യുഎഇ ജുമുഅ ഖുത്ബ പരിഭാഷ
മൻസൂർ ഹുദവി കളനാട്
തീയ്യതി: 30/04/2021
വിഷയം: റമദാനിലെ അവസാന പത്തു ദിവസങ്ങൾ
പോരിശയാർന്ന ദിനരാത്രങ്ങളാണ് റമദാൻ അവസാന പത്തിലേത്. ഈ ദിവസങ്ങളിൽ നബി (സ്വ) മറ്റു ദിവസങ്ങൾ ചെയ്യുന്നതിലുപരി പ്രത്യേകമായി ആരാധനാ കർമ്മങ്ങൾ നിർവ്വഹിക്കുമായിരുന്നു (ഹദീസ് മുസ്ലിം 1175). പകൽ സമയത്ത് ദിക്‌റുകളും മറ്റു സൽക്കർമ്മങ്ങളുമായി സജീവമായിരുന്നു, രാത്രി സമയത്ത് നിശാ നമസ്‌ക്കാരങ്ങളാലും ഖുർആൻ പാരായണത്താലും സജ്ജവുമായിരുന്നു. പ്രവാചക പത്‌നി മഹിത ആയിശ (റ) സാക്ഷ്യപ്പെടുത്തുന്നു: റമദാൻ അവസാന പത്ത് തുടങ്ങിയാൽ പ്രവാചകർ (സ്വ) രാത്രികളെ നിദ്രാ വിഹീനമാക്കുകയും കുടുംബക്കാരെ ഉണർത്തുകയും ചെയ്യുമായിരുന്നു (ഹദീസ് ബുഖാരി, മുസ്ലിം).
ആയിരം മാസങ്ങളേക്കാൾ പുണ്യമാക്കപ്പെട്ട ഒരൊറ്റ രാവായ ലൈലത്തുൽ ഖദ്ർ പ്രതീക്ഷപ്പെടുന്ന ഈ പത്തു രാവുകളിലാണ്. അതു കൊണ്ടുതന്നെ ഈ ദിവസങ്ങളിലെ ആരാധനകൾക്ക് പവിത്രത ഏറെയാണ്. ഈ രാവുകളിലെ ആരാധനകൾക്കും മറ്റു സൽക്കർമ്മങ്ങൾക്കുമുള്ള പ്രതിഫലവും പ്രത്യേകമാണ്. ഈ രാത്രികളിൽ കുടുംബക്കാരെ ഉറക്കിൽ നിന്നുണർത്തി നമസ്‌ക്കാരങ്ങളിലും പ്രാർത്ഥനകളിലും കൂടെകൂട്ടുന്നത് നബി (സ്വ) കാണിച്ചുതന്നതാണ്. അലിയ്യു ബ്‌നു അബൂത്വാലിബ് (റ) പറയുന്നു: റമദാൻ മാസത്തിലെ അവസാന പത്തുകളിലെ രാവിൽ നബി (സ്വ) കുടുംബക്കാരെയും നമസ്‌ക്കരിക്കാൻ ആവതുള്ള ചെറുതും വലുതുമായ എല്ലാവരെയും ഉണർത്തുമായിരുന്നു (ഹദീസ് തുർമുദി 795, ത്വബ്‌റാനി മുഅ്ജമുൽ ഔസത്വ് 7/253).
ഇനിയുള്ള രാപ്പകലുകളിൽ ലൈലത്തുൽ ഖദ്‌റിനെ പ്രതീക്ഷിച്ചുകൊണ്ടുള്ള ആത്മീയാന്തരീക്ഷത്തോടെ കുടുംബക്കാരോടൊപ്പം ആരാധനാ നിമഗ്നമാക്കാം മനസ്സും ശരീരവുമെല്ലാം. ഖുർആൻ മാസമായ റമദാനിലെ പത്തരമാറ്റുള്ള അവസാന പത്തിൽ ഖുർആൻ പാരായണം ചെയ്തും മറ്റു ആരാധനാ പ്രാർത്ഥനാ കർമ്മങ്ങളിൽ മുഴുകിയും മുതലാക്കാം.
ദാനധർമ്മങ്ങളും അധികരിപ്പിക്കേണ്ട മാസമാണ് റമദാൻ. പ്രത്യേകിച്ച് അവസാന പത്തിലെ ദാനങ്ങൾക്ക് പതിന്മടങ്ങുകളുടെ പ്രതിഫലങ്ങളാണുള്ളത്. നന്മകൾക്കും സാമൂഹിക സഹകരണങ്ങൾക്കുമുള്ള ധനവിനിയോഗത്തിൽ ഈ യുഎഇ നാടിന്റെ പിതാവ് ശൈഖ് സായിദ് മാതൃകയാണ്. നന്മയുടെ കാര്യത്തിലും ദൈവഭക്തിയുടെ കാര്യത്തിലും പരസ്പരം സഹകരിക്കണമെന്നാണല്ലൊ അല്ലാഹുവിന്റെ കൽപന. ഈ നാടിന്റെ സഹായ ഹസ്തങ്ങൾ പ്രാദേശിക അതിർവരമ്പുകൾ ഭേദിച്ച് ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് എത്തുകയാണ്. വരൂ നമ്മുക്ക് നന്മക്കായി മത്സരിച്ച് മുന്നേറാം.

