യുഎഇ ജുമുഅ ഖുത്ബ പരിഭാഷ
മൻസൂർ ഹുദവി കളനാട്
തീയ്യതി: 28/05/2021
വിഷയം: സ്വർഗാവകാശികളുടെ സ്വഭാവ ഗുണങ്ങൾ
സൽസ്വഭാവങ്ങളാണ് മനുഷ്യനെ സ്വർഗത്തിലെത്തിക്കുന്നത്. തഖ്‌വ (ദൈവഭയം)യാണ് അതിശ്രേഷ്ഠമായ സ്വഭാവ ഗുണം. 'ജീവിതത്തിൽ സൂക്ഷ്മത പുലർത്തിയവർ (തഖ്‌വയുള്ളവർ( സ്വർഗീയാരാമങ്ങളിലും അരുവികളിലുമായി ശക്തനായ രാജാവിന്റെയടുത്ത് സത്യസന്ധതയുടെ ഇരിപ്പിടത്തിലായിരിക്കും' (സൂറത്തുൽ ഖമർ 54, 55). അബൂ ഹുറൈറ (റ) റിപ്പോർട്ട് ചെയ്യുന്നു: ഒരിക്കൽ ഒരാൾ നബി (സ്വ)യോട് ചോദിക്കുകയുണ്ടായി: തിരു ദൂതരേ, ആരാണ് സ്വർഗാവകാശികൾ തിരു നബി (സ്വ) മൊഴിഞ്ഞു: എല്ലാ മയസ്വഭാവക്കാരും ജനങ്ങളോട് ബന്ധം നിലനിർത്തി സഹായിക്കുന്നവരും (ശിഅബുൽ ഈമാൻ 10/444). അതായത് വാക്കിലും പ്രവർത്തിയിലും മയത്തോടെയും ലാളിത്യത്തോടെയും പെരുമാറുന്നവരും ഇടപാടുകളിൽ ക്ഷമ കൈവരുത്തുന്നവരും ജനങ്ങളുടെ കൂടെ കൂട്ടി സുഖവിവരങ്ങൾ ചോദിച്ചറിഞ്ഞ് അവരുടെ പ്രശ്‌നങ്ങൾക്ക് പരിഹാങ്ങൾ ചെയ്തും ആവശ്യങ്ങൾ നടത്തിക്കൊടുത്തും സഹായിക്കുന്നവരാണ് സ്വർഗാവകാശികൾ.
നൈർമല്യത്തിന്റെയും സഹാനുഭൂതിയുടെയും ഈ സ്വഭാവമഹിമകളെല്ലാം സമ്മേളിച്ചവരായിരുന്നു നമ്മുടെ പ്രവാചകർ മുഹമ്മദ് നബി (സ്വ). നബി (സ്വ) തങ്ങൾ ഏവരോടും മയഭാവത്തിൽ ഇടപെടുകയും പെരുമാറുകയും ചെയ്യുമായിരുന്നു. ഏവരോടും നല്ല വാക്കുകൾ മാത്രം ഉരുവിടുമായിരുന്നു. ആളുകളോട് ഇണങ്ങി ബന്ധം സ്ഥാപിക്കുകയും നന്നായി സഹവസിക്കുകയും ചെയ്തിരുന്നു. അതിനാൽ ആളുകൾ നബി (സ്വ)യോടും കൂടുതൽ ആർദ്രരരായിരുന്നു. പ്രവാചകരെ (സ്വ)പ്പറ്റിയുള്ള അതേ കാര്യമാണ് വിശുദ്ധ ഖുർആൻ പ്രസ്താവിച്ചത്: 'അല്ലാഹുവിങ്കൽ നിന്നുള്ള മഹത്തായ അനുഗ്രഹം കൊണ്ടാണ് താങ്കൾക്ക് ജനങ്ങളോട് സൗമ്യ സമീപനത്തിനു കഴിയുന്നത്' (സൂറത്തു ആലുഇംറാൻ 159). ഇടപാടുകളിൽ സൗമ്യ സ്വഭാവവും വിട്ടുവീഴ്ചാ മനോഭാവവും വെച്ചുപുലർത്തുന്നവർക്ക് വേണ്ടി നബി (സ്വ) പ്രാർത്ഥിച്ചിട്ടുണ്ട്: വിൽക്കുമ്പോൾ വിട്ടുവീഴ്ച ചെയ്യുന്നവനും, വാങ്ങുമ്പോൾ വിട്ടുവീഴ്ച ചെയ്യുന്നവനും വിധി പ്രസ്താവത്തിൽ വിട്ടുവീഴ്ച ചെയ്യുന്നവനും അല്ലാഹു കാരുണ്യം ചൊരിയട്ടെ (ഹദീസ് ബുഖാരി 2076, ഇബ്‌നുമാജ 2203).
നല്ല സമീപനവും വിനിമയവും തുടങ്ങേണ്ടത് സ്വന്തക്കാരിലും ബന്ധക്കാരിലുമാണ്. അബ്ദുല്ലാ ബ്‌നു ഉമർ (റ) ഒരാളോട് ചോദിച്ചു: സ്വർഗത്തിൽ കടക്കാൻ ആഗ്രഹിക്കുന്നുവോ? അയാൾ പറഞ്ഞു: അതേ തീർച്ചയായും. അബ്ദുല്ലാ (റ) തുടർന്നു: താങ്കളുടെ പിതാവ് ജീവിച്ചിരിപ്പുണ്ടോ? അപ്പോൾ അയാൾ പറഞ്ഞു: ഉമ്മയുണ്ട്്. അബ്ദുല്ലാ (റ) പറഞ്ഞു: താങ്കൾ ഉമ്മയോട് സൗമ്യമായി സംസാരിക്കുകയും ഭക്ഷണം നൽകുകയും ചെയ്താൽ നിശ്ചയമായും സ്വർഗത്തിൽ പ്രവേശിക്കാം (അദബുൽ മുഫ്്‌റദ് 8). ഇപ്പറഞ്ഞ സ്വഭാവങ്ങളൊക്കെയും സ്വർഗത്തിലെത്തിക്കുന്ന സുകൃതങ്ങളാണ്.
ആൾക്കാരോട് പരുഷമാവാതെ കാർക്കശ്യമില്ലാതെ മൃദുഭാവത്തിലും ലളിത രൂപത്തിലും സമീപിക്കുന്നവർക്ക്് സ്വർഗ പ്രവേശം എളുപ്പമായിരിക്കും. സ്വർഗത്തിൽ അവർ ഉന്നത സ്ഥാനീയരുമായിരിക്കും. നബി (സ്വ) പറയുന്നു: സ്വർഗത്തിൽ കുറേ അറകളുണ്ട്, അതിന്റെ പുറം ഭാഗം അകത്തിലൂടെ ദൃശ്യമാവും. അകം ഭാഗം പുറത്തിലൂടെയും ദൃശ്യമാവും. സംസാരത്തിൽ മയം പാലിക്കുകയും ഭക്ഷണം നൽകുകയും ചെയ്യുന്നവർക്കാണ് അവ തയ്യാർ ചെയ്തിട്ടുള്ളത് (ഹദീസ് അഹ്‌മദ് 22905).
