യുഎഇ ജുമുഅ ഖുത്ബ പരിഭാഷ
മൻസൂർ ഹുദവി കളനാട്
തീയ്യതി: 09/04/2021
വിഷയം: വ്രതാനുഷ്ഠാനവും സ്വർഗവും
സ്വർഗം അല്ലാഹു ദൈവഭക്തിയുള്ള സത്യവിശ്വാസികൾക്ക് ഒരുക്കിയ അഭയ കേന്ദ്രമാണ്. വിജയാശ്രീലാളിതരായ അവരെ മാലാഖമാർ സുസ്വാഗതത്തോടെ ആനയിക്കുമെന്നാണ് ഖുർആനിക സുവിശേഷം (സൂറത്തു സ്സുമർ 73). സ്വർഗ പ്രവേശം സുസാധ്യമാക്കുന്ന ആരാധനയാണ് വ്രതം. വ്രതക്കാലമായ റമദാൻ മാസം സമാഗതമായാൽ സ്വർഗ വാതിലുകൾ തുറക്കപ്പെടുന്നതാണ് (ഹദീസ് ബുഖാരി, മുസ്ലിം). സ്വർഗത്തിൽ പ്രവേശിക്കാനുള്ള മാർഗങ്ങൾ അല്ലാഹു എളുപ്പമാക്കിക്കൊടുക്കുന്ന വമ്പിച്ച അവസരം കൂടിയാണ് റമദാൻ. ആരാധനകളുടെയും അനുഷ്ഠാനങ്ങളുടെയും ആനുകൂല്യങ്ങൾ പരമാവധി നൽകപ്പെടുന്ന പുണ്യങ്ങളുടെ മേള, അതാണ് റമദാൻ.
വ്രതാനുഷ്ഠാനികൾക്ക് സ്വർഗലബ്ധി ദൈവ വാഗ്ദാനമാണ്. അവർക്ക് വേണ്ടി പ്രത്യേകം സജ്ജമാക്കിയ സ്വർഗ കവാടമാണ് റയ്യാൻ. നബി (സ്വ) പറയുന്നു: നോമ്പുകാർ റയ്യാൻ കവാടത്തിലൂടെയാണ് സ്വർഗത്തിലേക്കുക സ്വാഗതം ചെയ്യപ്പെടുക (ഹദീസ് ബുഖാരി, മുസ്ലിം). നോമ്പനുഷ്ഠിക്കുന്നവർക്കായുള്ള സവിശേഷ സ്വർഗ വാതിലായ റയ്യാനിലൂടെ മറ്റാർക്കും പ്രവേശനമില്ല, നോമ്പുകാർ പ്രവേശിച്ചു കഴിഞ്ഞാൽ അത് അടക്കപ്പെടുന്നതായിരിക്കും (ഹദീസ് ബുഖാരി, മുസ്ലിം).
വ്രതം ഏറെ സവിശേഷമായ ആരാധനയാണ്, പാപങ്ങളെ കരിച്ചുകളയുന്നമെന്ന സവിശേഷതയും അതിനുണ്ട്. വിശ്വാസത്തോടെയും ദൈവങ്കലിൽ നിന്നുള്ള പ്രതിഫലേഛയോടെയും ഒരാൾ റമദാനിൽ നോമ്പനുഷ്ഠിച്ചാൽ അയാളുടെ ഗതകാല പാപങ്ങൾ പൊറുക്കപ്പെടുമത്രെ (ഹദീസ് ബുഖാരി, മുസ്ലിം). റമദാനിലെ പകൽ വ്രതത്താൽ ധന്യമെങ്കിൽ രാവ് നമസ്‌ക്കാരങ്ങളാലും പശ്ചാത്താപ തേട്ടങ്ങളാലും മറ്റു പ്രാർത്ഥകളാലും ആരാധനാ നിമഗ്നമാക്കാം. വിശ്വാസത്തോടെയും ദൈവങ്കലിൽ നിന്നുള്ള പ്രതിഫലേഛയോടെയും ഒരാൾ റമദാനിലെ രാത്രി ആരാധന സമ്പന്നമാക്കിയാൽ അയാളുടെ മുൻകാല ദോഷങ്ങൾക്ക് മാപ്പു നൽകപ്പെടുന്നതാണ് (ഹദീസ് ബുഖാരി, മുസ്ലിം). പാപമോചിതനായ വ്രതാനുഷ്ഠാനി അനായാസം സ്വർഗസ്ഥനാവുകയും ചെയ്യും.
സ്വർഗം സത്യവിശ്വാസികൾക്കുള്ള വിജയ സൗഭാഗ്യക്കൂടാരമാണ്. അല്ലാഹു പറയുന്നു: സൗഭാഗ്യവാന്മാർ സ്വർഗത്തിലായിരിക്കും. ഭുവനവാനങ്ങളുള്ളിടത്തോളം കാലം അവരതിൽ സ്ഥിരതാമസക്കാരായിരിക്കും. താങ്കളുടെ നാഥൻ വിചാരിച്ചതൊഴികെ. അവിഛേദ്യമായ സമ്മാനമാണത് (സൂറത്തു ഹൂദ് 108). പോരായ്മകളും വല്ലായ്മകളുമില്ലാത്ത ഇടമാണ് സ്വർഗം. അതിലേക്കുള്ള വഴി എളുപ്പമാക്കുന്നതാണ് വ്രതാനുഷ്ഠാനം. ഈ റമദാനിനെ നമ്മുക്ക് ആരാധനാ പൂർണമാക്കി സ്വർഗവഴി തേടാം. നിർബന്ധ നമസ്‌ക്കാരങ്ങളും തറാവീഹ് അടക്കമുള്ള ഐഛിക നമസ്‌ക്കാരങ്ങളും ഖുർആൻ പാരായണവുമെല്ലാം നിത്യമാക്കി വ്രതക്കാല രാപ്പകലുകളെ സുകൃത ഭരിതമാക്കാം. നോമ്പുതുറയിലും അത്തായയിലും മുത്തായത്തിലും മക്കളടക്കമുള്ള കുടുംബാംഗങ്ങളൊന്നിച്ചിരുന്ന് ഭക്ഷണം കഴിക്കാം. റമദാനിന്റെ ആത്മീയാന്തരീക്ഷത്തിലൂടെ സാമൂഹിക ബന്ധങ്ങൾ കൂടുതൽ ഊഷ്മളമാക്കാം. കൂടുംബ ബന്ധം സുദൃഢമാക്കാം. ആവശ്യമക്കാർക്ക് ഭക്ഷണവും ഉടുപ്പുമെത്തിക്കാം. രോഗികളെ പരിചരിക്കാം. എല്ലായിടങ്ങളിലും സുരക്ഷാ മാനദണ്ഡങ്ങളും പാലിച്ചെന്ന് ഉറപ്പുവരുത്തുകയും വേണം.
