യുഎഇ ജുമുഅ ഖുത്ബ പരിഭാഷ
മൻസൂർ ഹുദവി കളനാട്
തീയ്യതി: 02/04/2021
വിഷയം: മീസാനിൽ ഘനം കൂട്ടുന്ന സൽക്കർമ്മങ്ങൾ
പരലോകത്ത് നന്മ തിന്മകൾ തുലാസിൽ (മീസാൻ) തൂക്കി തുലനം ചെയ്ത് ഘനം കൂടുന്നത് പ്രകാരം പ്രതിഫലം നൽകപ്പെടുന്നതാണല്ലൊ. 'ആരുടെ തുലാസ് നന്മ കൊണ്ട് കനം തൂങ്ങിയോ അവൻ ആഹ്ലാദനിർഭരമായ ജീവിതത്തിലായിരിക്കും. ആരുടെ തുലാസ് കനം കുറഞ്ഞതായോ ഹാവിയ ആയിരിക്കും അവന്റെ ആവാസ കേന്ദ്രം. അതെന്താണെന്നോ അതി തീക്ഷ്ണമായ ചൂടുള്ള നരകം' (സൂറത്തുൽ ഖാരിഅ 6,7,8,9,10,11). സൽക്കർമ്മങ്ങളിൽ തന്നെ തുലാസിൽ നന്മയുടെ ഭാഗത്തെ കൂടുതൽ ഭാരമുള്ളതാക്കുന്നത് ദിക്‌റുകളാണ്. ദൈവ സ്മരണകളായ ദിക്‌റുകളിൽ തന്നെ പ്രത്യേകമായത് നബി (സ്വ) പഠപ്പിച്ചു തന്നിട്ടുണ്ട്. ലാ ഇലാഹ ഇല്ലല്ലാഹ്, അല്ലാഹു അക്ബർ, സുബ്ഹാനല്ലാഹ്, അൽഹംദുലില്ലാഹ് എന്നീ ദിക്‌റുകൾ മീസാനിൽ കനം കൂട്ടുന്നതാണ് (ഹദീസ് അഹ്‌മദ് 15107).
ദിക്ർ നാവിൽ ഉച്ചരിക്കാൻ ലഘുവും നന്മ തിന്മകളുടെ തുലാസിൽ കനത്താൽ കഠിനവുമാണ്. നാഥന് ഏറെ ഇഷ്ടമുള്ള കാര്യമാണ് ദിക്‌റുരവിടൽ. ദിക്‌റുകളിലൂടെ അല്ലാഹുവിങ്കൽ ഉയർന്ന സ്ഥാനലബ്ധി സാധ്യമാവുകയും പ്രതിഫലങ്ങൾ ഇരട്ടികളാവുകയും ചെയ്യും. ദിക്‌റുകളിൽ വെച്ച് ഏറ്റവും ശ്രേഷ്ഠം ലാ ഇലാഹ ഇല്ലല്ലാഹ് എന്ന് അല്ലാഹിന് ഏകദൈവത്വം പ്രഖ്യാപിക്കുന്ന തഹ്‌ലീലാണ്. നൂഹ് നബി (അ) തങ്ങളുടെ രണ്ടു മക്കളോട് വസ്വിയ്യത്ത് ചെയ്തത് ഇങ്ങനെ: ഞാൻ നിങ്ങളോട് രണ്ടു പേരോടും ലാ ഇലാഹ ഇല്ലല്ലാഹ് ഉരുവിടാൻ കൽപിക്കുന്നു. ആകാശ ഭൂമികളും അവയിലുള്ള സകലതും തുലാസിന്റെ ഒരു ഭാഗത്തും, മറുഭാഗത്ത് ഈ വാക്യവും തൂക്കിയാൽ ലാ ഇലാഹ ഇല്ലല്ലാഹ് ആയിരിക്കും കൂടുതൽ ഭാരം തൂങ്ങുക (ഹദീസ് അഹ്‌മദ് 7101). അല്ലാഹുവിന്റെ തിരുനാമത്തിനൊപ്പം ഒന്നും തൂക്കത്തിനൊക്കില്ലെന്നാണ് നമ്മുടെ നബി (സ്വ) പറഞ്ഞിരിക്കുന്നത് (ഹദീസ് അഹ്‌മദ് 6699, തുർമുദി 2639).
നിത്യജീവിതത്തിന്റെ എല്ലാ ഘട്ടത്തിലും ദിക്‌റുകൾ പതിവാക്കുന്നവർക്ക് പ്രത്യേകിച്ച് നമസ്‌ക്കാരങ്ങൾക്ക് ശേഷവും ഉറങ്ങുന്നതിന് മുമ്പും ദിക്‌റുകൾ ചൊല്ലൽ ശീലമാക്കുന്നവർക്ക് വമ്പിച്ച പ്രതിഫലമാണ് അല്ലാഹു വാഗ്ദാനം ചെയ്തിരിക്കുന്നത്. അവരുടെ നന്മയുടെ തുലാസ് ഭാരമേറുകയും ചെയ്യും. നബി (സ്വ) പറയുന്നു: രണ്ടു കാര്യങ്ങൾ, അവ ശീലമാക്കിയ സത്യവിശ്വാസി സ്വർഗത്തിൽ പ്രവേശിച്ചിരിക്കും. അവ വളരെ എളുപ്പമാണ്. എന്നാൽ അങ്ങനെ ചെയ്യുന്നവർ വളരെ വിരളവും. ഒന്ന്, എല്ലാ നമസ്‌ക്കാരങ്ങൾക്ക് ശേഷവും പത്തു പ്രാവശ്യം വീതം തസ്ബീഹ്, ഹംദ്, തക്ബീർ എന്നിവ ചൊല്ലൽ. അങ്ങനെ ഒരു ദിവസം നാവു കൊണ്ടു 150 ദിക്‌റുകൾ ഉച്ചരിക്കുമെങ്കിലും ഫലത്തിൽ 1500 ദിക്‌റുകളായിട്ടാണ് മീസാനിൽ തൂങ്ങുക. രണ്ടാം കാര്യം, കിടക്കുന്ന നേരത്ത് 34 പ്രാവശ്യം തക്ബീർ, 33 പ്രാവശ്യം വീതം ഹംദും തസ്ബീഹും ചൊല്ലൽ. അങ്ങനെ നാവു കൊണ്ട് നൂറു ദിക്‌റുകൾ ഉച്ചരിക്കുമെങ്കിലും ഫലത്തിൽ ആയിരം ദിക്‌റുകളായിട്ടാണ് മീസാനിൽ തൂങ്ങുക (ഹദീസ് അബൂ ദാവൂദ് 5065, നസാഈ 1348, തുർമുദി 3410, ഇബ്‌നു മാജ 926).
സൽസ്വഭാവ ഗുണങ്ങളും മീസാനിൽ തൂക്കം കൂട്ടുന്ന നന്മകളാണ്. സൽസ്വഭാവം നന്മയുടെ തുലാസിൽ ഭാരമേറ്റുന്നതാണത്രെ ( ഹദീസ് അബൂദാവൂദ് 4799, തുർമുദി 2003). സൽസ്വഭാവികളോടാണ് നബി (സ്വ)ക്ക് ഏറെ ഇഷ്ടം. അവരായിരിക്കും അന്ത്യനാളിൽ നബി (സ്വ)യോട് ഏറ്റവും അടുത്തവരും (ഹദീസ് തുർമുദി 3054). സ്വൽസ്വഭാവം ഹൃദയങ്ങളെ കോർത്തിണക്കി ബന്ധങ്ങളെ സുദൃഢമാക്കുന്ന മാസ്മരികതയാണ്. അക്രമിക്ക് മാപ്പു നൽകലും തർക്കുന്നവനോട് ആത്മസംയമനം പാലിക്കലുമെല്ലാം സ്വഭാവ മഹിമകളാണ്.

