ക്ഷമയും സാവധാനതയും: സൽസ്വഭാവങ്ങളിലെ കേമത്തരങ്ങൾ

യുഎഇ ജുമുഅ ഖുത്ബ പരിഭാഷ

മൻസൂർ ഹുദവി കളനാട്

തീയ്യതി: 19/02/2021

വിഷയം: അല്ലാഹുവും നബി (സ്വ)യും ഇഷ്ടപ്പെടുന്ന സ്വഭാവഗുണങ്ങൾ


നല്ല സ്വഭാവങ്ങൾ നല്ല ബന്ധങ്ങൾ ഉണ്ടാക്കും. നല്ല ബന്ധങ്ങളിലൂടെ നല്ല നടപ്പ് ഉണ്ടാവും. അങ്ങനെ സൽസ്വഭാവികൾ സ്വർഗസ്ഥരാവും. ഒരിക്കൽ നബി (സ്വ) ഒരു അനുചരനോട് പറഞ്ഞു: 'താങ്കളിൽ ഞാൻ രണ്ടു നല്ല സ്വഭാവങ്ങൾ കാണുന്നു. അല്ലാഹും അവന്റെ ദൂതരും ഇഷ്ടപ്പെടുന്നവയാണവ. ക്ഷമയും സാവധാനതയും' (ഹദീസ് മുസ്ലിം 25, അഹ്മദ് 28429). ക്ഷമ അല്ലാഹുവിന്റെ വിശേഷണമാണ്. 'അല്ലാഹു ഏറെ പൊറുക്കുന്നവനും സഹനശീലനുമാണെന്നും നിങ്ങൾ അറിയുക' (സൂറത്തുൽ ബഖറ 235). ക്ഷമ അല്ലെങ്കിൽ സഹനം പ്രവാചകന്മാരുടെയും സ്വഭാവഗുണമാണ്. വിശുദ്ധ ഖുർആനിൽ അല്ലാഹു ഇബ്രാഹിം നബി (അ)യെ സ്വഭാവഗുണങ്ങൾ എടുത്തുപ്പറഞ്ഞ് പുകഴത്തുന്നത് കാണാം: നിശ്ചയം ഇബ്രാഹിം നബി മികച്ച ക്ഷമാശാലിയും ഏറെ വിനയാന്വിതനും പശ്ചാത്താപിയുമത്രെ (സൂറത്തു ഹൂദ് 75).

സഹനത്തിലും ക്ഷമയിലും ലോകത്തെ ഏറ്റവും മികച്ച ഉദാഹരണമാണ് നമ്മുടെ പ്രവാചകർ മുഹമ്മദ് നബി (സ്വ). സ്വഭാവ വൈഭവത്തിലും അതി വിശിഷ്ടർ. മുൻകോപമില്ല. എടുത്തുചാട്ടമില്ല. കയർക്കലില്ല. സ്വസമ്മർദങ്ങൾക്ക് പോലും വഴങ്ങില്ല. പെട്ടെന്നുള്ള ദേഷ്യപ്പെടലുമില്ല. ക്ഷമാക്ഷമതയും സഹനശീലവും തിരുദൂതർക്കുള്ള ബലം. സത്യത്തിൽ ക്ഷമയാണ് സൽസ്വഭാവങ്ങളുടെ നേതാവ്. അതുള്ളവർ മനസ്സിലും ശരീരത്തിലും നന്മയുള്ളവരായിരിക്കും. അവരുടെ കാര്യങ്ങൾ സുരക്ഷിതവും സുനിശ്ചിതവുമായിരിക്കും. ബുദ്ധിമാന്മാർ ക്ഷമാശീലരായിരിക്കും. ക്ഷമിച്ചാൽ ദുഖിക്കേണ്ടത്രെ. ക്ഷമയുള്ളവരാരും ദുഖിച്ചിട്ടില്ല, എന്നതിനാൽ ക്ഷമയേകണേ നാഥാ എന്ന കാവ്യാശയം പ്രസിദ്ധ അറബിക് കവികളായിരുന്ന അബ്ദുല്ലാ ബ്‌നു മുബാറകിന്റെയും അബൂ അതാഹിയുടെയും ശകലങ്ങളിൽ കാണാം. 

സാവധാനത അല്ലെങ്കിൽ മയസ്വഭാവം മികച്ച സ്വഭാവ രൂപമാണ്. തിടുക്കമില്ലായ്മ നല്ല അന്തിമഫലം വരുത്തുമത്രെ. ധൃതി കാട്ടാതിരുന്നാൽ പരിണിതി സഫലമാവുമെന്നർത്ഥം. സാവധാനത ബുദ്ധികൂർമ്മതയുടെയും മനോസ്ഥൈര്യത്തിന്റെയും അടയാളമാണ്. ഭൗതികമായ എല്ലാ കാര്യങ്ങളും സാവധാനം ചെയ്യലാണ് അഭികാമ്യം. പാരത്രികതയുമായി ബന്ധപ്പെട്ട കാര്യങ്ങളൊഴിച്ച് ബാക്കിയെല്ലാം സാവകാശം ചെയ്യലാണ് ഉത്തമമെന്ന് നബി (സ്വ) പഠിപ്പിച്ചിട്ടുമുണ്ട് (ഹദീസ് അബൂ ദാവൂദ് 4810, അബൂ യഅ്‌ലാ 792).  സഹനശീലവും സാവധാനതയും മനുഷ്യന് ഉണ്ടാവേണ്ട അനിവാര്യ സ്വഭാവ ഘടകങ്ങളാണ്. സാമൂഹികമായി ഭാര്യ, മക്കൾ, അയൽവാസികൾ, കൂട്ടുകാർ അങ്ങനെ ജീവിതത്തിന്റെ സകല മേഖലയിലുള്ളവരോടും ഇടപെടുമ്പോൾ ഈ സ്വഭാവങ്ങൾ പ്രകടിപ്പിക്കണം. അതാണ് പരിശുദ്ധ ഇസ്ലാം മതം ആവശ്യപ്പെടുന്നതും, അല്ലാഹുവും അവന്റെ തിരുദൂതരും (സ്വ) ഇ്ഷ്ടപ്പെടുന്നതും. അവരുടെ ഇഷ്ടത്തിന് നമ്മൾ വഴങ്ങിയാൽ ഇഹലോകത്തും പരലോകത്തും വിജയിക്കാം. അനായാസം സ്വർഗത്തിലെത്താം.

അല്ലാഹുവും പ്രവാചകരും (സ്വ) ഇഷ്ടപ്പെടുന്ന ഇഷ്ടപ്പെടുന്ന മറ്റു സ്വഭാവഗുണങ്ങളാണ്: സത്യസന്ധത, വിശ്വസ്തത, അയൽവാസികൾക്ക് ഗുണം ചെയ്യൽ എന്നിങ്ങനെ. നബി (സ്വ) പറഞ്ഞിരിക്കുന്നു: ഒരാൾ അവനെ അല്ലാഹുവും അവന്റെ പ്രവാചകരും (സ്വ) ഇഷ്ടപ്പെടാൻ ആഗ്രഹിക്കുന്നുവെങ്കിൽ സംസാരത്തിൽ സത്യം മൊഴിയട്ടെ, വിശ്വസ്തത കാട്ടട്ടെ, അയൽവാസിയെ ഉപദ്രവിക്കാതിരിക്കുകയും ചെയ്യട്ടെ (ശിഅബുൽ ഈമാൻ 9104). വ്യക്തികൾക്കിടയിൽ സ്‌നേഹബന്ധം ഊട്ടിയുറപ്പിക്കുന്ന സൽസ്വഭാവങ്ങളാണിവ. സാമൂഹ്യ ഭദ്രതയ്ക്ക് ആവശ്യമാണിതൊക്കെയും.


back to top