യുഎഇ ജുമുഅ ഖുത്ബ പരിഭാഷ
മൻസൂർ ഹുദവി കളനാട്
തീയ്യതി: 05/03/2021
വിഷയം: വായന
അറിവുകളിലേക്കുള്ള വാതായനമാണ് വായന. ബുദ്ധിയുടെ ഭക്ഷണമാണത്. വായിക്കുമ്പോൾ ബൂദ്ധി വികസിക്കുന്നു, ചിന്തകൾ പ്രവിശാലമായി സഞ്ചരിക്കുന്നു, ഉൾക്കാഴ്ചകൾ ഉരിത്തിരിഞ്ഞ് ചിത്തങ്ങൾ പ്രഭാപൂരിതമാവുന്നു. പരിശുദ്ധ ഇസ്ലാം മതം വായനക്ക് പ്രത്യേക പ്രചോദനം നൽകുന്നുണ്ട്. പ്രവാചകർ മുഹമ്മദ് നബി (സ്വ)ക്ക് ഇറങ്ങിയ ആദ്യ വഹ്‌യ് (ദിവ്യ ബോധനം) തന്നെ വായിക്കാനുള്ള ആഹ്വാനമാണല്ലൊ. അതായത് പരിശുദ്ധ ഖുർആനിന്റെ അവതരണം തന്നെ വായിക്കാൻ കൽപ്പിച്ചുക്കൊണ്ടാണ്. 'വായിക്കുക, സൃഷ്ടികർമം നടത്തിയ താങ്കളുടെ നാഥന്റെ നാമത്തിൽ. രക്തപിണ്ഡത്തിൽ മനുഷ്യനെ അവൻ സൃഷ്ടിച്ചു. വായിക്കുക, അങ്ങയുടെ നാഥൻ തൂലിക കൊണ്ട് അഭ്യസിപ്പിച്ച അത്യുദാരനത്രെ. തനിക്കറിവില്ലാത്തത് മനുഷ്യനെ അവൻ പഠിപ്പിച്ചു' (സൂറത്തുൽ അലഖ് 1,2,3,4,5).
ഈ ആദ്യ ഖുർആനിക സൂക്തങ്ങൾ അല്ലാഹു മനുഷ്യന് കനിഞ്ഞേകിയ കാരുണ്യാനുഗ്രഹങ്ങളെന്നാണ് പണ്ഡിതർ അഭിപ്രായപ്പെടുന്നത്. നബി (സ്വ) അനുചരന്മാരെ വായിക്കാൻ പ്രേരിപ്പിച്ചിരുന്നു. സൈദു ബ്‌നു സാബിത്തി (റ)ന്റെ വായനാ തൽപരത തിരിച്ചറിഞ്ഞ നബി (സ്വ) അദ്ദേഹത്തിന്റെ ജ്ഞാനങ്ങളിൽ നിന്ന് ജനങ്ങളും പഠിക്കാൻ സംവിധാനം ഏർപ്പാടു ചെയ്തിരുന്നു. നല്ല വായനകളാണ് നല്ല സംസ്‌ക്കാരങ്ങൾ സ്ഥാപിക്കുന്നത്. മനുഷ്യ സമൂഹത്തിന്റെ വികസനത്തിനും അഭിവൃതിക്കുമുള്ള പ്രധാന നിദാനവും വായന തന്നെ. അറിവു നൽകപ്പെട്ടവരെ അല്ലാഹു ഏറെ പദവികളിൽ ഉയർത്തുമെന്നാണ് സൂറത്തുൽ മുജാദില 11ാം സൂക്തം വ്യക്തമാക്കുന്നത്. ജ്ഞാനാർജ്ജനത്തിന്റെ പരമ പ്രഥമ മാർഗം വായനയാണ്. വായന ഒരു സംസ്‌ക്കാരമായി നിലനിൽക്കണം. മാതാപിതാക്കൾ മക്കൾക്ക് വായനാവസരങ്ങൾ ഉണ്ടാക്കിക്കൊടുക്കണം. നല്ല വായനക്കും നല്ല സംവാദങ്ങൾക്കും അവരെ പ്രാപ്തരാക്കണം.
വായനകളിൽ വെച്ച് ഏറ്റവും ശ്രേഷ്ഠമായത് ഖുർആൻ പാരായണമാണ്. പ്രതിഫലാർഹമായ ആരാധന കൂടിയാണത്. ഖുർആനിൽ നിന്ന് സൗകര്യപ്പെട്ടത്ര ഓതാനാണ് അല്ലാഹു കൽപ്പിച്ചിരിക്കുന്നത് (സൂറത്തു മുസമ്മിൽ 20). ഓരോ വീട്ടിലെയും കുട്ടികളും മുതിർന്നവരും വായനാ ശീലമുള്ളവരായിരിക്കണം. ഖുർആൻ പാരായണത്താലും മറ്റു വായനകളാലും വീടകങ്ങൾ സജീവമാകണം. സ്മാർട്ട് കാലത്ത് നൂതന വിദ്യകൾ പ്രയോജനപ്പെടുത്തി ഇലക്ട്രോണിക് പതിപ്പുകൾ വായിക്കാനും സമയം കണ്ടെത്തണം. മഹത്തായ യുഎഇ രാജ്യം വായനക്ക് ഏറെ പ്രാധാന്യം നൽകുന്നുണ്ട്. ആഫീസുകളിലും ഇതര വകുപ്പു ആസ്ഥാനങ്ങളിലും വായനക്കായി പ്രത്യേക സൗകര്യങ്ങളാണ് ഒരുക്കിയിരിക്കുന്നത്. ഉദ്യോഗാർത്ഥികൾക്ക് വായനക്കുള്ള സമയവും ക്രമപ്പെടുത്തിയിട്ടുണ്ട്.

