യുഎഇ ജുമുഅ ഖുത്ബ പരിഭാഷ
മൻസൂർ ഹുദവി കളനാട്
തീയ്യതി: 16/04/2021
വിഷയം: റമദാൻ ഖുർആനിന്റെ മാസം
പൂർവ്വിക സമുദായങ്ങൾക്ക് നിർബന്ധമാക്കപ്പെട്ടത് പോലെ പ്രവാചകർ മുഹമ്മദ് നബി (സ്വ)യുടെ സമുദായത്തിനും വ്രതാനുഷ്ഠാനം നിയമമാക്കപ്പെട്ടിരിക്കുന്നുവെന്നാണ് ഖുർആൻ പ്രഖ്യാപനം (സൂറത്തുൽ ബഖറ 183). പ്രസ്തുത വ്രതവിശുദ്ധിയുടെ മാസമെന്ന പോലെ പരിശുദ്ധ ഖുർആനിന്റെ മാസം കൂടിയാണ് റമദാൻ. അല്ലാഹു പറയുന്നു: 'മാനുഷ്യകത്തിനു വഴികാട്ടിയും സത്യാസത്യ വിവേചനത്തിനും സന്മാർഗ ദർശനത്തിനുമുള്ള സുവ്യക്ത ദൃഷ്ടാന്തങ്ങളും ആയി ഖുർആൻ അവതീർണമായ മാസമാണു റമദാൻ' (സൂറത്തുൽ ബഖറ 185).
റമദാൻ രാവുകളിൽ മാലാഖ ജിബ്‌രീൽ (അ) നബി (സ്വ)യുടെ അടുക്കൽ വന്ന് ഖുർആൻ ഓതിക്കൊടുക്കുമായിരുന്നു (ഹദീസ് അഹ്‌മദ് 3539). റമദാനിലെ ഖുർആൻ പാരായണത്തിന് പ്രത്യേക മഹിമയും പ്രതിഫലവുമുണ്ടെന്ന് തെളിയിക്കുന്നതാണ് സംഭവം. അതുകൊണ്ടു തന്നെ സ്വഹാബികളും താബിഉകളും പണ്ഡിതസൂരികളും റമദാനിനെ വരവേറ്റതും സജ്ജീവമാക്കിയതും ഖുർആൻ പാരായണം ചെയ്തുകൊണ്ടാണ്. പ്രത്യേക പരിഗണനയോടെ തന്നെ അവർ ഖുർആൻ അർത്ഥം മനസ്സിലാക്കി ഓതുകയും പഠിക്കുകയും പഠിപ്പിക്കുകയും ചെയ്തിരുന്നു. മാത്രമല്ല ഖുർആൻ നിർദേശിച്ച സത്യസന്ധത, വിശ്വാസ്യത, ലജ്ജ, കാരുണ്യം, മറ്റുള്ളവർക്ക് ഗുണം ചെയ്യൽ, ബന്ധങ്ങൾ ചേർക്കൽ, സഹിഷ്ണുത, സ്‌നേഹം, സഹകരണം മുതലായ സ്വഭാവ ഗുണങ്ങൾ പകർത്താനും ഖുർആൻ മാസത്തെ അവസരമാക്കിയിരുന്നു. ഖുർആനിലെ സ്വഭാവ വിശേഷണങ്ങളുണ്ടാവുക എന്നത് പ്രവാചക സരണിയാണ്. ഒരിക്കൽ സഅ്ദ് ബ്‌നു ഹിഷാം (റ) പ്രവാചക പത്‌നി ആയിഷാ ബീബി (റ)യോട് നബി (സ്വ)യുടെ സ്വഭാവത്തെക്കുറിച്ച് ചോദിച്ചു. മഹതി പറഞ്ഞു: താങ്കൾ ഖുർആൻ പാരായണം ചെയ്യാറില്ലെ? അദ്ദേഹം പറഞ്ഞു: അതെ. മഹതി തുടർന്നു നബി (സ്വ)യുടെ സ്വഭാവം ഖുർആൻ തന്നെയാണ് (ഹദീസ് മുസ്ലിം 746).
ഖുർആൻ ഓതുകയും ഖുർആനിൽ പറയപ്പെട്ട സൽഗുണങ്ങൾ ജീവിതത്തിൽ അനുവർത്തിക്കുകയും ചെയ്തവർ അല്ലാഹുവിന്റെ സ്വന്തക്കാരായാണ് അറിയപ്പെടുന്നത്. സൃഷ്ടികളിൽ നിന്ന് അല്ലാഹുവിന് ബന്ധുക്കളുണ്ടെന്ന് പറഞ്ഞ നബി (സ്വ)യോട് അനുചരന്മാർ ചോദിച്ചു: ആരാണ് ? അവർ നബി (സ്വ) മറുപടി നൽകി: ഖുർആനിന്റെ ആൾക്കാർ അല്ലാഹുവിന്റെ ആൾക്കാരാണ്, അവന്റെ സ്വന്തക്കാരാണവർ (ഹദീസ് നസാഈ 7977, ഇബ്‌നു മാജ 215, അഹ്‌മദ് 12292). റമദാനിലെ രാവും പകലുമെല്ലാം നമ്മുടെ വീടകങ്ങൾ ഖുർആൻ ഒലികളാൽ മുഖരിതമാവണം. ഖുർആൻ ഓതുന്നിടങ്ങളിൽ അല്ലാഹുവിന്റെ അനുഗ്രഹങ്ങളും ആശിർവാദങ്ങളുമുണ്ടാവും. ശാന്തി പടരും. സ്വസ്ഥത പകരും. സൃഷ്ടികളുടെ പാരായണത്തിൽ സൃഷ്ടാവ് ഏറെ സന്തോഷിക്കുകയും ചെയ്യും.
ഖുർആൻ പാരായണം ചെയ്യുന്നവർ, നമസ്‌ക്കാരങ്ങൾ യഥാ നിർവ്വഹിക്കുന്നവർ, ധനം ധർമ്മ മാർഗത്തിൽ ചെലവഴിക്കുന്നവർ എന്നിവർ തീർത്തും ലാഭകരമായ കച്ചവടത്തിലേർപ്പെട്ടവരെന്നാണ് അല്ലാഹു പുകഴ്ത്തുന്നത്. അവർക്ക് വമ്പൻ പ്രതിഫലങ്ങളുണ്ടെന്നും അല്ലാഹു വാഗ്ദാനം ചെയ്യുന്നുണ്ട് (സൂറത്തുൽ ഫാത്വിർ 29, 30). സുഹ്‌രി (റ) പറയുന്നു: റമദാൻ മാസം ഖുർആൻ പാരായണത്തിന്റെയും ഭക്ഷണ ദാനത്തിന്റെയും മാസമാണ്. ഈ റമദാൻ വേളയിൽ യുഎഇ രാജ്യം 100 മില്യൺ ഭക്ഷണപ്പൊതി പദ്ധതിയിലൂടെ ലോകത്തെ അവശർക്കും അശരണർക്കും ഭക്ഷണമെത്തിക്കുകയാണ്. യുഎഇ റെഡ് ക്രസന്റും ഭക്ഷണ ദാനത്തിനായി രംഗത്തുണ്ട്. എല്ലാവരും ഈ നന്മയിൽ പങ്കാളികളാവുക, സഹകരിക്കുക.

