്മദ് 10890).


back to top