യുഎഇ ജുമുഅ ഖുത്ബ പരിഭാഷ
മൻസൂർ ഹുദവി കളനാട്
തീയ്യതി: 23/04/2021
വിഷയം: നോമ്പുകാരന് ഉണ്ടായിരിക്കേണ്ട സ്വഭാവ ഗുണങ്ങൾ
പ്രമുഖ സ്വഹാബി വര്യൻ ജാബിർ ബ്‌നു അബ്ദുല്ല (റ) പറയുന്നു: 'നോമ്പുകാരന്റെ കാതും കണ്ണും നാവുമെല്ലാം നോമ്പുകാരായിക്കണം. ജനോപദ്രവ കാര്യങ്ങളിൽ നിന്നു വിട്ടുനിൽക്കണം. നോമ്പുകാലങ്ങളിൽ ഗൗരവവും ഗാഭീര്യവും നിലനിർത്തുന്നതോടൊപ്പം ശാന്തത കൈവരുത്തണം. നോമ്പുള്ള ദിവസവും അല്ലാത്ത ദിവസവും ഒരുപോലെയാകരുത്' (ശുഅ്ബുൽ ഈമാൻ 3374). വ്രതാനുഷ്ഠാനി മഹിതമായ സ്വഭാവ വിശേഷണങ്ങളും സ്തുതർഹ്യമായ പെരുമാറ്റങ്ങളും ചട്ടങ്ങളും കണിശമായി പാലിക്കുന്നവനായിരിക്കണമെന്നാണ് പ്രസ്തുത മഹത് വചനം ഉൽബോധിപ്പിക്കുന്നത്.
നോമ്പുകാരന്റെ ഓരോ അവയവവും വ്രതാനുഷ്ഠാനത്തിന്റെ ഭാഗമായിരിക്കണം. ഓരോന്നും അതിന്റേതായ ധർമ്മം കൈവെടിയുകയുമരുത്. നല്ലത് മാത്രമേ മൊഴിയാവൂ. വ്രത വിശുദ്ധിയെ ബാധിക്കുന്ന കാര്യങ്ങളിൽ നിന്ന് വിട്ടുനിൽക്കണം. പകൽ സമയം ആരാധനകളാൽ വ്യാപൃതനാവണം. നോമ്പുകാരനായി സൃഷ്ടാവിനോട് ഏറ്റം ആരാധനയിലായിരിക്കുന്നതോടൊപ്പം സൃഷ്ടികളോട് സൽസ്വഭാവിയായി വർത്തിക്കുകയും വേണം. കാരണം നോമ്പ് ആത്മ സംസ്‌ക്കരണത്തിന്റെ ആരാധനയാണ്, സ്വഭാവ സ്വാംശീകരണത്തിന്റെയും. അതു കൊണ്ടാണ് അല്ലാഹു പറഞ്ഞത്, മുൻ സമുദായങ്ങൾക്കെന്ന പോലെ നിങ്ങൾക്കും വ്രതം നിർബന്ധമാക്കപ്പെട്ടിട്ടുള്ളത് ഭയഭക്തിയുള്ളവരാകൻ വേണ്ടി എന്ന് (സൂറത്തുൽ ബഖറ 183).
വ്രതം ആരാധനകൾക്കുള്ള പള്ളിക്കൂടമാണ്. മാനവിക സാംസ്‌ക്കാരിക മൂല്യങ്ങൾ ജീവിതത്തിൽ കൊണ്ടുനടക്കാനുള്ള സുവർണാവസരം കൂടിയാണ്. നമസ്‌ക്കാരങ്ങൾ നിലനിർത്താനും ഖുർആൻ പാരായണം ശീലമാക്കാനും ആത്മാർത്ഥമായി സൽക്കർമ്മങ്ങൾ ചെയ്യാനും വ്രതാവസരത്തെ ഉപയോഗപ്പെടുത്തണം. മാത്രമല്ല സംശുദ്ധമായ സ്വഭാവ രൂപീകരണവും യാഥാർത്ഥ്യമാക്കണം. നല്ല ശീലങ്ങൾ പഠിക്കാനും പകർത്താനും ഹേതുകമാവണം. സഹിഷ്ണുവായിരിക്കണം. ജനങ്ങളോടുള്ള ഇടപെടലുകളിലും ഇടപാടുകളിലും ക്ഷമ ഉറപ്പുവരുത്തണം. മറ്റുള്ളവരെ മനസ്സിലാക്കി പെരുമാറണം. പ്രത്യേകിച്ച് കുടുംബക്കാരെ അടുത്തറിഞ്ഞ് പ്രശ്‌നങ്ങൾക്ക് പരിഹാരമാവണം. എന്നാൽ മാത്രമേ നോമ്പുകാരന്റെ നോമ്പ് അർത്ഥപൂർണമാവുകയുള്ളൂ, അല്ലാഹുവിൽ നിന്നുള്ള വാഗ്ദത്ത പ്രതിഫലം ലഭിക്കുകയുള്ളൂ. വ്രതത്തിനുള്ള പ്രതിഫല ദാനം വേറിട്ടതാണ്. അത് അല്ലാഹു തന്നെ പ്രത്യേകമായി ഏറ്റെടുത്തതാണ്. ഖുദ്‌സിയ്യായ ഹദീസിലൂടെ അല്ലാഹു പറയുന്നു: മനുഷ്യന്റെ എല്ലാ സൽക്കർമ്മങ്ങളും അവനിക്കുള്ളതാണ്, എന്നാൽ നോമ്പ് അത് എനിക്കുള്ളതാണ്, അതിന്റെ പ്രതിഫലം ഞാൻ തന്നെ നൽകുന്നതായിരിക്കും (ബുഖാരി, മുസ്ലിം). നോമ്പുകാരന് ഇരട്ടികളായ പ്രതിഫലങ്ങൾ അല്ലാഹു നേരിട്ട് നൽകുമെന്നർത്ഥം.
റമദാനിൽ നാം പ്രത്യേക ശ്രദ്ധിക്കേണ്ട കാര്യമാണ് ചെലവുകളിലെ മിതത്വം. അന്നപാനീയങ്ങളിൽ അമിതവ്യയം പാടില്ല. മിതവ്യയം ശീലിക്കണം. അല്ലാഹു പറയുന്നു: അന്നപാനാദികൾ കഴിക്കുക, എന്നാൽ ദുർവ്യയം അരുത്. ദുർവ്യയക്കാരെ അല്ലാഹു ഇഷ്ടപ്പെടുകയില്ല (സൂറത്തുൽ അഅ്‌റാഫ് 31). പുണ്യങ്ങളുടെ പൂക്കാലമായ റമദാൻ മാസത്തിൽ വ്രതാനുഷ്ഠിയായ സത്യവിശ്വാസി അല്ലാഹുവിൽ നിന്നുള്ള ഭക്ഷ്യങ്ങളടക്കമുള്ള അനുഗ്രഹങ്ങളെ ആവശ്യത്തിൽ അതിർകവിയാതെ ഉപയോഗിക്കാൻ പഠിക്കേണ്ടിയിരിക്കുന്നു.

