കെട്ടുറപ്പുള്ള സമൂഹ നിർമിതിക്കായി...

 യുഎഇ ജുമുഅ ഖുത്ബ പരിഭാഷ

മൻസൂർ ഹുദവി കളനാട്

തീയ്യതി: 10/09/2021

വിഷയം: കെട്ടുറപ്പുള്ള സമൂഹം

പാരസ്പര്യ ബോധവും സമഭാവനവും സഹകരണ മനോഭാവവുമാണ് സമൂഹത്തെ ബലപ്പെടുത്തുന്നത്. നന്മയുടേതും ഭക്തിയുടേതുമായ വിഷയങ്ങളിൽ അന്യോന്യം സഹായിക്കാനും സഹകരിക്കാനുമാണ് അല്ലാഹു കൽപ്പിക്കുന്നത് (സൂറത്തുൽ മാഇദ 2). നബി (സ്വ) കൈ വിരലുകൾ പരസ്പരം കോർത്തിണക്കി കൊണ്ട് പറഞ്ഞത് 'സത്യവിശ്വാസികൾ പരസ്പരം ഒരു കെട്ടിടം കണക്കെയാണ്, അതിലെ ഭാഗങ്ങൾ പരസ്പരം ശക്തി പകരുന്നതാണ്' (ഹദീസ് ബുഖാരി, മുസ്ലിം). വ്യക്തികൾ പരസ്പരം സ്‌നേഹത്തിലും സഹായത്തിലും ഐക്യത്തിലുമായി കഴിഞ്ഞു കൂടുമ്പോഴാണ് ഒരൊറ്റ തടി പോലെ ശക്തി പ്രാപിക്കുന്നതെന്നാണ് പ്രസ്തുത ഹദീസ് നൽകുന്ന പാഠം. 

സമൂഹമെന്ന വലിയ സ്ഥാപനത്തിലെ പ്രഥമവും പ്രധാനവുമായ ഘടകമാണ് കുടുംബം. വീടകങ്ങളിൽ കുടുംബാംഗങ്ങളിൽ സ്‌നേഹാർദ്രതയും കാരുണ്യവും സന്തോഷവും കുടികൊള്ളുമ്പോഴാണ് കുടുംബം സുഭദ്രമാവുന്നത്. അല്ലാഹു പറയുന്നു: ഇണകളുമായി സംഗമിച്ച് സമാധാന ജീവിതമാസ്വദിക്കാനായി സ്വന്തത്തിൽ നിന്നു തന്നെ നിങ്ങൾക്ക് ഇണകളെ സൃഷ്ടിച്ചു തന്നതും പരസ്പര സ്‌നേഹവും കാരുണ്യവും നിക്ഷേപിച്ചതും അവന്റെ ദൃഷ്ടാന്തങ്ങളിൽപെട്ടതു തന്നെയത്രെ (സൂറത്തു റൂം 21). കുടുംബത്തിന്റെ കടിഞ്ഞാൺ മാതാപിതാക്കളുടെ കൈയിലാണ്. അവർ രക്ഷാകർതൃ ബോധത്തോടെ കുടുംബ കാര്യങ്ങൾ നിർവ്വഹിക്കണം. കൂടെ ഇരുന്ന് മക്കൾക്ക് സംശുദ്ധ സ്വഭാവങ്ങളും മര്യാദകളും പഠിപ്പിക്കണം. കുടുംബ പരിപാലന കാര്യത്തിൽ അല്ലാഹു ഇസ്മാഈൽ നബി (അ) യെ പുകഴ്ത്തുന്നതായി സൂറത്തു മർയം 55ാം സൂക്തത്തിൽ കാണാം. തന്റെ സ്വന്തക്കാരെ നമസ്‌ക്കരിക്കാനും സകാത്ത് നൽകാനും അനുശാസിക്കുമായിരുന്ന ഇസ്മാഈൽ നബി (അ) അല്ലാഹുവിന്റെ ഇഷ്ടഭാജനമായിരുന്നുവത്രെ. 

കെട്ടുറപ്പുള്ള സമൂഹത്തിന്റെ നിലനിൽപ്പിന് ഒഴിച്ചുകൂടാനാവാത്തതാണ് കുടുംബ ബന്ധങ്ങൾ. കുടുംബാംഗങ്ങളുമായുള്ള ബന്ധം പുതുക്കിക്കൊണ്ടിരിക്കണം. അന്യോന്യം ബഹുമാനിക്കണം. കുശലാന്വേഷണങ്ങൾ നടത്തണം. കാര്യങ്ങൾ ചോദിച്ചറിയണം. ആവശ്യങ്ങൾ കഴിയും വിധം നിറവേറ്റിക്കൊടുക്കണം. അതൊക്കെ കുടുംബത്തിലെ ബാധ്യതകളാണ്. ബന്ധുക്കൾക്ക് അവരുടെ അവകാശങ്ങൾ വകവെച്ചുനൽകാനാണ് അല്ലാഹു കൽപ്പിക്കുന്നത് (സൂറത്തു റൂം 38). 

അയൽവാസികളുമായുള്ള ബന്ധവും സാമൂഹിക ഭദ്രതയെ സ്വാധീനിക്കുന്നതാണ്. അയൽവാസികൾ തമ്മിൽ ഐക്യത്തിലും ബഹുമാനത്തിലും സഹിഷ്ണുതയിലും കഴിഞ്ഞുകൂടണം. അടുത്ത വീടിലുള്ളവർ പരസ്പരം അറിയണം. അവർക്കുള്ള കടമകൾ ചെയ്തു തീർക്കണം. അയൽവാസിയോട് സുകൃതം ചെയ്യുമ്പോഴാണ് സത്യവിശ്വാസം പൂർണമാവുന്നതെന്നാണ് നബി (സ്വ) പഠിപ്പിക്കുന്നത് (ഹദീസ് തുർമുദി 2305). 

വിദ്യാഭ്യാസ രംഗത്തിനും സമൂഹ നിർമിതിയിൽ സ്ഥാനമുണ്ട്. അധ്യാപകരും വിദ്യാർത്ഥികളും തമ്മിലുള്ള ബന്ധം പിതൃതുല്യമായി ഊഷ്മളമായിരിക്കണം. നബി (സ്വ) സ്വഹാബികളോട് പറഞ്ഞത് ഞാൻ നിങ്ങൾക്ക് അധ്യാപകനായ പിതാവിനെ പോലെ എന്നാണ് (ഹദീസ് അബൂദാവൂദ് 8, നസാഈ 40). തൊഴിലിടങ്ങളിലും നാട്ടുകാര്യങ്ങളിലും ഐക്യം നിലനിൽക്കുമ്പോഴാണ് സമൂഹം ബലവത്തായ ഒരൊറ്റ വൻ മതിലായി മാറുന്നത്. 

നബി (സ്വ) പറയുന്നു സത്യവിശ്വാസികൾ പരസ്പര സ്‌നേഹത്തിന്റെയും കാരുണ്യത്തിന്റെയും ദയാ വായ്പിന്റെയും കാര്യത്തിൽ ഒരൊറ്റ ശരീരം പോലെയാണ്, ആ ശരീരത്തിലെ ഒരു അവയവത്തിന് രോഗം ബാധിച്ചാൽ മുഴുവൻ ശരീരാവയവങ്ങളും പനിക്കുകയും ഉറക്കമൊഴിക്കുകയും ചെയ്യും (ഹദീസ് ബുഖാരി, മുസ്ലിം). ഭാഷ ദേശ വേഷ വൈജാത്യങ്ങളുണ്ടെങ്കിലും മനുഷ്യ സമൂഹം സമത്വത്തിൽ ജീവിക്കുമ്പോഴാണ് നാട് ഐശ്വര്യപൂർണമാവുന്നത്. 


back to top