വീടകങ്ങളിൽ സമാധാനമുണ്ടാകാൻ…

യുഎഇ ജുമുഅ ഖുത്ബ പരിഭാഷ

മൻസൂർ ഹുദവി കളനാട്

തീയ്യതി: 21/05/2021

വിഷയം: വീട്ടിലെ സമാധാനം

സന്തുഷ്ട കുടുംബത്തിന്റെ പ്രധാന ലക്ഷണമാണ് വീട്ടിലെ സമാധാനം. സമാധാനമുള്ള വീടകങ്ങളിലായിരിക്കും ഇമ്പമുണ്ടാവുന്നത്. മനുഷ്യന്റെ സൃഷ്ടിക്കർമ്മത്തെ പരാമർശിക്കുന്നിടത്ത് അല്ലാഹു കുടുംബകാര്യവും കൂട്ടിച്ചേർത്തു പ്രസ്താവിക്കുന്നത് വിശുദ്ധ ഖുർആനിൽ കാണാം: 'ഒരേയൊരു ശരീരത്തിൽ നിന്നു നിങ്ങളെ പടച്ചത് അവനാണ്. എന്നിട്ട് അതിൽ നിന്നു തന്നെ അതിന്റെ ഇണയെയും അവൻ സൃഷ്ടിച്ചു. അവളോടൊത്ത് സമാധാനം നേടാൻ' (സൂറത്തുൽ അഅ്‌റാഫ് 189). സമാധാനപരമായ ഇണക്കം യാഥാർത്ഥ്യമാക്കാനാണ് ദാമ്പത്യം ക്രമീകരിച്ചിരിക്കുന്നത്. അതായത് മനസമാധാനമാണ് ദമ്പതിമാർക്കിടയിൽ സാധ്യമായ ഏറ്റവും ഹൃദയസ്പർശിയായ വികാരം. സമാധാനമുള്ളയിടത്താണ് സന്തോഷവും ഏകതാബോധവും ഐക്യവും പൂവണിയുക. സൂറത്തു റൂം 21ാം സൂക്തത്തിലൂടെയും അല്ലാഹു വിവരിക്കുന്നുണ്ട്: 'ഇണകളുമായി സംഗമിച്ച് സമാധാന ജീവിതമാസ്വദിക്കാനായി സ്വന്തത്തിൽ നിന്നു തന്നെ നിങ്ങൾക്ക് ഇണകളെ സൃഷ്ടിച്ചുതന്നതും പരസ്പര സ്‌നേഹവും കാരുണ്യവും നിക്ഷേപിച്ചതും അവന്റെ ദൃഷ്ടാന്തങ്ങളിൽപെട്ടതു തന്നെയത്രെ'. 

വീടുകളിൽ സമാധാനം സാക്ഷാൽക്കരിക്കാൻ പ്രഥമമായി വേണ്ടത് ദമ്പതിമാർക്കിടയിലെ മനപ്പൊരുത്തമാണ്. ദമ്പതിമാരിൽ ഓരോർത്തരും തന്റെ ഇണയെ മനസ്സിലാക്കി അർഹമായ ബഹുമാനം നൽകണം. കുടുംബത്തിലെ ത്യാഗങ്ങൾക്ക് പരസ്പരം കടപ്പെട്ടിരിക്കണം. കുടുംബകാര്യങ്ങളിലെ നല്ല ഇടപെടലുകൾക്ക് പരസ്പരം സ്തുതിക്കുകയും വേണം. സൽസ്വഭാവങ്ങൾക്കായും ഗുണകരമായ നിലപാടുകൾക്കായും പരസ്പരം ഓർമ്മപ്പെടുത്തലുമുണ്ടാവണം. പരസ്പര ധാരണയാണ് നല്ല കുടുംബത്തെ നയിക്കുന്നത്. കുടുംബാംഗങ്ങളോട് ഉത്തമമായി വർത്തിക്കുന്നവരാണ് നിങ്ങളിലെ ഉത്തമരെന്നാണ് നബി (സ്വ) നൽകുന്ന കുടുംബ പാഠം (ഹദീസ് തുർമുദി 3895).

മക്കളോടുള്ള ബാധ്യതാ നിർവ്വഹണവും കുടുംബ സന്തുഷ്ടിയുടെ പ്രധാന നിദാനമാണ്. മാതാപിതാക്കൾ മക്കളെ നന്നായി വളർത്തണം. പരിചരിക്കണം. നല്ല ശിക്ഷണം നൽകണം. അത്തരം മക്കളായിരിക്കും മാതാപിതാക്കൾക്ക് ഗുണം ചെയ്യുന്ന, കുടുംബ ഭദ്രതക്ക് മാറ്റ് കൂട്ടുന്ന സന്താനങ്ങളായിത്തീരുക. സന്തുഷ്ട കുടുംബത്തിൽ മക്കൾക്കും പങ്കുണ്ട്. അവർ മാതാപിതാക്കൾക്ക് ഉപകാരം ചെയ്യുന്നവരായിരിക്കണം. അനുസരണാ സ്വഭാവമുള്ളവരായിരിക്കണം. നല്ല നിലക്ക് പെരുമാറുകയും ചെയ്യണം. മാതാപിതാക്കളോട് ഉത്തമ സമീപനം വെച്ചുപുലർത്താനാണല്ലൊ അല്ലാഹുവിന്റെ വസ്വിയ്യത്ത് (സൂറത്തുൽ അൻകബൂത്ത് 08). മക്കൾ അല്ലാഹുവിനോട് മാതാപിതാക്കളോടും നന്ദിയുളളവരായിരിക്കണം. 'എന്റെ നാഥാ എനിക്കും മാതാപിതാക്കൾക്കും നീ വർഷിച്ച അനുഗ്രഹങ്ങൾക്ക് കൃതജ്ഞത പ്രകാശിപ്പിക്കാനും നീ ഇഷ്ടപ്പെടുന്ന കർമ്മങ്ങൾ അനുഷ്ഠിക്കാനും എനിക്ക് പ്രചോദനം നൽകുകയും എന്റെ മക്കളിൽ നന്മ വരുത്തുകയും ചെയ്യണമേ' എന്നായിരിക്കണം ഓരോ സത്യവിശ്വാസിയുടെ പ്രാർത്ഥന (സൂറത്തുൽ അഹ്ഖാഫ് 15). 

ചുരുക്കത്തിൽ ഭാര്യ ഭർത്താക്കന്മാർക്കിടയിൽ ധാരണയും കൂടിയോലോചനയും സംഭാഷണവും സഹകരണവും ഉണ്ടാവുമ്പോഴാണ് വീടകങ്ങൾ സമാധാനപൂർണമാവുന്നത്.


back to top