കുടുംബ ബന്ധങ്ങളെ നിലനിർത്തിക്കൊണ്ടിരിക്കണം

യുഎഇ ജുമുഅ ഖുത്ബ പരിഭാഷ

മൻസൂർ ഹുദവി കളനാട്

തീയ്യതി: 29/01/2021

വിഷയം: കുടുംബ ബന്ധം ചേർക്കൽ

കുടുംബ ബന്ധം പുലർത്തൽ ദൈവ വിശ്വാസത്തിന്റെ അടയാളമാണ്. 'ഒരാൾ അല്ലാഹുവിലും അന്ത്യനാളിലും വിശ്വസിക്കുന്നുവെങ്കിൽ അവൻ കുടുംബക്കാരോട് ബന്ധം പുലർത്തട്ടെ' (ഹദീസ് ബുഖാരി 5673). അല്ലാഹുവിനെയും കുടുംബ ബന്ധവും സൂക്ഷിക്കണമെന്ന് വിശുദ്ധ ഖുർആൻ സൂറത്തു ന്നിസാഅ് ഒന്നാം സൂക്തത്തിൽ തന്നെ പ്രസ്താവിക്കുന്നുണ്ട്. ഒരിക്കൽ ഒരു അനുചരൻ നബി (സ്വ) യോട് ചോദിക്കുകയുണ്ടായി: ഏതു കാര്യമാണ് അല്ലാഹുവിന് ഏറ്റവുമിഷ്ടം? പ്രവാചകർ (സ്വ) അരുളി: അല്ലാഹുവിലുള്ള വിശ്വാസമാണ്. അദ്ദേഹം പിന്നെയും ചോദിച്ചു: പിന്നെ എന്താണ്? നബി (സ്വ) തുടർന്നു: കുടുംബ ബന്ധം ചേർക്കൽ (ഹദീസ് മുസ്‌നദു അബീ യഅ്‌ലാ 6/210).


കുടുംബ ബന്ധം പുലർത്തുന്ന ധർമപാഠങ്ങൾ പറയുന്നയിടങ്ങളിൽ നബി (സ്വ) 'സ്വിലത്തു റഹിമ്' എന്നാണ് പ്രയോഗിച്ചിരിക്കുന്നത്. സ്വിലത് എന്നാൽ ചേർക്കൽ എന്നും റഹിമ് എന്നാൽ കുടുംബ ബന്ധം എന്നും അർത്ഥമാക്കുന്നു. ഇത് ഭാഷാപരമായി കുടുംബ ബന്ധം ഊഷ്മളമാക്കുന്ന എല്ലാവിധ വിനിമയങ്ങളെയും ഉൾക്കൊള്ളുന്ന വാക്ക് പ്രയോഗമാണ്. ഈ യുഗത്തിൽ പല നിലക്കും എവിടെ നിന്നും കുടുംബക്കാരുമായി സമ്പർക്കം പുലർത്താനും ആശയ വിനിമയം നടത്താനുമുള്ള സൗകര്യങ്ങളുണ്ട്. കണ്ടും കേട്ടും സുഖ വിവരങ്ങൾ അറിയാനാവും. വിവര സാങ്കേതിക സംവിധാനങ്ങളുപയോഗിച്ച് സുഖദുഖങ്ങളിൽ പങ്കുചേരാനുമാവും. പരസ്പരം പ്രാർത്ഥിക്കാനുമാവും. ചുരുങ്ങിയത് പരസ്പരം സലാം പറയാനെങ്കിലുമാവും. സലാം പറഞ്ഞുള്ള അഭിവാദ്യം കൊണ്ടെങ്കിലും കുടുംബ ബന്ധം നിലനിർത്താനാണ് പ്രവാചക നിർദേശം (ശിഅബുൽ ഈമാൻ, ബൈഹഖി 6/226).


മക്കൾക്ക് ചെറുപ്പത്തിൽ തന്നെ കുടുംബക്കാരെ പരിചയപ്പെടുത്തി ബന്ധങ്ങൾ സ്ഥാപിപ്പിച്ചുകൊടുക്കണം. മാതാപിതാക്കൾ അക്കാര്യത്തിൽ ശ്രദ്ധ ചെലുത്തണം. കുടുംബ ബന്ധുക്കൾ ആരെല്ലാമെന്ന് പഠിക്കണമെന്നാണ് നബി (സ്വ) പറഞ്ഞിരിക്കുന്നത് (ഹദീസ് തുർമുദി 1979). കുടുംബ ബന്ധം ചേർക്കുന്നവർക്ക് ആയുരാരോഗ്യവും ക്ഷേമവും സുഭക്ഷിതയുമുണ്ടാവുമത്രെ. ആയുസ് ദൈർഘ്യവും ഭക്ഷണ വിശാലതയും ആഗ്രഹിക്കുന്നവർ കുടുംബ ബന്ധം ചേർത്തുക്കൊള്ളട്ടെ (ഹദീസ് ബുഖാരി, മുസ്ലിം). കുടുംബ ബന്ധം പുലർത്തുന്നവർക്ക് ഇഹലോകത്ത് ബർക്കത്തും പരലോകത്ത് ജന്നത്തും (സ്വർഗം) പ്രതിഫലമായി ലഭിക്കുന്നതാണ്. പ്രമുഖ സ്വഹാബി വര്യൻ അബൂ ഹുറൈറ (റ) നബി (സ്വ)യോട് സ്വർഗ പ്രവേശം സാധ്യമാക്കുന്ന കാര്യങ്ങളെ ക്കുറിച്ച് ചോദിച്ചപ്പോൾ കുറച്ച് സൽക്കർമ്മങ്ങൾ പഠിപ്പിക്കുന്നുണ്ട്. അതിൽ കുടൂംബ ബന്ധം ചേർക്കലും എണ്ണിപ്പറഞ്ഞിട്ടുണ്ട് ( ഹദീസ് അഹ്മദ് 8152).


back to top