യുഎഇ ജുമുഅ ഖുത്ബ പരിഭാഷ
മൻസൂർ ഹുദവി കളനാട്
തീയ്യതി: 18/06/2021
വിഷയം: മാർഗങ്ങൾ തേടണം
അചഞ്ചലമായ വിശ്വാസത്തോടൊപ്പം മാർഗങ്ങൾ തേടിയാൽ മാത്രമേ ലക്ഷ്യത്തിലെത്തുകയുള്ളൂ. മാർഗതേട്ടമില്ലാതെ കേവലമായി ദൈവത്തിൽ ഭരമേൽപ്പിക്കുന്നതിന് (തവക്കുൽ) പ്രസ്‌ക്തിയില്ല. ദൈവഹിതമുണ്ടാവുമെന്ന ദൃഢനിശ്ചയത്തോടൊപ്പം അതിനായി കിണയുകയും വേണം. പൂർവ്വ പ്രവാചകന്മാരും പണ്ഡിതരും സൂരികളും തത്വജ്ഞാനികളുമെല്ലാം ലക്ഷ്യ സാക്ഷാൽക്കാരത്തിനായി അല്ലാഹു ഒരുക്കിയ മാർഗങ്ങൾ തേടി അത്യന്തം പരിശ്രമിക്കുന്നവരായിരുന്നു. അങ്ങനെയാണവർ ജനതയെ പ്രബോധനം ചെയ്ത് വഴികേടിൽ നിന്നും മാർഗഭ്രംശത്തിൽ നിന്നും രക്ഷിച്ചത്.
നൂഹ് നബി (അ) യെ അല്ലാഹു നിരുപാധികം മഹാപ്രളയത്തിൽ നിന്ന് രക്ഷിച്ചതല്ല. അതിൽ നിന്നുള്ള രക്ഷ നേടാനുള്ള മാർഗമായി കപ്പൽ നിർമ്മിക്കാൻ കൽപ്പിക്കുകയായിരുന്നു. ആ ദൈവാജ്ഞ വിശുദ്ധ ഖുർആൻ വ്യക്തമാക്കുന്നുണ്ട്: നമ്മുടെ മേൽനോട്ടത്തിലും ബോധനമനുസരിച്ചും താങ്കൾ ജലായനം പണിയുക (സൂറത്തുൽ മുഅ്മിനൂൻ 27). അങ്ങനെ ദൈവകൽപന നടപ്പിലാക്കിക്കൊണ്ടുള്ള മാർഗത്തിലൂടെയാണ് നൂഹ് നബി (അ)യും സത്യവിശ്വാസികളും രക്ഷപ്പെട്ടത്.
ദുൽഖർനൈനി (റ)ക്ക് അല്ലാഹു മാർഗങ്ങൾ കാണിച്ചുക്കൊടുത്ത പ്രകാരം ജനങ്ങളുടെ സഹായത്തോടെ കഠിനാധ്വാനം നടത്തി ശക്തമായ പ്രതിരോധ മതിൽ പണിത ചരിത്രം ഖുർആൻ കഥനം ചെയ്യുന്നുണ്ട്: നിശ്ചയം അദ്ദേഹത്തിന് നാം ഭൂമിയിൽ സ്വാധീനം നൽകുകയും സർവ്വ കാര്യങ്ങൾക്കുമുള്ള വഴികൾ സൗകര്യപ്പെടുത്തിക്കൊടുക്കുകയും ചെയ്തിരുന്നു (സൂറത്തുൽ കഹ്ഫ് 84, 85). മഹാനവർകൾ അവരോട് മാർഗ നടത്തിപ്പിന് സഹായം തേടിയിട്ടുമുണ്ട്: ശാരീരിക ശക്തികൊണ്ട് നിങ്ങളെന്നെ സഹായിക്കുക. നിങ്ങൾക്കും അവർക്കുമിടയിൽ ബലിഷ്ഠ മതിൽ നിർമിച്ചു തരാം (സൂറത്തുൽ കഹ്ഫ് 95). ദുർഖർനൈനി (റ)യുടെ അപാര ജ്ഞാനവും വേറിട്ട ത്രാണിയും ജനങ്ങളുടെ സഹായത്തോടെ മാർഗമാക്കിയപ്പോഴാണ് രക്ഷയായി ലോഹ മതിൽ സാധ്യമായത്. (മാർഗം എന്ന അർത്ഥത്തിന് കാരണം എന്നർത്ഥമാക്കുന്ന സബബ് എന്ന പദമാണ് ഖുർആൻ ഉപയോഗിച്ചിരിക്കുന്നത്).
കാര്യങ്ങൾ നടത്താൻ ഭൗതികവും ആത്മീയവുമായ മാർഗങ്ങൾ തേടണമെന്നാണ് നബി (സ്വ) സ്വഹാബികളെ പഠിപ്പിച്ചത്. ഒട്ടകത്തെ കയറൂറി വിട്ട് അല്ലാഹുവിൽ ഭരമേൽപ്പിക്കണോ അല്ലെങ്കിൽ കെട്ടിയിട്ട് ഭരമേൽപ്പിക്കണോ എന്ന് ചോദിച്ച അനുയായിയോട് നബി (സ്വ) പറഞ്ഞത് അതിനെ കെട്ടിയിട്ട് അല്ലാഹുവിൽ ഭരമേൽപ്പിക്കണമെന്നാണ് (ഹദീസ് ഇബ്‌നു ഹിബ്ബാൻ 831). മറ്റൊരു ഹദീസിൽ വേറൊളോട് നബി (സ്വ) പറഞ്ഞതായി കാണാം: 'നീ നിനക്ക് ഉപകാരപ്രദമായത് ആഗ്രഹിക്കുക, എന്നിട്ട് അതിനായി അല്ലാഹുവിനോട് ചോദിക്കുക, അശക്തനാവരുത് ( ഹദീസ് മുസ്ലിം 2664). കാര്യപ്രാപ്തിക്കുള്ള മാർഗങ്ങൾ തേടണമെന്നും ഇടക്ക് നിരാശനായി പിന്മാറരുതെന്നുമാണ് അശക്തനാവരുതെന്നതു കൊണ്ടുള്ളതിന്റെ പൊരുൾ.
രോഗം പിടിപ്പെട്ടാൽ ചികിത്സിക്കണം. രോഗം തന്ന അല്ലാഹു തന്നെ രോഗശമനവും ഏകുമെന്ന് കരുതി വെറുതെ ഇരുന്നാൽ പോരാ. അതിനുള്ള മാർഗമായ ചികിത്സ തേടണം. ചികിത്സിക്കണോ എന്നു ചോദിച്ച സ്വഹാബികളോട് 'അതേ, അല്ലാഹുവിന്റെ അടിമകളേ... നിങ്ങൾ ചികിത്സിക്കുക' എന്നാണ് നബി (സ്വ) പറഞ്ഞത് ( ഹദീസ് അബൂ ദാവൂദ് 3855, ബുഖാരി അദബുൽ മുഫ്‌റദ് 291). മഹാമാരി കാലത്ത് രോഗ പ്രതിരോധത്തിന്റെയും ചികിത്സയുടെയും ഭാഗമായി ആരോഗ്യ വകുപ്പും അധികാരികളും നൽകുന്ന ഔദ്യോഗിക നിർദേശങ്ങൾ പാലിക്കൽ ഓരോർത്തരുടെയും മതപരവും ദേശീയവുമായ ബാധ്യതയാണ്. അതും മാർഗമാണ്.

