യുഎഇ ജുമുഅ ഖുത്ബ പരിഭാഷ
മൻസൂർ ഹുദവി കളനാട്
തീയ്യതി: 05/02/2021
വിഷയം: സൂറത്തു ബഖറയിലെ അവസാന രണ്ടു സൂക്തങ്ങൾ
ഇബ്‌നു അബ്ബാസ് (റ) റിപ്പോർട്ട് ചെയ്യുന്ന ഹദീസിൽ പറയുന്നു: ജിബ്‌രീൽ (അ) നബി (സ്വ)യുടെ അരികിൽ ഇരിക്കുന്ന സമയത്ത് മുകളിൽ നിന്നൊരു വാതിൽ തുറക്കുന്ന ശബ്ദം കേട്ടു. നബി (സ്വ) തല ഉയർത്തിയപ്പോൾ ജിബ്‌രീൽ (അ) പറഞ്ഞു: ഇതൊരു ആകാശവാതിലാണ്, മുമ്പൊരിക്കലും തുറക്കപ്പെടാത്ത ഈ വാതിൽ ഇന്ന് തുറക്കപ്പെട്ടിരിക്കുകയാണ്. അതിലൂടെ ഒരു മാലാഖ ഇറങ്ങി വന്നു. ജിബ് രീൽ (അ) തുടർന്നു: ഇതൊരു മാലാഖയാണ്, മുമ്പൊരിക്കലും ഭൂമി ലോകത്തേക്ക് ഇറങ്ങി വരാത്ത ഈ മാലാഖ ഇന്ന് വന്നിരിക്കുകയാണ്. ആ മലക്ക് സലാം ചൊല്ലി പറഞ്ഞു: താങ്കൾക്ക് മുമ്പത്തെ നബിമാരിലാർക്കും ലഭിക്കാത്ത രണ്ടു പ്രകാശങ്ങളുമായിട്ടാണ് ഞാൻ വന്നിരിക്കുന്നത്. ഒന്ന് ഖുർആനിന്റെ പ്രാരംഭമായ ഫാതിഹാ സൂറത്ത്, മറ്റേത് സൂറത്തു ബഖറയിലെ അവസാന രണ്ടു സൂക്തങ്ങൾ. ഈ രണ്ടു സൂക്തങ്ങളിൽ ഒരക്ഷരം പാരായണം ചെയ്ത് പ്രാർത്ഥിച്ചാൽ പോലും താങ്കൾക്കത് ലഭിച്ചിരിക്കും (ഹദീസ് മുസ്ലിം 806). പ്രത്യേക മലക്ക് ആകാശത്തിൽ നിന്ന് വന്നിറങ്ങി അറിയിച്ച ഈ ജ്ഞാനം സത്യവിശ്വാസികൾക്കുള്ള സൗഭാഗ്യ നിധിയാണ്. ഫലപ്രാപ്തി, കാവൽ മുതലായവ പ്രദാനമേകുന്നതാണ്.
സൂറത്തു ബഖറയിലെ അവസാന രണ്ടു ആയത്തുകളിൽ ആദ്യത്തേത്, പ്രവാചകരും (സ്വ) വിശ്വാസികളായ അനുയായികളും അല്ലാഹുവിലും അവന്റെ മലക്കുകളിലും വേദങ്ങളിലും ദൂതന്മാരിലും അവർ ആർക്കിടയിലും ഒരു വിവേചനവും കൽപിക്കില്ലെന്ന നിലപാടിൽ വിശ്വാസമർപ്പിച്ചിരിക്കുന്നുവെന്ന് അല്ലാഹു സാക്ഷ്യപ്പെടുത്തുന്നതാണ്. സൂക്തത്തിന്റെ തുടർച്ച, 'അവർ പ്രഖ്യാപിച്ചു: ഞങ്ങൾ കേൾക്കുകയും അനുസരിക്കുകയും ചെയ്തിരിക്കുന്നു. നാഥാ, ഞങ്ങൾക്ക് പൊറുത്തു തരണമേ, നിന്നിലേക്ക് തന്നെയാണ് മടക്കം'. പ്രവാചകന്മാരെല്ലാവരും സത്യമതത്തിന്റെ പ്രചാകരാണല്ലൊ. എല്ലാവരുടെയും ലക്ഷ്യം ഒന്ന് തന്നെ. ലോക ജനതയെ ഏകദൈവാരാധനയിലേക്കു ക്ഷണിക്കുകയെന്ന പരമലക്ഷ്യം. 'നിങ്ങൾ അല്ലാഹുവിനെ ആരാധിക്കുകയും വിഗ്രഹങ്ങളെ വർജിക്കുകയും ചെയ്യണം എന്ന സന്ദേശവുമായി ഓരോ സമൂഹത്തിലേക്കും നാം ദൂതനെ അയച്ചിട്ടുണ്ട്' (സൂറത്തു ന്നഹ്‌ല് 36). നബിമാർ നൂഹ് നബി (അ), ഇബ്രാഹിം നബി (അ), മൂസാ നബി (അ), ഈസാ നബി (അ) എന്നിങ്ങനെ എല്ലാവരും സഹോദരന്മാർ കണക്കെയാണ്. അവർക്കിടയിൽ ആശയത്തിലോ ആദർശത്തിലോ ഭിന്നതയില്ല. വിവേചനവുമില്ല. പക്ഷഭേദവുമില്ല. വിത്യസ്ത ഘട്ടങ്ങളിലെ വിവിധ ജനതകൾക്ക് വഴികാട്ടികളാണവർ. അവരെയും കൂടി വിശ്വസിച്ചാൽ മാത്രമേ ദൈവവിശ്വാസം പൂർത്തിയാവുകയുള്ളൂ. സമത്വത്തിന്റെയും സഹകരണത്തിന്റെയും സഹിഷ്ണുതയുടെയും മൂല്യങ്ങളാണ് അവർ ഉയർത്തിപ്പിടിച്ചത്. അതാണവരുടെ ജീവിത സന്ദേശവും.
ബഖറയിലെ അവസാന സൂക്തം പരിപാവന ഇസ്ലാം മതത്തിന്റെ ലാളിത്യവും കാരുണ്യവും എളിമയും അറിയിക്കുന്ന ആയത്താണ്. 'കഴിവിനപ്പുറം ചെയ്യാൻ ഒരാളെയും അല്ലാഹു നിർബന്ധിക്കുകയില്ല. ആര് എന്ത് നന്മ ചെയ്യുവോ അതിന്റെ ഗുണഫലവും തിന്മയനുവർത്തിച്ചുവോ അതിന്റെ ദോഷഫലും അവനു തന്നെ. നാഥാ വിസ്മൃതിയിലാവുകയോ തെറ്റുപറ്റുകയോ ചെയ്തുവെങ്കിൽ ഞങ്ങളെ ശിക്ഷിക്കരുതേ നാഥാ, മുൻഗാമികളിലെന്ന പോലെയുള്ള ഭാരങ്ങൾ ഞങ്ങളുടെ മേൽ ചുമത്തരുതേ നാഥാ ദുർവഹമായ കൽപനകൾ ഞങ്ങളെ വഹിപ്പിക്കരുതേ, ഞങ്ങൾക്ക് മാപ്പരുളുകയും പൊറുത്തുതരികയും കരുണ ചൊരിയുകയും ചെയ്യണമേ, ഞങ്ങളുടെ രക്ഷാധികാരിയാണ് നീ, അതു കൊണ്ട് നിഷേധികൾക്കെതിരെ ഞങ്ങളെ സഹായിക്കണമേ' ഇങ്ങനെയാണ് സൂറത്തുൽ ബഖറ ഉപസംഹരിക്കുന്നത്.
നബി (സ്വ) പറഞ്ഞിരിക്കുന്നു: ഒരാൾ സൂറത്തു ബഖറയിലെ അവസാന രണ്ടു ആയത്തുകൾ രാത്രിയിൽ ഓതിയാൽ അവനു അതു മതി (ഹദീസ് ബുഖാരി, മുസ്ലിം). അതായത് ആ പാരായണം അവനിക്ക് സംരക്ഷണമേകുമത്രെ. നാം ഈ ആയത്തുകൾ പതിവായി പാരായണം ചെയ്യണം. ഇതിലെ പ്രാർത്ഥനകൾ ചൊല്ലണം. മക്കൾക്ക് ഇവ പഠിപ്പിച്ചുകൊടുക്കുകയും വേണം. കാരണം ഈ സൂക്തങ്ങൾ വിപത്തുകളിൽ നിന്ന് കാവലേകുന്ന ദൈവ വചനങ്ങളാണ്.

