യുഎഇ ജുമുഅ ഖുത്ബ പരിഭാഷ
മൻസൂർ ഹുദവി കളനാട്
തീയ്യതി: 02/07/2021
വിഷയം: സമയ വിനിയോഗം/ Time Management
സമയം വിലപ്പെട്ടതാണ്. വിലക്കപ്പെട്ടതല്ല. പാഴാക്കരുത്. ഉപയോഗപ്പെടുത്തണം. സമയമെന്ന ദൈവാനുഗ്രഹത്തെ കളഞ്ഞു കാലം കഴിയാതെ നല്ലതിനായി വിനിയോഗിക്കണം. അധികമാളും ഉപയോഗപ്പെടുത്താതെ തോറ്റുപോവുന്നത് രണ്ടു അനുഗ്രഹങ്ങളുടെ കാര്യത്തിലാണ് ആരോഗ്യവും ഒഴിവു സമയവും (ഹദീസ് ബുഖാരി 6412). കൂടുതലാരും ഈ രണ്ടിന്റെയും മൂല്യമറിയുന്നില്ല. വിലമതിക്കാനാവാത്ത മൂല്യമുള്ളതാണ് സമയം. ആത്മീയ കാര്യങ്ങളോ മറ്റു ഭൗതികമായ ആവശ്യങ്ങളോ ചെയ്യാതെ വെറുതെ ഇരിക്കുന്നയാളെ വെറുപ്പാണെന്നാണ് സ്വഹാബി വര്യൻ ഇബ്‌നു മസ്ഊദ് (റ) പറഞ്ഞത്.
സമയത്തെ ക്രമപ്പെടുത്തി വിനിയോഗിക്കുന്നത് സംസാരികോന്നതിയുടെ അടയാളമാണ്. വ്യക്തിയുടെയോ സമൂഹത്തിന്റെയോ സമയനിഷ്ഠ അവരുടെ വികാസത്തെയും സംസ്‌ക്കാരത്തെയുമാണ് സൂചിപ്പിക്കുന്നത്. ചരിത്രത്തിൽ പറയപ്പെട്ട മഹാന്മാരൊക്കെയും സമയത്തെ യഥാവിധി വിനിയോഗിച്ചുക്കൊണ്ടാണ് മനുഷ്യർക്ക് നാനോന്മുഖ സംഭാവനകൾ അർപ്പിച്ചിരിക്കുന്നത്. നിർബന്ധ നിർവ്വഹണത്തിനായി സമയമൊക്കെയും ചെലവഴിച്ചവരാണ് ഉത്തമ മനുഷ്യർ. സത്യവിശ്വാസിയെ സംബന്ധിച്ചടുത്തോളം അഞ്ചു സമയങ്ങളിലുള്ള നമസ്‌ക്കാരങ്ങളാണ് നിർബന്ധ ശ്രേഷഠ കർമ്മങ്ങൾ. ഒരിക്കൽ ഒരാൾ നബി (സ്വ) യോട് ചോദിച്ചു: ഏതു കർമ്മമാണ് അല്ലാഹുവിന് ഏറ്റവും ഇഷ്ടം? നബി (സ്വ) മറുപടി നൽകി: സമയ നിഷ്ഠയോടെയുള്ള നമസ്‌ക്കാരം (ഹദീസ് ബുഖാരി, മുസ്ലിം).
ഉദ്യോഗാർത്ഥികളും തൊഴിലാളികളും ജോലി സമയത്ത് കാര്യങ്ങൾ ചെയ്ത് തീർക്കാൻ കിണയണം. പരിപാടികളിലും കൂടിച്ചേരലുകളിലും കണിശമായി സമയം പാലിക്കപ്പെടണം. മറ്റുള്ളവരുടെ സമയത്തിനും വില നൽകണം. കാര്യങ്ങൾ വൈകിപ്പിക്കരുത്. ജോലി അനുബന്ധ തിരക്കുകൾക്ക് ശേഷം കുടുംബത്തിനു വേണ്ടിയും സമയം ചെലവഴിക്കണം. കുട്ടികളോടൊപ്പം ഇരുന്ന് സംസാരിച്ച് കാര്യങ്ങളറിയണം. കുടുംബക്കാരുടെ വീടുകൾ സന്ദർശിക്കണം. അന്വേഷണങ്ങൾ നടത്തണം. ഓരോർത്തർക്കും സൃഷ്ടാവിനോടും സ്വന്തത്തോടും കുടുംബത്തോടും കടപ്പാടുണ്ടെന്നും ഓരോർത്തരോടും അത് ചെയ്തുതീർക്കണമെന്നുമാണ് നബി (സ്വ) പറഞ്ഞിരിക്കുന്നത് (ഹദീസ് ബുഖാരി 6139).
സമയങ്ങളെല്ലാം കഴിഞ്ഞു പോവും. സമയത്തെ ശരിയായി വിനിയോഗിച്ചതിന്റെ ഫലങ്ങൾ നിത്യമായിരിക്കും. സമയങ്ങളെ ചിട്ടപ്പെടുത്തി നേർവഴിയിൽ നിക്ഷേപിക്കൽ നല്ലൊരു സംസ്‌ക്കാരമാണ്. വിശ്വാസിയുടെ ധാർമിക ബാധ്യതയും. ജനങ്ങളിൽ ഉത്തമർ ആരെന്ന് ചോദിച്ചയാളോട് ദീർഘായുസ്സോടെ സൽക്കർമ്മ സന്നദ്ധനായവനെന്നാണ് നബി (സ്വ) മറുപടി നൽകിയത് (മുസ്‌നദു അഹ്മദ് 17794). പാരത്രിക ലോകത്തുവെച്ച് ഓരോർത്തരും അല്ലാഹുവിങ്കലായി സമയത്തെക്കുറിച്ചും ആയുസ്സിനെക്കുറിച്ചും വിചാരണ ചെയ്യപ്പടുന്നതായിരിക്കും.
മക്കൾക്ക് അവധിക്കാലങ്ങളിൽ പഠനങ്ങൾക്ക് അവധി നൽകരുത്. സമയം കളിക്ക് മാത്രമാക്കരുത്. ഖുർആൻ പഠനത്തിനും സമയം ഉറപ്പുവരുത്തണം. ആവുന്നത്ര ഖുർആൻ ഭാഗങ്ങൾ ഹൃദയസ്ഥമാക്കിക്കുകയും വേണം. ഖുർആൻ പഠിച്ചവനും പഠിപ്പിച്ചവനും ഏറ്റവും ശ്രേഷ്ഠരെന്നാണ് നബി (സ്വ) പറഞ്ഞിരിക്കുന്നത് (ഹദീസ് ബുഖാരി 5027). നല്ല പുസ്തകങ്ങളുടെ വായന ശീലിപ്പിക്കണം. സന്നദ്ധ സേവനം പരിശീലിപ്പിക്കണം. നാടിനും സമൂഹത്തിനും ഉപകാരപ്രദമാം വിധം മക്കളുടെ സമയങ്ങളും വിനിയോഗിപ്പിക്കണം.

