യുഎഇ ജുമുഅ ഖുത്ബ പരിഭാഷ
മൻസൂർ ഹുദവി കളനാട്
തീയ്യതി: 14/05/2021
വിഷയം: വിജയം ഖുർആനിലൂടെ
പരിശുദ്ധ ഖുർആൻ അവതരിച്ചിരിക്കുന്നത് മാനവരാശിയുടെ വിജയത്തിനാണ്. സൂറത്തുത്വാഹാ 2, 3 സൂക്തങ്ങളിലൂടെ അല്ലാഹു പ്രഖ്യാപിക്കുന്നു: 'കഷ്ടപ്പെടാനല്ല, ഭയപ്പെടുന്നവർക്ക് ഉദ്‌ബോധനം നൽകാനായി മാത്രമാണ് താങ്കൾക്കു നാം ഖുർആൻ ഇറക്കയിരിക്കുന്നത്'. പരാജയപ്പെടാനല്ല, ജയിപ്പിക്കാൻ തന്നെയാണ് ദൈവ വചനങ്ങൾ അതവതീർണമായതെന്നർത്ഥം. ഖുർആൻ തന്നെയാണ് ബൃഹത്തായ വിജയ മാർഗം. എല്ലാ വിജയങ്ങൾക്കുമുള്ള നിദാനം ഖുർആനിലൂടെ കണ്ടെത്താനാവും.
ഇബ്‌നു അബ്ബാസ് (റ) പറയുന്നു: ഖുർആൻ പാരായണം ചെയ്യുകയും അതിനെ പിൻപറ്റി ജീവിതം കെട്ടിപ്പടക്കുകയും ചെയ്തവൻ സന്മാർഗം ദർശിച്ചിരിക്കും, അവനെ വിജയപ്പിക്കുന്ന കാര്യം അല്ലാഹു ഏറ്റെടുത്തിരിക്കുന്നു (തഫ്‌സീറുൽ ത്വബ്‌രി 16/191). അല്ലാഹു തന്നെ പറയുന്നു: എന്റെയടുത്തുനിന്നുള്ള എന്തെങ്കിലും മാർഗ ദർശനം വന്നുകിട്ടുന്ന പക്ഷം, അപ്പോൾ ആരത് അനുധാവനം ചെയ്യുന്നുവോ അവർ മാർഗ ഭ്രഷ്ടരോ ഭാഗ്യശൂന്യരോ ആയിത്തീരില്ല (സൂറത്തുത്വാഹാ 123). ഇരു ലോകങ്ങളിലുമുള്ള വിജയം സുനിശ്ചിതമാക്കുന്നതാണ് വിശുദ്ധ ഖുർആൻ. മനുഷ്യമനസ്സുകൾക്ക് ശാന്തിയും സമാധാനവും പ്രാപ്യമാവുന്നതും ദൈവ വചനങ്ങൾ കൊണ്ടുതന്നെയാണ്. 'അറിയുക, ദൈവസ്മരണ കൊണ്ടു മാത്രമേ ഹൃദയങ്ങൾക്കു പ്രശാന്തി കൈവരൂ' എന്നാണ് ഖുർആൻ അറിയിപ്പ് (സൂറത്തു റഅ്ദ് 28). ഇഹപരലോക വിജയങ്ങളുടെ തന്ത്രങ്ങളും മന്ത്രങ്ങളും ഖുർആനിൽ നിക്ഷിപ്തമായി കാണാം.
മാതാപിതാക്കൾക്ക് ഗുണം ചെയ്യുന്നത് ജീവിത വിജയത്തിന്റെ വാതായനമായി ഖുർആൻ പരിചയപ്പെടുത്തുന്നുണ്ട്. സൂറത്തു മർയം 32ാം സൂക്തത്തിൽ അല്ലാഹു ഈസാ നബി (അ) പ്രസ്താവിക്കുന്നതായി ഉദ്ധരിക്കുന്നത് കാണാം , മാതാവായ 'മർയം ബീവിയോട് ഉദാത്ത സമീപനക്കാരനാക്കി, ക്രൂരനോ ഹതഭാഗ്യനോ ആക്കിയില്ല' എന്നാണ് പ്രസ്താവനാ പ്രയോഗം. ഈ പ്രയോഗത്തിൽ ഖുർആൻ മാതാവിനോടുള്ള ഉദാത്ത സമീപനത്തിന് വിപരീതമായാണ് ഹതഭാഗ്യം അല്ലെങ്കിൽ പരാജയം എന്ന പദം ഉപയോഗിച്ചിരിക്കുന്നത്. മാതാപിതാക്കളുടെ ഗുരുത്വവും പൊരുത്തവുമുള്ളവർക്ക് എവിടെയും വിജയം ഉറപ്പിക്കാനാവും. അത്തരക്കാർക്ക് സദാ ദൈവ കാവലുമുണ്ടാകും. മാതാപിതാക്കളുടെ തൃപ്തിയിലാണ് അല്ലാഹുവിന്റെ തൃപ്തി കുടികൊള്ളുന്നതെന്നാണ് നബി (സ്വ) അരുൾ ചെയ്തിരിക്കുന്നത് (ബൈഹഖി, ശിഅബുൽ ഈമാൻ 7830). കോപവും തഥൈവയെന്ന് മനസ്സിലാക്കാം.
ഖുർആൻ പഠിപ്പിക്കുന്ന മറ്റൊരു വിജയ മരുന്നാണ് പ്രാർത്ഥന. നിത്യജീവിതത്തിൽ പ്രാർത്ഥന ആയുധമാക്കിയവൻ വിജയശാലിയായിരിക്കും. അല്ലാഹുവിലേക്ക് അവതരിപ്പിച്ച ആവശ്യം വൃഥാവായില്ലെന്നും നിരാശപ്പെടുത്താതെ തന്റെ പ്രാർത്ഥന സ്വീകരിച്ച് വിജയം നേടിത്തന്നുവെന്ന് സകരിയ നബി (അ) പറയുന്നതും ഖുർആൻ വിവരിക്കുന്നുണ്ട്: 'നിന്നോടുള്ള പ്രാർത്ഥന നടത്തിയിട്ട് ഇന്നോളം ഞാൻ ഭാഗ്യശൂന്യനായിട്ടില്ല നാഥാ' (സൂറത്തു മർയം 4). വിജയങ്ങൾ സ്വമേധയാ പൊട്ടിപ്പുറപ്പെടുന്നതല്ല. വിജയിക്കാനായി മുന്നിട്ടിറങ്ങണം. ഖുർആൻ പാരായണം, ഖുർആൻ അനുധാവനം, മാതാപിതാക്കൾക്ക് നന്മ ചെയ്യൽ, കുടുംബ ബന്ധം ചേർക്കൽ, നിരന്തര പ്രാർത്ഥന തുടങ്ങി വിജയ കാരിണികൾ ജീവിത ശൈലിയാക്കിയെങ്കിൽ സുനിശ്ചിത വിജയിയായി വിലയിരുത്താനാവും.

