ദേശക്കൂറ് ഒരു സുകൃതമാണ്

യുഎഇ ജുമുഅ ഖുത്ബ പരിഭാഷ

മൻസൂർ ഹുദവി കളനാട്

തീയ്യതി: 19/03/2021

വിഷയം: കടപ്പാടാണ് ദേശസ്‌നേഹം

ഓരോർത്തർക്കും അവർ വസിക്കുന്ന മണ്ണും വിണ്ണുമുള്ള നാട് ആത്മബന്ധമുള്ളതായിരിക്കും. പ്രവാചകർ മുഹമ്മദ് നബി (സ്വ)ക്ക് മദീനാ ദേശത്തോട് അതിയായ സ്‌നേഹമായിരുന്നു. 'മക്കയോടുള്ള സ്‌നേഹം കണക്കെയോ അതിലുപരിയായോ മദീനയോട് ഇഷ്ടപ്പാട് ഉണ്ടാക്കണേ' എന്നായിരുന്നു തിരുനബി (സ്വ) പ്രാർത്ഥിച്ചിരുന്നത് (ഹദീസ് ബുഖാരി 6372). ദേശസ്‌നേഹമെന്നത് വാക്കുകൾക്കതീതമായ വികാരമാണ്. വർണനാതീതം. ഒരാളെ അളക്കാൻ അയാളുടെ ദേശക്കൂറ് മതി. മുൻപരിചയമോ അനുഭവമോ പരീക്ഷണമോയില്ലാതെ ഒരാളെ വിലയിരുത്തുന്നതെങ്ങനെയെന്ന ചോദ്യത്തിന് ജ്ഞാനികൾ നൽകുന്ന ഉത്തരം, ദേശസ്‌നേഹം മാനദണ്ഡമാക്കി ഒരാളെ വായിച്ചെടുക്കാനാവുമെന്നാണ്.

നമ്മുടെ വിശ്വാസവും സംസ്‌ക്കാരവും സമ്പത്തും അഭിമാനവുമെല്ലാം നാടെന്ന അഭയകേന്ദ്രത്തിലാണ് നിലക്കൊള്ളുന്നത്. നാടില്ലാത്തവൻ അഭ്യയാർത്ഥിയായിരിക്കും. അവന് അഭയമുണ്ടാവില്ല. ഭയമായിരിക്കും. അഭിമാനം സംരക്ഷിക്കപ്പെട്ടെന്നു വരില്ല. സ്ഥായിയായ സമ്പത്തുണ്ടാവില്ല. മതചിട്ടകൾ പാലിക്കാനാവില്ല. ജീവിതം തന്നെ അർത്ഥമില്ലാത്തതായിരിക്കും. നാം ഏറെ അനുഗ്രഹീതരാണ്. നാഥൻ നമ്മെ നല്ല നാടിൽ വസിപ്പിച്ചിരിക്കുകയാണ്. ഇവിടെ നമ്മുടെ അവകാശങ്ങൾ സംരക്ഷിക്കപ്പെടും. നമ്മുടെ കാര്യങ്ങൾ നേരാംവണ്ണം നിർവ്വഹിക്കപ്പെടുകയും ചെയ്യും. 

സത്യത്തിൽ, നാട് എന്നാൽ തലമുറകളിലൂടെ നമ്മളിൽ ഏൽപ്പിക്കപ്പെട്ട സൂക്ഷിപ്പു സ്വത്താണ്. അതിലെ മണ്ണും വായും വെളിച്ചവും വസ്തുവകകളെല്ലാം പരിപാലിക്കേണ്ടത് നാമോരോർത്തരുടെയും ബാധ്യതയാണ്. നാടിന്റെ വിദ്യാഭ്യാസ ശാസ്ത്ര സാംസ്‌ക്കാരിക സാങ്കേതിക ഉന്നമനത്തിന് ഓരോ പൗരനും മനസ്സുവെക്കണം. ഉൽപാദന ക്ഷമതക്കും സുസ്ഥിര വികസനത്തിനും നാടിനായി ഉറക്കമൊഴിച്ച് പ്രയത്‌നിക്കണം. പ്രതിബന്ധങ്ങൾ പോരായ്മകളും വീഴ്ചകളുമില്ലാത്തവിധം പ്രതിരോധിക്കണം. നാടിന്റെ സൂക്ഷിപ്പു ചുമതല വരും തലമുറക്ക് കൈമാറണം. അതാണ് നമ്മുടെ നാടിനോടുള്ള ഉത്തരവാദിത്വം. 'തങ്ങളുടെ ഉത്തരവാദിത്വങ്ങളും കരാറുകളും പാലിക്കുന്നവർ വിജയിച്ചിരിക്കുന്നു'വെന്നാണ് അല്ലാഹു പറഞ്ഞിരിക്കുന്നത് ( സൂറത്തുൽ മുഅ്മിനൂൻ 8, സൂറത്തുൽ മആരിജ് 32).

നാടിന്റെ മേന്മയിൽ അഭിമാനപുളകിതമാവണം. നാടിന്റെ ശാന്തിക്കും സമാധാനത്തിനും സുസ്ഥിരതക്കുമായി പ്രാർത്ഥിക്കണം. ഇബ്രാഹിം നബി (അ) മക്കാ പ്രദേശത്തിന് വേണ്ടി 'നാഥാ ഈ നാടിനെ നിർഭയ സ്ഥലിയാക്കണമേ' എന്ന് പ്രാർത്ഥിച്ചത് വിശുദ്ധ ഖുർആൻ ചരിത്രകഥനം ചെയ്യുന്നുണ്ട് (സൂറത്തു ഇബ്രാഹിം 35). 'മദീനാ ദേശത്ത് അനുഗ്രഹം ചൊരിയണമേ'യെന്ന് നമ്മുടെ നബി (സ്വ)യും പ്രാർത്ഥിച്ചത് ഹദീസുകളിൽ കാണാം (ഹദീസ് ബുഖാരി, മുസ്ലിം). ലോക രക്ഷിതാവായ അല്ലാഹുവിന്റെ കാരുണ്യ കടാക്ഷത്താൽ നമ്മുടെ നാട് ക്ഷേമത്തിലും ഐശ്വര്യത്തിലുമാണ്. നമ്മുടെ പൂർവ്വികരാണ് ഈ വികസനത്തിനും വികാസത്തിനും വേണ്ടി അഹോരാത്രം പണിപ്പെട്ടത്. അവരിൽ നിന്ന് നാം പകർന്ന ദേശക്കൂറ് നിഷ്‌കളങ്കമായി തുടർന്നും പ്രകടിപ്പിക്കണം.  നാടിന്റെ സംസ്‌ക്കാരവും പാരമ്പര്യവും കാത്തുസൂക്ഷിക്കണം. കാരണം ദേശസ്‌നേഹം ഒരു സുകൃതമാണ്. ജഗനിയന്താവ് പ്രതിഫലം നൽകുന്ന സുകൃതം. 'സത്യവിശ്വാസിയായിക്കൊണ്ട് ആരെങ്കിലും വല്ല സുകൃതവും അനുവർത്തിച്ചാൽ തന്റെ പ്രയത്‌നഫലം അവനു നിഷേധിക്കപ്പെടില്ല. നാമത് രേഖപ്പെടുത്തിവെക്കുക തന്നെ ചെയ്യുന്നതാണ്' (സൂറത്തുൽ അമ്പിയാഅ് 94). ദേശസ്‌നേഹം ആത്മീയമായും പ്രതിഫലാർഹമെന്നർത്ഥം.


back to top