യുഎഇ ജുമുഅ ഖുത്ബ പരിഭാഷ
മൻസൂർ ഹുദവി കളനാട്
തീയ്യതി: 12/03/2021
വിഷയം: എല്ലാ പ്രവാചകന്മാരുടെയും മതം ഒന്നാണ്
അന്ത്യ പ്രവാചകർ മുഹമ്മദ് നബി (സ്വ)യെ അല്ലാഹു സവിശേഷമായ 'ഇസ്‌റാഅ്' രാപ്രയാണത്തിനും 'മിഹ്‌റാജ്' ആകാശാരോഹണത്തിനും അവസരമേകി അനുഗ്രഹിച്ചിട്ടുണ്ട്. വിശുദ്ധ ഖുർആൻ സൂറത്തുൽ ഇസ്‌റാഅ് ഒന്നാം സൂക്തത്തിൽ തന്നെ അല്ലാഹു വ്യക്തമാക്കുന്നു: 'തന്റെ അടിമ മുഹമ്മദ് നബി മസ്ജിദുൽ ഹറാമിൽ നിന്ന് മസ്ജിദുൽ അഖ്‌സായിലേക്ക് ഒരു രാത്രിയിൽ സഞ്ചരിപ്പിച്ചവൻ പരിശുദ്ധനത്രേ'. ഈ യാത്രയിൽ നബി (സ്വ) ഒരേ പള്ളിയുടെ മേൽക്കുരക്ക് കീഴെ ഒന്നിച്ചുള്ള കുറേ പ്രവാചകന്മാരെ കണ്ടു. ഏവരും സഹോദരന്മാർ കണക്കെ. കാരണം എല്ലാവരും നിയോഗിതരായത് ഒരൊറ്റ സന്ദേശം പ്രചരിപ്പിക്കാനാണല്ലൊ. ഓരോ കാലഘട്ടത്തിലെയും പ്രദേശത്തെയും വ്യവസ്ഥകളും നിയമങ്ങളും വ്യത്യസ്തമാണെങ്കിലും എല്ലാവരുടെയും വിശ്വാസ സംഹിത ഒന്നു മാത്രമായിരുന്നു. നബി (സ്വ) പറഞ്ഞിരിക്കുന്നു: നബിമാരെല്ലാം ഒരൊറ്റ പിതാവിന്റെ മക്കളെ പോലെ സഹോദരങ്ങളാണ്, മാതാക്കൾ വെവ്വേറെയാണ്. എന്നാൽ വിശ്വാസം ഏവരുടെയും ഒന്നു തന്നെ (ഹദീസ് ബുഖാരി 3443). അതായത് എല്ലാ പ്രവാചചകന്മാരും ഇസ്ലാമെന്ന ഒരൊറ്റ ലക്ഷ്യത്തിന്റെ പ്രചാകരന്മാരാണ്. നിങ്ങളുടെ പിതാവായ ഇബ്രാഹീം നബിയുടെ മാർഗമാണിതെന്ന് ഖുർആൻ പ്രസ്താവിക്കുന്നുണ്ട് (സൂറത്തുൽ ഹജ്ജ്). വ്യവസ്ഥകളും വിധിവിലക്കുകളും വിവിധങ്ങളെങ്കിലും പ്രബോധ കാര്യം ഒന്നു മാത്രമായിരുന്നു. അതാണ് ശാന്ത സുന്ദര ഇസ്ലാം മതം.
ഏഴ് ആകാശങ്ങളിലേക്ക് കയറിച്ചെന്ന പ്രവാചകർ മുഹമ്മദ് നബി (സ്വ) അവിടെ ധാരാളം അത്ഭുത കാഴ്ചകൾ കണ്ടു. 'തന്റെ നാഥന്റെ അതി മഹത്തായ ചില ദൃഷ്ടാന്തങ്ങൾ അവിടന്ന കാണുകയുണ്ടായി' (സൂറത്തു ന്നജ്മ് 18). ആദി പിതാവ് ആദം നബി (അ)യെ കണ്ടു. പ്രവാചകന്മാരുടെ പിതാവായ ഇബ്രാഹിം നബി (അ)യെയും മറ്റു നബിമാരായ ഇദ്‌രീസ് (അ), യൂസുഫ് (അ), മൂസാ (അ), ഹാറൂൻ (അ), യഹ്‌യ (അ), ഈസാ (അ) എന്നിവരെയും കണ്ടു. നമ്മുടെ നബി (സ്വ)യുടെ വരവിൽ അവർ സന്തോഷിച്ചു. അവർ നബി (സ്വ) സ്വീകരിച്ചാനയിച്ചു (ഹദീസ് ബുഖാരി, മുസ്ലിം). ഈ സംഭവം പ്രവാചകന്മാർക്കിടയിലുള്ള ഐക്യവും ഏകതാബോധവുമാണ് സൂചിപ്പിക്കുന്നത്. അവർ തമ്മിലുള്ള സ്‌നേഹവും സൗഹാർദ്ദവുമാണ് പ്രതിധ്വനിക്കുന്നത്. എല്ലാവരുടെയും ദൗത്യത്തിന്റെ കാതൽ ഏക ദൈവവിശ്വാസമാണ്. പരമേശ്വരനായ അല്ലാഹുവിനെ ഏകമായി ആരാധിക്കാനുള്ള സന്ദേശമാണ് ഏവരും സമുദായങ്ങൾക്ക് നൽകിയത്. മുൻ കഴിഞ്ഞ എല്ലാ പ്രവാചകന്മാർക്ക് അല്ലാഹുവല്ലാതെ ഒരു ദൈവവുമില്ലെന്നും അതിനാൽ അവനെ ആരാധിക്കണമെന്നുള്ള ദിവ്യ സന്ദേശം മുൻ നിയോഗിതരായ മുഴുവൻ പ്രവാചകന്മാർക്കും നൽകിയിട്ടുണ്ടെന്നാണ് അല്ലാഹു നബി (സ്വ)യെ അറിയിച്ചത് (സൂറത്തു അമ്പിയാഅ് 25). മതം, സ്വശരീരം, കുടുംബം, സമ്പത്ത്, ബുദ്ധി, നാട് ഇവയോടെല്ലാം നീതി ചെയ്യുമ്പോഴാണ് ഏക ദൈവാരാധന പൂർണമാവുന്നത്.
നബി (സ്വ)ക്ക് മിഅ്‌റാജ് യാത്രയിൽ ഇബ്രാഹിം നബി (അ)യുടെ അടുക്കലിലേക്ക് ചെന്നപ്പോൾ പറയുകയുണ്ടായി: ഹേ മുഹമ്മദ് താങ്കൾ താങ്കളുടെ സമുദായക്കാരോട് എന്റെ സലാം പറയണം (ഹദീസ് തുർമുദി 3462). സൗഹൃദത്തിന്റെയും സഹവർത്തിത്വത്തിന്റെയും , സ്‌നേഹത്തിന്റെയും സമാധാനത്തിന്റെയും ആ ദീപപ്രഭയാണ് അന്ത്യപ്രവാചകർ (സ്വ) ലോകത്താകമാനം പരത്തിയത്. പ്രവാചകർ കൈമാറിയ സന്ദേശം ജീവിതത്തിൽ പകർത്തി, സൽക്കർമ്മ സജ്ജരായി ദൈവികതയിൽ അല്ലാഹുവോടൊപ്പം ആരെയും പങ്കു ചേർക്കാതെ വിശ്വസിച്ചു ജീവിക്കലാണ് സമുദായംഗങ്ങളായ നമ്മുടെ ബാധ്യത.

