യുഎഇ ഈദുൽ ഫിത്വ് ർ ഖുത്ബ മലയാള സംക്ഷിപ്തം
മൻസൂർ ഹുദവി കളനാട്
شوال 1 1442 ه
വ്രതമനുഷ്ഠിച്ച സത്യവിശ്വാസി മനസ്സുകളിൽ ഈമാനികാവേശവും ദൈവസാമീപ്യവും സമ്മാനിച്ചുക്കൊണ്ട് പെരുന്നാൾ വരവായി. അല്ലാഹു അക്ബർ അല്ലാഹു അക്ബർ. തക്ബീർ ധ്വനികൾ വിശ്വാസിയുടെ ഹർഷാരവങ്ങളായി മുഴങ്ങുകയായി. ആരാധനകളാലും പ്രാർത്ഥനകളാലും റമദാൻ രാപകൽ ഭേദമന്യെ ദൈവഭക്തിയിലാണ്ട വിശ്വാസികൾക്ക് ആത്മീയ നിർവൃതിയുടെ നിമിഷങ്ങളാണ് നിലാവിട്ടിറങ്ങുന്നത്. സഹാനുഭൂതിയുടെയും സഹവർത്തിത്വത്തിന്റെയും മൂല്യങ്ങളോതുന്ന ഈദുൽ ഫിത്വ് ർ കുടുംബ ബന്ധങ്ങൾ സുദൃഢമാക്കാനും സാമൂഹിക പ്രതിബദ്ധത ശക്തമാക്കാനുമുള്ള സന്ദേശമാണ് ആഘോഷമാക്കുന്നത്. മാനവികതയുടെയും സൗഹൃദത്തിന്റെയും, സഹിഷ്ണുതയുടെയും സഹകരണത്തിന്റെയും ജീവിത പാത തെരഞ്ഞെടുത്തവരാണല്ലൊ വിശുദ്ധ ഖുർആൻ പ്രസ്താവിച്ച പ്രകാരമുള്ള സൽവൃത്തർ. അവരെ അല്ലാഹു ഏറെ ഇഷ്ടപ്പെടുന്നുണ്ട് (സൂറത്തു ആലു ഇംറാൻ 134).
ഇല്ലാത്തവരുടെ ആവശ്യങ്ങളറിഞ്ഞ് ഉടയവർ സഹായിക്കുമ്പോഴാണ് സഹാനുഭൂതി ജനിക്കുന്നത്. അത്തരം പരോപകാരങ്ങളും ത്യാഗസന്നദ്ധതകളുമാണ് ഇസ്ലാമികമായ ആഘോഷത്തിന്റെ മാനം. ജനങ്ങൾക്ക് ഉപകാരങ്ങളെത്തിക്കുന്നവർ ശ്രേഷ്ടജനമെന്നാണ് നമ്മുടെ നബി (സ്വ) പഠിപ്പിച്ചിരിക്കുന്നത് (ഹദീസ് ത്വബ്‌റാനി ഔസത്വ് 5787). വ്രതാനുഷ്ഠാനത്തിലൂടെ ആർജിച്ചെടുത്ത ആത്മീയവും മാനസികവുമായ മൂല്യങ്ങൾ ജീവിതത്തിലുടനീളം വെച്ചുപുലർത്തണം. ആ ഊർജ്ജമാണ് സ്രഷ്ടാവിനോടുള്ള അടുപ്പവും സൃഷ്ടികളോടുള്ള ബന്ധവും കൂടുതൽ ഊഷ്മളമാക്കുന്നത്. 'സന്മാർഗ പ്രാപ്തരായവർക്ക് നേർമാർഗനിഷ്ഠ അല്ലാഹു വർദ്ധിപ്പിച്ചു കൊടുക്കുന്നതാണ്' (സൂറത്തു മർയം 76).
ഈ മഹാമാരി കാലത്തും നമ്മുക്കീ പെരുന്നാൾ ആത്മീയമായി ആഘോഷിക്കാം. ബന്ധങ്ങൾ സുസ്ഥിരപ്പെടുന്നത് സമ്പർക്കങ്ങളിലൂടെ മാത്രമല്ല. സാമൂഹിക അകലം പാലിക്കുന്നതോടൊപ്പം കുടുംബവും സമൂഹവുമായുള്ള ആത്മബന്ധങ്ങൾ ഇനിയുമിനിയും ഊർജസ്വലമാക്കാനാവും. വിവര സാങ്കേതിക വിദ്യകളുടെ അനന്ത സാധ്യതകൾ ഉപയോഗപ്പെടുത്തി നമ്മുക്ക് സന്തോഷങ്ങൾ പങ്കുവെക്കാം. ആയുരാരോഗ്യത്തിനായി പ്രാർത്ഥിക്കാം. നാഥൻ തുണക്കട്ടെ. ആമീൻ

