മനുഷ്യന്റെ പ്രത്യേകാവകാശങ്ങൾ

യുഎഇ ജുമുഅ ഖുത്ബ പരിഭാഷ

മൻസൂർ ഹുദവി കളനാട് 

തീയ്യതി: 24/12/2021

വിഷയം: മനുഷ്യാവകാശങ്ങൾ

മനുഷ്യാവകാശങ്ങൾ നീതിയുക്തമായി ഉറപ്പുവരുത്തുന്ന മതമാണ് പരിശുദ്ധ ഇസ്ലാം. സൃഷ്ടികളിൽ മനുഷ്യജീവികൾക്ക് വകവെച്ചുനൽകപ്പെടുന്ന ആദരവാണ് അതിൽ പ്രധാനം. അല്ലാഹു പറയുന്നു: നിശ്ചയം നാം ആദമിന്റെ സന്തതികളെ ആദരിക്കുകയും കടലിലും കരയിലും വാഹനത്തിലേറ്റുകയും ഉദാത്ത ഭോജ്യങ്ങളിൽ നിന്ന് അവർക്ക് ഉപജീവനമേകുകയും നാം പടച്ച മിക്കവരെയുംകാൾ അവരെ പ്രത്യേകം ശ്രേഷ്ഠരാക്കുകയും ചെയ്തിരിക്കുന്നു (സൂറത്തുൽ ഇസ്‌റാഅ് 70). അല്ലാഹു മനുഷ്യവംശത്തിന് നൽകിയ ഈ ബഹുമാനവും ശ്രേഷ്ഠതയും മാനുഷികമായ അർഹതയാണ്.

മനുഷ്യനെ അല്ലാഹു ഏറ്റവും നല്ല കായത്തിലും കോലത്തിലും സൃഷ്ടിച്ച് സ്വരൂപനാക്കിയെന്നത് വലിയ ആദരമാണ്. ഏറ്റം ഉദാത്തമായി സൃഷ്ടി കർമം നടത്തുന്ന അല്ലാഹു അനുഗ്രഹ പൂർണനത്രേ (സൂറത്തുൽ മുഅ്മിനൂൻ 14). മാത്രമല്ല മനുഷ്യന് പഠിക്കാനും മനസ്സിലാക്കാനും വേർതിരിച്ചറിയാനുമുള്ള കഴിവ് അല്ലാഹു നൽകിട്ടുണ്ട്. കാര്യങ്ങൾ അവതരിപ്പിക്കാനുള്ള സംസാരശേഷിയും സാഹിത്യ പാടവും മനുഷ്യന് മാത്രം അവകാശപ്പട്ട ദൈവദാനങ്ങളാണ്. അവൻ മനുഷ്യനെ സൃഷ്ടിക്കുകയും സംസാരിക്കാൻ പഠിപ്പിക്കുകയും ചെയ്തു എന്ന് സൂറത്തു റഹ്‌മാൻ 3,4 സൂക്തങ്ങൾ വ്യക്തമാക്കുന്നു. 

അല്ലാഹു മനുഷ്യന് പുതിയ പുതിയ അറിവുകൾ നൽകുകയും ചെയ്തു. ഭൂമിയിൽ കരയും കടലും സൗകര്യപ്രദമായി ഉപവസിക്കാനും ഉപജീവിക്കാനുമായി വിതാനിച്ചതും മനുഷ്യന് വേണ്ടിയാണ്. അല്ലാഹു പറയുന്നു: സമുദ്രങ്ങൾ നിങ്ങൾക്ക് കീഴ്‌പ്പെടുത്തിത്തന്നത് അല്ലാഹുവാണ്. അവന്റെ ഉത്തരവനുസരിച്ച് അതിലൂടെ ജലയാനങ്ങളോടാനും നിങ്ങൾ അവന്റെ അനുഗ്രഹം അന്വേഷിക്കാനും കൃതജ്ഞരാകാനും വേണ്ടി. ഭുവന വാനങ്ങളിലുള്ളതൊക്കെയും നിങ്ങൾക്കവൻ കീഴ്‌പ്പെടുത്തി (സൂറത്തു ജാസിയ 12, 13). 

ബുദ്ധിയും വിവേകവും അല്ലാഹു മനുഷ്യന് പ്രത്യേകം കനിഞ്ഞേകിയതാണ്. അറിയാനും വിജ്ഞാനീയങ്ങൾ അറിയിക്കാനുമുള്ള അവകാശവും ആവതും അങ്ങനെ മനുഷ്യന് സ്വന്തമാണ്. അതു കൊണ്ടാണല്ലൊ അല്ലാഹു സത്യമതത്തിന്റെ പ്രബോധകരായി മനുഷ്യ പ്രവാചകന്മാരെ തെരഞ്ഞെടുത്തതും അവർക്ക് വേദങ്ങൾ അവതരിപ്പിച്ചുകൊടുത്തതും. അവർ മുഖാന്തിരം എളുപ്പമുള്ള ആരാധനാനുഷ്ഠാനങ്ങൾ വ്യവസ്ഥ ചെയ്യുകയുമുണ്ടായി. നിങ്ങൾക്കു ആശ്വാസമാണ്, ഞെരുക്കമല്ല അല്ലാഹു ഉദ്ദേശിക്കുന്നത് (സൂറത്തുൽ ബഖറ 185). 

ബുദ്ധിക്കും യുക്തിക്കും ഉൾക്കൊള്ളാനാവും വിധം അല്ലാഹുവിലുള്ള വിശ്വാസവും മനുഷ്യന് അനായാസമാക്കിയിട്ടുണ്ട്. ദൈവ വിശ്വാസവും മനുഷ്യന് മാത്രമുള്ള അവകാശമാണ്. മതത്തിൽ അടിച്ചേൽപിക്കലില്ല, ദുർമാർഗത്തിൽ നിന്ന് സന്മാർഗം വ്യതിരിക്തമായിക്കഴിഞ്ഞിട്ടുണ്ട് (സൂറത്തുൽ ബഖറ 256). പരിശുദ്ധ ഇസ്ലാം മതം മനുഷ്യന് അധ്വാനിക്കാനും സമ്പാദിക്കാനുമുള്ള അവകാശം നൽകുന്നുണ്ട്. മാത്രമല്ല തൊഴിൽ കാര്യത്തിൽ ലിംഗനീതിയും ഇസ്ലാം പ്രഖ്യാപിക്കുന്നുണ്ട്. പുരുഷന്മാർ പ്രവർത്തിച്ചതിൽ നിന്ന് അവർക്കും സ്ത്രീകൾ പ്രവർത്തിച്ചതിൽ നിന്നു അവർക്കുമുണ്ടാകും (സൂറത്തു ന്നിസാഅ് 32). 

മനുഷ്യർ പരസ്പരം എല്ലാവിധ മനുഷ്യാവകാശങ്ങളും പാലിക്കണമെന്നാണ് ഇസ്ലാം ഉദ്‌ഘോഷിക്കുന്നത്. എല്ലാവരും അന്യോനം മനുഷ്യാവകാശങ്ങൾ സംരക്ഷിക്കണം. ഇടപാടുകളിലും വിധിന്യായത്തിലും നീതിയേ ചെയ്യാവൂ. അതെല്ലാം മാനുഷികതയെ ബഹുമാനിക്കുന്നതിന്റെ ഭാഗമാണ്. ആളുകൾക്ക് അവരുടെ വസ്തുക്കളിൽ കുറവ് വരുത്തരുത് (സൂറത്തു ശുഅറാഅ് 183). ജനമധ്യേ വിധി കൽപിക്കുമ്പോൾ അതു നീതിപൂർവകമാക്കാനും അല്ലാഹു നിങ്ങളോടനുശാസിക്കുകയാണ് (സൂറത്തു ന്നിസാഅ് 58). മനുഷ്യാവകാശ സംരക്ഷണം വംശ വർണ വിശ്വാസ ഭേദമന്യെ  നടത്തപ്പെടേണ്ടതാണ്. എന്നാലാണ് ഈ ലോകത്ത് മനുഷ്യന് സ്വസ്ഥപുർണമായ ജീവിതം നയിക്കാനാവുക.

മനുഷ്യാവകാശങ്ങൾക്ക് ഏറെ വില കൽപ്പിക്കുന്ന രാജ്യമാണ് യുഎഇ. മനുഷ്യന്റെ അഭിമാനത്തിനും രക്തത്തിനും സ്വത്തിനും അതീവ ജാഗ്രതയോടെ സംരക്ഷണമേകാൻ നിയമങ്ങളും വ്യവസ്ഥകളും അനുശാസിക്കുന്ന ഭരണകൂടമാണ് ഇവിടുത്തേത്.


back to top