ഭക്തിസാന്ദ്രമായി ഖുർആൻ ഓതാം

യുഎഇ ജുമുഅ ഖുത്ബ പരിഭാഷ

മൻസൂർ ഹുദവി കളനാട്

തീയ്യതി: 26.02.2021

വിഷയം: ഭയഭക്തിയോടെയുള്ള ഖുർആൻ പാരായണം

അല്ലാഹുവിനെ സ്മരിക്കുമ്പോൾ സത്യവിശ്വാസിയുടെ ഹൃദയം ഭയഭക്തിയാൽ വണങ്ങുകയും ദൈവ വചനങ്ങളായ ഖുർആൻ പാരായണം ചെയ്യപ്പെടുമ്പോൾ ഭക്തിസാന്ദ്രമായി പുളകമണിയുകയും ചെയ്യുമത്രെ. 'അല്ലാഹുവിനെ ക്കുറിച്ച് അനുസ്മരിക്കപ്പെട്ടാൽ ഹൃദയങ്ങൾ പേടിച്ചു വിറകൊള്ളുകയും അവന്റെ സൂക്തങ്ങൾ പാരായണം ചെയ്യപ്പെട്ടാൽ വിശ്വാസം വർധിക്കുകയും ചെയ്യുന്നവർ മാത്രമാണ് സത്യവിശ്വാസികൾ' (സൂറത്തുൽ അൻഫാൽ 2). 'ഏറ്റം ഉദാത്തമായ വൃത്താന്തം പരസ്പര സദൃശ്യവും ആവർത്തിക്കപ്പെടുന്നതുമായ സൂക്തങ്ങളുള്ള ഗ്രന്ഥം അവതരിപ്പിച്ചിരിക്കുന്നത് അല്ലാഹുവാകുന്നു. തങ്ങളുടെ നാഥനെ ഭയപ്പെടുന്നവരുടെ ചർമങ്ങൾക്ക് അവമൂലം രോമാഞ്ചമുണ്ടാക്കുന്നതും അവരുടെ തൊലികളും ഹൃദയങ്ങളും  ദൈവ സ്മരണക്കായി വിധേയമാകുന്നതുമാണ്'(സൂറത്തു സുമർ 23). 


ഖുർആൻ പാരായണം ചെയ്യുന്നവന്റെ ഓത് കേട്ടാൽ തന്നെ ദൈവ ഭയഭക്തിയിൽ ഓതുന്നതെന്ന് തോന്നുന്നുവെങ്കിൽ അവനാണ് ഏറ്റവും നല്ല ശബ്ദത്തിൽ ഖുർആൻ പാരായണം ചെയ്യുന്നവനെന്ന് നബി (സ്വ) തങ്ങളും അറിയിച്ചിട്ടുണ്ട് (ഹദീസ് ഇബ്‌നു മാജ 1339). ദൈവ വചനങ്ങളായ ഖുർആനിക വാക്യങ്ങൾ കേട്ടാൽ സത്യവിശ്വാസി എങ്ങനെ ഭയഭക്തിയില്ലാത്തവനായിരിക്കും?!! വിശുദ്ധ ഖുർആൻ മലമുകളിലാണ് അല്ലാഹു അവതരിപ്പിച്ചതെങ്കിൽ അത് വിനയാന്വിതമാകുന്നതും ദൈവഭയത്താൽ ഛിന്നഭിന്നമാകുന്നതും കാണാമെന്ന് അല്ലാഹു തന്നെ സൂറത്തുൽ ഹശ്+ർ 21ാം സൂക്തത്തിൽ വിവരിക്കുന്നുണ്ട്. 


നബി (സ്വ) ഖുർആൻ പാരായണം കേട്ടാൽ മനസ്സ് അല്ലാഹുവിൽ വണങ്ങി കരയുമായിരുന്നെന്ന് സ്വഹാബികളുടെ സാക്ഷ്യം. ഒരിക്കൽ നബി (സ്വ) അബ്ദുല്ല ബ്‌നു മസ്ഊദി(റ)നോട് പറഞ്ഞു: താങ്കളെനിക്ക് ഖുർആൻ ഓതികേൾപ്പിക്കുക. അദ്ദേഹം സൂറത്തു ന്നിസാഅ് ഓതി, 41ാം സൂക്തമെത്തി 'നബിയേ, എല്ലാ സമുദായത്തിൽ നിന്ന് ഓരോ സാക്ഷിയെയും അവർക്കു സാക്ഷിയായി താങ്കളെയും നാം ഹാജറാക്കുമ്പോൾ എന്തായിരിക്കും സ്ഥിതി?' എന്നർത്ഥമാക്കുന്നതായിരുന്നു ആയത്ത്. ആ സമയം നബി (സ്വ)യുടെ കൺതടങ്ങളിൽ കണ്ണീരൊഴുകുന്നത് കാണാമായിരുന്നെന്ന് അബ്ദുല്ല (റ) റിപ്പോർട്ട് ചെയ്തിട്ടുണ്ട് (ഹദീസ് ബുഖാരി, മുസ്ലിം).


അന്ത്യനാളിൽ ഹർഷിന്റെ തണൽ ലഭിക്കുന്നവരുടെ കൂട്ടരിൽ ദൈവസ്മരണ നടത്തി കരയുന്നവരെയും നബി (സ്വ) എണ്ണിപ്പറഞ്ഞിട്ടുണ്ട് (ഹദീസ് ബുഖാരി, മുസ്ലിം). ഖുർആൻ പാരായണം ചെയ്യപ്പെടുമ്പോൾ സത്യവിശ്വാസിയുടെ വിശ്വാസം ശക്തിപ്പെടുമല്ലൊ. ഖുർആൻ വാക്യങ്ങളുടെ അർത്ഥതലങ്ങൾ ആവാഹിച്ച വിശ്വാസിയുടെ ഹൃദയം ദൈവഭയത്താൽ സാന്ദ്രമായിരിക്കും. വിശ്വാസം അചലഞ്ചലമായി നിലക്കൊള്ളും. വാക്കിലും പ്രവർത്തിയിലും ധർമ്മം പുലർത്തുകയും ചെയ്യും. കുടുംബ സാമൂഹിക വ്യവഹാരങ്ങളിൽ സ്വഭാവമഹിമ കാണിക്കുകയും ചെയ്യും.


back to top