യുഎഇ ജുമുഅ ഖുത്ബ പരിഭാഷ
മൻസൂർ ഹുദവി കളനാട്
തീയ്യതി: 04/06/2021
വിഷയം: ചോദ്യോത്തര ജ്ഞാനം
അറിയാനുള്ള അഭിനിവേശമാണ് ചോദിച്ചറിവ്. നല്ലൊരു ചോദ്യം പകുതി അറിവാണ് (കിതാബു ഫത്ഹുൽ ബാരി 12/138). അന്വേഷണ ത്വരയും ചോദ്യങ്ങളുമാണ് പ്രവാചകരിൽ നിന്ന് അനുയായികൾക്ക് അറിവുകൾ സാധ്യമാക്കിയത്. ഇബ്്‌നു അബ്ബാസി (റ)നോട് ഒരാൾ ചോദിക്കുകയുണ്ടായി: എങ്ങനെയാണ് അങ്ങ് ഇത്രയും വിദ്യകൾ നുകർന്നത്? അദ്ദേഹം മറുപടി നൽകി: ചോദ്യങ്ങളുന്നയിക്കുന്ന നാവും വിജ്ഞാന താൽപര്യമുള്ള മനസ്സുമാണ് എന്നെ പ്രാപ്തനാക്കുന്നത്.
വിശുദ്ധ ഖുർആനിലും തിരു നബി ചരിതത്തിലും ഒട്ടനവധി ചോദ്യോത്തരങ്ങൾ കാണാം. ഉദാഹരണത്തിന്, സൂറത്തുൽ മാഇദ 4ാം സൂക്തത്തിൽ ചോദ്യവും ഉത്തരവുമുണ്ട്്: 'തങ്ങൾക്ക് അനുവദനീയമായ ഭക്ഷ്യവസ്തുക്കൾ എന്തൊക്കെയാണെന്ന്് താങ്കളോടവർ ചോദിക്കുന്നു. ഇങ്ങനെ മറുപടി: നൽകുക ഉത്തമ വസ്തുക്കളെല്ലാം നിങ്ങൾക്കനുവദനീയമാണ്'. മുഹമ്മദ് നബി (സ്വ) മലക്ക് ജിബ്‌രീലി (അ)നോട് കാര്യങ്ങൾ ചോദിച്ചറിഞ്ഞിരുന്നു. ജിബ്‌രീൽ (അ) ഉത്തരങ്ങൾ നൽകുമായിരുന്നു. ജ്ഞാന തൽപരരായ അനവധി സ്വഹാബികൾ പ്രവാചകരോട് ചോദിച്ച് ചോദിച്ച് വിജ്ഞാനീയങ്ങൾ സ്വായത്തമാക്കിയതായി ചരിത്രത്തിൽ വായിക്കാനാവും. അവരുടെ ചോദ്യങ്ങൾ തന്നെ ഗഹനമായിരുന്നു. അതിൽ നിന്നു തന്നെ അവരുടെ ബുദ്ധികൂർമ്മത പ്രകടമാണ്. എന്ത് ചോദിക്കണം, എങ്ങനെ ചോദിക്കണം, എപ്പോൾ ചോദിക്കണം, എന്തിന് ചോദിക്കണം എന്നീ കാര്യങ്ങളിലെല്ലാം പ്രവാചകന്മാർ ഉൽബുദ്ധരായിരുന്നു. വാക്കിൽ ചെറിയ ചോദ്യങ്ങളായിരുന്നുവെങ്കിലും വിശാലാർത്ഥങ്ങൾ ഉൾക്കൊള്ളുന്നവയായിരുന്നു.
ഒരിക്കൽ ഒരു അനുചരൻ പ്രവാചകരോട് ചോദിച്ചു: സ്വർഗത്തിലേക്ക് അടുപ്പിക്കുകയും നരകത്തിൽ നിന്ന് ദൂരത്താക്കുകയും ചെയ്യുന്ന കാര്യം അറിയിച്ചു തരുമോ? ചോദ്യം കേട്ട് പ്രസന്നനായ നബി (സ്വ) അനുചര വൃന്ദത്തിലേക്ക് നോക്കി പറഞ്ഞു: അദ്ദേഹത്തിന് അതിനുള്ള സൗഭാഗ്യമുണ്ട്. ശേഷം മറുപടിയായി പറഞ്ഞു: നീ അല്ലാഹുവിനെ ആരാധിക്കണം, ഒന്നിനെയും പങ്കു ചേർക്കരുത്. നമസ്‌ക്കാരം നിലനിർത്തണം. സകാത്ത് നൽകണം. കുടുംബ ബന്ധം നിലനിർത്തണം ( ഹദീസ് ബുഖാരി, മുസ്ലിം). സ്വഹാബികൾ ഇത്തരത്തിൽ ഉന്നതങ്ങൾ കൈമുതലാക്കുന്ന കർമ്മങ്ങൾക്കായി ഉത്തരങ്ങൾ തേടുന്നവരായിരുന്നു. പ്രവാചകനുയായികളായ സ്വഹാബത്തായിരുന്നു ഏറ്റവും നല്ല ജനതയെന്നാണ് ഇബ്‌നു അബ്ബാസ് (റ) അഭിപ്രായപ്പെട്ടത്. കാരണം അവർ ഏറ്റവും ഉപകാരപ്രദമായ വിജ്ഞാനങ്ങൾ ചോദിച്ച് പഠിക്കുമായിരുന്നു (സുനനു ദ്ദാരിമി 127). ഞെരുക്കമുള്ളതും പ്രയാസകരവുമായ വിഷയങ്ങളിൽ പോലും അവർ സംശയം ദൂരീകരണം നടത്തിയിരുന്നു. അറിവിനായിരുന്നു പ്രധാനം. അതനുസരിച്ച് പ്രവർത്തിക്കലാണ് ലക്ഷ്യം.
പ്രവാചക പത്‌നി മഹതി ആയിഷ (റ) അറിവിലില്ലാത്ത ഒരു കാര്യം കേട്ടാൽ അതേപ്പറ്റി കൂടുതൽ അന്വേഷിക്കുകയും ചോദിച്ചു മനസ്സിലാക്കുകയും ചെയ്തിരുന്നു (ഹദീസ് ബുഖാരി 103). ഉചിതമായ വേളകളിലായിരുന്നു സ്വഹാബികൾ ചോദ്യങ്ങൾ ചോദിച്ചിരുന്നത്. മുആദു ബ്‌നു ജബൽ (റ) പ്രവാചകരുടെ (സ്വ) കൂടെയുള്ള യാത്രയിൽ അവസരം മുതലാക്കി വിജ്ഞാനങ്ങൾ ചോദിച്ചു പഠിച്ച കാര്യം ഉദ്ധരിക്കുന്നുണ്ട് (ഹദീസ് ബുഖാരി, മുസ്ലിം). ചോദ്യങ്ങൾക്ക് ഏറ്റവും അനുയോജ്യവും സമ്പൂർണവുമായ ഉത്തരങ്ങളാണ് നബി (സ്വ) നൽകിയിരുന്നത്. ഉത്തരങ്ങളിലൂടെ പ്രായോഗിക തലത്തിലേക്ക് അവരെ എത്തിച്ചിരുന്നു. അന്ത്യനാളിനെ ക്കുറിച്ച് ചോദിച്ചയാളിനോട് അതിന് വേണ്ടി താങ്കൾ എന്തെല്ലാം തയ്യാർ ചെയ്‌തെന്നാണ് നബി (സ്വ) മറുചോദ്യമുന്നയിച്ചത് (ഹദീസ് ബുഖാരി 3688). ചില ചോദ്യങ്ങൾക്കുള്ള ഉത്തരം ചോദ്യങ്ങൾ തന്നെയാണ്. അതായിരിക്കും പ്രായോഗികവും ഉപകാരപ്രദവും. വിദ്യാർത്ഥികൾ നല്ല ചോദ്യങ്ങൾ ചോദിക്കാനുള്ള നൈപുണ്യം നേടണം. എന്നാൽ പഠനം സുഖകരമാക്കാം. തൊഴിലാളികളും ഉദ്യോഗാർത്ഥികളും നന്നായി ചോദിക്കാനുള്ള സംസ്‌ക്കാരം സിദ്ധിക്കണം. എന്നാൽ ജോലിയിടങ്ങളിൽ സന്തുഷ്ടി വരുത്താനാവും.

