'ലൈലത്തുൽ ഖദ്ർ' പുണ്യങ്ങൾ പെയ്തിറങ്ങുന്ന രാവ്

യുഎഇ ജുമുഅ ഖുത്ബ പരിഭാഷ

മൻസൂർ ഹുദവി കളനാട്

തീയ്യതി: 07/05/2021

വിഷയം: ലൈലത്തുൽ ഖദ്ർ

അതിവിശിഷ്ട രാവാണ് ലൈലത്തുൽ ഖദ് ർ. അനുഗ്രഹിക്കപ്പെട്ട രാവെന്നാണ് അല്ലാഹു ആ രാത്രിയെ വിശേഷിപ്പിച്ചിരിക്കുന്നത്. 'നിശ്ചയം ഒരു അനുഗ്രഹീത നിശയിലാണ് നാമതിനെ അവതരിപ്പിച്ചിരിക്കുന്നത്' (സൂറത്തുദ്ദുഖാൻ 3). ഈ രാവിൽ അല്ലാഹു അടിമകൾക്ക് ഇടതടവില്ലാതെ അനുഗ്രഹാശിസ്സുകൾ ചൊരിയുമത്രെ. ലൈലത്തുൽ ഖദ്ർ രാവിലെ സൽപ്രവർത്തനങ്ങൾക്ക് അതിരും പരിധിയുമില്ലാത്ത പ്രതിഫലങ്ങളാണുമാണ് നിജപ്പെടുത്തിയിരിക്കുന്നത്.

ലൈലത്തുൽ ഖദ്‌റിന്റെ പുണ്യ നിശയിൽ മാലാഖമാർ അല്ലാഹുവിൽ നിന്നുള്ള രക്ഷയും കാരുണ്യവുമായി ഇറങ്ങിവരും. അല്ലാഹു വിവരിക്കുന്നു: മലക്കുകളും വിശിഷ്യാ ജീബ്‌രീലും തങ്ങളുടെ നാഥന്റെ അനുമതിയോടെ മുഴുകാര്യങ്ങളുമായി അന്ന് ഇറങ്ങിവരുന്നു. ഉണ്മപ്രഭാതോദയം വരെ അത് ശാന്തിയത്രെ (സൂറത്തുൽ ഖദ്ർ 4, 5). ജിബ് രീൽ (അ) അടക്കമുള്ള മലക്കുകൾ ഭൂമിയിലേക്ക് ഇറങ്ങി വന്ന് വിശ്വാസികളുടെ പ്രാർത്ഥനകൾക്ക് ആമീൻ പറയും. വിശ്വാസിയെയോ വിശ്വാസിനിയെയോ കണ്ടാൽ അവർ നാഥനിൽ നിന്നുള്ള രക്ഷയും ശാന്തിയും സമാധാനവും ആശംസിച്ചുകൊണ്ടുള്ള സലാം പറയും. ഇത് പ്രഭാതം ഉദിക്കും വരെ തുടരും. 

ലൈലത്തുൽ ഖദ്ർ സലാമിന്റെ രാവാണ്. രക്ഷയ്ക്കും ശാന്തിക്കുമുള്ള പ്രാർത്ഥനയായ സലാം മനസ്സിന് സമാധാനം പകരുന്ന അമൂല്യ അഭിവാദ്യമാണ്. ആദം നബി (അ) സ്വർഗത്തിൽ വെച്ച് ആദ്യമായി പഠിച്ചത് സലാമാണ്. നബി (സ്വ) പറയുന്നു: അല്ലാഹു ആദമിന്റെ സൃഷ്ടികർമ്മങ്ങൾക്ക് ശേഷം അദ്ദേഹത്തോട് പറഞ്ഞു: താങ്കൾ ആ മലക്കുകളുടെ സംഘത്തിലേക്ക് പോയി സലാം പറയുക, എന്നിട്ട് അവർ താങ്കളോട് അഭിവാദ്യം ചെയ്യുന്നത് ശ്രദ്ധിച്ചു കേൾക്കുക. അതാണ് താങ്കളുടെയും താങ്കളുടെ സന്താനങ്ങളുടെയും അഭിവാദ്യം. ആദം അവരോട് 'അസ്സലാമു അലൈക്കും' എന്ന് പറഞ്ഞു. അപ്പോൾ അവർ പറഞ്ഞു: 'അസ്സലാമു അലൈക്ക വറഅ്മത്തുല്ലാഹ്' (ഹദീസ് ബുഖാരി, മുസ്ലിം). ലൈല്ത്തുൽ ഖദ്ർ പുണ്യരാവിൽ ഭൂമിയുടെ മുഴുവൻ ഭാഗത്തും അല്ലാഹുവിൽ നിന്നുള്ള രക്ഷാശിർവാദമായി സലാം വ്യാപിക്കുന്നതായിരിക്കും. 

റമദാനിലെ ഏറെ പുണ്യമുള്ള അവസാന പത്തുദിനങ്ങളിൽ സത്യവിശ്വാസികൾക്ക് ദൈവസാമീപ്യം ഉറപ്പിക്കുന്ന പുണ്യപ്രവർത്തനമാണ് ഫിത്വ്ർ സകാത്ത്. ആണും പെണുമായ, ചെറുതും വലുതുമായ എല്ലാവർക്കും നിർബന്ധമാണ് ഈ ദാനം. താമസിക്കുന്ന പ്രദേശത്തെ ധാന്യഭക്ഷ്യങ്ങളിൽ നിന്ന് ഒരു സ്വാഅ് (3.200 ലിറ്റർ അല്ലെങ്കിൽ രണ്ടര കിലോ ഗ്രാം മുതൽ 3 കിലോ ഗ്രാം വരെ) നൽകാനാണ് നബി (സ്വ) പറഞ്ഞത്. പ്രവാചകരുടെ (സ്വ) യുടെ കാലത്ത് കാരക്കയോ ബാർലിയോ നൽകാനായിരുന്നു നിർദേശിച്ചിരുന്നത്. നിശ്ചിത അളവിലെ ഭക്ഷ്യവസ്തുക്കളുടെ മൂല്യം തുകയായി കൊടുത്താലും മതിയെന്ന് പണ്ഡിതർ അഭിപ്രായപ്പെടുന്നു. യുഎഇ സാഹചര്യം പ്രകാരം ഒരാൾ ഇരുപത് ദിർഹം നൽകിയാൽ സകാത്തുൽ ഫിത്വ്ർ വീടുന്നതായിരിക്കും. ആശ്രിതരുടേത് കുടുംബനാഥനാണ് നൽകേണ്ടത്. നിരാലംബരും നിരാശ്രയരുമായ ദരിദ്രജനമാണ് ഈ സകാത്തിന്റെ അർഹർ. അർഹരിലേക്ക് എത്തിക്കാൻ സന്നദ്ധ വ്യക്തികളെയോ സംഘത്തെയോ ഏൽപ്പിക്കാവുന്നതുമാണ്.



back to top