പഠനവും അധ്യാപനവും

യുഎഇ ജുമുഅ ഖുത്ബ പരിഭാഷ

മൻസൂർ ഹുദവി കളനാട്

തീയ്യതി: 27/08/2021

വിഷയം: വിജ്ഞാന വർധനവ് നൽകണേ നാഥാ


വിജ്ഞാനമാണ് മനുഷ്യനെ മനുഷനാക്കുന്നത്. മനുഷ്യന് അല്ലാഹു വിജ്ഞാനീയങ്ങൾ പഠിപ്പിച്ചതാണെന്ന് ഖുർആനിലെ ആദ്യ അവതരണമായ സൂറത്തുൽ അലഖിലെ ഇഖ്‌റഇന്റെ തുർടർച്ചയിൽ വിശദീകരിച്ചിട്ടുണ്ട്: 'തൂലിക കൊണ്ട്്് അഭ്യസിപ്പിച്ച അത്യുദാരത്രെ അല്ലാഹു, തനിക്കറിവില്ലാത്തത് മനുഷ്യനെ അവൻ പഠിപ്പിച്ചു'. പ്രവാചകർ മുഹമ്മദ് നബി (സ്വ) മനുഷ്യന് നേർമാർഗം പഠിപ്പിക്കുന്ന അധ്യാപകനായിട്ടാണ് അവതരിച്ചത്്്്് (സൂറത്തു ത്വാഹാ 98). മനുഷ്യനായാൽ വിജ്ഞാനമുള്ളവനായിരിക്കും. എന്നാൽ ഉപകാരപ്രദമായ വിജ്ഞാനമാണ് കരഗതമാക്കേണ്ടത്. സൂറത്തു ത്വാഹായിൽ പരാമർശിക്കപ്പെട്ട പ്രകാരം വിജ്ഞാന വർധവിന് അല്ലാഹുവോട് പ്രാർത്ഥിക്കുകയും വേണം.

യുഎഇയിലെ സ്‌കുളുകളും സർവകലാശാലകളും പുതിയ അധ്യയന വർഷത്തിലേക്ക് പ്രവേശിപ്പിച്ചിരിക്കുകയാണ്. മുത്തുമണികളായ വിദ്യാർത്ഥി മക്കൾക്ക് ഉപകാരപ്രദമായ വിജ്ഞാനങ്ങൾ കൂടുതൽ കൂടുതൽ പഠിക്കാൻ സാധ്യമാവട്ടെയെന്ന്് ആശംസിക്കാം.

വിജ്ഞാനത്തിന്റെ മഹത്വം നിർവചനീയമല്ല. ജ്ഞാനികൾക്ക് അല്ലാഹുവിങ്കൽ ഉയർന്ന സ്ഥാനമാണുള്ളത്. അല്ലാഹുവിനെ സതുതി പാടുന്നിടങ്ങളിൽ അവന്റെ ദൃഷ്ടാന്തങ്ങളിൽ വിചിന്തനം നടത്താനും ജ്ഞാനങ്ങൾ നേടാനുമുള്ള ആഹ്വാനങ്ങൾ ഖുർആനിൽ കാണാം. 'എങ്ങനെയാണ് ഒട്ടകം സൃഷ്ടിക്കപ്പെട്ടതെന്നും ആകാശം ഉയർത്തപ്പെട്ടതെന്നും പർവ്വതങ്ങൾ പൊക്കി നിർത്തപ്പെട്ടതെന്നും ഭൂമി പ്രവിശാലമാക്കപ്പെട്ടതെന്നും നിഷേധികൾ ചിന്തിച്ചു നോക്കുന്നില്ലെ' (സൂറത്തുൽ ഗാശിയ 17, 18, 19, 20). 

ഉപകാരപ്രദമായ വിജ്ഞാനങ്ങൾ വ്യാപിക്കുമ്പോഴാണ് സംസ്‌ക്കാരങ്ങൾ വളരുന്നതും ഭൂമി സംസ്‌കാര സമ്പന്നമാവുന്നതും. അധ്യാപനം മഹത്തായ ദൗത്യമാണ്. മനുഷ്യനുള്ള പ്രാഥമിക പാഠങ്ങൾ പഠിപ്പിച്ച അധ്യാപകൻ അല്ലാഹു തന്നെയാണ്. ആദം നബി (അ)യുടെ സൃഷ്ടി കർമ്മത്തിന് ശേഷം കാര്യങ്ങൾ പഠിപ്പിച്ചുവെന്ന് ഖുർആനിൽ കാണാം: ആദം നബിക്ക്് അല്ലാഹു സകല വസ്തുക്കളുടെയും പേരുകൾ പഠിപ്പിക്കുകയുണ്ടായി (സൂറത്തുൽ ബഖറ 31). പ്രവാചകന്മാരൊക്കെയും അതതു സമൂഹത്തിന്റെ അധ്യാപകന്മാരായിരുന്നു. അല്ലാഹു പറയുന്നുണ്ട്്: സ്വന്തത്തിൽ നിന്നു തന്നെ ഒരു പ്രവാചകനെ വിശ്വാസികൾക്ക് നിയോഗിക്കുക വഴി വലിയ അനുഗ്രഹമാണവർക്ക് അല്ലാഹു ചെയ്തത്. അവർക്ക് അവിടന്ന് അവന്റെ സൂക്തങ്ങൾ ഓതിക്കൊടുക്കുകയും സംസ്‌കാരമുണ്ടാക്കുകയും ഗ്രന്ഥവും വിജ്ഞാനവും പഠിപ്പിക്കുകയും ചെയ്യുന്നു. അതിനു മുമ്പ് വ്യക്തമായ ദുർമാർഗത്തിൽ തന്നെയായിരുന്നു അവർ (സൂറത്തു ആലു ഇംറാൻ 164). 

ഈ ഉദ്യമത്തിന്റെ തുടർച്ചക്കാരാണ് പണ്ഡിതരും ടീച്ചർമാരും. അധ്യാപനങ്ങളിലൂടെ സമൂഹത്തെയും നാടിനെയും സമുദ്ധരിക്കുകയാണ് അവർ. ജ്ഞാനികളുടെ പദവികൾ അല്ലാഹു ഉയർത്തുക തന്നെ ചെയ്യും. 'സത്യവിശ്വാസം വരിച്ചവരെയും അറിവു നൽകപ്പെട്ടവരെയും അല്ലാഹു ഏറെ പദവികൾ ഉയർത്തുന്നതാണ്' (സൂറത്തുൽ മുജാദില 11). അവർക്ക്് വേണ്ടി ആകാശത്തള്ളവരും ഭൂമിയിലുള്ളവരും പ്രാർത്ഥിക്കുകയും ചെയ്യുമത്രെ. നബി (സ്വ) പറയുന്നു: നിശ്ചയം അല്ലാഹുവും മലക്കുകളും എന്നല്ല ആകാശ ഭൂമി ലോകങ്ങളിലുള്ളവരും മാളത്തിലുള്ള ഉറുമ്പും മീനുകളും വരെ ജനങ്ങളെ നന്മ പഠിപ്പിക്കുന്നവന് വേണ്ടി അവർക്ക് യോജിച്ച രീതിയിലുള്ള സ്വലാത്ത് (പ്രാർത്ഥന) ചെയ്യുന്നതാണ് (ഹദീസ് തുർമുദി 2685). വിജ്ഞാന വഴിയിൽ പ്രവേശിച്ചവന് അല്ലാഹു സ്വർഗത്തിലേക്കുള്ള പാത വെട്ടിത്തെളിച്ചു കൊടുക്കുന്നതുമാണ് (ഹദീസ് അബൂദാവൂദ് 3641, തുർമുദി 2646).


back to top