യുഎഇ ജുമുഅ ഖുത്ബ പരിഭാഷ
മൻസൂർ ഹുദവി കളനാട്
തീയ്യതി: 26/03/2021
വിഷയം: ശഅ്ബാൻ, സൽക്കർമ്മങ്ങൾ നാഥനിലേക്ക് ഉയർത്തപ്പെടുന്ന മാസം
എല്ലായ്‌പ്പോഴും ചെയ്യേണ്ടതാണ് സൽക്കർമ്മങ്ങൾ. എന്നാൽ ചില സമയങ്ങളിലെയും ചില മുഹൂർത്തങ്ങളിലെയും സൽകൃത്യങ്ങൾ ഏറെ സവിശേഷവും പ്രത്യേകതയാർന്നതുമായിരിക്കും. നബി (സ്വ) പറയുന്നു: 'നിങ്ങൾ എല്ലാ സമയത്തും നന്മകൾ ചെയ്ത് അല്ലാഹുവിന്റെ കാരുണ്യ നോട്ടങ്ങൾക്ക് പാത്രീഭൂതരാവുക, അല്ലാഹുവിന്റെ അനുഗ്രഹ പ്രവാഹങ്ങൾ വെളിവാകുന്ന ചില സന്ദർഭങ്ങളുണ്ട്. അത് അവൻ ഉദ്ദേശിക്കുന്ന അടിമകൾക്ക് ലഭിക്കും' (ഹദീസ് മുഅ്ജമുൽ കബീർ, ത്വബ്‌റാനി 720). അത്തരത്തിൽ സൽക്കർമ്മങ്ങൾക്ക് സവിശേഷതകളുള്ള മാസമാണ് ശഅ്ബാൻ. അതിലെ ഓരോ ദിവസവും പുണ്യമാക്കപ്പെട്ടതാണ്. ശഅ്ബാനിലെ ദിനങ്ങളിലാണ് സൽക്കർമ്മങ്ങൾ പ്രപഞ്ച നാഥനായ അല്ലാഹുവിലേക്ക് ഉയർത്തപ്പെടുന്നത്.
റമദാനിന് ആമുഖമായി ആരാധനാ നിമഗ്നമാക്കേണ്ട ദിനരാത്രങ്ങളാണ് ശഅ്ബാനിലേത്. റമദാൻ മാസത്തിനും റജബ് മാസത്തിനും ഇടയിൽ ആൾക്കാർ ശ്രദ്ധിക്കാ തെ പോവുന്ന മാസമാണ് ശഅ്ബാൻ, എന്നാൽ ആ മാസത്തിലാണ് നന്മകൾ അല്ലാഹുവിലേക്ക് ഉയർത്തപ്പെടുന്നത് എന്നാണ് ശഅ്ബാൻ മാസത്തിന്റെ പ്രത്യേകതയെപ്പറ്റി നബി (സ്വ) പ്രതികരിച്ചത് (ഹദീസ് നസാഈ 2357). പരിശുദ്ധ റമദാൻ മാസത്തിനുള്ള തയ്യാറെടുപ്പുകൾ ചെയ്യേണ്ട മാസമെന്ന നിലക്ക് ശഅ്ബാനിലും റമദാനിലെ ആരാധനകളും മറ്റു സൽക്കർമ്മങ്ങളും ചെയ്ത് തുടങ്ങേണ്ടതാണെന്നാണ് പണ്ഡിതാഭിപ്രായം.
ഖുർആൻ പാരായണം, നമസ്‌ക്കാര നിർവ്വഹണം, രഹസ്യവും പരസ്യവുമായ ദാനധർമ്മങ്ങൾ തുടങ്ങിയ സൽക്കർമ്മങ്ങൾ ചെയ്യുന്നവർ പ്രത്യാശിക്കുന്നത് തീരേ നഷ്ടമില്ലാത്ത കച്ചവടമാണെന്നും അവർക്ക് അല്ലാഹു പ്രതിഫലം പൂർത്തീകരിച്ചും ഇരട്ടിപ്പിച്ചും കൊടുക്കുമെന്നും സൂറത്തുൽ ഫാത്വിർ 29, 30 സൂക്തങ്ങൾ പ്രസ്താവിക്കുന്നുണ്ട്. അതു പ്രകാരം റമദാനിന് മുഖവുരയായി പരിഗണിച്ച് ശഅ്ബാനിനെ ആരാധനകളാലും മറ്റു പുണ്യ പ്രവർത്തനങ്ങളാലും സജീവമാക്കണം.
ശഅ്ബാൻ 15ാം രാവ് ശ്രേഷ്ഠമാക്കപ്പെട്ടതാണ്. ആ രാത്രിയിൽ അല്ലാഹു കരുണ തേടിയവർക്ക് കാരുണ്യക്കടലാവും. പശ്ചാത്താപം ചെയ്തവർക്ക് പാപമോചനം നൽകും. പാപികൾക്ക് മാപ്പു നൽകുകയും ചെയ്യും. അബൂ മൂസൽ അശ്അരി (റ) റിപ്പോർട്ട് ചെയ്യുന്നു, നബി (സ്വ) പറയുന്നു: ശഅ്ബാനിലെ 15ാം രാവിൽ അല്ലാഹു ഇറങ്ങിവന്ന് സകല സൃഷ്ടികൾക്കും പാപങ്ങൾ പൊറുത്തുകൊടുക്കും, ദൈവികതയിൽ പങ്കുചേർത്തവർക്കും വിദ്വേഷം വെച്ചുപുലർത്തുന്നവർക്കുമൊഴികെ (ഇബ്‌നു മാജ 1390). ഈ അവസരം അക്രമികൾക്കും മാപ്പു നൽകിയും തർക്കിച്ചവരോട് സമവായം ചെയ്തും ഉപയോഗപ്പെടുത്താവുന്നതാണ്. അങ്ങനെ പ്രാർത്ഥിച്ചും പശ്ചാത്തപിച്ചും ദൈവത്തിലേക്ക് വണങ്ങി ശുദ്ധ മനസ്സോടു കൂടി പരിശുദ്ധ മാസമായ റമദാനിനെ വരവേൽക്കാം.

