യുഎഇ ജുമുഅ ഖുത്ബ പരിഭാഷ
മൻസൂർ ഹുദവി കളനാട്
തീയ്യതി: 25/06/2021
വിഷയം: തലമുറകളെ ലഹരി മുക്തമാക്കണം
'പുരുഷനാണ് കുടുംബത്തിന്റെ കാര്യസ്ഥൻ, അവൻ കുടുംബക്കാരുടെ കാര്യത്തിൽ ഉത്തരവാദിത്വപ്പെട്ടവനാണ്. ഭാര്യയാണ് ഭർത്താവിന്റെ വീട്ടിലെ നായിക, അവളായിരിക്കും വീട്ടുകാര്യങ്ങളിലെ ഉത്തരവാദിത്വപ്പെട്ടയാൾ' (ഹദീസ് ബുഖാരി, മുസ്ലിം). പ്രസ്തുത ഹദീസിൽ പുരുഷനെ കാര്യസ്ഥനെന്നും ഭാര്യയെ നായികയെന്നും വിവരിച്ചിരിക്കുന്നത് 'റാഈ' എന്ന അറബി പദത്തിലൂടെയാണ്. തന്റെ കീഴിലുള്ളവർക്ക് സുരക്ഷയും കാവലും നൽകുന്നയാൾ എന്നാണ് റാഈ എന്നതു കൊണ്ടുള്ള ഭാഷാർത്ഥം. ഹദീസിന്റെ അടിസ്ഥാനത്തിൽ മാതാപിതാക്കൾ തങ്ങൾക്ക് അല്ലാഹു കനിഞ്ഞേകിയ മക്കൾക്ക് കരുതലും കാവലും ആവേണ്ടവരാണെന്നാണ് വ്യക്തമാക്കുന്നത്. മാതാപിതാക്കൾ മക്കളെന്ന സൂക്ഷിപ്പുസ്വത്തിന്റെ കാര്യത്തിൽ ഉത്തരവാദിത്വപ്പെട്ടവരും ചോദ്യം ചെയ്യപ്പെടുന്നവരുമാണ്.
അവർക്ക് ശരിയായ ശിക്ഷണം നൽകലും നേരായ വിവരങ്ങൾ പഠിപ്പിക്കലും മാതാപിതാക്കളുടെ ബാധ്യതയാണ്. നേരാം വണ്ണം ദീനി ജ്ഞാനങ്ങൾ നൽകണം. സ്വഭാവ സംസ്‌ക്കരണവും വേണം. അന്തമായ അനുകരണങ്ങളിൽ നിന്ന് അകറ്റി ശ്രേഷ്ഠ സ്വഭാവങ്ങൾ ശീലിപ്പിക്കണം. നാടിനോടും നാട്ടാരോടും സ്‌നേഹം ജനിപ്പിക്കണം. സാമൂഹ്യ ബോധം വരുത്തണം. ചുറ്റുമുള്ള ദൂഷ്യങ്ങളിൽ നിന്ന് കാവൽ നൽകി നിതാന്ത ജാഗ്രത പാലിക്കണം. ലഹരിയാണ് ഏറ്റവും വലിയ വില്ലൻ. ലഹരി വസ്തുക്കൾ ആരോഗ്യത്തിന് ഹാനികരമെന്നതിലുപരി കടുത്ത നിഷിദ്ധവുമാണെന്നും മക്കളെ ചെറുപ്പത്തിൽ തന്നെ ബോധ്യപ്പെടുത്തണം.
ജീവൻ തന്നെ അപകടത്തിലാക്കുന്നതാണ് ലഹരി പദാർത്ഥങ്ങൾ. സ്വന്തത്തെ ആയാൽ പോലും ഒരു ജീവനെ ആപായപ്പെടുത്തുന്നത് പാവന ഇസ്ലാം മതം വിലക്കിയതാണ്. അല്ലാഹു പറയുന്നു: നിങ്ങൾ ജീവനുകളെ കൊല ചെയ്യരുത്, അല്ലാഹു നിങ്ങളോട് ഏറെ കരുണാമയനത്രെ (സൂറത്തുന്നിസാഅ് 29). ലഹരി മാരക കൊലപാതകിയാണെന്നതിൽ സംശയമില്ല. ലഹരി ആസക്തിയുള്ളവന് ശാരീരിക പ്രയാസങ്ങളും മാനസിക വിഭാന്ത്രികളും കടുത്തതായിരിക്കും. കുടുംബ പ്രശ്‌നങ്ങളും സാമൂഹിക പ്രതിസന്ധികളും സാധാരണമായിരിക്കും. അവനിക്ക് എല്ലാം നഷ്ടപ്പെടും കുടുംബക്കാരും സ്വത്തും അങ്ങനെ എല്ലാം.. ഒടുവിൽ അവന്റെ ജീവൻ തന്നെ ഇല്ലാതാവും. അതുകൊണ്ടാണ് പ്രവാചകർ മുഹമ്മദ് നബി (സ്വ) ലഹരി പദാർത്ഥങ്ങളൊക്കെയും നിഷിദ്ധമാണെന്ന് പ്രഖ്യാപിച്ചത്. 'ലഹരി നൽകുന്ന എല്ലാ വസ്തുക്കളും നിഷിദ്ധമാണ്, കൂടുതലായാൽ ലഹരി ഉണ്ടാക്കുന്ന വസ്തുവിന്റെ കുറച്ച് സേവിക്കലും നിഷിദ്ധമാണ്' (ഹദീസ് ഇബ്‌നു മാജ 3392).
നബി (സ്വ) ലഹരി വസ്തുക്കളെ എല്ലാ തിന്മകളുടെയും താക്കോലെന്നാണ് വിശേഷിപ്പിച്ചിരിക്കുന്നത് (ഹദീസ് ഇബ്‌നു മാജ 3371, അദബുൽ മുഫ്‌റദ് 17). കാരണം അല്ലാഹു നൽകിയ മഹാ അനുഗ്രഹമാണല്ലൊ ബുദ്ധി. അതിനെ താൽക്കാലികമായെങ്കിലും നീക്കം ചെയ്യുന്നതാണ് ലഹരിയെന്ന വിപത്ത്. ബുദ്ധി ഇല്ലാത്തവൻ ഏതിനും മുതിരും, എന്തും ചെയ്യും. ലഹരി ഉപയോഗത്തിൽ ആയിര കണക്കിനാളുകളാണ് ദിനം പ്രതിം ചരമമടയുന്നതെന്ന് ആഗോള റിപ്പോർട്ടുകൾ വ്യക്തമാക്കുന്നുണ്ട്. ഈ മഹാ വിപത്തിൽ നിന്ന് നമ്മുടെ മക്കളെ സംരക്ഷിച്ച് കുടുംബത്തിനും സമൂഹത്തിനും സ്ഥൈര്യവും സ്വസ്ഥതയും നൽകേണ്ടത് നാമോർത്തരുടെയും ബാധ്യതയാണ്. ലഹരി വിരുദ്ധ പോരാട്ടത്തിനായി 'ലഹരി ആപത്ത്'എന്ന പ്രമേയത്തിൽ ക്യാമ്പയിൻ സംഘടിപ്പിക്കപ്പെടുകയാണ്. നമ്മുക്കും പങ്കു ചേരാം. വിവരങ്ങൾക്ക് ബന്ധപ്പെടേണ്ട നമ്പർ 8002252.

