സന്നദ്ധ സേവനത്തിന് ദൈവിക നന്ദി

യുഎഇ ജുമുഅ ഖുത്ബ പരിഭാഷ
മൻസൂർ ഹുദവി കളനാട് 

തീയ്യതി: 11.06.2021
വിഷയം: സന്നദ്ധ സേവനം

ഇബ്‌നു അബ്ബാസ് (റ) റിപ്പോർട്ട് ചെയ്യുന്നു: ഒരിക്കൽ നബി (സ്വ) നടന്നുപോവുമ്പോൾ ജനങ്ങൾ ഒരു കിണറിൽ നിന്ന് വെള്ളം കോറി പാത്രങ്ങളിൽ ഒഴിക്കുകയായിരുന്നു. വെള്ളമെടുക്കാൻ അവരെ സഹായിക്കുന്ന സന്നദ്ധ സേവകരെ നബി (സ്വ) കണ്ടു. അവരോടു പറഞ്ഞു: നിങ്ങളീ ചെയ്തി തുടരുക, കാരണം നിങ്ങൾ ചെയ്യുന്നത് പുണ്യകർമ്മമാണ്. നബി (സ്വ) തുടർന്നു: ജനങ്ങൾ തിരക്ക് കൂട്ടി നിങ്ങൾക്ക് ബുദ്ധിമുട്ടാവുമായിരുന്നില്ലെങ്കിൽ ഞാനും പാനമാത്രം മുതുകിലേറ്റി നിങ്ങളോടൊപ്പം ഇറങ്ങുമായിരുന്നു (ഹദീസ് ബുഖാരി 1635). പ്രസ്തുത ഹദീസ് സന്നദ്ധ സേവന (വളണ്ടിയറിങ്)ത്തെ പ്രോത്സാഹിപ്പിക്കുന്നതും അതിന്റെ മഹത്വമറിയിക്കുന്നതുമാണ്. സന്നദ്ധ സേവകൻ പുണ്യം ചെയ്തവൻ തന്നെയാണ്. അവനിക്ക് നന്ദിയായി അല്ലാഹു പ്രതിഫലമേകുന്നതാണ്. അല്ലാഹു പറയുന്നു: ഒരാൾ സ്വയം നന്മ പ്രവർത്തിക്കുന്നുവെങ്കിൽ അല്ലാഹു അതിനു നന്ദിയായി പ്രതിഫലം നൽകുന്നവനും സർവ്വജ്ഞനുമാകുന്നു (സൂറത്തുൽ ബഖറ 158).

ഉപകാരപ്രദ കാര്യങ്ങൾ ചെയ്ത് ജനങ്ങൾക്ക് സഹായമെത്തിക്കുന്നതാണ് സന്നദ്ധ സേവനം. പ്രവാചകാനുയായികളായ സ്വഹാബികളും സ്വഹാബിയ്യത്തുകളും സന്നദ്ധ ജനസേവകരായിരുന്നു. ആണുങ്ങൾ സമൂഹത്തിലിറങ്ങി ഓരോർത്തർക്കും ആവശ്യമായത് ചെയ്തുകൊടുത്തിരുന്നുവെങ്കിൽ സത്രീകൾ വൈദ്യവും മറ്റു പരിജ്ഞാനങ്ങളും കരസ്ഥമാക്കി രോഗികളെ ചികിത്സിക്കുകയും മറ്റു സഹായങ്ങളെത്തിക്കുകയും ചെയ്യുമായിരുന്നു. ഓരോർത്തരും തങ്ങളുടെ കഴിവും പരിചയവും സമൂഹ നന്മക്കായി വിനിയോഗിക്കുമായിരുന്നു. തന്നാൽ സമൂഹത്തിലെ ഒരാൾക്ക് സഹായമുണ്ടായാൽ പോലും അത് നിസ്തുലമായിരിക്കും. അക്കാര്യമാണ് വിശുദ്ധ ഖുർആൻ പ്രഖ്യാപിച്ചത്, ഒരാളെ കൊലയിൽ നിന്ന് മുക്തനാക്കിയാൽ മനുഷ്യരെ മുഴുവൻ അതിൽ നിന്നു രക്ഷിച്ചതു പോലെയാണെന്ന് (സൂറത്തുൽ മാഇദ 32). സമൂഹത്തിലെ ഒരംഗത്തെ സഹായിച്ചാൽ പോലും ഏറെ പ്രതിഫലാർഹമെന്ന് സാരം.

ഒരു സന്നദ്ധ സേവകന്റെ ചരിത്രകഥ നബി (സ്വ) വിവരിക്കുന്നുണ്ട്: ഒരാൾ നടന്നുപോവുമ്പോൾ വഴിയിൽ മുള്ളുള്ള കമ്പ് കണ്ടു. അയാളത് നീക്കം ചെയ്തു. അതു കാരണം അല്ലാഹു അയാൾക്ക് നന്ദി ഉപചാരമായി ദോഷങ്ങൾ പൊറുത്തു കൊടുത്തു (ഹദീസ് ബുഖാരി, മുസ്ലിം). ജനങ്ങളെയും നാടിനെയും സേവിക്കുന്ന സാമൂഹ്യ സേവകർക്ക് അല്ലാഹുവിങ്കൽ എണ്ണമറ്റ പ്രതിഫലവും ജനമനസ്സുകളിൽ ആദരവും അംഗീകരവും സ്വന്തമായിരിക്കും.

back to top